പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു അദ്ദേഹമെന്ന് പരിശുദ്ധ ബാവാ പറഞ്ഞു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും സമുദായ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഏറെ മികവുറ്റതായിരുന്നു. ജാതി – മത ഭേദമെന്യേ എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു പ്രവര്‍ത്തിച്ച സൗമ്യനായ നേതാവിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണ്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എക്കാലും ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. പാണക്കാട് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.