മലങ്കര അസ്സോസിയേഷന്‍ യോഗം ഓണ്‍ലൈനായി നടത്തപ്പെടും

2022 ഫെബ്രുവരി 25-ന് നടത്തപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗം ഓണ്‍ലൈനായി ചേരുവാന്‍ തീരുമാനിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ തിരുമേനി കല്‍പന പുറപ്പെടുവിച്ചു. കേരളത്തിലെ ഭദ്രാസനങ്ങളിലെ പ്രതിനിധികള്‍ക്ക് അതാത് ഭദ്രാസന മെത്രാപ്പോലീത്താമാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈനായി സമ്മേളിക്കാവുന്നതാണ്. രജിസ്ട്രേഷനും, വോട്ടിംഗും ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. ഫെബ്രുവരി 13-ന് ചേര്‍ന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ്, വര്‍ക്കിംഗ് കമ്മറ്റി എന്നിവയുടെ സംയുക്തയോഗമാണ് ഈ ശുപാര്‍ശ പരിശുദ്ധ ബാവാതിരുമേനിക്ക് സമര്‍പ്പിച്ചത്. ഫെബ്രുവരി 25-ന് ഉച്ചക്ക് 1 മണിക്ക് യോഗം ആരംഭിക്കും. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗങ്ങളും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തിലെ പ്രധാന വേദിയില്‍ സമ്മേളിക്കും. എല്ലാ അസ്സോസിയേഷന്‍ അംഗങ്ങള്‍ക്കും വ്യക്തിപരമായോ, വിവിധ കേന്ദ്രങ്ങളില്‍ നിന്നോ ഓണ്‍ലൈനായി സമ്മേളനത്തില്‍ പങ്കെടുക്കുവാനും, യോഗത്തിന്‍റെ പ്രധാന അജണ്ടയായ മെത്രാപ്പോലീത്താ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഓണ്‍ലൈനായി നടത്തുവാനുമുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.