മലങ്കരയ്ക്ക് കാലം കരുതിവച്ച സമ്മാനം -ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്

പ്രാര്‍ത്ഥനയും പ്രവൃത്തിയും, ആരാധനയും ആതുരസേവനവും ഒരുപോലെ ജീവിത വ്രതമാക്കിയ പിതാവാണ് പരിശുദ്ധ ബാവാതിരുമേനി 

മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മലങ്കര വിശ്വാസികളുടെ മാര്‍ഗ്ഗദര്‍ശനവും കാതോലിക്കേറ്റിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതീകവുമാണ്. ‘മാത്യൂസ്’ എന്ന വാക്കിന്റെ അര്‍ത്ഥം’ ദൈവത്തിന്റെ ദാനം‘ എന്നാണ്. ‘സേവേറിയോസ്’ എന്നത് ‘കൃത്യനിഷ്ഠ’യുടെ പര്യായവും. വര്‍ണ്ണാഭമായ പുഷ്പത്തിന് സുഗന്ധംപോലെ രണ്ടും ഇഴയടുപ്പത്തോടെ ഈ
പിതാവില്‍ ചേര്‍ന്നു നില്‍ക്കുന്നു. കോട്ടയം വാഴൂര്‍ എന്ന ചെറു ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അഭിവന്ദ്യ പിതാവ് ഇന്ന് മാര്‍ത്തോമ്മ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിലേക്ക് ആരൂഢനാകുമ്പോള്‍ മലങ്കര സഭയ്ക്ക് ‘ഇതു ദൈവം നല്‍കിയ ദാനം’ എന്ന് ആത്മാഭിമാനത്തോടെ പറയുവാന്‍ കഴിയും.
നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, നില്‍ക്കുന്ന ഇടത്തിന്റെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവിന്റെ വ്യക്തിജീവിതം സുതാര്യവും ദൈവകൃപയാല്‍ സ്ഫുടം ചെയ്തതുമാണ്. കാഴ്ചപ്പാടുകളില്‍ വ്യക്തതയുണ്ട്. തീരുമാനങ്ങളില്‍ സ്ഥൈര്യമണ്ട്. നിഷ്ഠയും കൃത്യതയും അദ്ദേഹത്തിന്റെ ഭൂഷണമാണ്. സഭാവിശ്വാസത്തിലും അതിന്റെ നിലനില്പിലും വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യക്കാരനാണ്. സഭയുടെ ഭദ്രതയ്ക്ക് ഈ നിലപാട് അവശ്യവുമാണ്.
‘നിലപാടുകളുടെ കാവല്‍ക്കാരനായി’ ജീവിച്ച ഭാഗ്യവാനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ പിന്‍ഗാമിയായി, അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിയോഗിതനായത് സഭയോടുള്ള ദൈവത്തിന്റെ കരുതലും ശ്രേഷ്ഠമായ നടത്തിപ്പുമാണ്. പൗരസ്ത്യ പിതാക്കന്മാരുടെ ജീവിത രീതിയും ശൈലിയും പിന്‍തുടരുന്നതില്‍ തുടക്കം മുതല്‍ ശുഷ്‌കാന്തി നിലനിര്‍ത്തി. ആരാധനയും ആതുര
സേവനവും അടിസ്ഥാനമാക്കിയുള്ള ജീവിതമാണ് പരിശുദ്ധ പിതാവിനെ ഏറെ സവിശേഷതയുള്ള വ്യക്തിയായി രൂപാന്തരപ്പെടുത്തിയത്. പ്രാര്‍ത്ഥനയും സേവനവും സമജ്ജസമാകുന്നിടത്താണ് ഓര്‍ത്തഡോക്സിയുടെ പ്രസക്തി. പ്രാര്‍ത്ഥനയില്ലാത്ത പ്രവൃത്തിയും, പ്രവൃത്തിയില്ലാത്ത പ്രാര്‍ത്ഥനയും വ്യര്‍ത്ഥമാണ്.  പരിശുദ്ധ ബാവാതിരുമേനിയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയും പ്രവൃത്തിയും, ആരാധനയും ആതുരസേവനവും ഒരുപോലെ ജീവിത വ്രതമാക്കിയ പിതാവാണ്. അദ്ദേഹത്തിന്റെ ഓരോ പ്രസ്ഥാനങ്ങളും അതിനു നിദര്‍ശനങ്ങളാണ്. പരിശുദ്ധ ബാവാ തിരുമേനിക്ക് മലങ്കര സഭയിലുള്ള അംഗീകാരവും ഔന്നത്യവും അതുല്യമാണ്. ഗുരുസ്ഥാനീയനും വഴികാട്ടിയുമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭാകേസ്സിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ പരിശുദ്ധ തിരുമേനിയുടെ സേവനം അവിസ്മരണീയമാണ്. പരിശുദ്ധ ബാവാമാരോടു ചേര്‍ന്നുനിന്നുകൊണ്ട് സഭയുടെ വിശ്വസ്തനായി പ്രയത്നിച്ചു. കോലഞ്ചേരി ഉപവാസം, തൃക്കുന്നത്ത് സെമിനാരി പ്രശ്നം തുടങ്ങി സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളിലെല്ലാം അശാന്തിയും അസമാധാനവും തര്‍ക്കവും കൊടുമ്പിരികൊണ്ടിരുന്നപ്പോള്‍ മലങ്കര മെത്രാപ്പോലീത്തയും, പൗരസ്ത്യ കാതോലിക്കയും എന്ന നിലയില്‍ ധീരമായി നേതൃത്വം നല്‍കിയ പ. പൗലോസ് ദ്വിതീയന്‍ ബാവാതിരുമേനിയുടെ കരങ്ങള്‍ക്ക് ശക്തി നല്‍കി ഒപ്പം നിന്ന പിതാവാണ് നവാഭിഷിക്തനായ പ. ബാവാ. അതുകൊണ്ടുതന്നെ ആ പരിശുദ്ധ പിതാവിന്റെ പിന്‍ഗാ മിയാകുവാനുള്ള സര്‍വ്വഗു ണങ്ങളും ദൈവനിയോഗത്താല്‍ ലഭ്യമായി. ഇത് സഭയോടുള്ള ദൈവത്തിന്റെ കരുതലാണ്. പരിശുദ്ധ റൂഹായുടെ നടത്തിപ്പും പരിശുദ്ധ പിതാക്കന്മാരുടെ മധ്യസ്ഥതയും ഇതി ലൂടെ വെളിപ്പെട്ടു. ബഹുഭാഷാ പണ്ഡിതന്‍, ഗ്രന്ഥകാരന്‍, മികച്ച അധ്യാപകന്‍, പ്രബോധകന്‍, ധ്യാനഗുരു- തൊട്ടതെല്ലാം പൊന്നാക്കുന്ന അപാരമായ കൃപയുടെ തെളിമയാര്‍ന്ന രൂപമാണ് പരിശുദ്ധ പിതാവ്. മലങ്കര സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഈ തിരഞ്ഞെടുപ്പ് അനുഗ്രഹമാണ്.