സ്നേഹവും സമാധാനവും കൈവരിക്കാൻ നോമ്പ് ഇടവരുത്തണം :പരിശുദ്ധ കാതോലിക്കാബാവാ.

കോട്ടയം : സത്യ അനുതാപത്തിന്റെ കാലമാണ് വലിയ നോമ്പെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. നോമ്പിലേക്കുള്ള ഒരുക്കമാണ് ശുബ്കോനോ ശുശ്രൂഷ. ശുബ്കോനോ എന്നാൽ ക്ഷമ എന്നാണ് അർത്ഥം. വലിയ നോമ്പിന്റെ പരിപാവന ദിനങ്ങളിൽ ക്ഷമിക്കാനും, മറക്കാനും കഴിയണം. പരസ്പരം ക്ഷമിച്ച് സ്നേഹവും, സമാധാനവും കൈവരിക്കണം. നാം ആരോട് ക്ഷമിക്കുന്നുവോ അവരുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കണം. സ്വാർത്ഥതയും, അഹങ്കാര മനസുമാണ് ക്ഷമിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നത്. ആ ചിന്താ​ഗതി മാറ്റി നമ്മെ ഉപദ്രവിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ കഴിയണമെന്ന് കാതോലിക്കാബാവാ പറഞ്ഞു.

സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ നടന്ന ശുബ്കോനോ ശുശ്രൂഷയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ബാവാ. മലങ്കര മൽപ്പാൻ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ, അരമന മാനേജർ യാക്കോബ് തോമസ് റമ്പാൻ, മുൻ വൈ​ദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഹരിത നോമ്പിന് തുടക്കമായി.

ശാസ്താംകോട്ട : ജലത്തിന്റെ അമിത ഉപഭോ​ഗം തിൻമയാണെന്ന് ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ്. പാഴാക്കാതെ ഉപയോ​ഗിക്കേണ്ട അമൂല്യ സമ്പത്താണ് ജലമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ വലിയ നോമ്പിനോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഹരിത നോമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ജലസംരക്ഷണം എന്ന ആശയം മുൻനിർത്തി പ്രതീകാത്മകമായി കൽഭരണികളിൽ വെള്ളം പകർന്നു. കാനായിലെ കല്യാണവീട്ടിൽ യേശുക്രിസ്തു കൽഭരണികളിലെ വെള്ളം അമൂല്യമായ വീഞ്ഞാക്കി മാറ്റിയിരുന്നു. ജലമെന്ന സമ്പത്തിനെ ഭാവി തലമുറയിലേക്ക് കൈമാറണം എന്ന സന്ദേശം പകർന്നാണ് കൽഭരണികളിൽ വെള്ളം പകർന്ന് പരിസ്ഥിതി നോമ്പ് ഉദ്ഘാടനം ചെയ്തത്. നോമ്പിന്റെ 7 ആഴ്ച്ചകളിലായി ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയ 7 സന്ദേശങ്ങളിലൂടെയാണ് സഭ ഹരിത നോമ്പ് ആചരിക്കുന്നത്.

കൊല്ലം പടിഞ്ഞാറേ കല്ലട സെന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അധ്യക്ഷത വഹിച്ചു.കൊട്ടാരക്കര- പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മുഖ്യസന്ദേശം നൽകി. മലബാർ ഭ​ദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ പക്കോമിയോസ്, സഭാ മാനേജിം​ഗ് കമ്മിറ്റി അം​ഗം ജോൺ സി ഡാനിയേൽ, ഇടവിക വികാരി ഫാ. ഡാനിയേൽ ജോർജ്, സഹവികാരി ഫാ.ജോൺ സാമുവേൽ, ഫാ.ഷിബു കോശി ഐസക്, ഫാ.ജോയിക്കുട്ടി വർ​ഗീസ് എന്നിവർ പ്രസം​ഗിച്ചു.

ജോലിതേടി നാടുവിടുന്ന യുവതയെയും,നാട്ടിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെയും കരുതണം.

കേരളത്തെ നിക്ഷേപ സൗ​ഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശ്ലാഘനീയമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റ് നൽകുന്നത് വലിയ പ്രതീക്ഷയാണ്. 1,52,905 കോടി രൂപയുടെ നിക്ഷേപസന്നദ്ധത വിവിധ വ്യവസായ​ഗ്രൂപ്പുകൾ വാ​ഗ്ദാനം ചെയ്തു എന്നത് പ്രശംസനീയമാണ്. ഈ നിക്ഷേപ താൽപ്പര്യങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലായാൽ അത് കേരളത്തിന്റെ ഭാവിതലമുറയെ ശോഭനമാക്കും.

മികച്ച തൊഴിലും ജീവിത നിലവാരവും സ്വപ്നംകണ്ട് കേരളത്തിൽ നിന്ന് വലിയ രീതിയിൽ കുടിയേറ്റം നടക്കുകയാണ്. യുവ തലമുറയുടെ നാടുവിടൽ തടഞ്ഞ് നിർത്താൻ സാധ്യമല്ല. പക്ഷേ, നമ്മുടെ നാട്ടിൽ തൊഴിൽരം​​ഗത്ത് വളർച്ച ഉണ്ടായാൽ തീർച്ചയായും അവർ സ്വന്തംനാടിന്റെ സുരക്ഷിത തണലിലേക്ക് മടങ്ങി വരികതന്നെചെയ്യും. സ്വന്തം നാടിന്റെ തണലിൽ മാതാപിതാക്കൾക്കൊപ്പം കഴിയാൻ തന്നെയാണ് അവർ

ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിനെ പ്രവാസികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്നതിൽ രാഷ്ട്രീയം മറന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകോർക്കുന്നത് അഭിനന്ദനാർഹമാണ്. വികസനത്തെ പിന്തുണയ്ക്കുമെന്ന പ്രതിപക്ഷനിലപാടും പ്രശംസ അർഹിക്കുന്നു.

കുടിയേറ്റം കേരളത്തിന്റെ സാമൂഹിക -കുടുംബ അന്തരീക്ഷത്തെ വല്ലാതെ മാറ്റി മറിക്കുന്നുണ്ട് . മക്കൾ വിദേശത്തേക്ക് പോകുമ്പോൾ നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ കാര്യത്തിൽ സഭയുടെ സജീവ ശ്രദ്ധ ഉണ്ടാകണമെന്ന് സിനഡ് ചർച്ച ചെയ്തു. വയോധികരായ മാതാപിതാക്കൾക്ക് ആരാധനയിൽ പങ്കുകൊള്ളുന്നതിനും, അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇടവകകൾ പ്രത്യേകം ശ്രദ്ധചെലുത്തണം. കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യുവസമൂഹത്തിന് ആ രാജ്യങ്ങളിൽ സഭ തണലാകണം. ആരാധനയിലും,ദൈവ വിശ്വാസത്തിലും ചേർന്ന് നിൽക്കുന്ന സമൂഹത്തിന് മദ്യ-മയക്കുമരുന്ന് ലഹരികളുടെ പ്രലോഭനങ്ങളെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പരിശുദ്ധ സുന്നഹദോസ് വിലയിരുത്തി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സ്ത്രീകൾക്ക് വേദശാസ്ത്രം അഭ്യസിക്കാൻ അവസരം ഒരുക്കുന്നതിനെക്കുറിച്ച് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചർച്ച ചെയ്തു. ഇതിനായി ഒരു വർഷത്തെ കോഴ്സ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചന നടന്നത്. ‌സഭയുടെ സെമിനാരികൾ, ലൈബ്രറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉപയോ​​ഗപ്പെടുത്തി സമ​ഗ്രമായ വേദപഠനത്തിനുള്ള സാധ്യതകൾ പരിശോധിക്കും. സഭയിലെ 60 വയസിന് മുകളിൽ പ്രായമുളളവർക്കായുള്ള സെന്റ് ജോസഫ് എൽഡേഴ്സ് ഫോറത്തിന്റെ ഭരണഘടന അം​ഗീകരിച്ചതായും സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു. പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി ചെന്നൈ ഭ​ദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയെ നിയമിച്ചു

ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും കുടുംബ സംഗമവും മാർച്ച് 2ന്.

തൃപ്പൂണിത്തുറ: മലങ്കര ഓർത്ത ഡോക്സ‌് സുറിയാനിസഭയുടെ കണ്ടനാട് വെസ്‌റ്റ് ഭദ്രാസന ദി നവും കുടുംബ സംഗമവും ഭദ്രാ സനത്തിലെ തലപ്പള്ളിയായ പു രാതനമായ കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രത്യേകം തയ്യാ റാക്കുന്ന നാലാം മാർത്തോമ്മാ നഗറിൽ മാർച്ച് 2ന് നടക്കും.ഭദ്രാസന ദിനാഘോഷത്തിന് മുന്നോടിയായി മാർച്ച് 1 ന് ഏഴാം മാർത്തോമ്മാ കബറട ങ്ങിയിട്ടുള്ള കോലഞ്ചേരി പള്ളിയിൽ നിന്നും കണ്ടനാട് വെസ്‌റ്റ് യുവജന പ്രസ്ഥാനത്തിന്റെ നേ തൃത്വത്തിൽ കാതോലിക്കേറ്റ് പതാക വാഹനപ്രയാണം ആരം ഭിക്കും.

വൈകീട്ട് 5 ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സമ്മേളന നഗരിയിൽ പതാക ഉയർത്തും. ഞായറാഴ്ച്ച രാവിലെ 8 ന് കണ്ടനാട് പള്ളിയിൽ പരിശുദ്ധ കാതോലിക്കാബാവായുടെ കാർമ്മികത്വത്തിൽ കുർബ്ബാന ഉച്ചക്ക് 2.30 ന് കണ്ടനാട് പള്ളി ഗായക സംഘം നേതൃത്വം നൽകുന്ന ഗാനശുശ്രൂഷ.

വൈകീട്ട് 3 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാട നം ചെയ്യും.കണ്ടനാട് വെസ്‌റ്റ് സഹായ മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് അധ്യക്ഷത വഹിക്കും. പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും.വൈദീക ട്രസ്‌റ്റി ഫാ.ഡോ .തോമസ് അമയിൽ, അത്മായ ട്രസ്‌റ്റി റോണി വർഗീസ് എബ്രഹാം,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തുടങ്ങിയ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും.

കണ്ടനാട് വെസ്‌റ്റ് ഭദ്രാസന ത്തിലെ വിവിധ പള്ളികളിൽ നിന്നുമായി 3000 ഓളം വിശ്വാസി കൾ കുടുംബ സംഗമത്തിൽ പങ്കെടുക്കും. വാഹന പാർക്കിംഗ് കണ്ടനാട് സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ഏർപ്പെ ടുത്തിയിട്ടുള്ളത്.ഓർത്തഡോക്സ് സുറിയാനിസഭയുടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് വേദിയായ കണ്ടനാട് കത്തീഡ്രലിൽ ആദ്യമായി നടക്കുന്ന ഭദ്രാസന ദിനാഘോഷത്തിനും കുടുംബ സംഗമത്തിനും വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയതായി ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തിങ്കൽ, കണ്ടനാട് പള്ളി വികാരി ഫാ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ ,ഭദ്രാസന കൗൺ സിൽ അംഗം ഫാ.മാത്യു മാർക്കോസ്,കണ്ടനാട് പള്ളി സഹ വികാരി ഫാ.ബേസിൽ ജോർജ്‌,പബ്ലിസിറ്റി കൺവീനർ ഫാ.ജിത്തു മാത്യു ഭദ്രാസന കൗസിൽ അംഗങ്ങളായ സജി വർക്കിച്ചൻ, അജു എബ്രഹാം, സഭ മാനേജിംഗ് കമ്മിറ്റിയംഗം വി.കെ.വർഗീസ് ,കൺവീനർ തമ്പി തുടിയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം : പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്.

കോട്ടയം : വയനാട് ചൂരൽമലയിലും, മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ രണ്ടാംദിനം.

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ 2024 ജൂലൈ 30- നുണ്ടായ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.

ചൂരൽമല, മുണ്ടക്കൈ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. ‌50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.

മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം.

കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.

അടച്ചുറപ്പുള്ള ഒരു വീട് ഏവരുടെയും സ്വപ്നം : പരിശുദ്ധ കാതോലിക്കാ ബാവാ, ഓർത്തഡോക്സ് സഭ ഭവന നിർമ്മാണ ധനസഹായം വിതരണം ചെയ്തു.

കോട്ടയം : സ്വന്തം വളർച്ചക്കൊപ്പം സ​ഹജീവിയെയും കരുതുമ്പോഴാണ് ക്രിസ്തീയദൗത്യം പൂർത്തീകരിക്കപ്പെടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. കോട്ടയം പഴയസെമിനാരിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭവന നിർമ്മാണ
ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.കഴിഞ്ഞവർഷം 101 കുടുംബങ്ങൾക്കായിരുന്നു സഭ സാമ്പത്തിക സഹായം നൽകിയത്. ഇത്തവണ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട 102 കുടുംബങ്ങൾക്ക് ഭവനനിർമ്മാണ സാമ്പത്തിക സഹായം വിതരണം ചെയ്തു. ലഭിച്ച 200ൽ അധികം അപേക്ഷകൾ പരിശോധിച്ച ശേഷമാണ് അർഹരായ 102പേരെ തെരഞ്ഞെടുത്തത്.

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഭയുടെ വരുമാനത്തിന്റെ 60ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് വിനിയോ​ഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ 51ലക്ഷം രൂപയാണ് ഭവന നിർമ്മാണ ധനസഹായ പദ്ധതിയിലൂടെ നൽകിയത്. ഭവനനിർമ്മാണ സഹായ സമിതി കൺവീനർ ജിജു പി വർ​ഗീസ് സ്വാ​ഗതം ആശംസിച്ചു.അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, ഫാ.ജേക്കബ് ഫിലിപ്പ്,എൻ.എ.അനിൽമോൻ‍, കോശി ഉമ്മൻ,ജേക്കബ് കൊച്ചേരി,ഷാലു ജോൺ,സിബി ജോൺ എന്നിവർ പ്രസം​ഗിച്ചു. ചിത്രം :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭവന നിർമ്മാണ ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിക്കുന്നു.അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.ജേക്കബ് ഫിലിപ്പ്, ജിജു പി വർ​ഗീസ് എന്നിവർ സമീപം.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കരസഭയുടെ സ്വാതന്ത്ര്യ സമരനായകൻ : പരിശുദ്ധ കാതോലിക്കാബാവാ.

കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​​ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ തിരുമേനി സമ്പുഷ്ടമാക്കി.വൈദേശിക ആധിപത്യത്തിൽ നിന്ന് സഭയെ സംരക്ഷിക്കാൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിക്ക് കഴിഞ്ഞെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.വട്ടശ്ശേരിൽ തിരുമേനിയുടെ 91 ാം ഓർമ്മപ്പെരുന്നാളും, ചരമ നവതി സമാപനവും കോട്ടയം പഴയസെമിനാരിയിൽ ആചരിച്ചു.രാവിലെ നടന്ന വിശുദ്ധ മുന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയെ തുടർന്ന് പ്രദക്ഷിണം,
കബറിങ്കൽ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ് എന്നിവയോടെയാണ് ഓർമ്മപ്പെരുന്നാളിന് സമാപനമായത്.

ചിത്രം: പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ശ്ലൈ​ഹിക വാഴ്വ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ,ഡോ.തോമസ് മാർ ഈവാനിയോസ്,ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, മാത്യൂസ് മാർ തേവോ​ദോസിയോസ്,പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ്,ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്,ഡോ.ജോസഫ് മാർ ​ദിവന്നാസിയോസ്,ഡോ.മാത്യൂസ് മാർ തിമോത്തിയോസ്,ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, എബ്രഹാം മാർ സ്തേഫാനോസ്, ഡോ. ​ഗീവർ​ഗീസ് മാർ ബർണബാസ്,ഡോ.സഖറിയാസ് മാർ സേവേറിയോസ് എന്നിവർ.

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് തുടക്കം.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് തുടക്കമായി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലാണ് പരിശുദ്ധ സുന്നഹദോസ് ചേരുന്നത്. സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും സംബന്ധിക്കുന്നുണ്ട്. മാർച്ച് 1ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി ഐക്യവും സമാധാനവും യാഥാർത്ഥ്യമാക്കാൻ യത്നിച്ച ക്രാന്ത​​ദർശി : ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത

കോട്ടയം : മലങ്കര സഭയിൽ വ്യവസ്ഥാപിതമായി ഐക്യവും സമാധാനവും യഥാർത്ഥ്യമാക്കുവാൻ യത്നിച്ച ക്രാന്തദർശിയായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.മലങ്കര സഭയിൽ ഉൾഭരണ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകർന്ന മഹാത്യാഗിയും ധിഷണാശാലിയുമായ സഭാപിതാവായിരുന്നു വട്ടശ്ശേരിൽ തിരുമേനി.പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പഴയസെമിനാരിയിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
സഭകളുടെ ലോക കൗൺസിൽ(WCC) മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഡെറിൻ രാജു, ഫാ.ഡോ ജോസ് ജോൺ, ഫാ. ബിജു പി.തോമസ്, ഫാ. ജോസഫ് കുര്യാക്കോസ് പാമ്പാടിക്കണ്ടത്തിൽ, പഴയസെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ.ജോബ് സാം മാത്യു എന്നിവർ പ്രസംഗിച്ചു.

ഡോ. യാക്കോബ് മാർ ഐറേനിയോസ് രചിച്ച ബൈബിൾ പ്രഘോഷണങ്ങൾ എന്ന ഗ്രന്ഥം ഡോ. മാത്യൂസ് ജോർജ് ചുനക്കര പ്രകാശനം ചെയ്തു. ആദ്യ പ്രതി ഡോ പോൾ മണലിൽ ഏറ്റുവാങ്ങി.

പഴയ സെമിനാരി സഭയുടെ ഹൃദയം : ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

കോട്ടയം : മലങ്കര സഭയുടെ സമഗ്രമായ വളർച്ചക്ക് ആത്മീയവും ഭൗതികവുമായ ദർശനം പകർന്ന മഹാത്മാക്കളാണ് രണ്ട് നൂറ്റാണ്ടിലധികമായി സഭയുടെ സിരാകേന്ദ്രമായ പഴയസെമിനാരിയെ നയിച്ചതെന്ന് സെമിനാരി വൈസ് പ്രസിഡൻറ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.

പഴയസെമിനാരിയിൽ നടന്ന പിതൃസ്മൃതി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെമിനാരി സഭയുടെ ഹൃദയമാണ്. സഭയിലെ പിതാക്കന്മാരേയും നേതാക്കന്മാരെയും രൂപപ്പെടുത്തുന്ന വേദ വിജ്ഞാന കേന്ദ്രമാണ് സെമിനാരിയെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പ, പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.