പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി ഐക്യവും സമാധാനവും യാഥാർത്ഥ്യമാക്കാൻ യത്നിച്ച ക്രാന്ത​​ദർശി : ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത

കോട്ടയം : മലങ്കര സഭയിൽ വ്യവസ്ഥാപിതമായി ഐക്യവും സമാധാനവും യഥാർത്ഥ്യമാക്കുവാൻ യത്നിച്ച ക്രാന്തദർശിയായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.മലങ്കര സഭയിൽ ഉൾഭരണ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകർന്ന മഹാത്യാഗിയും ധിഷണാശാലിയുമായ സഭാപിതാവായിരുന്നു വട്ടശ്ശേരിൽ തിരുമേനി.പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പഴയസെമിനാരിയിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
സഭകളുടെ ലോക കൗൺസിൽ(WCC) മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഡെറിൻ രാജു, ഫാ.ഡോ ജോസ് ജോൺ, ഫാ. ബിജു പി.തോമസ്, ഫാ. ജോസഫ് കുര്യാക്കോസ് പാമ്പാടിക്കണ്ടത്തിൽ, പഴയസെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ.ജോബ് സാം മാത്യു എന്നിവർ പ്രസംഗിച്ചു.

ഡോ. യാക്കോബ് മാർ ഐറേനിയോസ് രചിച്ച ബൈബിൾ പ്രഘോഷണങ്ങൾ എന്ന ഗ്രന്ഥം ഡോ. മാത്യൂസ് ജോർജ് ചുനക്കര പ്രകാശനം ചെയ്തു. ആദ്യ പ്രതി ഡോ പോൾ മണലിൽ ഏറ്റുവാങ്ങി.

പഴയ സെമിനാരി സഭയുടെ ഹൃദയം : ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

കോട്ടയം : മലങ്കര സഭയുടെ സമഗ്രമായ വളർച്ചക്ക് ആത്മീയവും ഭൗതികവുമായ ദർശനം പകർന്ന മഹാത്മാക്കളാണ് രണ്ട് നൂറ്റാണ്ടിലധികമായി സഭയുടെ സിരാകേന്ദ്രമായ പഴയസെമിനാരിയെ നയിച്ചതെന്ന് സെമിനാരി വൈസ് പ്രസിഡൻറ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.

പഴയസെമിനാരിയിൽ നടന്ന പിതൃസ്മൃതി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെമിനാരി സഭയുടെ ഹൃദയമാണ്. സഭയിലെ പിതാക്കന്മാരേയും നേതാക്കന്മാരെയും രൂപപ്പെടുത്തുന്ന വേദ വിജ്ഞാന കേന്ദ്രമാണ് സെമിനാരിയെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പ, പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 91ാം  ഓർമ്മപ്പെരുന്നാൾ കൊടിയേറി.

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവഹിച്ചു.സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. സി. സി. ചെറിയാൻ എന്നിവർ സമീപം. 

ഫെബ്രുവരി 18 ചൊവ്വാഴ്ച്ച മുതൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും,ധ്യാനത്തിനും വിവിധ മെത്രാപ്പോലീത്താമാർ നേതൃത്വം നൽകും. ഓർമ്മപ്പെരുന്നാളും, ചമര നവതി ആഘോഷങ്ങളുടെ സമാപനവും ഫെബ്രുവരി 24ന് നടക്കും.24ന് വിശുദ്ധ കുർബാനയ്ക്ക് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിക്കും.

മദ്യശാലകൾ ഇരുട്ടിനെ കൂരിരുട്ടാക്കും : പരിശുദ്ധ കാതോലിക്കാബാവാ.

പത്തനംതിട്ട : മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോ​ഗം സമൂഹത്തിൽ അപകടകരമാംവിധം വർധിച്ച് വരുകയാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് നാട് പോകുന്നത്. ഇത്തരം സാഹചര്യത്തിൽ ബ്രൂവറികൂടി അനുവദിച്ച് മദ്യമൊഴുക്കുന്നത് ഇരുട്ടിനെ കൂരിരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരം നടപടികൾ ആശ്വാസ്യമല്ല. ഈ സമൂഹത്തെ മ​ദ്യമൊഴുക്കി നശിപ്പിക്കരുത്.ഈ സമൂഹം ഈശ്വര സന്നിധിയിൽ പ്രകാശത്തോടെ ജീവിക്കേണ്ടവരാണ്. അവരെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ സാധ്യമല്ലെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ 108 മത് യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ.

മലയോരജനത വന്യമൃഗശല്യത്താൽ പൊറുതി മുട്ടി : പരിശുദ്ധ കാതോലിക്കാബാവാ.

പത്തനംതിട്ട : കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും,സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു. കാട്ടുമൃ​ഗങ്ങൾ എന്ന പ്രയോ​ഗം തന്നെ അപ്രസക്തമായിക്കുകയാണ്. കാരണം കാട്ടിലെ വന്യമൃ​ഗങ്ങളെല്ലാം ഇപ്പോൾ നാട്ടിലുണ്ട്. ഇനി അവയെ നാട്ടുമൃ​ഗങ്ങളെന്ന് വിളിക്കുന്നതാണ് ഉചിതം. നാട്ടിൽ ഇറങ്ങുന്ന മൃ​ഗങ്ങൾ വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. മനുഷ്യൻ തന്റെ ഉപജീവനത്തിനായി നടത്തുന്ന അധ്വാനം മുഴുവൻ പാഴായിപ്പോകുകയാണ്. ഇവയെ നിയന്ത്രിക്കുന്നതിനോ, മനുഷ്യജീവൻ സംരക്ഷിക്കാനോ കഴിയുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്.വന്യമൃ​ഗങ്ങളെ സംരക്ഷിക്കണം.അതേപോലെ മനുഷ്യനെയും സംരക്ഷിക്കണം. സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാത്ത പക്ഷം ജനം പ്രതികരിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും ബാവാ കൂട്ടിച്ചേർത്തു.

ഓർത്തഡോക്സ് സഭയ്ക്ക് പശ്ചിമബം​ഗാൾ ​ഗവർണറുടെ എക്സലൻസ് അവാർഡ്.

കോട്ടയം : ​പശ്ചിമബം​ഗാൾ ​ഗവർണർ ഡോ.സി.വി ആനന്ദബോസ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്. സാമൂഹികരം​ഗത്ത് സഭ നടത്തിയ ഇടപെടലുകൾ പരി​ഗണിച്ചാണ് പുരസ്ക്കാരം. സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരന്റെ മൂന്നാം വാർഷിക ആഘോഷവേളയിലാണ് ​ഗവർണറുടെ ഓഫീസ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിൽ മലങ്കര ഓർത്തഡോക്സ് സഭ നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണെന്ന് ​ഗവർണറുടെ എ.ഡി.സി പറഞ്ഞു. 1 ലക്ഷം രൂപയും,പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. സഹോദരൻ പദ്ധതിയിലൂടെ മാത്രം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 17 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പരിശുദ്ധ കാതോലിക്കാബാവായുടെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സഭ നടപ്പാക്കിയത്.

വീണുപോയവർക്ക് രക്ഷാകരം നീട്ടി ‘സഹോദരൻ’ മാതൃക തീർത്തു : പശ്ചിമബംഗാൾ ഗവർണർ.

കോട്ടയം : മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേർന്ന് അവരെ സഹായിക്കുക എന്നതാണ് ക്രിസ്തുവും,ബുദ്ധനും പകർന്നു നൽകിയ ദർശനമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ്. സഹോദരൻ എന്ന ജീവകാരുണ്യപദ്ധതിയിലൂടെ മലങ്കര ഓർത്തഡോക്സ് സഭയും,പരിശുദ്ധ കാതോലിക്കാബാവായും ആ ദർശനത്തെ പൂർണതയിലെത്തിച്ചു.മലങ്കര ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരന്റെ മൂന്നാം വാർഷികം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. മൂന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകർ സഹോദരിക്ക് ഒരു തരി പൊന്ന് എന്ന പദ്ധതിയിലൂടെ ഒരു കോടി നാൽപ്പത് ലക്ഷം രൂപ സമാഹരിച്ചിരുന്നു. സ്ത്രീശക്തി വിചാരിച്ചാൽ ഒന്നും അസാധ്യമല്ല എന്നതിന്റെ തെളിവാണിത്. ഈ ദൗത്യം നിറവേറ്റിയ സ്ത്രീജനങ്ങളെ അഭിനന്ദിക്കുന്നതായും ഗവർണർ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 വനിതകൾക്ക് 1 ലക്ഷം രൂപ നൽകാൻ വേണ്ടിയാണ് 1 കോടി രൂപയുടെ ധനശേഖരണം നടത്തിയത്.എന്നാൽ ഇതിലേക്കായി 110 അപേക്ഷകൾ ലഭിച്ചിരുന്നു. ഈ 110 പേർക്കും സഹായം നൽകുമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തന്റെ അധ്യക്ഷപ്രസംഗത്തിൽ പ്രഖ്യാപിച്ചു. ആത്മീയത എന്നത് സാഹോദര്യത്തിൽ അടിസ്ഥാനപ്പെട്ടതാണ്.സാഹോദര്യമുള്ളിടത്ത് ആത്മീയതയുണ്ട്.നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും കൂടി ചെയ്ത് കൊടുക്കാൻ ശ്രമിച്ചാൽ സമൂഹത്തിൽ തുല്യതവരും. അത്തരം വീക്ഷണത്തിലേക്ക് സഭയും,സമൂഹവും മാറണമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു.

വിവാഹധനസഹായത്തിന്റെ ചെക്ക് പെൺകുട്ടികൾക്ക് വേണ്ടി റവ.ഫാ.ജോൺ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പാ ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. ആർദ്ര ചാരിറ്റബിൾ ട്രസ്റ്റ് മണവാട്ടിക്കൊരു പുടവ എന്ന പദ്ധതിയിലൂടെ ശേഖരിച്ച 100 വിവാഹ സാരികൾ മർത്തമറിയം സമാജം മാവേലിക്കര ഭദ്രാസന സെക്രട്ടറിയും മുതിർന്ന അംഗവുമായ മേരി വർഗീസ്  ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. പരിശുദ്ധ കാതോലിക്കാബാവായുടെ 76 ആം ജൻമദിനത്തോട് അനുബന്ധിച്ചുള്ള പിറന്നാൾ കേക്ക് ചടങ്ങിൽ പരിശുദ്ധബാവായും,ഗവർണറും ചേർന്ന് മുറിച്ചു. സഹോദരൻ പദ്ധതിയുടെ സുവനീർ ഗവർണർ പ്രകാശനം ചെയ്തു. ഡോ.സി.വി ആനന്ദബോസിന്റെ പുസ്തകങ്ങളായ ഞാറ്റുവേല, പുത്തനാട്ടം എന്നിവയുടെ പ്രകാശനകർമ്മവും വേദിൽ നടന്നു.

സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ചടങ്ങിന് സ്വാഗതം ആശംസിച്ചു. യാക്കോബ് റമ്പാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നന്ദിരേഖപ്പെടുത്തി. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

സഹോദരൻ – സ്നേഹം പെയ്തിറങ്ങിയ 3 വർഷങ്ങൾ.

മലങ്കര ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യപദ്ധതി ‘സഹോദരൻ’ മൂന്നാം വാർഷിക ആഘോഷം ഇന്ന്.

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യപദ്ധതിയായ ‘സഹോദരൻ’ മൂന്നാം വാർഷിക ആഘോഷം പശ്ചിമബം​ഗാൾ ​ഗവർണർ ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചക്ക് 2ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന ചടങ്ങിന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ അധ്യക്ഷത വഹിക്കും. നിരണം ഭദ്രാസനാധിപനും,സഹോദരൻ പദ്ധതിയുടെ വൈസ് പ്രസിഡന്റുമായ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സ്വാ​ഗതം ആശംസിക്കും.പദ്ധതിയുടെ ഡയറക്ടർ യാക്കോബ് തോമസ് റമ്പാൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ദേവസ്വം,സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ, ശ്രീ.ഫ്രാൻസിസ് ജോർജ് എം.പി, ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി.ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ.റോണി വർ​ഗീസ് ഏബ്രഹാം എന്നിവർ ആശംസകൾ നേരും.മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ.ശ്രീ.ബിജു ഉമ്മൻ കൃതജ്ഞതയർപ്പിക്കും.

സ്നേഹം ചൊരിഞ്ഞ് സഹോദരൻ, മൂന്നാം വാർഷികത്തിൽ 1 കോടിരൂപയും, 100 പുടവയും സഹോദരിമാർക്ക് സമ്മാനിക്കും.

വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 സഹോദരിമാർക്ക് ‘സഹോ​ദരൻ’ കൈത്താങ്ങാകും.ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ നൂറ് പേർക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന പദ്ധതി ​ഗവർണർ ഉദ്ഘാടനം ചെയ്യും. അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകരാണ് ‘സഹോദരിക്ക് ഒരു തരി പൊന്ന്’ എന്ന ക്യാംപെയിനിലൂടെ ഈ തുക സമാഹരിച്ചത്. ഇതിന് പുറമേ സഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ ട്രസ്റ്റ് 100 വിവാഹ സാരികളും നൽകും.’മണവാട്ടിക്കൊരു പുടവ’ എന്ന പേരിലാണ് സഹോദരൻ പദ്ധതിയിലൂടെ ഈ വിവാഹ സമ്മാനം വിതരണം ചെയ്യുന്നത്.

തന്റെ മുൻ​ഗാമി ഭാ​ഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ സ്മരണക്കായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തുടക്കം കുറിച്ച ജീവകാരുണ്യപദ്ധതിയാണ് ‘സഹോദരൻ’. 2022 ഫെബ്രുവരിയിൽ തുടക്കം കുറിച്ച പദ്ധതി വഴി ഇതിനോടകം 16 കോടി രൂപയുടെ സഹായം ജാതി-മത ഭേദമെന്യേ ക്ലേശമനുഭവിക്കുന്നവരിലേക്ക് എത്തിച്ചു.

സഹോദരന്റെ സ്നേഹസ്പർശം ഇതുവരെ

ചികിത്സാ സഹായം : 1850 പേർക്ക് 5.16 കോടി രൂപ

വിദ്യാഭ്യാസ സഹായം : 721 പേർക്ക് 4 കോടി

വീട് നിർമ്മാണം : 313 പേർക്ക് 5.14 കോടി

വിവാഹം : 191 പേരുടെ വിവാഹം നടത്തി

കൃഷിനാശം,ഇതരസഹായം : 62ലക്ഷം.

പല തുള്ളി പെരുവെള്ളം = സഹോദരൻ : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.

മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിക്കുന്ന കാലത്ത് തുടക്കം കുറിച്ച 17 ജീവകാരുണ്യ പദ്ധതികൾക്ക് സുമനസുകൾ നൽകിയ പിന്തുണയാണ് സഹോദരന്റെയും ഊർജ്ജമെന്ന് പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു. ജീവിതയാത്രയിൽ പലകാരണങ്ങൾക്കൊണ്ട് സങ്കടക്കടലിൽ അകപ്പെടുന്നവരുണ്ട്. സാമ്പത്തിക പ്രതിസന്ധി,രോഗങ്ങൾ, മാനസികവെല്ലുവിളി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതവുമായി ജീവിക്കുന്ന എത്രയോ പേർ.അവർക്ക് പ്രതീക്ഷയുടെ ഒരു തിരിവെട്ടം പകരാൻ നമുക്ക് കഴിയണം. മതമോ,ജാതിയോ,വർഗമോ,വർണമോ അതിന് തടസമാകരുത്. ഈ ആശയത്തിലൂന്നിയാണ് സഹോദരന്റെ പ്രവർത്തനം.ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി സുമനസുകൾ നൽകുന്ന ചെറുതും വലുതുമായ സംഭാവനകളാണ് പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്.കുഞ്ഞുങ്ങൾ അവരുടെ പിറന്നാൾ ആഘോഷത്തിൽ നിന്നും, വധൂ-വരൻമാർ വിവാഹ ആഘോഷത്തിന്റെ ചിലവ് കുറച്ചുമൊക്കെ നൽകുന്ന വിഹിതങ്ങൾ ചേരുമ്പോൾ പ്രയാസമനുഭവിക്കുന്ന മനുഷ്യരുടെ മുഖത്ത് പുഞ്ചിരി തിരികെയെത്തും.

മലങ്കര ഓർത്തഡോക്സ്  സഭയുടെ പബ്ലിക് റിലേഷൻസ് സെന്റർ എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു.

കൊച്ചി :  മലങ്കര ഓർത്തഡോക്സ് സഭയുടെ എറണാകുളം പബ്ലിക്ക് റിലേഷൻസ് സെന്ററിന്റെ കൂദാശാകർമ്മം  സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിച്ചു. ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികത്വം വഹിച്ചു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, വന്ദ്യ റമ്പാച്ചൻമാർ,
വൈദീകർ, സഭാ വർക്കിങ് കമ്മിറ്റി – മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. 

ഇടപ്പള്ളി ഒബ്റോൺമാളിന് എതിർവശമുള്ള സുരഭി റോഡിലാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ഫാ.സൈമൺ ജോസഫിനാണ് പബ്ലിക് റിലേഷൻസ് സെന്ററിന്റെ ചുമതല.

മലങ്കരയുടെ പൈതൃക മണ്ണിൽ മാർത്തോമ്മൻ സ്മൃതി മന്ദിരം ഉയരുന്നു.

കൊടുങ്ങല്ലൂർ : മലങ്കര സഭയുടെ സ്ഥാപകനും, കാവൽ പിതാവുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ വന്നിറങ്ങിയ മണ്ണിൽ ഒരു  പൈതൃക കേന്ദ്രമെന്നത് സഭയുടെ ചിരകാല അഭിലാഷമായിരുന്നെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. കൊടുങ്ങല്ലൂരിൽ മലങ്കര ഓർത്തഡോക്സ് സഭ  പണി കഴിപ്പിക്കുന്ന മാർത്തോമ്മൻ സ്മൃതി മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയാരുന്നു ബാവാ. മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം ഇന്നും കെടാതെ സൂക്ഷിക്കുന്നത് മലങ്കര സഭ മാത്രമാണ്. ആരൊക്കെ കുഴിച്ചുമൂടാൻ ശ്രമിച്ചാലും ചരിത്രത്തെ തമസ്ക്കരിക്കാനാകില്ല. ഭാവിയിൽ സഭക്ക് അഭിമാനിക്കാൻ കഴിയുന്ന സ്ഥാപനമായി സ്മൃതി മന്ദിരം മാറും.  എം.ജി.ജോർജ് മുത്തൂറ്റ് സഭയുടെ അൽമായ ട്രസ്റ്റിയായിരുന്ന കാലത്താണ് കൊടുങ്ങല്ലൂരിൽ സ്വന്തമായി സ്ഥലം വാങ്ങിയിട്ടത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ഈ സ്ഥലം കുടുംബം സഭയ്ക്ക് സൗജന്യമായി  കൈമാറുകയായിരുന്നു. എം.ജി.ജോർജ് മുത്തൂറ്റിനെയും സ്മരിക്കത്തക്കവിധമാകും നിർമ്മാണം പൂർത്തിയാക്കുകയെന്ന് കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാർ ചടങ്ങിൽ സഹകാർമ്മികത്വം വഹിച്ചു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,  സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം റീശ് കോർ എപ്പിസ്കോപ്പാ എന്നിവർ പ്രസംഗിച്ചു. മുത്തൂറ്റ് കുടുംബത്തെ പ്രതിനിധീകരിച്ച് ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ടി.കെ.ഗീത, കൗൺസിലർമാരായ ശിവറാം, രവി എന്നിവർ ആശംസകൾ നേർന്നു.

മുസിരിസ് പൈതൃക മേഖലയായ കൊടുങ്ങല്ലൂരിൽ പൗരാണികത ചോരാതെയാകും മാർത്തോമ്മൻ  സ്മൃതി മന്ദിരത്തിന്റെ നിർമ്മാണം.പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലത്ത് മാർത്തോമ്മൻ മ്യൂസിയം, മാർത്തോമ്മൻ ഗേറ്റ്, മാർത്തോമൻ സ്തൂപം,കോൺഫറൻസ് ഹാൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. ബഥനി ആശ്രമാംഗം ഫാ.ബഞ്ചമിൻ ഒ.ഐ.സിക്കാണ് നിർമ്മാണ മേൽനോട്ടച്ചുമതല.