അസ്സോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ്: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അസ്സോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26 വെള്ളിയാഴ്ച കോട്ടയം പഴയ സെമിനാരിയില്‍ ചേരുന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ വച്ച് നടത്തപ്പെടും. വോട്ടിംഗ് ഓണ്‍ലൈനായി നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ അദ്ധ്യക്ഷത വഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാരും, പത്തനാപുരം അസ്സോസിയേഷനില്‍ വച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കും. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് ഓഫീസിലും, സഭാ വെബ്‌സൈറ്റിലും (www.mosc.in) പ്രസിദ്ധീകരിച്ചു.
https://mosc.in/downloads/association-secretary-election

കോവിഡാനന്തര ക്രൈസ്തവ ജീവിതത്തില്‍ ബസ്‌ക്യോമ്മാമാര്‍ സാക്ഷികളാകുക – മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

പരുമല : സമൂഹത്തില്‍ കോവിഡാനന്തര ജീവിതത്തില്‍ സാക്ഷികളായി ജീവിക്കുവാന്‍ ബസ്‌ക്യോമ്മാമാര്‍ക്ക് സാധിക്കണമെന്ന് അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. അഖില മലങ്കര ഓര്‍ത്തഡോക്സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ പ്രഡിന്റ് ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഫാ.ശമുവേല്‍ മാത്യു, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, ബേബിക്കുട്ടി തരകന്‍, സാറാമ്മ കുറിയാക്കോസ്, മെര്‍ലിന്‍ റ്റി. ബിജു, ജനറല്‍ സെക്രട്ടറി ജെസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

സൈത്ത് കൂദാശ നാളെ ദേവലോകത്ത്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധ മാമോദീസായ്ക്കും രോഗികളുടെ വിശുദ്ധ തൈലാഭിഷേകത്തിനും ഉപയോഗിക്കുന്ന സൈത്തിന്റെ കൂദാശാ കര്‍മ്മം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നാളെ (ആഗസ്റ്റ് 13) പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്നാണ് കൂദാശ കര്‍മ്മം നടത്തപ്പെടുന്നത്. വിശുദ്ധ കുര്‍ബ്ബാനയോടെ ശുശ്രൂഷകള്‍ സമാപിക്കും. ആനന്ദത്തിന്റെയും, സൗഖ്യത്തിന്റെയും തൈലം എന്ന് അറിയപ്പെടുന്ന സൈത്ത് അതിപരിശുദ്ധമായതും ഏറെ ആത്മീയ പ്രാധാന്യമുള്ളതുമായ ദിവ്യതൈലമാണ്. സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരിക്കും.

കോടതി വിധിക്കെതിരെയുളള ഉപവാസം അപഹാസ്യം  – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: ഇന്ത്യന്‍ ഭരണഘടനക്കും നീതിന്യായ വ്യവസ്ഥിതിക്കും വിധേയമായി ജനസേവനം നടത്തേണ്ട ജനപ്രതിനിധികള്‍ കോതമംഗലം ചെറിയ പളളിക്കേസിലെ കോടതി വിധി നടത്തിപ്പിനെതിരെ ഉപവാസ സമരം പ്രഖ്യാപിക്കുന്നത് അപഹാസ്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്. വോട്ടിന് വേണ്ടി പക്ഷപാതപരമായ പ്രീണനത്തില്‍ നിന്ന് ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലേക്ക് അവര്‍ മാറണം. വിവിധ സമര പരിപാടികളുമായി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കോടതി വിധി അട്ടിമറിക്കാനുളള ശ്രമം അപലപനീയമാണ്. നിലവിലുളള കോടതി വിധികള്‍ക്ക് വിധേയമായി സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനുളള എല്ലാ ശ്രമങ്ങളെയും ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സമാപിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗം സമാപിച്ചു. ഓഗസ്റ്റ് 1 മുതല്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന സുന്നഹദോസില്‍ നവാഭിഷിക്തരായ മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെ 31 പേരും പങ്കെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.

ഉന്നതപദവി അലങ്കരിക്കുന്ന സഭാംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി രാഷ്ട്രനിര്‍മ്മിതിയില്‍ സഭ പങ്കാളിയാകണമെന്നും, കാര്‍ഷിക രംഗത്തേക്ക് കുടുംബങ്ങളെ മടക്കിക്കൊണ്ടു വരണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജാതിമതഭേദമെന്യേ സഭയുടെ കാരുണ്യപദ്ധതികളുടെ പ്രയോജനം എല്ലാവരിലും എത്തിക്കണമെന്നും പരിശുദ്ധ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

അര്‍മീനിയന്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ഹൈഗാസൂന്‍ നജാരിയാന്‍ മെത്രാപ്പോലീത്താ സുന്നഹദോസിന്റെ ആദ്യസെഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു. മദ്യവര്‍ജ്ജനസമിതിയുടെ പ്രസിഡന്റായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി. പരുമല സെമിനാരി കൗണ്‍സിലിലേക്ക് സുന്നഹദോസ് പ്രതിനിധികളായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്താമാരെയും ഫാ. അലക്സാണ്ടര്‍ ഏബ്രഹാം (നിരണം), ഫാ. രാജന്‍ മാത്യു (അടൂര്‍-കടമ്പനാട്), ഫാ. മാത്യു ഏബ്രഹാം (ചെങ്ങന്നൂര്‍), ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍ (കോട്ടയം) എന്നിവരേയും നാമനിര്‍ദ്ദേശം ചെയ്തു. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദി ഓഗസ്റ്റ് 9, 10 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയില്‍ നടക്കും.

സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കണക്കുകള്‍ സുന്നഹദോസ് അംഗീകരിച്ചു. 2022 ഓഗസ്റ്റ് 04-ന് തീയതി പത്തനാപുരത്ത് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനില്‍ വച്ച് വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ. റോണി വര്‍ഗീസ് ഏബ്രഹാം എന്നിവരെ സുന്നഹദോസ് അഭിനന്ദിച്ചു.

യൂഹാനോന്‍ മാര്‍ മിലിത്തോസ്, സഖറിയാ മാര്‍ അന്തോണിയോസ്, സഖറിയാ മാര്‍ നിക്കോളോവോസ്, ഏബ്രഹാം മാര്‍ സ്തേഫാനോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഫാ ഡോ.തോമസ് വർഗീസ് അമയിലും, റോണി വർഗീസ് എബ്രഹാമും ഓർത്തഡോക്സ് സഭാ ട്രസ്റ്റിമാർ

പത്തനാപുരം: ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റിയായി ഫാ.ഡോ.തോമസ് വർഗീസിനെയും അൽമായ ട്രസ്റ്റിയായി റോണി വർഗീസ് എബ്രഹാമിനെയും മലങ്കര അസോസിയേഷൻ തെരെഞ്ഞെടുത്തു. പത്തനാപുരം മൗണ്ട് താബോർ ദയറായിലെ തോമാ മാർ ദീവന്നാസിയോസ് നഗറിൽ നടന്ന യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സന്നിഹിതരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആകെ 4203 പേർ വോട്ടിംഗിൽ പങ്കെടുത്തു. (മെത്രാപ്പോലീത്താമാർ ഉൾപ്പെടെയുളള വൈദികർ : 1381 അൽമായർ: 2822 )

വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിച്ച ഫാ.ഡോ. തോമസ് വർഗീസ് അമയിൽ 1991 വോട്ടും ഫാ.ഡോ.എം. ഒ ജോൺ 1849 വോട്ടും ഫാ. കോശി ജോർജ് വരിഞ്ഞവിള 355 വോട്ടും നേടി. അൽമായ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിച്ച റോണി വർഗീസ് എബ്രഹാമിന് 2772 വോട്ടും, സി എ.ജോർജ് മത്തായി നൂറനാലിന് 1125 വോട്ടും, ജോൺസൺ കീപ്പള്ളിലിന് 172 വോട്ടും പ്രൊഫ. ഇ. ജോൺ മാത്യു കൂടാരത്തിലിന് 125 വോട്ടും ലഭിച്ചു.

12 ന് ചാപ്പലിൽ പ്രാർത്ഥനയ്ക്ക് ശേഷം മലങ്കര മെത്രാപ്പോലീത്തായെ സമ്മേളന നഗറിലേക്ക് സ്വീകരിച്ച് ആനയിച്ചു. 1 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. ഫാ.ഡോ.കെ.എം. ജോർജ് ധ്യാനം നയിച്ചു. തുടർന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നോട്ടീസ് കൽപന വായിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രകൃതി ദുരന്തത്തിൽ കഴിയുന്നവരെ സഹായിക്കുവാനും സഭയുടെ ആശ്രമങ്ങൾ, സ്ഥാപനങ്ങൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളെ കൃഷി ഭൂമികളാക്കി പ്രകൃതി സ്നേഹത്തിൽ അധിഷ്ഠിതമായി ജീവിക്കുവാനും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വിദേശ രാജ്യങ്ങളിൽ പഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ ആത്മീയ പരിപോഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിനന്ദനങ്ങൾ പരിശുദ്ധ ബാവാ നേർന്നു. അസോസിയേഷൻ അംഗങ്ങളായിരുന്ന മരിച്ചവരെ അനുസ്മരിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് ഭദ്രാസനങ്ങളിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 47 വൈദികരും 94 അൽമായരും ഉൾപ്പെടെ 141 പേരെ അസോസിയേഷൻ മാനേജിങ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. വൈദിക , അത്മായ ട്രസ്റ്റി സ്ഥാനാർത്ഥിളെ പരിചയപ്പെടുത്തി, വോട്ടിംഗ് പ്രഖ്യാപിച്ചു. 5 മണിക്ക് വോട്ടിംഗ് അവസാനിച്ചു. തുടർന്ന് ഫല പ്രഖ്യാപനം നടത്തി.
തുടർന്ന് മാനേജിങ് കമ്മറ്റി അംഗങ്ങളായി നോമിനേറ്റ് ചെയ്തവരുടെ പേര് സഭാ വക്താവ് ഫാ ഡോ. ജോൺസ് എബ്രഹാം കോനാട്ട് വായിച്ചു.
കാതോലിക്കാ മംഗള ഗാനം, ദേശീയ ഗാനം, ആശിർവാദം എന്നിവയോടെ യോഗ നടപടികൾ അവസാനിച്ചു.

അർമീനീയൻ ആർച്ച് ബിഷപ്പ് പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു

കോട്ടയം: അര്‍മീനീയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയ-ന്യൂസിലന്റ് ഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ഹൈഗാസൂന്‍ നജാരിയാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ കൂടിക്കാഴ്ച നടത്തി. ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറി. സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ, സഭാ വക്താവ് ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്, എക്യുമെനിക്കൽ ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ് എന്നിവരും പങ്കെടുത്തു.

ആര്‍ച്ച് ബിഷപ് ഹൈഗാസൂന്‍ നജാരിയാന്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തുന്നു.

ഒരു മണിക്കൂറോളം പരിശുദ്ധ ബാവായുമായി കൂടിക്കാഴ്ച നടത്തിയ ആർച്ച് ബിഷപ്പ് ഓർത്തഡോക്സ് സഭാ സുന്നഹദോസിനെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങിയത്. മെത്രാപ്പോലീത്താ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് അർമീനീയൻ ഓർത്തഡോക്സ്‌ സഭയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.

സഖറിയ മാര്‍ സേവേറിയോസിന് സ്വികരണം

വാകത്താനം: നവാഭിഷിക്തനായ സഖറിയ മാര്‍ സേവേറിയോസിന് മാതൃദേവാലയമായ പുത്തന്‍ചന്ത സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.യൂഹാനോന്‍ മാര്‍ ദിസ്‌കോറസ് അധ്യക്ഷത വഹിച്ചു. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ ആര്‍ച്ച് ബിഷപ് ഹൈഗാസൂന്‍ നജാറിയാന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഫാ.ഡോ.എം.പി. ജോര്‍ജ്, ഫാ.എല്‍ദോ കുര്യാക്കോസ്, വികാരി ഫാ.അലക്‌സ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സേവേറിയോസ് തിരുമേനിയുടെ ജന്മനാടായ പുത്തന്‍ചന്തയില്‍ അനുമോദന സമ്മേളനം മന്തി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. ചീഫ് വിപ് എന്‍.ജയരാജ്, ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കുറിലോസ്, മേരിക്കുട്ടി തോമസ്, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, ജില്ലാ പഞ്ചായത്തംഗം സുധ കുര്യന്‍, സിഎസ്ഐ മധ്യകേരള മഹായിടവക സ്വെകട്ടറി ഫാ. നെല്‍സണ്‍ ചാക്കോ, എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യു ണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പഞ്ചായത്തംഗങ്ങളായ ഷൈനി അനില്‍, എജി പാറപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ കോരസണ്‍ സഖറിയ, മേജര്‍ പി.ഡി.മാത്യ, വിശ്വകര്‍മ മഹാദേവ ക്ഷ്രേതം പ്രസിഡന്റ് കെ.ടി.രാജു ആചാരി എന്നിവര്‍ പ്രസംഗിച്ചു.

ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് ഓഗസ്റ്റ് ഒന്ന് മുതല്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെ സഭയിലെ 31 മെത്രാപ്പോലീത്താമാരും സുന്നഹദോസില്‍ പങ്കെടുക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു.


നവാഭിഷിക്തരായ മെത്രാപ്പോലീത്താമാര്‍ക്ക് ഭദ്രാസനങ്ങള്‍ നല്‍കുന്നത് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും , മാനേജിങ് കമ്മറ്റിയുടെയും ശുപാര്‍ശ പ്രകാരം മലങ്കര മെത്രാപ്പോലീത്തയാണ്.
ഓഗസ്റ്റ് 4 ന് പത്തനാപുരത്ത് സമ്മേളിക്കുന്ന മലങ്കര അസോസിയഷേന്‍ യോഗത്തില്‍ വച്ച് പുതിയ മാനേജിങ് കമ്മറ്റി നിലവില്‍ വരും. സമയക്രമമനുസരിച്ച് മാനേജിങ് കമ്മറ്റി സമ്മേളിച്ച് ശുപാര്‍ശ മലങ്കര മെത്രാപ്പോലീത്തയാക്ക് സമര്‍പ്പിച്ച് സുന്നഹദോസിന്റെ അംഗീകരവും ലഭിച്ചതിനുശേഷം മാത്രമായിരിക്കും പുതിയ മെത്രാപ്പോലീത്താമാര്‍ക്ക് ഭദ്രാസനങ്ങള്‍ നല്‍കുക.

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് 7 മെത്രാപ്പോലീത്താമാർ കൂടി അഭിഷിക്തരായി

കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് 7 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു. അഭി.എബ്രഹാം മാർ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), അഭി. തോമസ് മാർ ഇവാനിയോസ് (ഫാ.പി. സി തോമസ്), അഭി. ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് (ഫാ വർഗീസ് ജോഷ്വാ), അഭി. ഗീവർഗീസ് മാർ പീലക്സിനോസ്, (ഫാ. വിനോദ് ജോർജ്) അഭി. ഗീവർഗീസ് മാർ പക്കോമിയോസ് (കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ), അഭി. ഗീവർഗീസ് മാർ ബർണബാസ് (ഫാ. റെജി ഗീവർഗീസ്), അഭി. സഖറിയാ മാർ സേവേറിയോസ് ( ഫാ. സഖറിയാ നൈനാൻ) എന്നിവരാണ് അഭിഷിക്തരായത്.

വിശുദ്ധ കുർബ്ബാനാ മദ്ധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാർമികരായിരുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ കുക്കിലിയോന്‍ (ധൂപ പ്രാര്‍ത്ഥന) സമയത്ത് സ്ഥാനാര്‍ത്ഥികളെ ത്രോണോസിന് മുമ്പിലേക്ക് കൊണ്ടുവരികയും മേല്‍പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.

രണ്ട് ഭാഗങ്ങളായിട്ടുളള ശുശ്രൂഷയില്‍ ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്കും ഗാനങ്ങള്‍ക്കും ശേഷം സ്ഥാനാര്‍ത്ഥികള്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ (സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. തുടർന്ന് ശുശ്രൂഷയുടെ പ്രധാനമായിട്ടുള്ള പരിശുദ്ധാത്മ ദാനത്തിനായിട്ടുളള പ്രാര്‍ത്ഥന നടത്തി. പരിശുദ്ധാത്മ ദാനത്തിന്റെ രഹസ്യ പ്രാര്‍ത്ഥന ഓരോരുത്തരുടെയും ശിരസ്സിന്‍ മേല്‍ കൈവച്ച് നടത്തിയതിന് ശേഷം അവരുടെ പട്ടത്വ പ്രഖ്യാപനം നടന്നു.

തുടർന്ന് സ്ഥാനവസ്ത്രങ്ങള്‍ (അംശവസ്ത്രങ്ങള്‍) കാതോലിക്കാ ബാവാ തന്നെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകരണത്തോടെ സ്ഥാനാർത്ഥികളെ ധരിപ്പിച്ചു. തുടര്‍ന്ന് അവരെ സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ത്ഥം വരുന്ന ഓക്‌സിയോസ് ചൊല്ലി സിംഹാസനം ഉയര്‍ത്തി. അതിന് ശേഷം സ്ഥാന ചിഹ്നങ്ങളായ കുരിശു മാലയും സ്ലീബായും ഏറ്റവും അവസാനം അംശവടിയും നല്‍കി.

അതിന് ശേഷം ഓരോരുത്തരും ഉയര്‍ത്തിപ്പിടിച്ച സിംഹാസനത്തില്‍ ഇരുന്ന് ഏവന്‍ഗേലിയോന്‍ (സുവിശേഷം) വായിച്ചു. ഏറ്റവും അവസാനം പരസ്പ്പരം സമാധാനം കൊടുത്ത് ശുശ്രൂഷ അവസാനിപ്പിച്ചു. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം നവാഭിഷിക്തരിൽ സീനിയറായ എബ്രഹാം മാർ സ്തേഫാനോസ് വിശുദ്ധ കുർബാന പൂർത്തീകരിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനം വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.


ഇത് മൂന്നാം തവണയായ്പഴഞ്ഞി പള്ളിയിൽ വച്ച് മെത്രാൻ സ്ഥാനാരോഹണം നടക്കുന്നത്. 2010 ൽ കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ വച്ചാണ് ഇതിനു മുമ്പ് മെത്രാപ്പോലീത്തൻ സ്ഥാനാരോഹണം നടന്നിട്ടുളളത്.