പെരുമ്പാവൂർ എം.എൽ.എയുടെ സ്വകാര്യ ബില്ല് ബാലിശവും ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: അഡ്വ. ബിജു ഉമ്മൻ

കോട്ടയം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി മലങ്കരസഭ തർക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല്, ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. രാജ്യത്തിൻറ നിയമമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസ് പാർട്ടിയുടെ അറിവോടുകൂടിയാണോ എം.എൽ.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാൻ താല്പര്യമുണ്ട് . രാജ്യത്തെ നിയമങ്ങൾ പാലിക്കുവാനും ജുഡീഷ്യറിയുടെ  മഹിമ ഉയർത്തിപ്പിടിക്കുവാനും ഉത്തരവാദിത്വമുള്ള സാമാജികർ, ബാലിശമായ വിവാദങ്ങളുയർത്തി സാമർത്ഥ്യം പ്രദർശിപ്പിക്കുവാൻ നിയമസഭ വേദിയാകുന്നത് അപലപനീയമാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി മാനിച്ച് ശാശ്വത സമാധാനത്തിന് സർക്കാർ നടത്തുന്ന നിയമാനുസൃത ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുവാൻ പെരുമ്പാവൂർ എംഎൽഎ നടത്തുന്ന വിചിത്രമായ ഒറ്റയാൾ പ്രദർശനം സത്യപ്രതിജ്ഞാലംഘനമാണ്. പ്രശ്നങ്ങൾ സങ്കീർണമാക്കുവാൻ ഇദ്ദേഹം നടത്തുന്ന ശ്രമങ്ങളെ ഉത്തരവാദിത്തപ്പെട്ടവർ വിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ബിജു ഉമ്മൻ പറഞ്ഞു.