യു.എ.ഇ ദേശീയദിനാഘോഷം: ആശംസ നേര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ഡിസംബര്‍ 2-ന് നടക്കുന്ന 50-ാമത് യു.എ.ഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ തിരുമേനി യു.എ.ഇ  ഭരണാധികാരികള്‍ക്ക് ആശംസാ സന്ദേശം കൈമാറി. രാജ്യത്തിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്ന എല്ലാ നേതാക്കളെയും ഹൃദയപൂർവ്വം അഭിനന്ദിച്ചു. രാജ്യത്തിന്‍റെ സാമൂഹികമായ ശാന്തതയിലും, മതസഹിഷ്ണുത നിലപാടിലും പരിശുദ്ധ സഭയുടെ സന്തോഷം പിതാവ് രേഖപ്പെടുത്തി. പ്രഗത്ഭരായ ഭരണാധികാരികളുടെ അവിശ്വസനീയമായ സാർവത്രിക നേതൃത്വത്തിന്‍റെ മഹിമ കൊണ്ടാണ് അത്ഭുതകരമായ വികസനങ്ങൾ ദ്രുതഗതിയില്‍ രാജ്യത്ത് നടപ്പാക്കുവാന്‍ സാധ്യമാകുന്നത്. യുഎഇയിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന തത്ത്വചിന്തകള്‍ക്കും വിശ്വാസങ്ങൾക്കും സാക്ഷ്യം വഹിക്കുക എന്നത് ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുന്നതാണ്. യു.എ.ഇ.യിൽ പരിശുദ്ധ സഭയ്ക്ക് പള്ളികൾ പണിയാൻ ഭരണാധികാരികള്‍ ഭൂമി സമ്മാനമായി നൽകി. മുൻകാലങ്ങളിലും ഇപ്പോഴുമുള്ള ഭരണാധികാരികള്‍ പരിശുദ്ധ സഭയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് മലങ്കര സഭയുടെ സ്നേഹവും ആദരവും പരിശുദ്ധ പിതാവ് ആശംസാ സന്ദേശത്തിലൂടെ അറിയിച്ചു.