അതിജീവനം കാലഘട്ടത്തിന്റെ അനി വാര്യത – പരിശുദ്ധ കാതോലിക്കാ ബാവാ

കോലഞ്ചേരി : മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും നടുവില്‍ വീര്‍പ്പ് മുട്ടുന്ന മനുഷ്യന്‍ അതിജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തേണ്ടത് കാലത്തിന്റെ ആവശ്യമായാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരിയില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ. മഹാമാരിയുടെ നടുവില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ യോഗവും തെരെഞ്ഞെടുപ്പും അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍ സ് പള്ളിയില്‍ മലങ്കര മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്താമാര്‍, സഭാ സ്ഥാനികള്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. ഫാ.ഡോ. എം. പി ജോര്‍ജ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നോട്ടീസ് കല്‍പന വായിച്ചു. അസോസിയേഷന്‍ അംഗങ്ങളായ മരിച്ചവരെ അനുസ്മരിച്ച് വൈദിക ട്രസ്റ്റി ഫാ.ഡോ.എം. ഒ ജോണ്‍ , അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഫാ.ജോസ് തോമസ് പൂവത്തിങ്കല്‍ ധ്യാനം നയിച്ചു. ഫാ.ജേക്കബ് കുര്യന്‍ വേദ വായന നടത്തി.  അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന്  മുഖ്യ വരണാധികാരി ഡോ. സി.കെ മാത്യു ഐ എ എസ്   തെരഞ്ഞെടുപ്പ്  സംബന്ധിച്ച് വിശദീകരണം നല്‍കി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. 2.15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍  99.53%  പേര്‍ വോട്ട് രേഖപ്പെടുത്തി.6 മണിക്ക് ഫലം പ്രഖ്യാപിച്ചു. വൈദിക സെമിനാരി ഗായക സംഘം ഗാനാലാപനം നടത്തി. അസോസിയഷന്റെ നടത്തിപ്പിന് വേണ്ടി അദ്ധ്വനിച്ച എല്ലാവര്‍ക്കും പരിശുദ്ധ ബാവാ നന്ദി അറിയിച്ചു.

തെശ്ബുഹത്തോ 2021: സമ്മാനദാനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു

ദുബായ്:  സെന്റ്  തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഡൽഹി ഭദ്രാസനാധിപനായിരുന്ന  പുണ്യശ്ലോകനായ ജോബ് മാർ പീലക്സീനോസ്  മെത്രാപ്പോലീത്തയുടെ  പാവന സ്മരണാർത്ഥം അഖില മലങ്കര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച  തെശ്ബുഹത്തോ 2021  സുറിയാനി & മലയാളം ആരാധന സംഗീത മത്സരത്തിൻ്റെ സമ്മാനദാനം പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 88-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന  പൊതുസമ്മേളനത്തിൽ വച്ച്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദിമെത്രയോസ് ,മലങ്കരസഭയിലെ മറ്റ് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ,  എന്നിവർ സന്നിഹിതരായിരുന്നു.
വിജയികൾ:
സെൻ്റ്. ജെയിംസ് ഓർത്തഡോക്സ് പള്ളി തൃക്കോതമംഗലം, പുതുപ്പള്ളി. (കോട്ടയം ഭദ്രാസനം)
സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് പള്ളി, കാരിച്ചാൽ (മാവേലിക്കര ഭദ്രാസനം)
സെൻ്റ. ഗബ്രിയേൽ ഓർത്തഡോക്സ് വലിയപള്ളി , നല്ലില (കൊല്ലം ഭദ്രാസനം)
എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.50000, 25000, 10000  രൂപ എന്നിങ്ങനെയായിരുന്നു സമ്മാനത്തുക.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കും. പരിശുദ്ധ കാതോലിക്കാ ബാവാ ചുമതല ഏറ്റശേഷമുളള ആദ്യ സുന്നഹദോസാണ്. 25-ന് മലങ്കര അസോസിയേഷന്‍ കോലഞ്ചേരിയില്‍ ചേരുന്ന പശ്ചാത്തലത്തില്‍ ഈ സുന്നഹദോസിന് ഏറെ പ്രാധാന്യമുണ്ട്. അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കേണ്ടത് ഈ സുന്നഹദോസ് യോഗമാണ്. സുന്നഹദോസ് 26-ന് സമാപിക്കുമെന്ന് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വേദി ഒരുങ്ങുന്നു

കോലഞ്ചേരി: ഫെബ്രുവരി 25-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു വേണ്ടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി അങ്കണത്തില്‍ പ്രധാന വേദി ഒരുങ്ങുന്നു. മലങ്കര സഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവായുടെ നാമത്തിലാണ് പ്രധാനവേദി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തപ്പെടുന്ന യോഗത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി പ്രധാന വേദിയില്‍ സഭയിലെ എല്ലാ മേല്‍പ്പട്ടക്കാരും, സഭാ സ്ഥാനികളും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും മാത്രമായിരിക്കും സമ്മേളിക്കുന്നത്. എല്ലാ പളളി പ്രതിനിധികളും വ്യക്തിപരമായോ, ഭദ്രാസന മെത്രാപ്പോലീത്താമാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിലോ ഒത്തുചേര്‍ന്ന് വീഡിയോ കോണ്‍ഫ്രന്‍സിങിലൂടെ അസോസിയേഷന്‍ യോഗത്തില്‍ പങ്കുചേരും. യോഗത്തിന്റെ പ്രധാന അജണ്ടയായ മെത്രാപ്പോലീത്താമാരുടെ തെരഞ്ഞെടുപ്പ് ഓണ്‍ലൈനില്‍ നടക്കും. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രസിഡന്റ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.

അസോസിയേഷന്‍ അജണ്ട പ്രസിദ്ധീകരിച്ചു

കോലഞ്ചേരി: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ അജണ്ട യോഗ സ്ഥലമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ദേവാലയ അങ്കണത്തിലുളള ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രസിദ്ധീകരിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജേക്കബ് കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈദികര്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വിശ്വാസികള്‍ എന്നിവരടങ്ങിയ സമൂഹം ചടങ്ങിന് സാക്ഷ്യം വഹിച്ചു. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലും, സഭയുടെ വെബ്‌സൈറ്റിലും അജണ്ട പ്രസിദ്ധീകരിച്ചു. അസോസിയേഷന്‍ യോഗം ഫെബ്രുവരി 25 ഉച്ചക്ക് 1 മണിക്ക് ആരംഭിക്കും. 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനായിട്ടാണ് അസോസിയേഷന്‍ യോഗം ചേരുന്നത്. അസോസിയേഷന്‍ യോഗത്തിന്റെ പ്രധാന വേദി പരിശുദ്ധ കാതോലിക്കാ ബാവാ കൂദാശ ചെയ്്തു. തുടര്‍ന്ന് ബാവായുടെ അദ്ധ്യക്ഷതയില്‍ കോലഞ്ചേരി പ്രസാദം സെന്റ്‌റില്‍ അസോസിയേഷന്‍ ക്രമീകരണങ്ങളെ സംബന്ധിച്ച് ആലോചനാ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.

അസോസിയേഷന്‍ സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജി മാറ്റി വച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ 7 മെത്രാപ്പോലീത്താമാരെ  തെരഞ്ഞെടുക്കുന്നതിനായി  ഫെബ്രുവരി 25-ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തില്‍  കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി  മൂന്നാഴ്ചക്കു ശേഷം പോസ്റ്റ് ചെയ്യാന്‍ നീക്കി വച്ചു. യോഗം അടുത്ത ആഴ്ച കൂടുന്നതിനാല്‍ അതിനു  മുന്നേതന്നെ വാദം  കേട്ട് സ്‌റ്റേ ഉത്തരവ് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരനായ  പോള്‍ വര്‍ഗീസിന്റെയും  മറ്റും ആവശ്യം.  അവര്‍ നേരത്തേ നല്‍കിയിരുന്ന ഒരു കോടതിയലക്ഷ്യ  കേസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായെ  കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതും കോടതി മാറ്റി വച്ചു. 2017-ലെ സുപ്രീം കോടതി  വിധി ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കാത്തതിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രസ്തുത വിധി നീതിക്കെതിരാണെന്നും അതു പുനഃപരിശോധിക്കണമെന്നും ദിവസേന ആവശ്യപ്പെടുന്നവര്‍, ഓര്‍ത്തഡോക്‌സ് സഭ വിധിക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്ന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത് വിചിത്രമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.

പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് -ഫാ. ജോബിന്‍ വര്‍ഗീസ്

മലങ്കര സഭാഭാസുരന്‍ പരി. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ ഭാസുര സ്മൃതിക്കിത് 88-ാം ആണ്ട്. ഭാരത ക്രൈസ്തവ സഭയിലെ തദ്ദേശീയനായ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധന്‍, മലങ്കര സഭാഭാസുരന്‍ പരി. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാള്‍ 2022 ഫെബ്രുവരി 23ന് പരി. സഭ ആചരിക്കുന്നു. ദേശീയവും വൈദേശീകവുമായ അധിനിവേശത്തിന്റെ കനല്‍വഴികളില്‍ അടിപതറാതെ, മലങ്കര നസ്രാണിയുടെ സ്വത്വബോധം ഊട്ടിയുറപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങളെ തുറന്നിട്ട ഭാസുര തേജസ്സ്, പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോ സ് മെത്രാപ്പോലീത്ത (1858-1934).


പരി. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ പരിശുദ്ധന്റെ ചരമ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ”വലിയ നോമ്പിലെ ആദ്യ ശനിയാഴ്ചയായ ഇന്ന്, ഭൂലോക മല്പാനായ മാര്‍ അപ്രേമിന്റെ ഓര്‍മ്മദിവസമായ ഇന്ന് മലങ്കരയുടെ വലിയ മല്പാന്‍ ദിവംഗതനായിരിക്കുന്നു. നമ്മുടെ കര്‍ത്താവിനുവേണ്ടി രക്തസാ ക്ഷിമരണം വഹിച്ച മാര്‍ തേവോദോറസ് സഹദായുടെ ഓര്‍മ്മദിവസമായ ഇന്ന് അതുപോലെയുള്ള പീഡകള്‍ സഭയ്ക്കുവേണ്ടി സഹിക്കുവാന്‍ മൗദ്യോന എന്ന നാമത്തിനു യോഗ്യനായി ത്തീര്‍ന്നിരിക്കുന്ന നമ്മുടെ മെത്രാച്ചന്‍ കബറടക്കപ്പെടുന്നു”. ആ കബറിനു മുന്നില്‍ ഇങ്ങനെ രേഖപ്പെടുത്തി ”the time will not dim his glory” കാലത്തിനു മായിക്കാനാവാത്ത മഹത്വമുള്ളവന്‍. ഗുരുക്കന്മാരും മുന്‍ഗാമികളുമായ പരി. പരുമല തിരുമേനിയുടെയും ശിക്ഷണത്തില്‍ വളര്‍ന്നുവരുകയും, അവര്‍ തെളിച്ച സത്യവിശ്വാസത്തിന്റെ ശോഭ അഭംഗുരം കാക്കുകയും ചെയ്ത പുണ്യപു രുഷന്‍. കോട്ടയം പഴയ സെമിനാരിയില്‍ സുറിയാനി മല്പാനാ യി നിയമിക്കപ്പെട്ട പിതാവ് മതോപദേശസാരങ്ങള്‍ എന്ന കൃതി യിലൂടെ സഭയുടെ വിശ്വാസ തത്വങ്ങളെ ലളിതമായി പഠിപ്പിച്ചു.


മലങ്കര സഭയുടെ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനായി അനേകം പ്രതിസന്ധികള്‍ നേരിട്ടെങ്കിലും വിരുദ്ധതകള്‍ക്കു മുമ്പില്‍, മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തിനുവേണ്ടി, ദേശീയതയ് ക്കുവേണ്ടി അടരാടി. വ്യവഹാരങ്ങള്‍ക്കു നടുവിലും, ആത്മീയതയുടെ ഉത്തുംഗതയില്‍ പ്രാര്‍ത്ഥനയിലും നോമ്പിലും, ഉപവാസത്തിലും കൂടുതല്‍ കരുത്തു നേടി. ഭരണസ്വാതന്ത്ര്യവും കെട്ടുറപ്പുമുള്ള ഒരു സഭയായി മലങ്കര സഭ വളരണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. വ്യവസ്ഥാപിതവും, സുശക്തവുമായ ഭരണസംവിധാനങ്ങള്‍ മലങ്കരസഭയുടെ നിലനില്പിന് ആവശ്യ മെന്ന് കണ്ട് ഭരണഘടനയുടെ (1934 മലങ്കരസഭാ ഭരണഘടന) നക്കല്‍ രൂപീകരിച്ചു. മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച മലങ്കര സഭയുടെ അസ്ഥിത്വം ആരുടെ മുമ്പിലും അടിയറവു വയ്ക്കില്ല എന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. കൂടെ നി ന്നവര്‍ പോലും വ്യവഹാരി എന്ന് വിളിച്ചധിക്ഷേപിച്ചപ്പോഴും സ്വാതന്ത്ര്യവും സ്വത്വബോധവും നഷ്ടപ്പെടാതെ ഒരു ജനത ഇവിടെ വളര്‍ന്നു വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.


മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ഭാരത സഭയുടെ സ്വാതന്ത്ര്യവും തനിമയും കാത്തുസൂക്ഷിക്കുവാന്‍ പോരാടിയ കര്‍മ്മധീരന്‍. ഈ സഭയുടെ സ്വത്വബോധത്തെ നഷ്ടപ്പെടുത്തുവാന്‍ ശ്രമിച്ചവരുടെ മുമ്പില്‍ സിംഹതുല്യം ഗര്‍ജ്ജിച്ചു നില്‍ക്കുവാന്‍ തയ്യാറായ പിതാവ്. വ്യവഹാരങ്ങള്‍ക്കു നടുവില്‍ സഭാ നൗക ആടിയുലഞ്ഞപ്പോഴും സ്വതന്ത്ര തുറമുഖത്ത് എത്തിക്കണമെന്ന കാര്‍ക്കശ്യത്തില്‍ നിന്നും പിന്‍തിരിയുവാന്‍ ഈ പിതാവ് തുനിഞ്ഞില്ല. തര്‍ക്കങ്ങള്‍ കൊണ്ട് കാര്‍മേഘാവൃതമായ കാലഘട്ടത്തില്‍ സഭാ ഗാത്രത്തെ മുറി വേല്പിക്കുവാന്‍ ശ്രമിച്ചവരൊക്കെ പിന്തിരിയേണ്ടിവന്നു. ദൈവാശ്രയ ബോധത്തോടെ ഈ സഭയെ നയിക്കുവാനും സ്വതന്ത്ര കാതോലിക്കേറ്റെന്ന ആശയത്തില്‍ അടിയുറച്ചു നി ല്ക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് ദേശീയബോധവും പരി. മാര്‍ത്തോമ്മാ ശ്ലീഹാ പകര്‍ന്നു നല്‍കിയ ശ്ലൈഹികമായ ഈ സഭയുടെ അസ്ഥിത്വവും തന്നെയാണ്. നിലപാടുകളിലെ വ്യക്തത പ്രവൃത്തിയില്‍ അദ്ദേഹം കാട്ടി.


വ്യവഹാരങ്ങളുടെ താളുകളില്‍ മാത്രം പരിശുദ്ധ പിതാവിനെ കാണുവാന്‍ ശ്രമിച്ചവരും ശ്രമിക്കുന്നവരുമുണ്ട്. പരി. സഭയു ടെ സ്വത്വവും അസ്ഥിത്വവും ആര്‍ക്കുമുമ്പിലും പണയപ്പെടുത്തുവാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടാണ് ഇതിന് കാരണം. ഈ സഭ സ്വതന്ത്രമാണെന്ന ബോധ്യവും അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഉണ്ടായി.
മാര്‍ത്തൊമ്മന്‍ നസ്രാണിയുടെ ജാത്യാഭിമാന ബോധം വരും തലമുറകളിലേക്കും പകരണമെന്ന് പരിശുദ്ധ പിതാവിന്റെ ആഗ്രഹം നമുക്ക് മുമ്പിലുണ്ടാകട്ടെ. മല്ലപ്പള്ളിയില്‍ ജനിച്ച് മലങ്കരയുടെ മഹാപുരോഹിത സ്ഥാനത്തേക്ക് എത്തി പരിശുദ്ധ സഭയുടെ സ്വാതന്ത്ര്യവും, സ്വത്വബോധവും ആരുടെ മുമ്പിലും അടിയറ വയ്ക്കുവാന്‍ തയ്യാറല്ലെന്ന് പറയുകയും ഒരു സ്വതന്ത്ര കാതോലിക്കേറ്റിനുള്ള വഴിതെളിക്കുകയും ചെയ്തു. ഓരോ ദിവസവും അദ്ദേഹത്തിന്റെ കബറിടം സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ തേടുന്നവര്‍ അനേകരാണ്. ഈ പുണ്യപിതാവിന്റെ, സഭാ ഭാസുരന്റെ ഭാസുരസ്മരണയില്‍, മദ്ധ്യസ്ഥതയില്‍ നമുക്കും അഭയപ്പെടാം.

യാക്കോബായ വിഭാഗം അക്രമത്തില്‍ നിന്ന് പിന്‍മാറണം- ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കഴിഞ്ഞ ഞായറാഴ്ച കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ആട്ടിന്‍കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ യാക്കോബായ വിഭാഗം അഴിച്ചുവിട്ട അക്രമസംഭവം  നിര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. കോടതി വിധിയനുസരിച്ച് സമാധാനപരമായി ഭരിക്കപ്പെടുന്ന ദേവാലയത്തില്‍  മനഃപൂര്‍വ്വം പ്രശ്ങ്ങള്‍ സൃഷ്ടിക്കുവാനുളള ശ്രമം അപലപനീയമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ. സകല പുരോഹിതരുടെയും ഓര്‍മ്മദിനത്തോടനുബന്ധിച്ച് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തിയപ്പോള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഗെയിറ്റ് തകര്‍ത്ത് കോമ്പൗണ്ടില്‍ അതിക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മലങ്കര അസ്സോസിയേഷന്‍ യോഗം ഓണ്‍ലൈനായി നടത്തപ്പെടും

2022 ഫെബ്രുവരി 25-ന് നടത്തപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗം ഓണ്‍ലൈനായി ചേരുവാന്‍ തീരുമാനിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ തിരുമേനി കല്‍പന പുറപ്പെടുവിച്ചു. കേരളത്തിലെ ഭദ്രാസനങ്ങളിലെ പ്രതിനിധികള്‍ക്ക് അതാത് ഭദ്രാസന മെത്രാപ്പോലീത്താമാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈനായി സമ്മേളിക്കാവുന്നതാണ്. രജിസ്ട്രേഷനും, വോട്ടിംഗും ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. ഫെബ്രുവരി 13-ന് ചേര്‍ന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ്, വര്‍ക്കിംഗ് കമ്മറ്റി എന്നിവയുടെ സംയുക്തയോഗമാണ് ഈ ശുപാര്‍ശ പരിശുദ്ധ ബാവാതിരുമേനിക്ക് സമര്‍പ്പിച്ചത്. ഫെബ്രുവരി 25-ന് ഉച്ചക്ക് 1 മണിക്ക് യോഗം ആരംഭിക്കും. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗങ്ങളും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തിലെ പ്രധാന വേദിയില്‍ സമ്മേളിക്കും. എല്ലാ അസ്സോസിയേഷന്‍ അംഗങ്ങള്‍ക്കും വ്യക്തിപരമായോ, വിവിധ കേന്ദ്രങ്ങളില്‍ നിന്നോ ഓണ്‍ലൈനായി സമ്മേളനത്തില്‍ പങ്കെടുക്കുവാനും, യോഗത്തിന്‍റെ പ്രധാന അജണ്ടയായ മെത്രാപ്പോലീത്താ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഓണ്‍ലൈനായി നടത്തുവാനുമുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാൾ

കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറ്റ്  നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കുന്നു. പഴയ സെമിനാരി മാനേജര്‍ ഫാ.ജോബിന്‍ വര്‍ഗീസ്, ഫാ. ഡോ. ബേബി വര്‍ഗീസ് എന്നിവര്‍ സമീപം.