സഭാസമാധാന ചര്‍ച്ച അട്ടിമറിച്ച് നിയമനിര്‍മ്മാണത്തിനുളള മുറവിളി അപഹാസ്യം – മാര്‍ ക്രിസോസ്റ്റമോസ്

കോട്ടയം: മലങ്കര സഭാ പ്രശ്‌നം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയിട്ട് നിയമനിര്‍മ്മാണം വേണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗം മുറവിളി കൂട്ടുന്നത് അപഹാസ്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. മുഖ്യമന്ത്രിയുടെയും, ചീഫ് സെക്രട്ടറിയുടെയും അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരിന്‍റെ നിലപാടിനോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചത്. സഭാ പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളിയിട്ടുളളതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുളള ശ്രമം പാത്രിയര്‍ക്കീസ് വിഭാഗം ഉപേക്ഷിക്കണം. ബഹുഭൂരിപക്ഷം വിശ്വാസികളും നിയമസംവിധാനങ്ങള്‍ക്ക് വിധേയമായി സഭയുടെ ഭരണനിര്‍വ്വഹണം നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം വിഘടിത വിഭാഗം നേതൃത്വം തിരിച്ചറിയണം.

നിലവിലുളള നിയമങ്ങള്‍ക്ക് വിധേയപ്പെടാത്തവര്‍ പുതിയ നിയമനിര്‍മ്മാണത്തിന് വേണ്ടി വാദിക്കുന്നതിലെ വൈരുദ്ധ്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുളളൂ. സുപ്രീം കോടതി വിധിയുടെ പരിധിക്കുളളില്‍ നിന്നുകൊണ്ട് സമാധാനം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ പുതിയ നിയമനിര്‍മ്മാണം എന്ന പേര് പറഞ്ഞ് അട്ടിമറിച്ചവര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിച്ച് സര്‍ക്കാരിനോട് സഹകരിക്കണം. നിഷേധാത്മകമായ നിലപാടുകള്‍ വിഘടിത വിഭാഗം നിരന്തരം സ്വീകരിക്കുന്ന സാഹചര്യത്തില്‍ ബഹു. സുപ്രീം കോടതി വിധി നടപ്പാക്കി സഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ചര്‍ച്ചകളില്‍ ഇരുവിഭാഗവും സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്കെതിരെയുളള അതിക്രമം പ്രതിഷേധാര്‍ഹം: ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കുന്നംകുളം പെങ്ങാമുക്ക് പളളിക്ക് സമീപം പരിശുദ്ധ കാതോലിക്കാ ബാവായെ പാത്രിയര്‍ക്കീസ് വിഭാഗം തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനുളള ഗൂഢശ്രമാണിത്. വളരെ ഗൗരവത്തോടെയാണ് സഭാ അദ്ധ്യക്ഷനു നേരെയുളള അക്രമത്തെ സഭ കാണുന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലീക അവകാശങ്ങളെ നിഷേധിക്കുന്ന ഇത്തരത്തിലുളള നടപടികള്‍ ദുഃഖകരമാണ്. സഭാ അദ്ധ്യക്ഷനായ പരിശുദ്ധ കാതോലിക്കാ ബാവായെ ഭീഷണിപ്പെടുത്തിയും വാഹനം തടഞ്ഞും സഭാ തര്‍ക്കം പരിഹരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.

സഭാ തര്‍ക്കം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതം – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തില്‍ സമാധാനം സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്ത് ആരംഭിച്ച ചര്‍ച്ചകള്‍ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതനുസരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും, നാളെ (15.11.2022) ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുവാന്‍ അറിയിപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോടതി വിധി നടപ്പാക്കിയ പളളികളുടേത് ഉള്‍പ്പെടെ ചര്‍ച്ചക്ക് വരും എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമാണ്. 2017-ല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ പളളികളുടെ കാര്യത്തില്‍ പുനര്‍ചിന്തനം സംബന്ധിച്ച് ഇതുവരെ നടന്നിട്ടുളള ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടില്ല. വിധി നടപ്പിലാക്കിയ പളളികളുടെ കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

നവംബര്‍ 13 ലഹരിവിരുദ്ധ ദിനമായി ആചരിക്കും

കോട്ടയം: നവംബര്‍ 13 ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭ ലഹരി വിരുദ്ധ ദിനമായി ആചരിക്കും. ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കിവരുന്ന DRUXIT(ലഹരിയില്‍ നിന്നുളള വിടുതല്‍) പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ആചരണം. എല്ലാ ഇടവകകളിലും കുട്ടികളേയും യുവജനങ്ങളേയും ഉള്‍പ്പെടുത്തി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രമേയം വായിക്കും. ലഹരി വിരുദ്ധ റാലിയും നടത്തപ്പെടുന്നതാണ്.

The graphics in Aviator Parimatch are sleek and modern, enhancing the overall gaming experience. The user interface is intuitive, making it easy for both newcomers and seasoned players to navigate. Additionally, the real-time betting dynamics create an interactive atmosphere that enhances player engagement.

കാതോലിക്കാ ബാവാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍: ജനുവരി 2, 3

കോട്ടയം: പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 59-ാം ഓര്‍മ്മയോടനുബന്ധിച്ച്, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ എന്നിവരുടെ ഓര്‍മ്മപ്പെരുന്നാള്‍ സംയുക്തമായി ജനുവരി 2, 3 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആചരിക്കുന്നതാണ്. കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. കുറിയാക്കോസ് ഏലിയാസിനെ ജനറല്‍ കണ്‍വീനറായും, എ.കെ. ജോസഫിനെ ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.

വിശുദ്ധിയിലേക്ക് വളരുവാന്‍ ദൈവത്തിങ്കലേക്ക് മടങ്ങിവരണം: മാര്‍ സ്‌തേഫാനോസ്

പരുമല : വിശുദ്ധിയിലേക്ക് വളരുവാന്‍ ദൈവത്തിങ്കലേക്ക് മടങ്ങിവരണമെന്ന് ഏബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ പരുമലയില്‍ നടന്ന ധ്യാനം നയിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക കുടുംബ പ്രശ്‌നങ്ങളുടെ പ്രധാന കാരണം ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയാണ്. അദ്ധ്യാത്മിക ജീവിതം വഴി ദൈവത്തിങ്കലേക്ക് മടങ്ങി വരുവാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനായോഗം പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ.ബിജു മാത്യു പ്രക്കാനം, ജനറല്‍ സെക്രട്ടറി ഫാ.മത്തായി കുന്നില്‍, സെക്രട്ടറിമാരായ സനാജി ജോര്‍ജ്ജ് ചേപ്പാട്, ഐസക് തോമസ്, പി.എസ്. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരാണ് വൈദികര്‍ – മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത

പരുമല: അതിസങ്കീര്‍ണ്ണവും അസാധാരണവുമായ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരാണ് വൈദികരെന്ന് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത പറഞ്ഞു. അഖില മലങ്കര വൈദിക സംഘത്തിന്റെ സോണല്‍ സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭാരപ്പെട്ടിരിക്കുന്നവരെ താങ്ങാന്‍ കടപ്പെട്ടവരാണ് വൈദികരെന്നും അദ്ദേഹം പറഞ്ഞു. അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ആര്‍ഭാടങ്ങളും ആഘോഷങ്ങളും നിയന്ത്രിച്ച് പാവങ്ങളെ സഹായിക്കുന്നവരാകണം വൈദികരെന്ന് അഭി.തിരുമേനി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോഗം അതിഭയനാകമായി വളരുകയാണ്. പരി.പരുമല തിരുമേനിയുടെ ആരാധനാ ജീവിതം വൈദികര്‍ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവാഭിഷിക്തരായ മെത്രാപ്പോലിത്തമാര്‍ക്കും സഭാസ്ഥാനികള്‍ക്കും സമ്മേളനത്തില്‍ സ്വീകരണം നല്‍കി. മലങ്കരസഭാ ഗുരുരത്‌നം ഫാ.ഡോ.റ്റി.ജെ.ജോഷ്വായ്ക്ക് ഗുരുവന്ദനം നല്‍കി ആദരിച്ചു. ഫാ.ഡോ.ജേക്കബ് കുര്യന്‍, അഭി.സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത എന്നിവര്‍ പഠനക്ലാസ്സ് നയിച്ചു.

വൈദികസംഘം ജനറല്‍ സെക്രട്ടറി ഫാ.ഡോ. നൈനാന്‍ വി. ജോര്‍ജ്ജ്, ഫാ.ഡോ.മാത്യു വര്‍ഗീസ്, ഫാ. സ്‌പെന്‍സര്‍ കോശി, ഫാ. ലെസ് ലി പി. ചെറിയാന്‍, ഫാ. ചെറിയാന്‍ ടി. സാമുവല്‍, ഫാ. ജോണ്‍ ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

മെത്രാപ്പോലീത്താമാർക്ക് ഭദ്രാസന ചുമതലകൾ നൽകി

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിൽ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാർക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ ഭദ്രാസന ചുമതലകൾ നൽകി. അതോടൊപ്പം നിലവിൽ ഉണ്ടായിരുന്ന മെത്രാപ്പോലീത്താമാരുടെ ഭദ്രാസനങ്ങള്‍ പുനർക്രമീകരിക്കുകയും ചെയ്തു. സഭാ ഭരണഘടനയുടെ 64-ാം വകുപ്പ് അനുസരിച്ച്, സഭാ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയോടും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്‍റെ ശുപാർശയോടും കൂടിയാണ് പരിശുദ്ധ കാതോലിക്കാബാവാ നിയമനം നല്‍കിയിരിക്കുന്നത്. നവംബര്‍ 3-ാം തീയതി മുതല്‍ മെത്രാപ്പോലീത്താമാര്‍ പുതിയ ഭദ്രാസനങ്ങളില്‍ ചുമതലയേല്‍ക്കും.

കൊല്ലം: ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ
മാവേലിക്കര: ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ
ചെങ്ങന്നൂർ: ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ
കൽക്കട്ട: അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ
കോട്ടയം: ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ
കുന്നംകുളം: ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ
യു.കെ.-യൂറോപ്പ്-ആഫ്രിക്ക: ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ
സൗത്ത് വെസ്റ്റ് അമേരിക്ക: ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ
അഹമ്മദാബാദ്: ഡോ. ഗീവർഗീസ് മാർ തെയൊഫിലോസ് മെത്രാപ്പോലീത്താ
മദ്രാസ്: ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ
മലബാർ: ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ
സുൽത്താൻ ബത്തേരി: ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്താ
ഇടുക്കി: സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്താ

ആത്മീയതയുടെ മറുപേരാണ് പരിശുദ്ധ പരുമല തിരുമേനി – ഡോ. സിറിയക് തോമസ്

പരുമല: മലയാളക്കരയില്‍ ആത്മീയതയുടെ മറുപേരായി നിലകൊള്ളുന്ന വിശുദ്ധനാണ് പരുമല തിരുമേനി എന്ന് ഡോ.സിറിയക് തോമസ് പറഞ്ഞു. പേട്രണ്‍സ് ഡേ സെലിബ്രേഷന്‍ പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാര്‍ത്ഥനയുടെ ബലം ജീവിതത്തോടു ചേര്‍ത്തുവെക്കുവാന്‍ സാധിക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, പ്രൊഫ. ഇ. ജോണ്‍ മാത്യു, പ്രൊഫ.കെ.എ.ടെസ്സി എന്നിവര്‍ പ്രസംഗിച്ചു.

പരുമല തിരുമേനി ആദ്ധ്യാത്മികതയുടെ തീവ്ര ഭാവം പകര്‍ന്ന പുണ്യവാന്‍ : മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

പരുമല : ആദ്ധ്യാത്മികതയുടെ തീവ്രമായ ഭാവത്തിലൂടെ ക്രിസ്തുവിലുള്ള സമര്‍പ്പണം സമ്പൂര്‍ണ്ണമാക്കിയ പുണ്യവാനാണ് പരുമല തിരുമേനിയെന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല അഴിപ്പുരയില്‍ നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധിയുടെ ആദ്ധ്യാത്മിക സൗന്ദര്യം പകര്‍ന്ന ദാര്‍ശനികനും കര്‍മ്മയോഗിയുമായിരുന്നു പരുമല തിരുമേനി എന്ന് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരേസമയം വിവിധ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ഭൂമിയില്‍വെച്ച് ദൈവത്തോട് സംവദിക്കുകയും ചെയ്ത പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, അസി.മാനേജര്‍ ഫാ.ജെ.മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.