ജനഹിത പരിശോധന നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളി – ഓര്‍ത്തഡോക്സ് സഭ

കോട്ടയം: ബഹു. സുപ്രീം കോടതി വിധിയും നിയമ സംവിധാനങ്ങളും തച്ചുടച്ച്  ഒരു വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ. നാളുകള്‍ നീണ്ട നിയമപോരട്ടത്തിന് ഒടുവില്‍ പരമോന്നത നീതിപീഠത്തില്‍ നിന്നും ലഭിച്ച ഉത്തരവുകള്‍ രണ്ട് കൂട്ടര്‍ക്കും ഒരുപോലെ ബാധകമാണ്. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതിന് നിര്‍ദ്ദേശം നല്‍ക്കേണ്ടതിന് പകരം മറു വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമവിഭാഗം അദ്ധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ.

പൊതുജനാഭിപ്രായം തേടുന്നതിലൂടെ സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനോട് സഭ യോജിക്കുന്നുമില്ല, സഹകരിക്കുന്നുമില്ല. എന്നാല്‍ പൊതുജനങ്ങള്‍ എന്ന നിലയില്‍ സഭാംഗങ്ങള്‍ക്കോ അല്ലാത്തവര്‍ക്കോ സ്വന്തമായ നിലയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ സഭ വിലക്കുന്നതുമില്ല. സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോടുളള സഭയുടെ ശക്തമായ വിയോജിപ്പ് ബഹു. മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുളളതാണ്. കേരളത്തിലെ സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കമ്പോള്‍ മലങ്കര സഭയുടെ വ്യവഹാര ചരിത്രവും കോടതി വിധിയുടെ അന്തഃസത്തയും മനസ്സിലാക്കി സംസാരിക്കുന്നത് നല്ലതായിരിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. കോടതി വിധിയെക്കുറിച്ച് പരിഹാസത്തോട് സംസാരിച്ച ഡോ. സെബാസ്്റ്റിയന്‍ പോളിന്റെ നിലപാടുകള്‍ വസ്തുതകള്‍ മനസ്സിലാകാതെയാണ്.

ഇരുകൂട്ടരും ഒരുമിച്ച് പോകുന്നതിന് സുപ്രീം കോടതി എടുത്തിട്ടുള്ള നിലപാടുകളില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറിയവര്‍ നീതിനിഷേധിക്കപ്പെടുന്നു എന്ന് മുറവിളികൂട്ടുന്നത് അപഹാസ്യമാണ്. രണ്ടു വിഭാഗവും ഭരണഘടനയ്ക്ക് വിധേയമായി ഒരുമിച്ച് പോകണമെന്നുളള കോടതി നിലപാടുകള്‍ മറികടക്കാനുളള നിഗൂഢ ശ്രമത്തെ നിയമ അവബോധമുളളവര്‍ പിന്‍താങ്ങില്ല. നാല്‍ക്കവലകളിലും പൊതുസ്ഥലങ്ങളിലും മേശയിട്ടിരുന്ന് വന്ന് പോകുന്ന ആളുകളെ അനുഭാവപൂര്‍വ്വം സമീപിച്ച് പാത്രിയര്‍ക്കീസ് വിഭാഗം ഒപ്പ് ശേഖരണം നടത്തുന്ന രീതി നാടുനീളെ ദൃശ്യമാണെന്നും മാര്‍ ദീയസ്‌കോറോസ് പറഞ്ഞു.