
‘കനാന്‍ ദേശം എന്ന വാഗ്ദത്തനാട്ടിലേക്ക് ദൈവജനത്തെ നയിച്ചുകൊണ്ട് യാത്ര ചെയ്ത മോശ, ആ വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്റെ പിതാക്കന്മാരോട് ചേര്‍ക്കപ്പെടണം എന്നതാണ് ദൈവഹിതം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ ഒരാളെ അവര്‍ക്ക് ഇടയനായി നിയമിക്കണമെ എന്ന് യഹോവയോട് പ്രാര്‍ത്ഥിച്ചു. യഹോവ മോശയോട് കല്‍പിച്ചത്, എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ച് അവന്റെ മേല്‍ കൈവച്ച് അവനെ പുരോഹിതനായ എലെയാസാറിന്റെയും സര്‍വ്വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന് ആജ്ഞകൊടുക്ക. ‘(സംഖ്യാപുസ്തകം 27:18-19).
മലങ്കര സഭയെ വ്യവഹാരരഹിത സഭ എന്ന വാഗ്ദത്ത നാട്ടിലേക്ക് നയിച്ച പുണ്യശ്ലോകനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ തിരുമേനി മോശയെപ്പോലെ ദൂരെ നിന്ന് ആ വാഗ്ദത്തനാട് കണ്ടിട്ട് ദൈവഹിതപ്രകാരം തന്റെ പൂര്‍വ്വീകരോട് ചേര്‍ന്നു. മലങ്കര സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം ദൈവം സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്ന് മോശയെപ്പോലെ ആ പരിശുദ്ധ പിതാവും തീര്‍ച്ചയായും പ്രാര്‍ത്ഥിച്ചിരിക്കും. ആ പ്രാര്‍ത്ഥനയ്ക്ക് ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. ദൈവത്തിന്റെ ആത്മാവുള്ള ഒരു പുരുഷനെ ദൈവം തന്നെ തിരഞ്ഞെടുത്ത് മലങ്കര സഭയ്ക്ക് നല്‍കിയിരിക്കുന്നു: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ തിരുമേനി.
പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ ദേഹവിയോഗത്തെ തുടര്‍ന്ന് മലങ്കര സഭയുടെ ഭാവിയെപ്പറ്റി പല ഭാഗത്തു നിന്നും ആകുലതകളും ആശങ്കകളും ഉയര്‍ന്നു. മറ്റ് ചിലര്‍ പരിശുദ്ധ സഭയെ പരിഹസിക്കുവാനും അപമാനിക്കുവാനുമുള്ള അവസരത്തിനായി കാത്തിരുന്നു. എന്നാല്‍ മലങ്കര സഭയ്ക്കുവേണ്ടി ദൈവം പ്രവര്‍ത്തിച്ചു. പ്രാര്‍ത്ഥനയുടെ ആത്മാവില്‍ മലങ്കര മെത്രാപ്പോലീത്തയുടെയും പൗരസ്ത്യ കാതോലിക്കായുടെയും സ്ഥാനത്തേക്ക് ഐക്യകണ്‌ഠേന ഒരു പേര് നിര്‍ദ്ദേശിക്കുവാന്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് കഴിഞ്ഞു. കോവിഡ് വ്യാപനം ഉയര്‍ത്തിയ വെല്ലുവിളികളുടെ നടുവിലും ലോകത്തിന് മുഴുവന്‍ മാതൃകയായി സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ പുതിയ മലങ്കര മെത്രാപ്പോലീത്തായെയും പൗരസ്ത്യ കാതോലിക്കയെയും തിരഞ്ഞെടുക്കുവാന്‍ പരുമലയില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന് സാധിച്ചു. 2021 ഒക്‌ടോബര്‍ 15-ാം തീയതി പരുമല പള്ളിയില്‍ വച്ച് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ മലങ്കര സഭയുടെ ഒമ്പതാം കാതോലിക്ക അവരോധിതനായി. ഞാന്‍ മരിച്ചാലും മറ്റൊരാള്‍ കാതോലിക്ക ആയി ഉയര്‍ന്നു വരും, സഭയ്ക്ക് അനാഥത്വം ഉണ്ടാകുകയില്ല എന്നുള്ള പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ പ്രവാചകവചസുകള്‍ നിവര്‍ത്തിയാക്കപ്പെട്ടു.
കാതോലിക്ക സ്ഥാനാരോഹണ വേളയില്‍ പരിശുദ്ധ മാത്യൂസ് തൃതീയന്‍ ബാവാ തിരുമേനി നല്‍കിയ സന്ദേശം ഉപസംഹരിച്ചത് ഇപ്രകാരമാണ്,
‘നമുക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്. സകല പരിജ്ഞാനത്തേയും കവിയുന്ന ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണതയില്‍ നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. നമുക്ക് ഒരു പ്രബോധനമുണ്ട്, വഴിയും സത്യവും ജീവനുമായ ക്രിസ്തുവിലേക്കുള്ള പ്രയാണത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ സഞ്ചരിച്ച മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരായ നമ്മുടെ നടപ്പ് നന്നായിരിക്കണം എന്നാണ് നമ്മുടെ പ്രബോധനം. നമുക്ക് ഒരു പ്രതീക്ഷയുണ്ട്, അധര്‍മ്മത്തോടുള്ള സനാതന പോരാട്ടത്തില്‍ അവസാനത്തോളം വിശ്വാസ ജീവിതത്തില്‍ നാമേവരും ഉറച്ചു നില്‍ക്കും എന്നാണ് നമ്മുടെ പ്രതീക്ഷ. നമുക്ക് ഒരു പ്രതിബദ്ധതയുണ്ട്, നാം അധിവസിക്കുന്ന പ്രകൃതിയോടും അതിലെ സഹജീവികളോടുമുള്ള കരുണാപൂ ര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കുക എന്നതാണ് നമ്മുടെ പ്രതിബദ്ധത. നമുക്ക് ഒരു പ്രത്യാശയുണ്ട്, പുതിയ കാലത്തിന്റെയും ലോകത്തിന്റെയും വെല്ലുവിളികളെ നവസാധ്യതകളാക്കി തീര്‍ക്കുവാന്‍ സഭയെ സര്‍വ്വശക്തനായ ദൈവം വഴി നടത്തും എന്നതാണ് നമ്മുടെ പ്രത്യാശ’.
ഒരു വാചകം കൂടി ചേര്‍ത്തു വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു പ്രശംസയുണ്ട്, മലങ്കര സഭയെ നയിക്കുവാന്‍ ദൈവം തന്റെ ആത്മാവുള്ള ഒരു പിതാവിനെ തിരഞ്ഞെടുത്തു എന്നതാണ് ഞങ്ങളുടെ പ്രശംസ.
നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്‌ക്കേണ്ടതിന് നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ട തിനും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു എന്നുള്ള കര്‍ത്താവിന്റെ വാക്കുകളാണ് ഇന്ന് മലങ്കര സഭയില്‍ മുഴങ്ങി കേള്‍ക്കുന്നത്. മലങ്കര സഭയ്ക്കുവേണ്ടി ദൈവം തിരഞ്ഞെടുത്ത് തല്‍സ്ഥാനത്ത് ആക്കി വച്ചിരിക്കുന്ന കാതോലിക്കയാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍. ആ ദൈവഹിതം ശിരസ്സാ വഹിച്ചുകൊണ്ട് മലങ്കര സഭ ഒന്നായി അത്യുച്ചത്തില്‍ ഏറ്റുപറഞ്ഞു: ഓക്‌സിയോസ്, ഓക്‌സിയോസ്, ഓക്‌സിയോസ്… പൗരസ്ത്യ കാതോലിക്കേറ്റിന്റെ അവകാശിയാകുവാന്‍ പരിശുദ്ധ പിതാവ് സര്‍വ്വഥാ യോഗ്യനാണ്.
1. ആരാധനാ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ ആത്മീയാചാര്യന്‍
ആരാധനയില്‍ തീവ്രമായ നിഷ്ഠയും കൃത്യതയും പു ലര്‍ത്തുന്ന ഋഷിവര്യനാണ് പരിശുദ്ധ പിതാവ്. നിഷ്ഠയുള്ള ആരാധനാ ജീവിതമാണ് അദ്ദേഹത്തിന്റെ ശക്തിസ്രോതസ്. മൂന്നര ദശാബ്ദത്തിലേറെയായി കോട്ടയം വൈദിക സെമിനാരിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന തിരുമേനിയില്‍ നിന്ന് പൗരസ്ത്യ വേദശാസ്ത്രത്തോടൊപ്പം
പൗരസ്ത്യ ആരാധനയുടെ ആഴവും അതിലെ ചിട്ടയും നിഷ്ഠയും ഒരുക്കവും ഉത്സാഹവും ഓരോ വിദ്യാര്‍ത്ഥിക്കും കണ്ടു പഠിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആരാധനാ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ദൈവീകരണം ആണെന്നുള്ള തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് സകല പരിജ്ഞാനത്തേയും കവിയുന്ന ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണതയില്‍ നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്ന് പരിശുദ്ധ പിതാവ് പ്രാര്‍ത്ഥിക്കുന്നത്.
ഞങ്ങള്‍ക്ക് ഒരു പ്രശംസയുണ്ട്, ആരാധനാ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ ഒരു ആത്മീയ ഇടയനാണ് മലങ്കര സഭയെ നയിക്കുന്നത് എന്നതാണ് ഞങ്ങളുടെ പ്രശംസ.
2. മലങ്കര സഭയുടെ സ്വത്വബോധത്തിന്റെയും വിശ്വാസ പൈതൃകത്തിന്റെയും കാവല്‍ക്കാരന്‍
മലങ്കര സഭയുടെ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും സംരക്ഷിക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും കാതോലിക്കേറ്റിന്റെ അഭിമാനവും അന്തസും കാത്തുസൂക്ഷിക്കുവാന്‍ ധീരമായ നിലപാടുകളെടുക്കുകയും ചെയ്തിട്ടുള്ള പിതാവാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍ ബാവ. വ്യവഹാരങ്ങളാല്‍ കലുഷിതമായിരുന്ന കണ്ടനാട് ഭദ്രാസനത്തിന്റെ അമരക്കാരന്‍ എന്ന നിലയിലും സഭയുടെ കേസുകളുമായി ബന്ധപ്പെട്ട് ആഴമായും തീക്ഷ്ണതയോടും ഇടപെട്ടിട്ടുള്ള മെത്രാപ്പോലീത്ത എന്ന നിലയിലും സഭയ്ക്കുവേണ്ടി വളരെയധികം അപമാനവും പ്രയാസങ്ങളും പരിശുദ്ധ പിതാവ് സഹിച്ചു. നീതിയുടെയും ശരിയുടെയും നിലപാടുകളില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കുവാന്‍ പരിശുദ്ധ പിതാവ് തയ്യാറായില്ല. ആധുനിക തത്വശാസ്ത്ര ചിന്തകളും ജീവിതവും, അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍, സഭയുടെ പാരമ്പര്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ എല്ലാറ്റിനെക്കുറിച്ചും വ്യക്തമായ ബോധ്യം പരിശുദ്ധ പിതാവിനുണ്ട്. പുതിയ തലമുറ ഉയര്‍ത്തുന്ന ആശയങ്ങളും ചോദ്യങ്ങളും സംശയങ്ങളും പരിശുദ്ധ ത്രിത്വത്തിലുള്ള സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുവാനും അവയുമായി സംവാദത്തിലേര്‍പ്പെടുവാനും കാലാധിഷ്ഠിതവും എന്നാല്‍ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയതുമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനുമുള്ള വിവേകവും ജ്ഞാനവും പരിശുദ്ധ പിതാവിനെ വ്യത്യസ്തനാക്കുന്നു.
സഭയുടെ സ്വാതന്ത്ര്യവും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ ശക്തിയും കരുത്തുമുള്ള ഒരു നേതാവാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.
3. അധര്‍മ്മത്തോടുള്ള സനാതന പോരാട്ടത്തില്‍ മുന്നില്‍ നിന്നു നയിക്കുന്ന ക്രിസ്തുവിന്റെ പടയാളി
സമൂഹത്തില്‍ നടമാടുന്ന അനീതികളേയും അധാര്‍മ്മികതയേയും ചോദ്യം ചെയ്യുവാനുള്ള ഉത്തരവാദിത്തം ഓരോ ക്രിസ്ത്യാനിക്കുമുണ്ട്. തിന്മയോട് കീഴടങ്ങുവാനല്ല ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്, നന്മ കൊണ്ട് തിന്മയെ നേരിടുവാനാ ണ്. തിന്മയ്‌ക്കെതിരായുള്ള പോരാട്ടം ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം പ്രയാസങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ്. ഈ വെല്ലുവിളിയെ സധൈര്യം ഏറ്റെടുക്കുന്ന പിതാവാണ് പരിശുദ്ധ ബാവ. സഭയ്ക്കുള്ളില്‍ നടക്കുന്ന അധാര്‍മ്മികമായ കാര്യങ്ങളാലും സഭയ്‌ക്കെതിരായി നടക്കുന്ന അനീതികളായാലും സമൂഹത്തില്‍ ഉടലെടുക്കുന്ന അസമത്വങ്ങളോ ധാര്‍മ്മിക അധഃപതനങ്ങളോ ആയാലും ഇതിനെല്ലാം എതിരെ പ്രവാചക ബോധ്യത്തോടെ ശബ്ദമുയര്‍ത്തുവാന്‍ പരിശുദ്ധ പിതാവിന് ഭയമോ നിസംഗതയോ ഇല്ല. കാതോലിക്കാ സ്ഥാനാരോഹണ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് തന്റെ നിലപാട് പ്രഖ്യാപിച്ചു, ഇന്നും നമ്മുടെ മുമ്പില്‍ പ്രതിസന്ധികളും വെല്ലുവിളികളുമുണ്ട്. പക്ഷേ നമുക്ക് ഭയമില്ല. ദൈവം നമ്മോടു കൂടെയുണ്ട് എന്നുള്ള പ്രത്യാശയാണ് പരിശുദ്ധ പിതാവിന്റെ ബലം. അധര്‍മ്മത്തോടുള്ള പോരാട്ടത്തില്‍ സധൈര്യം ഞങ്ങളെ നയിക്കുന്ന ഒരു നായകനാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.
4. സഹസൃഷ്ടികളോട് പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹി
ഓര്‍ത്തഡോക്‌സ് ആദ്ധ്യാത്മീകതയില്‍ ആരാധനാ ജീവിതത്തിന്റെ തുടര്‍ച്ചയായിട്ടാണ് മനുഷ്യന്റെ സാമൂഹിക ജീവിതത്തെ മനസിലാക്കുന്നത്. ആരാധനയോടൊപ്പം സമൂഹത്തില്‍ നാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദൈവനാമ മഹത്വത്തിനാകണം. എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തത് എല്ലാം എനിക്ക് ചെയ്തു എന്നുള്ള ദൈവവചനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊകൊണ്ട് ദൈവത്തിന് വേണ്ടി ജീവിക്കുക എന്നാല്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയും അശരണരായവര്‍ക്കു വേണ്ടിയും ദുഃഖത്തിലും പ്രയാസത്തിലും ആയിരിക്കുന്നവര്‍ക്കു വേണ്ടിയും ജീവിക്കുക എന്നതാണെന്ന് സ്വജീവിതം കൊണ്ട് സാക്ഷിക്കുന്ന ഒരു ഉത്തമ ക്രിസ്തു ശിഷ്യനാണ് പരിശുദ്ധ ബാവാതിരുമേനി. പരിശുദ്ധ പിതാവിന്റെ ജീവിതമാണ് അദ്ദേഹം എഴുതിയ സുവിശേഷം, ദൈവം സ്‌നേഹമാണ് എന്നതാണ് ആ സുവിശേഷത്തിന്റെ സാരാംശവും.
സമൂഹത്തോടും സഹജീവികളോടുമുള്ള പ്രതിബദ്ധത എന്നും ഉയര്‍ത്തി പിടിക്കുന്ന മനുഷ്യസ്‌നേഹിയാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.
1984-ല്‍ വൈദിക സെമിനാരിയില്‍ ഈ പരിശുദ്ധ പിതാ വ് ഒരു അദ്ധ്യാപകനായി ചുമതല ഏറ്റപ്പോള്‍ ആദ്യത്തെ ബാ ച്ചിലെ ഒരു വിദ്യാര്‍ത്ഥി ആകുവാന്‍ ഭാഗ്യം ലഭിച്ചു. വൈദിക സെമിനാരി പഠനകാലയളവില്‍ ഞങ്ങളുടെ വാര്‍ഡനായിരുന്ന കാലം മുതലുള്ള ആത്മബന്ധമാണ് എനിക്ക് പരിശുദ്ധ ബാവയുമായി ഉള്ളത്. പിന്നീട് സെമിനാരിയില്‍ പഠിപ്പിക്കുവാന്‍ പരിശുദ്ധ സഭ എനിക്കും അവസരം നല്‍കിയപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും അതിനുശേഷം പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ദൈവം കൃപ നല്‍കി. പരിശുദ്ധ പിതാവിന്റെ പിന്‍ഗാമിയായി പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ സെക്രട്ടറി എന്ന ചുമതല ഏറ്റെടുക്കുവാനുള്ള നി യോഗവും ബലഹീനനായ എനിക്ക് ലഭിച്ചു.
യോശുവയെപ്പോലെ യോര്‍ദ്ദാന്‍ നദി മുറിച്ചു കടന്ന് യറീഹോ പട്ടണത്തിന്റെ മതിലുകളെ തകര്‍ത്ത് വാഗ്ദത്ത നാട്ടിലേക്ക് ദൈവജനത്തെ കൈപിടിച്ചു നയിക്കുവാനുള്ള വലിയ നിയോഗമാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയെ കാത്തിരിക്കുന്നത്. യഹോവയാം ദൈവം
നൂന്റെ മകനായ യോശുവയോടു കൂടെയിരുന്ന് വാഗ്ദത്തനാട്ടിലേക്ക് യിസ്രായേല്‍ ജനത്തെ എത്തിക്കുവാന്‍ അവനെ പ്രാപ്തനാക്കിയതുപോലെ ഈ പരിശുദ്ധ പിതാവിനോടു കൂടെയിരുന്ന് വ്യവഹാരരഹിത സഭ എന്ന സ്വപ്നത്തിലേക്ക് മലങ്കര സഭയെ നയിക്കുവാന്‍ പ്രാപ്തനാക്കട്ടെ.