പരിശുദ്ധ ബാവായുടെ ജന്മദിനം ഓതറ കോഴിമല ആശാഭവനില്‍ അന്തേവാസികളോടൊപ്പം ആഘോഷിച്ചു

ഓതറ: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ 73-ാം ജന്മദിനം കോഴിമല സെന്റ് മേരീസ് കോണ്‍വെന്റിന്റെ നേതൃത്വത്തിലുള്ള ആശാഭവനില്‍ ആഘോഷിച്ചു. ഫെബ്രുവരി 19-ന് 73-ാം ജന്മദിനം ആഘോഷിക്കുന്ന ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായും ആശാഭവനില്‍ എത്തി ആഘോഷത്തില്‍ പങ്കെടുത്തു. കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സോഫിയ, ആശാഭവന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഏലിസബേത്ത് എന്നിവരുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പിതാക്കന്മാരെ സ്വീകരിച്ചു. ബാന്റുമേളത്തിന്റെ അകമ്പടിയോടെയാണ് അന്തേവാസികളായ കുട്ടികള്‍ പിതാക്കന്മാരെ വരവേറ്റത്. ഇരുവരും ചേര്‍ന്ന് ആശാഭവനിലെ അങ്കണത്തില്‍ ഒലിവ് തൈ നട്ടു. ആശാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒപ്പം ചേര്‍ന്ന് കേക്ക് മുറിക്കുകയും, ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത  ജന്മദിന സന്തോഷം പങ്കിട്ടത് ഒരു അപൂര്‍വ്വ സന്ദര്‍ഭമായി. രാവിലെ പരുമല പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയും ജന്മദിനസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്്തതിനുശേഷം 12.30-നാണ് ഓതറയില്‍ പരിശുദ്ധ ബാവാ എത്തിച്ചേര്‍ന്നത്. മെത്രാപ്പോലീത്താമാരായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കെ. വി. പോള്‍ റമ്പാന്‍, ജോസഫ് എം. പുതുശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

സഹോദരന്‍ പദ്ധതി ഇന്ത്യന്‍ മതേതരത്വത്തിന് ഉത്തമ മാതൃക: പി. എസ്. ശ്രീധരന്‍പിളള

പരുമല: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ സ്മരണര്‍ത്ഥം ആരംഭിച്ച സഹോദരന്‍ എന്ന സാധുജനക്ഷേമ പദ്ധതി ഇന്ത്യന്‍  മതേതരത്വത്തിന്  നല്‍കുന്ന നിസ്തുല സംഭാവനയാണെന്ന് ബഹു. ഗോവാ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിളള. സഹോദരന്‍ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുരാതന ക്രൈസ്തവ ദേവാലയങ്ങളിലെ പെരുന്നാളിനോടനുബന്ധിച്ച്  മറ്റ് മതസ്ഥര്‍ക്ക് നല്‍കുന്ന പങ്കാളിത്തം നമ്മുടെ പൂര്‍വികര്‍ മതേതരത്വത്തിന് നല്‍കിയ സംഭാവനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുര്യാക്കോസ് മാര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ്, അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, ചങ്ങനാശ്ശേരി അതിരൂപതയുടെ ഓക്സിലറി ബിഷപ്പ് മാര്‍ തോമസ് തറയില്‍, തിരുവന്തപുരം ശാന്തിഗ്രാം ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പുനലൂര്‍ രൂപതയുടെ ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സി.എസ്.ഐ സഭയുടെ ബിഷപ്പ് ഡോ. സാബു മലയില്‍ കോശി ചെറിയാന്‍, കല്‍ദായ സഭയുടെ മാര്‍ ഔഗിന്‍ കുറിയാക്കോസ് എപ്പിസ്‌ക്കോപ്പാ, സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. എം. സി.പൗലോസ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ ബാവാ രചിച്ച ‘മലങ്കരസഭ: ചരിത്ര സ്പന്ദനങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ പുസ്തക പരിചയം നടത്തി. ഭവന നിര്‍മ്മാണം, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നീ പദ്ധതികളിലായി 8 പേര്‍ക്ക് 9 ലക്ഷം രൂപ സഹായമായി വിതരണം ചെയ്തു. ജാതിമതഭേദമെന്യേയാണ് സഹായം നല്‍കുക. ജന്മദിനത്തോടനുബന്ധിച്ച് വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന സമ്മാനങ്ങളും, വ്യക്തിപരമായി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക്  ലഭിക്കുന്ന  സംഭാവനകളും ചേര്‍ത്താണ് ഈ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് പരിശുദ്ധ ബാവാ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജന്മദിനത്തോടനുബന്ധിച്ച് രാവിലെ 7 മണിക്ക് പരുമല പള്ളിയില്‍ പരിശുദ്ധ ബാവാ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പരിശുദ്ധ ബാവാ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ ജന്മദിന കേക്ക് മുറിച്ചു.

മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍
ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാള്‍
2022 ഫെബ്രുവരി 13 മുതല്‍ 23 വരെ

കോട്ടയം:   മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാള്‍ 2022 ഫെബ്രുവരി 13 മുതല്‍ 23 വരെ കോട്ടയം പഴയ സെമിനാരിയില്‍ ആചരിക്കുന്നു. 13ന് നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും പെരുന്നാള്‍ കൊടിയേറ്റും നടത്തപ്പെടും. 18 മുതല്‍ 21 വരെ ദിവസങ്ങളില്‍ വൈകിട്ട് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന്  ഫാ. ഡോ. റെജി മാത്യു, ഫാ. അലക്‌സ് ജോണ്‍ കരുവാറ്റ, ഫാ. ജോണ്‍ ടി. വര്‍ഗ്ഗീസ് കുളക്കട എന്നിവര്‍ സുവിശേഷ പ്രസംഗം നടത്തും. 16ന് രാവിലെ 5 മണിക്ക് രാത്രി നമസ്‌ക്കാരവും 7 മണിക്ക് ഫാ. ഡോ. എം. ഒ. ജോണ്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 19ന് രാവിലെ 10.30ന് പരി. വട്ടശ്ശേരില്‍ തിരുമേനിയുടെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ സെമിനാര്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, ജോസഫ് എം. പുതുശ്ശേരി, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഡോ. പോള്‍ മണലില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 22ന് വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം തുടര്‍ന്ന് ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ് എന്നിവ ഉണ്ടായിരിക്കും. 23ന് രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരവും 7.30ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്  തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും കുര്യാക്കോസ് മാര്‍ ക്ലീമ്മീസ്,  സഖറിയാസ് മാര്‍ അന്തോണിയോസ് എന്നീ പിതാക്കന്മാരുടെ സഹകാര്‍മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാന. പരി. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ തീര്‍ത്ഥാടന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ് എന്നിവ നടത്തപ്പെടും. ഗവണ്‍മെന്റിന്റെ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുമെന്ന് പഴയസെമിനാരി മാനേജര്‍ ഫാ. ജോബിന്‍ വര്‍ഗ്ഗീസ് അറിയിച്ചു.

മെത്രാപ്പോലീത്താ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടികയായി

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ 7 പുതിയ മേല്‍പ്പട്ടക്കാരെ തെരഞ്ഞെടുക്കുന്നതിനായി 11 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. പഴയ സെമിനാരിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി കൂടിയ മാനേജിംഗ് കമ്മറ്റിയാണ് അസോസിയേഷനിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഇലക്‌ട്രോണിക്ക് വോട്ടിംഗിലൂടെ തെരഞ്ഞെടുത്തത്.
പട്ടിക ചുവടെ:
ഫാ. എബ്രഹാം തോമസ്, ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. എല്‍ദോ ഏലിയാസ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ.ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി.സി തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയാ നൈനാന്‍.
ഇതില്‍ നിന്നും 7 പേരെയാണ് ഫെബ്രുവരി 25ന് കോലഞ്ചേരിയില്‍ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുക്കുക. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 198 മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി 11ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരിയില്‍ ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.

ഔണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായി ലോകമെമ്പാടുമുളള മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ പങ്കെടുക്കും. ഫെബ്രുവരി 25ന് കോലഞ്ചേരിയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ സമര്‍പ്പിക്കേണ്ട 11 മെത്രാപ്പോലീത്തന്‍ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സ്‌ക്രീനിംഗ് കമ്മറ്റി വിശദ പരിശോധനയ്ക്ക് ശേഷം സമര്‍പ്പിച്ച 14 പേരില്‍ നിന്നാണ് മാനേജിംഗ് കമ്മറ്റി 11 പേരെ തെരഞ്ഞെടുക്കുന്നത്. ഓണ്‍ലൈനില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി പീരുമേട് മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രിന്‍സ് വര്‍ഗീസ് ആയിരിക്കും.

ഭാരത സേനക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആദരവ്

രണ്ട് ദിവസത്തെ ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ നമ്മുടെ ഭാരത സേനക്ക് സാധിച്ചു. രക്ഷാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ആര്‍മി, കോസ്റ്റ് ഗാർഡ്, കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരോട് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദരവ് അറിയിക്കുന്നു.

യങ്ങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം: എം. ബി.സി കോളജ് വിജയികള്‍

സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളിലെ മികച്ച ആശയങ്ങളെയും സംരഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി  സംഘടിപ്പിച്ച യങ്ങ് ഇന്നോവേറ്റേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി  സംഘടിപ്പിച്ച യങ്ങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമില്‍ സംസ്ഥാനത്തെ മികച്ച ആശയങ്ങളിലൊന്നായി കുട്ടിക്കാനം മാര്‍  ബസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പ്രൊജക്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.

അയ്യായിരത്തോളം പ്രൊജക്റ്റുകളില്‍ നിന്നായി  സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 96  ആശയങ്ങളിലൊന്നാണിത്. സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്റ്റുകള്‍ക്ക് ആവശ്യമാകുന്ന വിദ്ഗദ്ധ സാങ്കേതിക സഹായവും സാമ്പത്തിക  സഹായവും സര്‍ക്കാര്‍  നല്‍കും. മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രൊഫ. മണികണ്ഠന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ  ജസ്റ്റിന്‍ ഈപ്പന്‍ ജോര്‍ജ്,  സിറില്‍  സി. തോമസ് എന്നിവരാണ് പ്രൊജക്റ്റ് സമര്‍പ്പിച്ചത്.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു. 35-ലേറെ ഇന്ത്യന്‍-വിദേശ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ഇന്ത്യന്‍ ജനതയെ സംഗീതത്തില്‍ ലയിപ്പിച്ച അതുല്യപ്രതിഭ. അവരുടെ പാട്ടുകള്‍ കേട്ട് വളര്‍ന്ന തലമുറകള്‍ക്ക് വികാരനിര്‍ഭരമായ നിമിഷമാണിത്. തളര്‍ന്ന മനസുകളെ ആശ്വാസത്തിന്‍റെയും ആനന്ദത്തിന്‍റെയും ലോകത്തേക്ക് കൈപിടിച്ചു നയിച്ച സംഗീതപ്രതിഭ. ഇന്ത്യന്‍ ജനതയുടെ മനസില്‍ അലിഞ്ഞുചേര്‍ന്ന ആ സ്വര്‍ഗ്ഗീയനാദം ഈശ്വരചൈതന്യം നിറഞ്ഞവയായിരുന്നു. സംഗീതലോകത്തെ മഹാപ്രതിഭയുടെ വിയോഗ ദുഃഖത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയും പങ്കു ചേരുന്നു. ആദരവോടെ ആദരാജ്ഞലികള്‍ സമര്‍പ്പിക്കുന്നു.

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ

‘നേഴ്സ് ഓഫ് ദ ഇയർ’

ആതുര സേവന രംഗത്ത് മികവു പുലർത്തുന്നവർക്ക് കൈരളി ടി.വി. നൽകുന്ന ‘നേഴ്സ് ഓഫ് ദ ഇയർ’ അവാർഡിന് ദുബായ് സെന്‍റ് തോമസ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ശ്രീ. ബിബിൻ എബ്രഹാം അർഹനായി. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്ന് അവാർഡും, മലയാളത്തിന്‍റെ മഹാനടൻ പത്മശ്രീ മമ്മൂട്ടിയിൽ നിന്ന് ഗോൾഡ് മെഡലും ഏറ്റുവാങ്ങി.

കോവിഡ് കാലത്ത് ഒരു കൂട്ടം പ്രവാസികളെ സംഘടിപ്പിച്ച് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരസ്പരം ആശ്വസിപ്പിച്ചും, സഹായിച്ചും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പണമില്ലാത്ത രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കിയും, നാട്ടിലേക്ക് വരാന്‍ പണമില്ലാതെ ദുരിതം അനുഭവിച്ചവരെ സഹായിക്കുകയും, അവരെ നാട്ടിലെത്തിക്കുകയും ചെയ്തു. ആതുരസേവന രംഗത്ത് ആത്മാർത്ഥതയോടെ ചെയ്ത കഠിനാധ്വാനങ്ങളുടെ അംഗീകാരമാണ് ഈ അവാർഡ്. കോട്ടയം കാരാട്ടുകുന്നേല്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയാണ് മാതൃ ഇടവക. ദുബായ് ഹെൽത്ത്‌ അതോറിറ്റിയിൽ ഇപ്പോള്‍ ജോലി ചെയ്യുന്നു. ഭാര്യ: ജിന്‍സി വി. എബ്രഹാം, മക്കള്‍: ഹെയ്ഡന്‍, ഹന്ന