കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി

പാമ്പാടി: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ ഇന്ന് കോട്ടയം പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത മന്ത്രിയേയും സംഘത്തേയും പൊന്നാട അണിയിച്ച് ദയറായിലേക്ക് സ്വീകരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കുചേര്‍ന്നു.

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ സാമൂഹിക വെല്ലുവിളികള്‍ എറ്റെടുത്ത മഹാചാര്യന്‍ – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര സഭയുടെ ഭാഗ്യതാരമായി വാണരുളിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ  സമൂഹത്തിന്റെ വെല്ലുവിളികള്‍  ഏറ്റെടുത്ത മഹാചാര്യനായിരുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ്  മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളില്‍ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മന്നത്ത് പത്മനാഭനെ പോലുളള വ്യക്തിത്വങ്ങളുമായി ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായ്ക്ക്  ഉണ്ടായിരുന്ന സൗഹൃദം മതാതീതമായ പ്രവര്‍ത്തനമേഖലകളെ വിശാലമാക്കിയെന്നും പരിശുദ്ധ ബാവാ പറഞ്ഞു.

അരമന ചാപ്പലില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്  പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടത്തപ്പെട്ടു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് നേതൃത്വം നല്‍കി.

പരിശുദ്ധ കാതോലിക്കാബാവ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി

ചങ്ങനാശ്ശേരി : മന്നത്തു പത്മനാഭന്‍റെ 145-ാം ജയന്തി ആചരണങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായും പങ്കുചേര്‍ന്നു. പരിശുദ്ധ ബാവാതിരുമേനി ചങ്ങനാശേരി എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. മലങ്കര സഭയും, എന്‍.എസ്.എസ്. പ്രസ്ഥാനവുമായുള്ള സുദീര്‍ഘമായ സ്നേഹബന്ധത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി ശ്രീ. ജി. സുകുമാരന്‍ നായരുമായുള്ള സൗഹൃദ സംഭാഷണത്തില്‍ പരിശുദ്ധ ബാവാതിരുമേനി അനുസ്മരിച്ചു. സാമൂഹ്യരംഗങ്ങളില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന ഇടപെടലുകളെ പരിശുദ്ധ പിതാവ് ശ്ലാഘിക്കുകയും, മലങ്കര സഭയുടെ ആശംസയും, പിന്തുണയും അറിയിക്കുകയും ചെയ്തു.

നിയമനിര്‍മ്മാണത്തിനു വേണ്ടിയുളള മുറവിളി പരിഹാസ്യം –മാര്‍ ദീയസ്‌ക്കോറോസ്

കോട്ടയം: സഭാ തര്‍ക്കം പരിഹരിക്കുന്നതിന് രാജ്യത്തിന്റെ നിയമങ്ങളും അതിനോടു ചേര്‍ന്നുളള കോടതിവിധികളും അംഗീകരിക്കാതെ നിയമത്തെ വെല്ലുവിളിക്കുന്നവര്‍ വീണ്ടും നിയമനിര്‍മ്മാണം നടത്തണമെന്ന്  മുറവിളികൂട്ടുന്നത് പരിഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ. പളളികളില്‍ ഹിത പരിശോധന നടത്തി ഭൂരിപക്ഷാടിസ്ഥാനത്തില്‍ പളളികള്‍ കൈമാറണമെന്ന വാദം ബഹു. സുപ്രീം കോടതി തളളിയതാണ്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും, ഹിതപരിശോധന നടത്തി അതിന്റെ സ്വത്തുക്കള്‍ വിഭജിക്കാന്‍ സാദ്ധ്യമല്ലെന്നും കോടതി പലതവണ ചൂണ്ടിക്കാണിച്ചിട്ടുളളതാണ്. 2002-ല്‍ മലങ്കര മെത്രാപ്പോലീത്തായുടെ സാധുതയെ സംബന്ധിച്ച് ഹിതപരിശോധന നടത്തി ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനം കൈകൊള്ളണമെന്ന കോടതിയുടെ നിര്‍ദ്ദേശം തളളിക്കഞ്ഞവര്‍ പുതിയ നിയമത്തിനു വേണ്ടി വാദിക്കുന്നത് ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു.

His Holiness Baselios Mathews IIl expresses condolences on death of Bishop Desmond Tutu

It is with deep sorrow that I have learned of the passing of the most venerable Bishop Desmond Mpilo Tuto, who tirelessly fought lifelong for human rights and stood upright against apartheid. His long and fruitful life had set a legacy for the all the generations on how responsible a human being should be in becoming sensitive to the real issues of humankind. It is true that the vacuum he left cannot be filled up but the hope and inspiration he had given to the world will continue to sustain for ever. The blessed Bishop’s life itself will remain as a challenge for generations to come as the philanthropic standards he kept encompasses the values of the Kingdom of God. Our sorrows on this loss ought to be compensated with the hope for eternal life and by raising the standards of our lives to the luminary Bishop’s set standards. The Malankara Orthodox Church joins the international community in expressing its integrity and prayers on this loss while praying for the bereaved family.

അസോസിയേഷനില്‍ പങ്കെടുക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : 2022 ഫെബ്രുവരി 25 -ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുകയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പ്രസ്താവിച്ചു. പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും രണ്ട് ഡോസ് വാക്‌സിനുകളും നിര്‍ബന്ധമായും സ്വീകരിച്ചിരിക്കേണ്ടതാണ്. പ്രസ്തുത വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് പ്രവേശന കവാടത്തില്‍ ഹാജരാക്കേണ്ടതാണ്. സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാത്തവര്‍ക്ക് സമ്മേളന സ്ഥലത്ത് പ്രവേശനം അനുവദിക്കുന്നതല്ലായെന്ന് പരിശുദ്ധ  കാതോലിക്കാ ബാവാ തിരുമേനി അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: വര്‍ണ്ണവിവേചനത്തിനും വംശീയതയക്കുമെതിരെ ജീവിതാന്ത്യം വരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗം മാനവസമൂഹത്തിനാകെ തീരാ നഷ്ടമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ക്രിസ്തുവിന്റെ സുവിശേഷം  21-ാം നൂറ്റാണ്ടില്‍ ജീവിച്ചു കാണിച്ചവരില്‍ പ്രധാനിയാണ് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. സമൂഹത്തില്‍ അരികുവത്ക്കരിക്കപ്പെട്ടവരുടെ വിമോചനമാണ് സഭകളുടെ ദൗത്യമെന്ന് കാട്ടിത്തന്ന അജപാലകന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹം പ്രചരിപ്പിച്ച സമാധാന സുവിശേഷം പിന്തുടരുകയാണ് നമ്മുടെ കര്‍ത്തവ്യമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളിയില്‍ 2022 ഫെബ്രുവരി 25ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ അന്തിമ ലിസ്്റ്റ് യോഗ സ്ഥലത്തും ദേവലോകം കാതോലിക്കേറ്റ് അരമനയിലും പ്രസിദ്ധീകരിച്ചു. 7 മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. അസോസിയേഷന്‍ യോഗത്തില്‍ സംബന്ധിക്കാന്‍ അര്‍ഹതയുളളവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസോസിയേഷനില്‍ സംബന്ധിക്കുന്ന എല്ലാ അംഗങ്ങളും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടഫിക്കറ്റ് നിര്‍ബന്ധമായും യോഗസ്ഥലത്ത് ഹാജരാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു.

ദേവലോകത്ത് ബാവാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംയുക്ത ഓര്‍മപ്പെരുന്നാളിന് തുടക്കമായി. അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ,  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്നിവരുടെ ഓര്‍മ്മപ്പെരുന്നാളാണ് ആചരിക്കുന്നത്.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് നിര്‍വഹിച്ചു.  31ന് 7ന് ഫാ. ഇട്ടി തോമസ് കൂര്‍ബാന അര്‍പ്പിക്കും. 6.30ന് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ.റജി മാത്യൂസ് പ്രസംഗിക്കും. ജനുവരി ഒന്നിന് 7ന് കുര്‍ബാനയ്ക്കു വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ കാര്‍മികത്വം വഹിക്കും.  6.30ന് സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് പ്രസംഗിക്കും.

2ന് രാവിലെ 7.30ന് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് കുര്‍ബാന അര്‍പ്പിക്കും. തീര്‍ഥാടകര്‍ക്ക് മാര്‍ ഏലിയാ കത്തീഡ്രലിലും, കുഞ്ഞിക്കുഴിയിലും സ്വീകരണം നല്‍കും. 6ന്സന്ധ്യാനമസ്‌കാരത്തിന് ശേഷം അടൂര്‍- കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ആശിര്‍വാദം, നേര്‍ച്ച ഭക്ഷണം.

പ്രധാന പെരുനാള്‍ ദിനമായ 3ന് 7.30ന് മുന്നിന്മേല്‍ കൂര്‍ബാന. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിക്കും. അനുസ്മരണ പ്രസംഗം, കബറിങ്കല്‍ ധുപപ്രാര്‍ഥന, പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം എന്നിവ നടക്കും. സഭയിലെ മെത്രാപ്പോലിത്തമാര്‍ പെരുന്നാള്‍ ചടങ്ങുകളില്‍ സഹകാര്‍മികരായിരിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് ശുശ്രൂഷകള്‍. ഓണ്‍ലൈനായി സംബന്ധിക്കാന്‍ സൗകര്യമുണ്ട്.
ഫാ. ഇട്ടി തോമസിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയെന്നു ദേവലോകം അരമന മാനേജര്‍ ഫാ.യാക്കോബ് തോമസ് അറിയിച്ചു.

വിശ്വാസികളുടെ ഭൂരിപക്ഷം കണക്കാക്കി പള്ളികള്‍ വീതം വെക്കാനാകില്ല- പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ഭരണഘടന അനുസരിച്ച് മലങ്കര സഭ ഒന്നാണെന്നും വിശ്വാസികളുടെ ഭൂരിപക്ഷം കണക്കാക്കി പള്ളികള്‍ വീതം വെക്കാനാകില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം അരമനയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിക്ക് അനുസൃതമായും സഭയുടെ ഭരണഘടന പ്രകാരവും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാണെന്നും ഇനി നിലപാട് വ്യക്തമാക്കേണ്ടത് യാക്കോബായ വിഭാഗമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് ബാവാ പറഞ്ഞു.

2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ വച്ച് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ട മെത്രാപ്പോലീത്താമാരുടെ നാമനിര്‍ദ്ദേശം സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 28 നാണ് നാമനിര്‍ദ്ദേശം സ്വീകരിക്കുന്നതിനുളള അവസാന തീയതി. തുടര്‍ന്ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സ്‌ക്രീനിംഗ് കമ്മറ്റി കൂടി നാമനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതും അനുയോജ്യരായ 14 പേരുടെ ലിസ്്റ്റ് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കുന്നതും ആയതില്‍ നിന്നും 11 പേരെ മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുത്ത് അസോസിയേഷനില്‍ സമര്‍പ്പിക്കുന്നതും അതില്‍ നിന്നും 7 പേരെ അസോസിയേഷന്‍ തെരഞ്ഞെടുക്കുന്നതുമാണ്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തില്‍ സഭയുടെ ഒന്നാം കാതോലിക്കായുടെ നാമത്തില്‍ ക്രമീകരിക്കുന്ന ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ വച്ചായിരിക്കും സമ്മേളനം നടക്കുക. സഭയുടെ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. തിരഞ്ഞെടുപ്പിന്റെ നിയമസാധുതയും ഔന്നത്യവും പൂര്‍ണ്ണമായി പാലിക്കുന്നതിനായി കാര്യങ്ങള്‍ വിലയിരുത്തി ക്രമീകരിക്കുന്നതിന് അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഒരു മോണിറ്ററിംഗ് കമ്മറ്റിയും, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ട്രൈബ്യൂണലും പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് 19 നിബന്ധനകള്‍ പാലിച്ചുകൊണ്ട് എല്ലാവര്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ സാധിക്കുന്ന വിധത്തിലുളള ക്രമീകരണങ്ങളാണ് ചെയ്തുവരുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, പി.ആര്‍.ഒ ഫാ. മോഹന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.