ദയാ ഭായിയുടെ നിരാഹാരസമരം ഗൗരവത്തോടെ പരിഗണിക്കണം: അഡ്വ. ബിജു ഉമ്മന്‍

കോട്ടയം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദയാ ഭായി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്നത് അഭിലഷണീയം അല്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായവരില്‍ കുട്ടികള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിക്കുന്ന സാഹചര്യം ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്. പുനരധിവാസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം ഗൗരവമായി കാണേണ്ടതുണ്ട്. തീരാദുരിതമനുഭവിക്കുന്നവരുടെ ആവലാതി അനുഭാവപൂര്‍വം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയായ ദയാ ഭായിയുടെ സ്വരം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.