അബലരെ കരുതുന്ന നേതൃത്വം മാതൃക : മന്ത്രി കെ.എന്‍ബാലഗോപാല്‍

പരുമല : അബലരെ കരുതുന്ന നേതൃത്വം മഹനീയ മാതൃകയാണെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാല്‍ പ്രസ്താവിച്ചു. പരിശുദ്ധ ബാവാ തിരുമേനിയുടെ നേതൃത്വം സഭയ്ക്ക് മാത്രമല്ല, സമൂഹത്തിനും തണലാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെ സഹകരണത്തില്‍ നടപ്പാക്കുന്ന സൗഖ്യം പഞ്ചവത്സര ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം പരി.കാതോലിക്കാ ബാവാ നിര്‍വഹിച്ചു. സഭയുടെ ദൗത്യം കണ്ണീരൊപ്പുന്നതുകൂടിയാണെന്നും പരിശുദ്ധ ബാവാ പ്രസ്താവിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ ഒരു സഭയുടെ മാത്രമല്ല, എല്ലാ ക്രൈസ്തവ സഭകളെയും കോര്‍ത്തിണക്കുന്ന മഹനീയ നേതൃത്വമാണെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, സഭാ പി.ആര്‍.ഒ. ഫാ.മോഹന്‍ ജോസഫ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

മികച്ച വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്തി പഠിക്കണം – എ. എന്‍. ഷംസീര്‍

പരുമല: പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രയോജനപ്പെടുത്തി ഉപരി പഠന സാധ്യതകള്‍ തേടണമെന്ന് കേരള നിയമസഭ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍. മിടുക്കരായ കുട്ടികള്‍ പഠനം ഏതെങ്കിലും മേഖലകളില്‍ വച്ച് അവസാനിപ്പിക്കാതെ തുടര്‍ പഠന സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള മെറിറ്റ് ഈവനിംഗ് പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ക്ലാസ് മുതല്‍ പി എച്ച് ഡി വരെ ഉന്നത വിജയം നേടിയവരും കലാ-കായിക രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചവരുമായ 2500 ഓളം പ്രതിഭകളെയാണ് ആദരിച്ചത്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മിടുക്കരും പ്രതിഭാശാലികളുമായവര്‍ ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്താഗതികള്‍ക്ക് അതീതമായി മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളായി മാറണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് വിതരണം ചെയ്തു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ദയാ ഭായിയുടെ നിരാഹാരസമരം ഗൗരവത്തോടെ പരിഗണിക്കണം: അഡ്വ. ബിജു ഉമ്മന്‍

കോട്ടയം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദയാ ഭായി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്നത് അഭിലഷണീയം അല്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായവരില്‍ കുട്ടികള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിക്കുന്ന സാഹചര്യം ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്. പുനരധിവാസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം ഗൗരവമായി കാണേണ്ടതുണ്ട്. തീരാദുരിതമനുഭവിക്കുന്നവരുടെ ആവലാതി അനുഭാവപൂര്‍വം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയായ ദയാ ഭായിയുടെ സ്വരം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

വടക്കഞ്ചേരി ബസ് അപകടം : സഹായം പ്രഖ്യാപിച്ച് പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരണപ്പെട്ട വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ അധ്യാപകന്റെയും വിദ്യാർത്ഥികളുടെയും കെ എസ് ആർ ടി സി യാത്രികരായവരുടെയും വിയോഗം അതീവമായ ദുഃഖം ഉളവാക്കുന്നതാണെന്നും പ്രിയപ്പെട്ടവരുടെ അഗാധമായ ദുഃഖത്തിൽ പ്രാർഥനാപൂർവ്വം പങ്കു ചേരുന്നതായും തീവ്രമായ വേദനയിൽ കൂടെ കടന്നു പോകുന്ന പരേതരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും പരിശുദ്ധ സഭയുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാകുമെന്നും പരിശുദ്ധ ബാവ അറിയിച്ചു.

ഈ ദുരന്തത്തിൽ അടിയന്തര സഹായം എന്ന വിധത്തിൽ വിദ്യാനികേതൻ സ്കൂളിലെ മരണപ്പെട്ട അധ്യാപകന്റെയും വിദ്യാർഥികളുടെയും കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ പരിശുദ്ധ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.

വടക്കഞ്ചേരി ബസ് അപകടം : സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു

കോട്ടയം: മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽ 9 പേർ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർ.ടി.ഒ) ചെയർമാനായി അന്വേഷണ കമ്മീഷണനെ എം.ഒ.സി പബ്ലിക് സ്കൂൾസ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. പി. എം. വർഗീസ് മാമലശ്ശേരി (റിട്ടയേർഡ് എസ്.പി ), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്കൂൾസ് ) എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ഒക്ടോബർ 17-ന് റിപ്പോർട്ട് സമർപ്പിക്കണം.

ഓര്‍ത്തഡോക്സ് സഭ മെറിറ്റ് ഈവനിംഗ് ഒക്‌ടോബര്‍ 13-ന് പരുമലയില്‍

കോട്ടയം: പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെറിറ്റ് ഈവനിംഗ് നടത്തും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 2500-ല്‍ പരം പ്രതിഭകളെയാണ് അനുമോദിക്കുന്നത്.

ഒക്‌ടോബര്‍ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ബഹു. കേരളാ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. അറിയിപ്പ് ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകളുമായി അന്നേദിവസം 1 മണിക്ക് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

വടക്കഞ്ചേരി അപകടം: പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

വടക്കഞ്ചേരിയില്‍ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടം അതീവ ദുഃഖകരമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മുളന്തുരുത്തി വെട്ടിക്കല്‍ മാർ ബസേലിയോസ് വിദ്യാനികേതന്‍ വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകന്‍റെയും, ബസ് യാത്രികരുടെയും വേര്‍പാടില്‍ പരിശുദ്ധ ബാവാ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ പങ്ക് ചേരുന്നു. സമൂഹത്തിനുണ്ടായ നികത്താവാനാത്ത ഈ നഷ്ടത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദരാജ്ഞലികള്‍ അറിയിക്കുന്നു. കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: കൊടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. പൊതുരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. ഓർത്തഡോക്സ് സഭയുമായി ആത്മബന്ധം പുലർത്തിയ നേതാവും സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയവും കൈത്താങ്ങും നൽകുന്നതിൽ ശ്രദ്ധാലുവുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മലങ്കര ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു.

ലഹരിക്കെതിരെ ഡ്രഗ്‌സിറ്റ് പദ്ധതിയുമായി ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സമൂഹം നേരിടുന്ന ‘ലഹരി അടിമത്തം’ എന്ന മഹാവിപത്തിനെതിരെ ഗാന്ധിജയന്തി ദിനത്തില്‍ കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന ഒരു മാസം നീളുന്ന ബോധവത്കരണ പദ്ധതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയും സര്‍വാത്മനാ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മത സാമുദായിക നേതാക്കളുടെ യോഗത്തില്‍ ഈ വിഷയം സംബന്ധിച്ച് സഭയുടെ പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ‘ലഹരിമുക്ത സഭ, ലഹരിമുക്ത സമൂഹം’ എന്ന മുദ്രാവാക്യവുമായി സഭയുടെ മാനവശാക്തീകരണ വിഭാഗം ആവിഷ്‌കരിക്കുന്ന ഡ്രഗ്‌സിറ്റ് (DRUXIT) എന്ന ത്രിവത്സര ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതി എല്ലാ ഇടവകകളിലും സഭാവക സ്ഥാപനങ്ങളിലും നടപ്പിലാക്കും. സഭയും സര്‍ക്കാരും നടത്തുന്ന ലഹരിവിരുദ്ധ പദ്ധതികള്‍ സംബന്ധിച്ച് ഒക്ടോബര്‍ 2-ന് (ഞായര്‍) പള്ളികളില്‍ അറിയിപ്പുകള്‍ നല്‍കും. ബൃഹത്തായ ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു കൊണ്ടും സമകാലീന സമൂഹത്തിനും വളര്‍ന്നുവരുന്ന തലമുറയ്ക്കും പ്രയോജനപ്രദമായ പദ്ധതിയിലേക്ക് സഭാവിശ്വാസികളുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ടു കൊണ്ടും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പള്ളികൾക്ക് കല്പന അയച്ചിട്ടുണ്ട്.

ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കിയ തീരുമാനം പിന്‍വലിക്കണം: അഡ്വ. ബിജു ഉമ്മന്‍

കോട്ടയം: ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവര്‍ത്തി ദിവസം ആക്കുവാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധന ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഞായറാഴ്ചയാണ്. ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കുവാനുള്ള പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നു. ഇത് ഭരണഘടന അനുവദിച്ചു തരുന്ന മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലംമുതല്‍ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതായി അറിവില്ല. കേരള ഗവണ്‍മെന്റിന്റെ പുതിയ പരിഷ്‌കാരം പ്രതിഷേധാര്‍ഹമാണ്. ഒക്ടോബര്‍ 2 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്ന പ്രവര്‍ത്തി ദിവസം മറ്റേതെങ്കിലും ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.