മലങ്കര അസോസിയേഷന്‍: ഓഫിസ് ഉദ്ഘാടനം ചെയ്തു

പത്തനാപുരം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ആലോചനായോഗവും, ഓഫീസ് ഉദ്ഘാടനവും പത്തനാപുരം മൗണ്ട് താബോർ ദയറായിൽ വച്ച് നടന്നു. മെത്രാപ്പോലീത്താമാരായ അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ്, അഭി. സഖറിയാ മാർ അന്തോണിയോസ്, അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ്, അഭി. ഡോ. യുഹാനോൻ മാർ തേവോദോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറിമാർ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങൾ, മൗണ്ട് താബോർ ആശ്രമാംഗങ്ങൾ, വൈദികർ, കൗൺസിൽ അംഗങ്ങൾ, പള്ളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

His Holiness delight as Elizabeth Joy for the election of the General Secretary, WCC

H. H. Baselios Marthoma Mathews III on behalf of the MOSC, expresses His Holiness’ delight as Elizabeth Joy Kochamma from our Church will be going to Geneva this week for the election to the role of the General Secretary of the World Council of Churches.  She is one of the two final nominees to this post.  H H sends Kochamma with prayers and God’s blessings.

രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സിംപോണിയ ’22 എന്ന പേരിൽ ഇരുപത്തി മൂന്നാമത്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ജൂൺ 10 വെള്ളിയാഴ്ച ക്യാമ്പ്‌ സംഘടിപ്പിച്ചത്.

വജ്ര ജൂബിലി നിറവിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായ രക്ത ദാന ക്യാമ്പിൽ നൂറ്റിമുപ്പതോളം പേര് പങ്കെടുത്തെന്നും പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റും സഹ വികാരിയുമായ ഫാ. സുനിൽ കുര്യൻ ബേബി, ലേ വൈസ് പ്രസിഡന്റ് ക്രിസ്റ്റി പി വർഗ്ഗീസ്, സെക്രട്ടറി അജി ചാക്കോ, ട്രെഷറർ ഷിജു സി ജോർജ്ജ്, കോർഡിനേറ്റർ സോജി ജോർജ്ജ് എന്നിവർ അറിയിച്ചു. ഫാ. പോൾ മാത്യു, കത്തീഡ്രൽ ട്രെസ്റ്റി, സെക്രട്ടറി, കത്തീഡ്രൽ ഭാരവാഹികൾ, യുവജന പ്രസ്ഥാനം കമ്മറ്റി അംഗങ്ങൾ, പ്രസ്ഥാനം പ്രവർത്തകർ, ഇടവകയിലെ മുതിർന്ന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

മലങ്കര അസ്സോസിയേഷന്‍ മുഖ്യ വരണാധികാരിയായി റ്റി. സഖറിയാ മാണിയെ നിയമിച്ചു

കോട്ടയം: 2022 ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ മുഖ്യ വരണാധികാരിയായി റ്റി. സഖറിയാ മാണി IRS (Retd.), അസിസ്റ്റന്‍റ് വരണാധികാരിമാരായി തോമസ് ജോര്‍ജ്, ഡോ. ബിജു തോമസ് എന്നിവരെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.

കോട്ടയം സ്വദേശിയായ സഖറിയാ മാണി തമിഴ്‌നാട് ഇന്‍കം ടാക്‌സ് കമ്മീഷണര്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ലക്ചറര്‍, പീരുമേട് എഞ്ചിനീയറിംഗ് കോളജ് ഡയറക്ടര്‍, സഭയുടെ വര്‍ക്കിങ് കമ്മറ്റി – മാനേജിങ് കമ്മറ്റി അംഗം, കോട്ടയം വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ണാടക-ഗോവ സംസ്ഥാനങ്ങളിലെ ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറായിട്ടാണ് റിട്ടയര്‍ ചെയ്തത്. എറണാകുളം തേവര സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് പളളി ഇടവകാംഗമാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

അസിസ്റ്റന്‍റ് വരണാധികാരിമാരായ തോമസ് ജോര്‍ജ് തിരുവനന്തപുരം ടെക്നോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെസ്റ്റ്ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്, ഡോ. ബിജു തോമസ് കോട്ടയം ബസേലിയോസ് കോളജ് പ്രിന്‍സിപ്പലാണ്.

2022-27 വര്‍ഷത്തേക്കുള്ള സഭയുടെ വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പാണ് അസ്സോസിയേഷന്‍ യോഗത്തിന്‍റെ പ്രധാന അജണ്ട.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കോട്ടയത്ത് സംഘടിപ്പിച്ച മതാന്തര സ്നേഹ സംഗമത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നടത്തിയ പ്രസംഗം

ദൈവ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ

മലങ്കര സഭയുടെ ആദരണീയ അതിഥികളായി ഈ സ്നേഹ സംഗമത്തില്‍ സംബന്ധിക്കുന്ന ഏറ്റവും ബഹുമാന്യരായ മതമേലധ്യക്ഷന്മാര്‍, ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, സഹോദര മെത്രാപ്പോലീത്താമാരെ, മാധ്യമ സ്ഥാപന ചുമതലക്കാരെ നിങ്ങള്‍ക്ക് സ്നേഹവന്ദനം.

നിങ്ങളുടെ മഹനീയ സാന്നിധ്യത്തിന് ആദ്യമെ വിനയപൂര്‍വ്വം നന്ദി സമര്‍പ്പിക്കുന്നു. നിങ്ങള്‍ ഓരോരുത്തരും വഹിക്കുന്ന ഉന്നത സ്ഥാനങ്ങളും തത്ഫലമായിട്ടുള്ള സമയ ദൗര്‍ലഭ്യതയും നമുക്ക് നന്നായി അറിയാം. കൃത്യാന്തരബഹുലതയുടെ നടുവിലും നിങ്ങള്‍ സന്നിഹിതരായതില്‍ നമ്മുടെ കൃതജ്ഞത നിസ്സീമമാണ്. മലങ്കര സഭയോട് നിങ്ങള്‍ ഓരോരുത്തരും പുലര്‍ത്തുന്ന സ്നേഹത്തിനും കരുതലിനും ഞങ്ങള്‍ ഏവരും കൃതാര്‍ത്ഥരാണ്. പ്രത്യേകിച്ച് മലങ്കര സഭയുടെ അധ്യക്ഷ പദവിയിലേക്ക് ദൈവം നമ്മെ നിയോഗിച്ചതിന് ശേഷം വിവിധ സ്ഥലങ്ങളില്‍ വച്ച് നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ നിങ്ങള്‍ ഓരോരുത്തരുടെയും സാന്നിധ്യവും മഹനീയ സന്ദേശങ്ങളും ബലഹീനനായ എന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ആഴമായ ബോധ്യം നല്‍കുന്നവയായിരുന്നു. നിങ്ങളുടെ സ്നേഹത്തിന്റെ മുമ്പില്‍ മലങ്കര സഭയ്ക്കു വേണ്ടി ഞാന്‍ നന്ദി സമര്‍പ്പിക്കുന്നു. ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും തുടരണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

സമാനതകള്‍ ഇല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. ധര്‍മ്മശോഷണവും മൂല്യച്യുതിയും ഒന്നിനൊന്ന് വര്‍ദ്ധിക്കുന്നു. ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം നിരന്തരം കൂടുന്നു. നമ്മുടെ കൊച്ചു കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പോലുള്ള മെട്രോ സിറ്റികളില്‍ വികസനത്തിന്റെ ഉത്തരാധുനിക മുഖം തെളിയുന്നതില്‍ നമുക്ക് അഭിമാനിക്കാം; പക്ഷെ കൊച്ചിയില്‍ നിന്ന് കേവലം ഇരുന്നൂറ് കിലോമീറ്റര്‍ അകലം മാത്രമുള്ള അട്ടപ്പാടിയില്‍ അതിജീവനത്താല്‍ വികൃതമാകുന്ന മുഖങ്ങള്‍ നമുക്ക് ഹൃദയവേദന ഉളവാക്കുന്നു. ഈ സ്നേഹസംഗമത്തിന്റെ ഊഷ്മളതയുടെ നടുവിലും മനസ്സില്‍ എരിയുന്ന കനലാണ് സ്നേഹപൂര്‍വ്വം ഞാന്‍ പങ്കുവച്ചത്. മത രാഷ്ട്രീയ ഭിന്നതകളുടെ നടുവിലും മനുഷ്യസ്നേഹം നമ്മെ ഒന്നിപ്പിക്കുന്നു. ഗുരു പങ്കുവച്ചതുപോലെ മാധവ സ്നേഹം മനുഷ്യ സേവനത്തിലൂടെ നമുക്ക് ഒരുമിച്ച് സാക്ഷിക്കാം. മലങ്കര സഭയുടെ സര്‍വ്വ പിന്തുണയും സഹായ സഹകരണ ങ്ങളും മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടാകും.

നമ്മുടെ നാട് നന്മകളുടെ ഈറ്റില്ലവും മൂല്യങ്ങളുടെ പ്രഭവസ്ഥാനവുമായിരുന്നു. ഭാരതനാടിന്റെ സാംസ്‌കാരികവും ആധ്യാത്മീകവുമായ പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് നാം ഓരോരുത്തരും. എന്നാല്‍ ഇന്ന് രാഷ്ട്രീയ അതിപ്രസരം മത ഭിന്നതകള്‍ക്ക് വളം വയ്ക്കുന്നു. ഭാരത മണ്ണില്‍ നിന്നും സഹിഷ്ണതയുടെ മഹത്തായ പാരമ്പര്യം അന്യം നിന്നു പോകുമോ എന്ന് നാം വ്യാകുലപ്പെടേണ്ടിയിരിക്കുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ ചിന്തകള്‍ക്കുപരിയായി സനാതന ധര്‍മ്മത്തിന്റെ നിലനില്പിനു വേണ്ടി നമുക്ക് കൈകോര്‍ക്കാം. നമ്മുടെ നാടിന്റെ വൈവിധ്യങ്ങള്‍ നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യത്തിന്റെ സമ്പന്നതയാണെന്ന് തിരിച്ചറിയുവാന്‍ വരും തലമുറയെ ജാതി മതഭേദമെന്യെ നമുക്ക് ഒരുമിച്ച് പ്രേരിപ്പിക്കാം, പ്രചോദിപ്പിക്കാം.

ഭിന്ന മത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരാണെങ്കിലും ജന്മം കൊണ്ട് നാം ഏവരും ഭാരതീയരാണ്. മോക്ഷവും നിത്യജീവനും നമ്മുടെ ആധ്യാത്മിക ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളാണ്. രക്ഷയുടെയും നിത്യജീവന്റെയും ഒരുക്ക സ്ഥലവും കര്‍മ്മ മണ്ഡലവും നമ്മള്‍ ജനിച്ചു വീണ ഈ മണ്ണാണ്. ഭാരതത്തിന്റെ ദേശീയതയും നമ്മുടെ നാടിന്റെ അഖണ്ഡതയും നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങള്‍ തന്നെയാണ്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി, മത-രാഷ്ട്ര ബന്ധത്തിന്റെ പരമമായ പ്രസ്തുത ദര്‍ശനം പ്രായോഗികമാക്കിയതുകൊണ്ടാണ് സ്വതന്ത്ര ഭാരതം യാഥാര്‍ത്ഥ്യമായത്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രബോധനം പ്രതിധ്വനിപ്പിക്കുന്നതുപോലെ, സ്വതന്ത്രരെന്ന് പറയുമെങ്കിലും വിവിധങ്ങളായ പാരതന്ത്ര്യങ്ങളില്‍ നാം ബന്ധിതരായിരിക്കുന്നു. നമ്മെ ബന്ധിച്ചിരിക്കുന്ന ചങ്ങലകള്‍ നാം തന്നെ നിര്‍മ്മിച്ചവയാണെന്നുള്ളതാണ് വലിയ വിരോധാഭാസം! അജ്ഞത, മത രാഷ്ട്രീയ തീവ്രത, പ്രത്യയ ശാസ്ത്ര അടിമത്തം, ദാരിദ്ര്യം, സ്വജനപക്ഷവാദം, പ്രാദേശികത, വ്യാമൂഢമായ ദേശീയത, അതിരുകളില്ലാത്ത ആര്‍ഭാഡവും അഴിമതിയും തുടങ്ങി നമ്മെ ബന്ധിക്കുന്ന ചങ്ങലകള്‍ അനവധിയാണ്. നാം സ്വയമേവ ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രരാവണം, നമ്മുടെ ജനങ്ങളെ സ്വതന്ത്രരാക്കണം. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’. സത്യം ഒന്നാണ് – പണ്ഡിതന്മാര്‍ പല പേരുകളില്‍ അതിനെ അഭിസംബോധന ചെയ്യുന്നു. ഈ ഋഗ്വേദ മഹത് വാക്യം ദൈവത്തിന്റെ ഏകത്വവും സത്യത്തിന്റെ അനന്യതയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികള്‍’ ജൈവസദാചാരത്തിന്റെ നവ മാനങ്ങള്‍ പ്രഘോഷിക്കുന്ന കഥയാണല്ലോ. ഭൂമിയെന്ന കുടുംബം ഒന്നാണ്. ഭാരതീയരായ നമ്മുടെ പൂര്‍വ്വീകര്‍ സ്വാംശീകരിച്ച മഹത്തരമായ ആശയം ‘വസുധൈവ കുടുംബകം’ എന്നതാണ്. പരമമായ ഈ ആശയം സര്‍വ്വ പ്രപഞ്ചത്തിന്റേയും നിലനില്പിനുവേണ്ടി ഭാരത തത്വചിന്ത നല്കുന്ന അമൃതാണ്. ജൈവ പിരമിഡിന്റെ അഗ്രത്ത് നില്ക്കുകയാണ് മനുഷ്യന്‍! അതിസങ്കീര്‍ണ്ണമായ ജൈവ പിരമിഡിനെ താങ്ങിനിര്‍ത്തുന്ന ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ ഈ ജൈവ പിരമിഡിന്റെ അവിഭാജ്യ ഘടകങ്ങളാണ്. മൈക്രോബു മുതല്‍ ‘മാന്‍’ (മനുഷ്യന്‍) വരെ ഒരേ തറവാട്ടിലെ അംഗങ്ങളാണ്. പരസ്പരം സഹോദര ബന്ധം പുലര്‍ത്തി ജീവിക്കേണ്ടിയ സഹോദരങ്ങള്‍! ഈ സഹോദര ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചാല്‍ പ്രകൃതി നശിക്കും. പ്രപഞ്ചം ഇല്ലാതാകും. സൂര്യനും സൂര്യകാന്തിയും തമ്മിലുള്ള ബന്ധം അവതരിപ്പിച്ച കവി ശ്രീ. ജി. ശങ്കരക്കുറുപ്പും മുല്ലവള്ളിയേയും മാന്‍ കിടാവിനേയും സ്നേഹിച്ച ശകുന്തളയെ ചിത്രീകരിച്ച മഹാകവി കാളിദാസനും ഭൂമിക്കൊരു ചരമഗീതം കുറിച്ച ഒ.എന്‍.വിയും പ്രപഞ്ചത്തിലെ ചെറുതും വലതുമായ ജീവജാലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ഒരു ചങ്ങലയിലെ അടര്‍ത്തി മാറ്റുവാനോ വിസ്മരിക്കുവാനോ പാടില്ലാത്ത കണ്ണികളാകുന്നുവെന്നും നമ്മെ ഗൗരവമായി ഓര്‍മ്മിപ്പിക്കുന്നു. പ്രപഞ്ചത്തിലെ ഈ പരസ്പര ബന്ധം തിരിച്ചറിയുന്ന അവസ്ഥയ്ക്കാണ് ‘ദൈവരാജ്യം’ എന്ന സംജ്ഞയിലൂടെ ക്രിസ്തു പ്രബോധിപ്പിച്ചത്. ‘ദൈവരാജ്യം എപ്പോള്‍ വരുന്നു എന്ന് പരീശന്മാര്‍ ചോദിച്ചതിന് ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല: ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടല്ലോ’ (വി. ലൂക്കോ. 17:20-21) എന്നതായിരുന്നു ക്രിസ്തുവിന്റെ പ്രബോധനം. ധന്യനായ പൗലൂസ് അപ്പോസ്തോലന്‍ പരസ്പര ബന്ധത്തില്‍ ദൈവരാജ്യത്തിന്റെ പ്രപഞ്ച വീക്ഷണം ഇപ്രകാരം വിവരിക്കുന്നു. ‘ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ’ (റോമ.14:17).

പ്രപഞ്ചത്തിന്റെ സമഗ്രതയും പരസ്പര പങ്കാളിത്തത്തോടു കൂടിയുള്ള നിലനില്പുമാണ് യേശുക്രിസ്തുവിനാല്‍ സമാരംഭിക്കപ്പെട്ട ദൈവരാജ്യത്തിന്റെ അടിസ്ഥാനം. പ്രപഞ്ചമെന്ന മഹാകുടുംബത്തില്‍ ‘മനുഷ്യന്‍’ ദൈവത്താല്‍ നിയോഗിക്കപ്പെട്ട കാര്യസ്ഥനും ഒപ്പം ശുശ്രൂഷകനുമാണ്. പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും പരസ്പരപൂരകങ്ങളാണ്. പരസ്പരം ഇണങ്ങിക്കഴിഞ്ഞില്ലെങ്കില്‍ നിലനില്പ് നശിക്കും. സര്‍വ്വതും നന്മയില്‍ വളരട്ടെ, നമുക്ക് ഒന്നിച്ച് വളരാം, ഒരുമയോടെ ജീവിക്കാം. പ്രപഞ്ചജീവിതമാകുന്ന മനോഹര സംഗീതം സാഹോദര്യത്തിന്റെ വീണയില്‍ അപശബ്ദങ്ങളില്ലാതെ നമുക്ക് ഒരുമിച്ച് ആലപിക്കാം. നന്ദി.. നമസ്‌കാരം….

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുപ്രവര്‍ത്തക സുഹൃദ് സംഗമത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി നടത്തിയ പ്രസംഗം

ത്രിയേക ദൈവത്തിന് സ്തുതി, ആദരണീയനായ പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശന്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍, ബഹുമാന്യരായ മന്ത്രിമാരെ, ജനപ്രതിനിധികളെ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെ, അഭിവന്ദ്യരായ സഹോദര മെത്രാപ്പോലീത്താമാരെ, ശ്രേഷ്ഠരായ വൈദീകരെ, പ്രിയമുള്ള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ ദൈവനാമത്തില്‍ നിങ്ങള്‍ക്ക് സ്‌നേഹവന്ദനം ചൊല്ലുന്നു.

“ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികളായ നാമെല്ലാവരും. മലയാള നാട്ടിലെ ജനസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്നവരായ ഭരണാധികാരികളെയും, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെയും, പ്രവര്‍ത്തകരെയും ഒരുമിച്ച് കാണുവാനും സ്‌നേഹ-സൗഹാര്‍ദ്ദങ്ങള്‍ പങ്കുവയ്ക്കുവാനുമാണ് ഈ സന്ധ്യയില്‍ ഇപ്രകാരമൊരു പൊതുപ്രവര്‍ത്തക സുഹൃദ് സംഗമം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുശിഷ്യനായ പരിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായാല്‍ എ.ഡി.52-ല്‍ സ്ഥാപിതമായ അതിപുരാതനമായ ഈ സഭയുടെ പ്രധാന ചുമതലക്കാരനായി സ്ഥാനമേറ്റതുമുതല്‍ ഇപ്രകാരമൊരു സംഗമം ക്രമീകരിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ നിയന്ത്രണങ്ങളും മറ്റ് തിരക്കുകളും കാരണം ഇതുവരെ അതിന് സാധ്യമായില്ല. പൊതുപ്രവര്‍ത്തകരായ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണുന്നതിലുള്ള സന്തോഷം ഞാന്‍ ആമുഖമായി അറിയിക്കുന്നു.

നമ്മുടെ നാടിന് സവിശേഷമായ ചില കീഴ്‌വഴക്കങ്ങളും ചരിത്രവുമുണ്ട്. പ്രതിസന്ധികളില്‍ പരസ്പരം സഹായിച്ചുകൊണ്ട്, നാടിന്റെ പൊതുന്മയ്ക്കായി ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നുചേര്‍ന്ന് എല്ലാ മതങ്ങളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ നാടിന് ഏറെ മുന്നോട്ടുപോകുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. നാടിന്റെ പൊതുവായ വികസനത്തിനും നന്മയ്ക്കും ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങല്‍ നല്‍കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കും സാധ്യമായിട്ടുണ്ട് എന്നതില്‍ അഭിമാനമുണ്ട്. വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷാ മേഖലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമെല്ലാം നിസ്തുലമായ സംഭാവന സഭ നല്‍കിയിട്ടുണ്ട്. രാഷ്ട്രനിര്‍മ്മാണത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞകാലങ്ങളിലെന്നപോലെ സഭ ഇനിയും സന്നദ്ധമാണ്. സഹകരിക്കുവാന്‍ കഴിയുന്ന എല്ലാ പ്രസ്ഥാനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സഭ പരിശ്രമിക്കും. ആയതിന് നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സഭക്ക് നല്‍കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സഭയുടെ ആരാധനയില്‍ രാഷ്ട്രത്തിന്റെ നേതാക്കളെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പാരമ്പര്യമുണ്ട്. സഭയുടെ കൗദാശികമായ ചുമതലയായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്. ദൈവത്തോടുള്ള ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ട്, പ്രപഞ്ചത്തോടും സഹജീവികളോടുമുള്ള കരുതലും സ്‌നേഹവും നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനശൈലിയാണ് സഭ പിന്തുടരുന്നത്. ക്രൂശിന്റെ രൂപവും സങ്കല്‍പവും ഇതിനെ അനുസ്മരിപ്പിക്കും വിധമാണ്. സ്വര്‍ഗസന്നിധിയിലേക്ക് കരങ്ങളും കണ്ണുകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ഓരോ വിശ്വാസിയും ഇരുവശങ്ങളിലേക്കും തങ്ങളുടെ സേവനത്തിന്റെ കരങ്ങളും ശ്രദ്ധയും നല്‍കേണ്ടതുണ്ട്. അങ്ങനെയാണ് നിസ്തുലമായ ക്രൂശിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ക്രൂശിനോളം സഹനവും ത്യാഗവും കൈമാറുന്ന മറ്റൊരു പ്രതീകമില്ലായെന്ന് തന്നെ പറയാം. ഓരോ പൊതുപ്രവര്‍ത്തകനും സ്വാര്‍ത്ഥത വെടിഞ്ഞ് സമൂഹത്തിനുവേണ്ടി യാഗമായി മാറേണ്ടതുണ്ട്. ക്രിസ്തുവിന്റെ ക്രൂശ് തന്നെയാണ് പൊതുപ്രവര്‍ത്തകരുടെയും ഉത്തമ അടയാളം. നിസ്വാര്‍ത്ഥ സേവനമാണ് നിങ്ങളുടെ ഓരോരുത്തരുടെയും മുഖമുദ്ര.

മതങ്ങളും സമുദായങ്ങളും തമ്മിലുള്ള അനൈക്യവും അകലവും വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വാമി വിവേകാന്ദന്റെ വാക്കുകള്‍ പ്രസക്തമാണ്, “ഓരോരുത്തരും മറ്റുള്ളവരുടെ ആദ്ധ്യാത്മികതയെ ആഗിരണം ചെയ്യുകയും അതോടൊപ്പം സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും സ്വന്തം വളര്‍ച്ചാ നിയമങ്ങള്‍ക്കനുസരിച്ച് വളരുകയും ചെയ്യണം”. ക്രിസ്തുവും ഇതേ സന്ദേശമാണ് ലോകത്തിന് നല്‍കിയത്, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കണം”. മതസൗഹാര്‍ദ്ദം സംരക്ഷിക്കേണ്ടത് നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഓരോ പൊതുപ്രവര്‍ത്തകന്റെയും കടമയാണിത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുവാന്‍ മതങ്ങള്‍ക്കും ഭരണകൂടത്തിനും വലിയ ഉത്തരവാദിത്തമുണ്ട്. സര്‍ക്കാരിന്റെയും പ്രസ്ഥാനങ്ങളുടെയും സൗഹാര്‍ദ്ദപരമായ ഏതു പരിശ്രമങ്ങള്‍ക്കും സഭയുടെ പരിപൂര്‍ണ പിന്തുണ നല്‍കുന്നത് സന്തോഷകരമാണ്. സാഹോദര്യത്തിന്റെ കുളിര്‍മഴ ആസ്വദിക്കുവാന്‍ കഴിയുന്ന ഇടമായി ഈ മലയാളനാട് മാറണം.

ആധുനികതയുടെയും വികസനത്തിന്റെയും കുതിച്ചുചാട്ടമാണ് സമൂഹത്തില്‍ ദൃശ്യമാകുന്നത്. എന്നാല്‍ ഇതിനിടയില്‍ ശ്വാസം മുട്ടി ജീവിക്കുന്ന മനുഷ്യരും ഉണ്ടെന്ന ബോധ്യമാണ് രാഷ്ട്രനേതാക്കള്‍ക്കും ആദ്ധ്യാത്മീകനേതാക്കള്‍ക്കും ഉണ്ടാകേണ്ടത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായി പാര്‍ക്കുവാന്‍ ഭവനം ഉണ്ടാകണം. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണം. ചികിത്സയ്ക്ക് പണം ഇല്ലാത്തവര്‍ക്ക് സഹായം നല്‍കണം. വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്ക് സൗകര്യം നല്‍കണം. വാര്‍ദ്ധക്യത്തിലായവര്‍ക്ക് സംരക്ഷണം നല്‍കണം. ബുദ്ധിമാന്ദ്യവും മറ്റ് ശാരീരിക ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ കരുതണം. സഭയുടെ ഇവ്വിധമുള്ള സാമൂഹ്യസേവനശുശ്രൂഷകളില്‍ ഭരണകൂടത്തിന്റെയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്. സഭയ്ക്ക് നിങ്ങളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാനും താത്പര്യമുണ്ട് എന്നത് സന്തോഷത്തോടെ അറിയിക്കുന്നു. നാം വിശ്വസ്തതയോടെയും ആത്മാര്‍ത്ഥമായും മുന്നിട്ടിറങ്ങിയാല്‍ സമാനമനസ്‌കരായ ധാരാളം ആളുകളുടെ പിന്തുണയോടെ വന്‍കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സാധ്യമാകും എന്നതാണ് എന്റെ സ്വന്തഅനുഭവം. നമ്മുടെ കരുതലിന്റെ കരങ്ങള്‍ സമൂഹത്തിന് പകരേണ്ടത് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പ്രഭാതമാണ്.

കോവിഡാനന്തര ജീവിതത്തിലേക്ക് ലോകം പാദമൂന്നുകയാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുണ്ട്. ശാസ്ത്രലോകവും ഭരണകൂടവും ആദ്ധ്യാത്മീക ചിന്തകളും അതിജീവനത്തിനായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധ്യമാകും എന്നതിന് സംശയമില്ല. വര്‍ത്തമാനകാലം മാത്രം അടിസ്ഥാനമാക്കാതെ ഭാവികാലത്തെകൂടി കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ നമുക്ക് സാധ്യമാകണം. സമൂഹത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും നന്മയ്ക്കുമായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം. നിരന്തര പരിശ്രമം ആവശ്യമായിരിക്കുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും സഹകരണവും നല്‍കുന്നതിനുള്ള വേദിയായി ഇതിനെ നമുക്ക് കാണാം. ഒരുമിച്ച് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുവാനും ഇനിയും വേദി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഏറെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും തിരക്കിട്ട പരിപാടികള്‍ക്കിടയിലും ഈ സുഹൃദ് സംഗമത്തില്‍ പങ്കെടുക്കുവാന്‍ നിങ്ങളോരോരുത്തരും കാണിച്ച താത്പര്യത്തിന് സഭയ്ക്കുവേണ്ടി ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ മഹനീയ സാന്നിധ്യം ഏറെ വിലപ്പെട്ടതാണ്. എല്ലാവരോടും സ്‌നേഹവും ആദരവും അറിയിച്ചുകൊണ്ട് വാക്കുകള്‍ ഉപസംഹരിക്കുന്നു. നന്ദി… നമസ്‌കാരം….

മതങ്ങൾ കലഹിക്കാനുള്ളതല്ല – പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം: മതങ്ങൾ കലഹിക്കാനുള്ളതല്ല, പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമുള്ളതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സമാധാനത്തിനു വേണ്ടി ആരുമായും സഹകരിക്കാൻ സഭ തയ്യാറാണെന്ന് ഓർത്തഡോക്സ്‌ സഭ സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയിൽ അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.

മറ്റുള്ളവരെ സഹായിക്കാൻ പറയുന്ന ക്രിസ്‌തുവിന്‍റെ യഥാർത്ഥ സന്ദേശം ഹൃദയത്തിൽ പേറിയ, ദൈവത്തിന്‍റെ കൈയ്യൊപ്പുളള വ്യക്തിയാണ് പരിശുദ്ധ ബാവായെന്ന് പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ , അസോസിയഷേൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരിശുദ്ധ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, പരിശുദ്ധ ബാവായുടെ ഓഫീസ് സെക്രട്ടറി ഫാ. അനിഷ് കെ. സാം, സഭാ പി. ആര്‍. ഒ. ഫാ മോഹൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

കുരുവികള്‍ക്ക് ആകാശം കൊടുക്കാം ഭൂമിക്ക് ശാപമോക്ഷമേകാം – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃത്രീയന്‍ കാതോലിക്കാ ബാവ

പരുമലയുടെ പരിശുദ്ധാന്തരീക്ഷത്തിലിരുന്നാണ് ഞാന്‍ ഇത് കുറിക്കുന്നത്. കണ്‍മുന്നില്‍ പമ്പാനദിയുണ്ട്. ഈ നീര്‍ച്ചാലുകാണുമ്പോഴൊക്കെ ഞാന്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതം ഓര്‍മിക്കും. ‘പമ്പയില്‍ എന്തൊക്കെയുണ്ട്’ എന്ന് ആരോ പണ്ട് തിരുമേനിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു:’വെള്ളവും മീനുമൊഴിച്ച് എല്ലാമുണ്ട്…’ മരണാസന്നയായ ഒരു നദിയെക്കുറിച്ചുള്ള ഏറ്റവും തെളിമയുള്ള ഓര്‍മപ്പെടുത്തല്‍.


പക്ഷേ ഇപ്പോള്‍ അരികിലുള്ള പമ്പയില്‍ കലങ്ങിയൊഴുകുന്ന വെള്ളമുണ്ട്. കിഴക്കന്‍ മലകളുടെ കണ്ണീരാകണം. അതുപെരുകിപ്പെരുകിയാണ് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് പെരുംപ്രളയമുണ്ടായത്. ഇപ്പോഴും നദി നിറയുന്നത് കാണുമ്പോള്‍ നാം പ്രളയത്തെപ്പേടിക്കുന്നു.


ഇതുമാത്രമല്ല,അനേകം ഭയങ്ങളുടെ ദുര്‍ബലഗേഹങ്ങളിലിരുന്നുകൊണ്ടാണ് മലയാളി പരിസ്ഥിതിദിനത്തെക്കുറിച്ച് പരികല്പനനടത്തുന്നതും വാതോരാതെ സംസാരിക്കുന്നതും. ഓരോ പരിസ്ഥിതിദിനവും നമുക്ക് ചെടി നടാനുള്ള ഒരു ദിവസം മാത്രമാണ്. ആ ഒറ്റദിവസത്തില്‍ നമ്മള്‍ നടും,നനയ്ക്കും,പിന്നെ വളരുമാറാക്കാനുള്ള ചുമതല ദൈവത്തെ ഏല്പിച്ച് കൈകഴുകി മടങ്ങും. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നട്ട ചെടിയെക്കുറിച്ച് ഈ വര്‍ഷം ഓര്‍ക്കുന്ന എത്രപേരുണ്ടാകും!


ദൈവസൃഷ്ടിയാണ് മനുഷ്യനും പ്രപഞ്ചവും. രണ്ടും പരസ്പരം സഹായിച്ചും സഹകരിച്ചും വളരേണ്ടവരാണ്. മനുഷ്യന്റെ ഉപയോഗത്തിനായി പ്രപഞ്ചം പലതും നല്കുന്നു. പ്രപഞ്ചത്തിലെ എല്ലാം ന്യായമായി അനുഭവിക്കാന്‍ മനുഷ്യന് ദൈവം അനുവാദം നല്കിയിട്ടുണ്ട്. എന്നാല്‍ പ്രപഞ്ചത്തെ ചൂഷണം ചെയ്യാന്‍ അവകാശമേകിയിട്ടില്ല. വീടുവയ്ക്കാന്‍ ഒരു മരത്തെ ഉപയോഗപ്പെടുത്താം. പക്ഷേ ആര്‍ത്തിയോടെ കാടുവെട്ടിത്തളിക്കാന്‍ നമുക്ക് അധികാരമില്ല. ജലത്തിലെ മത്സ്യങ്ങളെ ഭക്ഷണത്തിനായി പിടിക്കാം. എന്നാല്‍ ജലാശയം മുഴുവനായി മലിനപ്പെടുത്തുന്നത് ദൈവനിയമത്തിന്റെ നിഷേധമാണ്. പാറപൊട്ടിക്കലും ആനക്കൊമ്പ് വേട്ടയുമൊക്കെ അതേരീതിയില്‍ ക്രൂരവും കുറ്റകരവുമാകുന്നു. ദൈനദിനജീവിതത്തിനായി പ്രകൃതിവിഭവങ്ങളെ ഉചിതമായി ഉപയോഗപ്പെടുത്തുമ്പോഴാണ് നാം യഥാര്‍ഥ ദൈവപുത്രന്മാരാകുന്നത്. അതുമറന്ന് ചൂഷണത്തിന്റെ നിലയിലേക്ക് പോകുമ്പോള്‍ പ്രകൃതി പ്രളയങ്ങള്‍ സൃഷ്ടിക്കുന്നു. നാം അപ്പോള്‍ ചകിതരാകുന്നു.
ആദാമിനെ സൃഷ്ടിച്ച് ഏദന്‍തോട്ടത്തിലാക്കുമ്പോള്‍ ദൈവം ആദ്യമനുഷ്യനോട് പറഞ്ഞത് തോട്ടത്തില്‍ കൃഷി ചെയ്യാനും തോട്ടം കാപ്പാനും നിന്നെ ചുമലതലപ്പെടുത്തിയിരിക്കുന്നു എന്നാണ്. ഈ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ ദൈവം മനുഷ്യന് നല്കിയിട്ടുള്ളതാണ്. മനുഷ്യന് ആ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.


പൗലോസ് ശ്ലീഹയുടെ റോമാ ലേഖനം എട്ടാം അധ്യായം പതിനെട്ടാം വാക്യത്തില്‍ പറയുന്നുണ്ട്,’മനുഷ്യപുത്രന്മാരുടെ വെളിപാടിനായി സൃഷ്ടി ഭാരപ്പെട്ട് കറങ്ങിക്കൊണ്ടിരിക്കുകയാണ്’എന്ന്. മനുഷ്യന്‍ നന്മയില്‍ ജീവിക്കുന്നതിനുവേണ്ടിയാണ് ആ ഭാരംചുമക്കല്‍. നാം നന്മയുളളവരാകുമ്പോഴേ ഭൂമിക്ക് ശാപമോക്ഷം കിട്ടൂ. സ്വന്തം അച്ചുതണ്ടില്‍ കറങ്ങിയും സൂര്യനെ പ്രദക്ഷിണം ചെയ്തും സര്‍വംസഹയായ ഭൂമി അതിലെ അന്തേവാസികള്‍ക്കായി കഷ്ടപ്പെടുമ്പോഴാണ് രാവും പകലുമുണ്ടാകുന്നത്. ഒരമ്മ മക്കള്‍ക്കായി സ്വയം ത്യജിക്കുന്നതും സഹിക്കുന്നതും പോലുള്ള പ്രവൃത്തിയാണത്. അമ്മയെ എങ്ങനെ കാണുന്നുവോ അതുപോലെ ഭൂമിയെ കാണാന്‍ ശീലിക്കുമ്പോഴാണ് നമ്മളില്‍ ദൈവികത്വമുണ്ടാകുന്നത്.


പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന് വേണ്ടി മാത്രമല്ല. സര്‍വചരാചരങ്ങളുടേതുമാണ് ഭൂമി. കല്ല് കരട് കാഞ്ഞിരക്കുറ്റിക്കും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പിനും അവകാശപ്പെട്ടതാണത്. ഇവിടത്തെ വെള്ളത്തിനും വായുവിനും നമ്മള്‍ മാത്രമല്ല അവകാശികള്‍. ‘ഭൂഗോളത്തില്‍ ച്ചിരിപ്പിടിയോളം ഭാഗത്തിന്റെ ആജീവനാന്ത അവകാശിയായിത്തീര്‍ന്നതോടെ ഭാവി ജീവിതം സുരക്ഷിതമായി എന്ന് ദൃഢമായിത്തന്നെ വിശ്വസിക്കു’ന്നതിലെ വിഡ്ഢിത്തത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ എഴുതി. ഭൂമിയിലെ ഉല്പന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും എന്ന വലിയ സത്യവും അദ്ദേഹം ചെറിയ കഥയിലൂടെ പറഞ്ഞുതന്നു.


എല്ലാമതങ്ങളും ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മനുഷ്യന്റെ പൊക്കിള്‍ക്കൊടി അവന്റെ മാതാവായ ഭൂമിയിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അതിലൂടെ നമുക്ക് വായിച്ചെടുക്കാം. ‘വസുധൈവ കുടുംബകം’എന്നാണ് ഉപനിഷദ് വാക്യം. ‘അന്ത്യനാള്‍ വന്നെത്തുന്ന നേരം ഒരാളുടെ കൈയില്‍ വിത്തുണ്ടെങ്കില്‍ അതയാള്‍ക്ക് സാധിക്കുമെങ്കില്‍ കുഴിച്ചിടട്ടെ’എന്ന് നബിവചനം. എല്ലാത്തിന്റെയും പൊരുള്‍ ഒന്നുതന്നെ. മണ്ണില്‍ ജീവിക്കുന്നവന്‍ മണ്ണോട് ചേരുംവരെ മണ്ണിനെ മറക്കരുത്. ഒടുവില്‍ മണ്ണിലേക്കാണ് മടങ്ങേണ്ടത് എന്നും മറക്കരുത്. ചുറ്റുപാടുകളെ അപരനായി കാണാതെ അയല്‍ക്കാരനായി സ്‌നേഹിക്കുകയും കരുതുകയുമാണ് വേണ്ടത്. അങ്ങനെയൊരു മനോനിലയിലേക്ക് മനുഷ്യന്‍ വളരുമ്പോഴാണ് ഭൂമി സ്വര്‍ഗമാകുന്നത്.


പക്ഷേ നാം അത്യാര്‍ത്തരായി പ്രകൃതിയ്ക്ക് നേരെ ആയുധമെടുക്കുന്നു. മൂന്നാം ലോകമഹായുദ്ധം എന്ന് പറയുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ്. തികച്ചും ഏകപക്ഷീയമായ യുദ്ധം. മനുഷ്യന്‍ പ്രകൃതിയെ നിരന്തരം ആക്രമിക്കുന്നു. സഹികെടുമ്പോള്‍ പ്രകൃതി ക്ഷോഭിക്കുന്നു.
പക്ഷേ വിശുദ്ധഗ്രന്ഥങ്ങള്‍ക്കും ആത്മീയഗുരുക്കന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാധിക്കാതിരുന്നത് പരമാണുവിനോളം ചെറുതായ ഒരു രോഗാണുവിന് സാധിച്ചു. കോവിഡ് മനുഷ്യനെ പഠിപ്പിച്ച പാഠങ്ങള്‍ എത്രയെത്ര! അന്ന് രോഗത്തെ പേടിച്ച് വീട്ടിലേക്ക് ഒതുങ്ങിയപ്പോള്‍ നമ്മള്‍ വാഹനങ്ങളുടെ പുകതുപ്പാതെ,ഹോണ്‍നീട്ടിയടിക്കാതെ,പുഴയിലേക്ക് മാലിന്യമൊഴുക്കാതെ,മരങ്ങളെ ദ്രോഹിക്കാതെ മര്യാദക്കാരായി. അന്ന് കിളികള്‍ പുറത്തിറങ്ങി അവരുടെ സ്വന്തമായ ആകാശത്തേക്ക് പറന്നു,മീനുകള്‍ തെളിവെള്ളത്തിലൂടെ നീന്തി,പുഴ നമുക്ക് മുഖം നോക്കാന്‍ ഒരു കണ്ണാടിയായി. പരിസ്ഥിതി സ്ഫടികസമാനമായി. അതുകൊണ്ടാണ് ലോക്ഡൗണ്‍ കാലത്ത് കൊച്ചിയെന്ന മഹാനഗരത്തില്‍ നിന്ന് നോക്കിയപ്പോള്‍ പശ്ചിമഘട്ടം കാണാനായത്.

മനുഷ്യാ നിനക്ക് നിന്റെ ചുറ്റുപാടുകളെ നൊമ്പരപ്പെടുത്താതെ ജീവിക്കാന്‍ കഴിയും എന്ന് നമ്മോട് പറയുകയും തെളിയിച്ച് തരികയും ചെയ്യുകയുമായിരുന്നു കോവിഡ്. അത് മറന്നുകൂടാ. ലോക്ഡൗണ്‍കാലത്തെ സ്വയംനിയന്ത്രണങ്ങള്‍ പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ തുടര്‍ന്നും പാലിക്കാന്‍ സാധിക്കുമോ എന്ന വലിയ ചോദ്യമാണ് ഈ പരിസ്ഥിതി ദിനം നമ്മോട് ചോദിക്കുന്നത്. ഇപ്പോള്‍ ഒരു കുരുവി എന്റെ ജാലകത്തിനരികെ പറന്നുവന്നിരിപ്പുണ്ട്. എനിക്കെന്റെ ആകാശം തിരികെത്തരില്ലേ എന്നാണ് അതു ചോദിക്കുന്നതും എനിക്ക് കേള്‍ക്കാനാകുന്നു.

മതസൗഹാർദ മരം നട്ടു

കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ മത സൗഹാർദത്തിന്റെ പ്രതീകമായി തിരുനക്കര മെെതാനത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ദേവദാരു വൃക്ഷം നട്ടു. നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആമുഖ പ്രസംഗം നടത്തി വൃക്ഷ തൈ പരിശുദ്ധ ബാവായ്ക്ക് കൈമാറി. സൂര്യകാലടി മനയിലെ ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, തിരുനക്കര പുത്തൻ പള്ളി ഇമാം താഹ അൽ ഹസനി എന്നിവർ ചേർന്നാണ് കർമ്മം നിർവഹിച്ചത്. നഗരസഭാ കൗൺസിലർമാരായ ജയ്‌മോൾ ജോസഫ്, ജൂലിയസ് ചാക്കോ, വിനു ആർ മോഹൻ, ജാൻസി ജേക്കബ്, ടോം കോര അഞ്ചേരിൽ എന്നിവർ സന്നിഹിതരായിരുന്നു.

സാന്ത്വനം ജീവകാരുണ്യ പദ്ധതി തുടങ്ങി

കൊച്ചി: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മയ്ക്കായി എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആരംഭിക്കുന്ന സാന്ത്വനം ജീവകാരുണ്യ പദ്ധതി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സി.എം രാജു, സാജു പി. പനയ്ക്കല്‍, ജോസഫ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.