പരിശുദ്ധ കാതോലിക്കാ ബാവായുടെ 40-ാം അടിയന്തിരം ആചരിച്ചു

കോട്ടയം: സമൂഹത്തിന്‍റെ തുടിപ്പുകള്‍ അറിയുകയും സഹജീവികളെ കരുതുകയും ചെയ്തിരുന്ന സഭാദ്ധ്യക്ഷനായിരുന്നു പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റ് അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ മേലദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 40-ാം ദിന അടിയന്തിര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.  കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയില്‍ മെത്രാപ്പോലീത്താമാരായ സഖറിയാ മാര്‍ അന്തോനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്,  എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ സഭയെ നയിച്ച പൗലോസ് ദ്വിതീയന്‍ ബാവാ വിശ്വാസികള്‍ക്കിടയില്‍ എന്നും സ്മരിക്കപ്പെടുമെന്ന് ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത തന്‍റെ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. തുടര്‍ന്ന് കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന നടത്തി. പരിശുദ്ധ ബാവായുടെ 40-ാം അടിയന്തിരം പ്രമാണിച്ച്  കോട്ടയം മുന്‍സിപ്പല്‍ പരിധിയില്‍പെടുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സദ്യ നല്‍കി.

മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്,  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്,  യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍  തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്,  ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,

പി.സി വിഷ്ണുനാഥ് എം.എല്‍.എ,  വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ 40-ാം ദിന അടിയന്തിരം വെളളിയാഴ്ച

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 40-ാം  ദിന അടിയന്തിരം ഓഗസ്റ്റ് 19, 20 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തപ്പെടും.

19 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരം. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാപ്പോലീത്താ മാര്‍ തോമസ് തറയില്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന്  കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം.

20 ന് രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരം. തുടര്‍ന്ന് സീനിയര്‍ മെത്രാപ്പോലീത്തായും അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റുമായ അഭിവന്ദ്യ  കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കും.

കോവിഡ് 19 നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ വിശുദ്ധ കുര്‍ബ്ബാനാസമയത്ത് വിശ്വാസികള്‍ക്ക് ചാപ്പലിലും കബറിങ്കലും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 10 മണിക്ക് ശേഷം വിശ്വാസികള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കബറിടം സന്ദര്‍ശിക്കാവുന്നതാണ്.

പരിശുദ്ധ ബാവായുടെ 40-ാം അടിയന്തിരം പ്രമാണിച്ച്  കോട്ടയം മുന്‍സിപ്പല്‍ പരിധിയില്‍പെടുന്ന എല്ലാ  അഭയകേന്ദ്രങ്ങളിലും ഉച്ചഭക്ഷണം നല്‍കപ്പെടുന്നതാണ്. ഗ്രിഗോറിയന്‍ ടി.വി, കാതോലിക്കേറ്റ് ന്യൂസ്, ഐറിസ് മീഡിയ എന്നിവയില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

കെ. എസ്. ചിത്ര പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു

കോട്ടയം: ക്രിസ്തു സേവനത്തിന്റെ ആള്‍രൂപമായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് ഗായിക കെ.എസ് ചിത്ര. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം കുടുംബത്തോടൊപ്പം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു ചിത്ര. ജാതിമത ചിന്തകള്‍ക്ക് അതീതമായി  മനുഷ്യനെ ഒന്നായി കാണുവാനും സ്‌നേഹിക്കുവാനും ചേര്‍ത്തു നിര്‍ത്തുവാനും, ദുഃഖിതരുടെ കണ്ണീര്‍ ഒപ്പുവാനും നിശബ്ദമായി എന്നും പ്രവര്‍ത്തിച്ചിട്ടുളള ഒരു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെയാണ് സമൂഹത്തിന് നഷ്ടപ്പെട്ടതെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
മെത്രാപ്പോലീത്തമാരായ  കുര്യാക്കോസ് മാര്‍ ക്ലീമ്മീസ്,  ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നു ചിത്രയെ സ്വീകരിച്ചു.

ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നു – ഓർത്തഡോക്സ് സഭ

കോട്ടയം : തിരുവാര്‍പ്പ് മര്‍ത്തശ്മുനി പളളിയെ സംബന്ധിച്ചുളള ബഹു. ഹൈകോടതി വിധി നിയമവാഴ്ച എന്നെന്നും നിലനില്‍ക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത. ആറാഴ്ചക്കുളളില്‍ വിധി നടപ്പാക്കണമെന്ന ഉത്തരവ് സഭ സ്വാഗതം ചെയ്യുന്നു. ഈ പളളി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് കോട്ടയം മുന്‍സിഫ് കോടതി ഉത്തരവ് വന്നിട്ട് രണ്ട് വര്‍ഷമായി. ഒരു വര്‍ഷം മുമ്പ് കോടതി നിര്‍ദ്ദേശപ്രകാരം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. എന്നിട്ടും പളളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമാനുസൃത വികാരിക്ക് പളളിയുടെ താക്കോല്‍ കൈമാറാനും പളളിയില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതിന് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്‍കി. കോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളുടെയും മേല്‍നോട്ടം സംസ്ഥാന പോലീസ് മേധാവി വഹിക്കണമെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചു.

നിയമവ്യവസ്ഥ അനുസരിച്ച് കോടതി വിധി സമാധാനപരമായി നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എത്ര വൈകിപ്പിക്കാന്‍ ശ്രമിച്ചാലും കോടതികളെ അനുസരിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തില്‍ അധികം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നതിന്റെ തെളിവാണ് ഈ കോടതി വിധി. കോടതി വിധി നടപ്പാക്കാന്‍ ഉളള നടപടിക്രമങ്ങള്‍ അധികാരികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ദീയസ്‌കോറസ് പറഞ്ഞു.

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എല്ലാ മതങ്ങളുടെയും അന്തഃസത്ത ഉള്‍ക്കൊണ്ട മനുഷ്യസ്നേഹി : പി.എസ് ശ്രീധരന്‍ പിളള

കോട്ടയം: എല്ലാ മതങ്ങളുടെയും അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യനെ മനുഷ്യനായി കണ്ട് സ്‌നേഹിക്കുവാനും കരുതുവാനും ചേര്‍ത്തുനിര്‍ത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള. പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ‘സ്മൃതി സുകൃതം’ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പ്രാര്‍ത്ഥനയില്‍ അടിയുറച്ച വിശാലമായ കാഴചപ്പാടാണ് പരിശുദ്ധ ബാവായുടേതെന്നും അദ്ദേഹം പറഞ്ഞു. കുര്യാക്കോസ്  മാര്‍ ക്ലീമ്മീസ്  അധ്യക്ഷത വഹിച്ചു.

  • ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു.

ദൈവസ്‌നേഹത്തെ പ്രതി ഈ ലോകത്ത് എല്ലാവരെയും സ്‌നേഹിക്കുകയും കരുതുകയും ചെയ്ത ഒരു ദൈവീക പുരുഷനായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവായെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ആദ്ധ്യാത്മിക രംഗത്തും സാമൂഹിക പ്രതിബദ്ധതയുളള പ്രവര്‍ത്തനരംഗത്തും മാതൃകയായിരുന്നു പരിശുദ്ധ ബാവായെന്ന് ഉമ്മന്‍ ചാണ്ടി.

ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മന്ത്രി വീണാ ജോര്‍ജ്, ജോസഫ് മാര്‍ ബാര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, സി.എസ്.ഐ മധ്യകേരളാ മഹാ ഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍  ജേക്കബ് മാത്യൂ, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബഹു. ഗവര്‍ണര്‍ പരിശുദ്ധ ബാവായുടെ കബറിടം സന്ദര്‍ശിച്ച്  പുഷ്പചക്രം സമര്‍പ്പിച്ചു.

ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളും – ഓർത്തഡോക്സ് സഭ

കോട്ടയം : ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിശ്ചയിച്ചു. ഓഗസ്റ്റ് 02 മുതല്‍ 05 വരെയുള്ള ദിവസങ്ങളില്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് നടന്ന യോഗത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ അസാന്നിദ്ധ്യത്തില്‍ മലങ്കരസഭാ ഭരണഘടനപ്രകാരം സഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് തിരുമേനി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗങ്ങളില്‍ അദ്ധ്യക്ഷം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

 

അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ, അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ എന്നീ തിരുമേനിമാര്‍ ധ്യാനപ്രസംഗം നടത്തി. പരിശുദ്ധ സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മിഷന്‍ സൊസൈറ്റിയുടെയും കോട്ടയം വൈദിക സെമിനാരിയുടെയും നാഗ്പൂര്‍ വൈദിക സെമിനാരിയുടെയും പരുമല സെമിനാരിയുടെയും പരുമല ഹോസ്പിറ്റലിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.

 

ക്രിസ്ത്യന്‍ മൈനോരിറ്റി കണ്‍സേണ്‍സ് എന്ന വിഷയവുമായി ബന്ധപ്പെട്ട് Recent trends in Christian Minority Issues in India എന്ന ടൈറ്റിലില്‍ വിശദമായ പഠന രേഖ അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് സുന്നഹദോസില്‍ അവതരിപ്പിച്ചു. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തന്നെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന അടിയന്തിര ശ്രദ്ധ ആവശ്യമായുളള ഒരു വിഭാഗമുണ്ടെന്നുള്ള സത്യം തിരിച്ചറിഞ്ഞ് അവരെ മുഖ്യ ധാരയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളും നടപടികളും വേഗത്തില്‍ കൈക്കൊള്ളണമെന്ന് യോഗം വിലയിരുത്തി. എക്യുമെനിക്കല്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി സി. എസ്. ഐ, സി. എന്‍. ഐ, ലൂഥറന്‍ സഭാ, മാര്‍ത്തോമ്മാ സഭ എന്നീ സഹോദര സഭകളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ Bilateral Dialogues ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കൈക്കൊള്ളുന്നതിന് നിശ്ചയിച്ചു.

 

മലങ്കരസഭാ തേജസ് അഭിവന്ദ്യ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് (അഞ്ചാമന്‍) മെത്രാപ്പോലീത്തായുടെ ഓര്‍മ്മ ഇനിമുതല്‍ ജൂലൈ മാസം 11-ാം തീയതി ആചരിക്കുന്നതിനും അന്നേദിവസം സഭയുടെ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിനും നിശ്ചയിച്ചു. പരുമല ആശുപത്രിയില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന കാര്‍ഡിയോളജി വിഭാഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ പേരില്‍ നാമകരണം ചെയ്യുന്നതാണ്.

 

ക്രൈസ്തവ മിഷന്‍ പഠനത്തിന് സഹായകമായ Hand Book on Christian Mission Studies എന്നപേരില്‍ ഒരു ഈടുറ്റ ഗ്രന്ഥം പ്രസിദ്ധീകരിച്ച ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ യോഗം അഭിനന്ദിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമി ചുമതലയേല്‍ക്കുന്നതുവരേയ്ക്ക് സഭാഭരണം നിര്‍വ്വഹിക്കുന്നതിനായി കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ അദ്ധ്യതയില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ സെക്രട്ടറിയായി അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ രൂപീകരിച്ച സഭാ മാനേജിംഗ് കമ്മറ്റി യോഗനിശ്ചയം സുന്നഹദോസ് അംഗീകരിച്ചു.

 

പരിശുദ്ധ ബാവാ തിരുമേനിയുടെ 40-ാം അടിയന്തിരം ഓഗസ്റ്റ് 20-ാം തീയതി സമുചിതമായി ആചരിക്കുവാന്‍ നിശ്ചയിച്ചു. സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സെപ്റ്റംബര്‍ മാസം 16-ന് സുന്നഹദോസ് യോഗം കൂടുന്നതിന് തീരുമാനിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവ അനുസ്മരണം ‘സ്മൃതി സുകൃതം’ ആഗസ്റ്റ് ആറിന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം ‘സ്മൃതി സുകൃതം’ ഓഗസ്റ്റ് 6 (വെള്ളി) മൂന്നുമണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ ചേരും. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് അനുശോചന പ്രമേയം അവതരിപ്പിക്കും. ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, സി.എസ്.ഐ മധ്യകേരളാ മഹാ ഇടവകാ ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ , വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു

കോട്ടയം: മലങ്കര മെത്രാപ്പോലീത്തായുടെ അഭാവത്തിൽ  സഭയുടെ ഭരണനിർവ്വഹണത്തിന്  മലങ്കര ഓർത്തഡോക്സ് സഭാ ഭരണഘടന പ്രകാരം  അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു.  ഓർത്തഡോക്സ്‌ സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമ്മീസ് അധ്യക്ഷനായും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സെക്രട്ടറിയായും പ്രവർത്തിക്കും. യൂഹാനോൻ മാർ മിലിത്തോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് , വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോൺ എന്നിവരാണ് മറ്റു കൗൺസിൽ അംഗങ്ങൾ.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും പരുമല സെമിനാരി മുൻ മാനേജർ ഔഗേൻ റമ്പാന്റെയും വിയോഗത്തിൽ മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.  വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേർന്നത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും  പങ്കെടുത്തു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവായുടെ 30-ാം അടിയന്തിരം ഓഗസ്റ്റ് 10 ന്  എല്ലാ ഭദ്രാസന കേന്ദ്രങ്ങളിലും വിശേഷാൽ കുന്നംകുളം ഭദ്രാസന കേന്ദ്രത്തിലും നടക്കും. 40-ാം അടിയന്തിരം സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഓഗസ്റ്റ് 20ന് കോവിഡ് പ്രാേട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തപ്പെടും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.

പരിശുദ്ധ ബാവായുടേത് ഋഷിതുല്യ ജീവിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാനമേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടേത് ഋഷിതുല്യവും ശ്രേഷ്ഠവും ധന്യവുമായ ജീവിതമായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആധ്യാത്മിക നേതൃത്വത്തില്‍ സൂക്ഷ്മത പുലര്‍ത്തിയപ്പോഴും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു പരിശുദ്ധ ബാവായുടേതെന്നു അധ്യക്ഷത വഹിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രന്‍ അനുശോചന സന്ദേശം നല്‍കി. മന്ത്രി ആന്റണി രാജു, കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ് ധര്‍മരാജ് റസാലം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്,

വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍, സി.പി.ഐ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഡപ്യൂട്ടി മേയര്‍ പി.കെ. രാജു,

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി,  പാളയം ഇമാം ഡോ. വി. പി.സുഹൈബ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.

ഓർത്തഡോക്സ്‌ സഭ പ്രതിഷേധിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിൽപ്പെട്ട കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് പള്ളി പെരുന്നാളുമായി ബന്ധപ്പെട്ടു ഉയർത്തിയ കൊടി പാത്രിയർക്കീസ് വിഭാഗം അഴിച്ചു മാറ്റിയതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന ദേവാലയമാണിത്. പ്രകോപനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുവാനുള്ള ബോധപൂർവ്വമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മാതൃകാപരമായി അവരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.