കോടതി വിധികള്‍ക്ക് ഉള്ളില്‍ നിന്നുളള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹം – ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: രാജ്യത്തിന്റെ നിയമത്തിനും ബഹു. കോടതി വിധികള്‍ക്കും വിധേയമായി ഏത് സമാധാന ശ്രമത്തെയും ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ബഹു. കേരളാ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മലങ്കര സഭയില്‍ നിയമാനുസൃതമായ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും ഓര്‍ത്തഡോക്‌സ് സഭയുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പ്രശ്‌ന പരിഹാരം വൈകിക്കാതെ, ഇരു കൂട്ടരുമായി വെവ്വേറെ ചര്‍ച്ച നടത്തി സമയബന്ധിതമായി നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശാവാഹമാണ്.

സഭാ തര്‍ക്കം പരിഹരിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവര്‍ പങ്കെടുത്തു.

ലഹരിക്കെതിരേ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സമൂഹം നേരിടുന്ന അതിഭയാനകമായ ലഹരി വിപത്തിനെതിരേ ‘ലഹരിമുക്ത സഭ, ലഹരിമുക്ത സമൂഹം’’എന്ന ലക്ഷ്യം മുന്‍നിറുത്തി ബോധവല്‍ക്കരണ പദ്ധതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ എല്ലാ ഇടവകകളിലും പ്രൊഫഷണല്‍ കോളജുകളടക്കമുളള കലാലയങ്ങളിലും, സ്‌ക്കൂളുകളിലും ഈ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കും. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ലഹരിക്കെതിരേ നടത്തുന്ന വിവിധ കര്‍മ്മപദ്ധതിയുമായി ചേര്‍ന്ന് സഭയും പ്രവര്‍ത്തിക്കും. സഭയുടെ മാനവശാക്തീകരണ വിഭാഗം മുമ്പോട്ടു വയ്ക്കുന്ന ഈ ത്രിവത്സര പദ്ധതി ഇടവക ഭക്തസംഘടനകള്‍ ഏറ്റെടുത്ത് നടപ്പാക്കും. വൈദികര്‍, സണ്‍ഡേസ്‌ക്കൂള്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനം, മര്‍ത്തമറിയം വനിതാസമാജം, സുവിശേഷ സംഘം ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതാണ്. നവംബര്‍ 13 (ഞായര്‍) ലഹരി വിരുദ്ധ ദിനമായി ഇടവകകളില്‍ ആചരിക്കുന്നതാണ്. സ്‌ക്കൂള്‍, കോളജ് തലങ്ങളിലെ ബോധവല്‍ക്കരണത്തിനായി അതാതു പ്രദേശങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. ഡ്രഗ്‌സിറ്റ്’(DRUXIT) എന്ന പേരില്‍  ആവിഷ്‌ക്കരിക്കുന്ന ഈ പദ്ധതി സഭയിലും സമൂഹത്തിലും കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ ജാതിമതഭേദമെന്യേ എല്ലാവരും തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പളളികള്‍ക്ക് അയച്ച കല്‍പനയിലൂടെ ആഹ്വാനം ചെയ്തു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ ചിത്രം പതിച്ച സ്റ്റാമ്പ് ഓസ്ട്രേലിയ പുറത്തിറക്കി

മെൽബൺ: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ സ്മരണയ്ക്കായി ഓസ്ട്രേലിയൻ തപാൽ വകുപ്പ് പുറത്തിറക്കുന്ന പരിശുദ്ധ ബാവായുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് മെൽബൺ കത്തീഡ്രലിൽ വച്ച് ഓസ്ട്രേലിയൻ പാർലമെൻറ് അംഗവും മുൻ സാംസ്കാരിക വകുപ്പ് അധ്യക്ഷനുമായ പീറ്റർ ഖലീൽ എം. പി. പരിശുദ്ധ ബാവായ്ക്ക് നൽകി പ്രകാശനം ചെയ്തു. ഓസ്ട്രേലിയൻ ഗവൺമെന്റ് ഒരു ഇന്ത്യൻ സഭാ മേലധ്യക്ഷന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്നത് ആദ്യമായാണ്. സ്റ്റാമ്പിന്റെ കോപ്പി ലോകത്തെവിടെ നിന്നും ആർക്കും ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി secretary@stmarysioc.org.au എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

പുതുതായി പണി കഴിപ്പിച്ച ബ്രിസ്ബെൻ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ എന്നിവർ സഹകാർമികത്വം വഹിച്ചു.
മെൽബൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി എന്നീ ദേവാലയങ്ങൾ ബാവാ സന്ദർശിച്ചു. മെൽബൺ കത്തീഡ്രലിൽ നടന്ന സ്വീകരണ ചടങ്ങിൽ വിവിധ സഭാ മേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത് പരിശുദ്ധ പിതാവിനെ അനുമോദിച്ചു. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തീകരിച്ച് പരിശുദ്ധ ബാവാ ഇന്ന് (19/09/2022) അമേരിക്കൻ നാടുകളിലേക്ക് യാത്ര തിരിക്കും.

കല്ലുങ്കത്ര പളളി : ഓര്‍ത്തഡോക്‌സ് സഭയെ തടഞ്ഞു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ കല്ലുങ്കത്ര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പളളി 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന കോട്ടയം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവ് അനുസരിച്ച് പളളിയില്‍ പ്രവേശിക്കാന്‍ എത്തിയ വൈദികരെയും ഇടവകാംഗങ്ങളെയും തടഞ്ഞത് പ്രതിഷേധാര്‍ഹമാണെന്ന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. പോലീസ് അധികാരികള്‍ നോക്കി നില്‍ക്കെ പളളിയുടെ പ്രധാന കവാടം പൂട്ടി തടസ്സം സൃഷ്ടിച്ചത് നിയമ വ്യവസ്ഥിതിയോടുളള വെല്ലുവിളിയാണ്.

നിയമാനുസൃതം നിയമിക്കപ്പെട്ടിട്ടുളള വികാരി ഫാ. കെ. എം. സഖറിയായുടെ നേതൃത്വത്തില്‍ എത്തിയ വൈദികരെയും വിശ്വാസികളെയുമാണ് ഒരു കൂട്ടം ആളുകള്‍ തടഞ്ഞത്. സമാധാന അന്തരീക്ഷം തകര്‍ക്കാതെ പോലീസ് അധികാരികളുമായി സഹകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ച് പിരിഞ്ഞു പോയ വിശ്വാസികളെ അഭിനന്ദിക്കുന്നു. നിയമപരമായ സംരക്ഷ ഉറപ്പാക്കി കല്ലുങ്കത്ര പള്ളിയുടെ അവകാശം മലങ്കര സഭ സംരക്ഷിക്കുന്നതാണെന്ന് മാര്‍ ദീയസ്കോറോസ് പറഞ്ഞു.

വിശ്വമാനവികത സഭയുടെ ലക്ഷ്യം – പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല: ലോകത്തിലുള്ള എല്ലാ മനുഷ്യരെയും സഹോദരങ്ങളായി കണ്ട് സ്‌നേഹിക്കുവാനും കരുതുവാനുമുള്ള ബാധ്യതയാണ് സഭയ്ക്കുള്ളതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 110-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം പരുമല സെമിനാരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.

ഡോ.കെ.എസ്.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ക്രിസ്തു വചനങ്ങളുടെയും ക്രൈസ്തവ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ തദ്ദേശീയമായി അലിഞ്ഞുചേര്‍ന്ന ഓര്‍ത്തഡോക്‌സ് ആത്മീയതയുടെ ചൈതന്യമാണ് കാതോലിക്കേറ്റെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍. ക്രൈസ്തവ സാഹിത്യം മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമെന്നും അദ്ദേഹം പറഞ്ഞു. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. സഭ നടപ്പിലാക്കുന്ന ‘സഹോദരന്‍’ സാധുജനക്ഷേമപദ്ധതിയില്‍ നിന്നുള്ള സഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.

കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 110-ാം വാര്‍ഷിക ആഘോഷം 14-ന് പരുമലയില്‍

കോട്ടയം: മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 110-ാം വാര്‍ഷിക ആഘോഷം 14-ന് പരുമല പള്ളിയില്‍ നടക്കും. രാവിലെ 7-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് 110-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 8.30-ന് പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. പി.എസ്.സി. മുന്‍ ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. സഭ നൂതനമായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘സഹോദരന്‍’ സാധുജന ക്ഷേമ പദ്ധതിയില്‍ നിന്നുള്ള സഹായ വിതരണവും നടത്തപ്പെടുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

കോട്ടയം എം. ഡി. കൊമേഴ്‌സ്യല്‍ സെന്‍റര്‍: രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള എം. ഡി. കൊമേഴ്‌സ്യല്‍ സെന്‍റര്‍ കെട്ടിടങ്ങളുടെ രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. കോട്ടയം ബസേലിയോസ് കോളജിന് കിഴക്ക് വശത്ത് കെ. കെ. റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന രണ്ട് കെട്ടിടങ്ങളുടെയും മുകളില്‍ ഒരു നില കൂടി നിര്‍മ്മിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. 6 മാസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.ഡി.സി.സി. ഉപസമിതി കണ്‍വീനര്‍ എ. കെ. ജോസഫ് അറിയിച്ചു.

എലിസബത്ത് രാജ്ഞിയുടെ വിയോഗം: പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. രാജ്ഞിയുടെ വേർപാട് ലോകത്തിനാകമാനം നികത്താനാവാത്ത നഷ്ടമാണ്. ദൈവാശ്രയത്തോടും ഊഷ്മള ബന്ധങ്ങളോടും ബ്രിട്ടീഷ് സാമ്രാജ്യത്തെ അര നൂറ്റാണ്ടിലധികം നയിച്ച രാജ്ഞി പക്വതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പര്യായമാണ്.
രാജ്ഞിയുടെ വിശിഷ്ടമായ സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു. രാജ്ഞിയുടെ വേർപാടിൽ പ്രാർത്ഥനയും ആദരാജ്ഞലികളും ആർപ്പിക്കുന്നു. രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിശുദ്ധ ബാവാ പറഞ്ഞു.

സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ നിലപാട് സ്വാഗതാര്‍ഹം – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കേരളം ഇന്ന് നേരിടുന്ന ലഹരി എന്ന മഹാവിപത്തിനെതിരെയും ലഹരി മാഫിയക്കെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സര്‍ക്കാര്‍ നടപടികളെ പൂര്‍ണ്ണമായും സഭ പിന്തുണക്കുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസന-ഇടവക തലങ്ങളില്‍ ലഹരിക്കെതിരെ ക്രിയാത്മകമായ പദ്ധതികള്‍ രൂപീകരിക്കും. ഇതിനെതിരെ പൊരുതുവാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ കാണിക്കുന്ന ആര്‍ജ്ജവം സാക്ഷര കേരളത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ്. സാമുദായിക-രാഷ്ട്രീയ സംഘടനകള്‍ ഒരുമിച്ച് കൈകോര്‍ത്ത് ഈ വിപത്തിനെതിരെ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും നമ്മുടെ പുതുതലമുറയെ ആരോഗ്യത്തോടെ സമൂഹത്തിന് പ്രയോജനകരമായി ജീവിക്കുവാന്‍ പ്രേരിപ്പിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

പാറേട്ട് മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

പാമ്പാടി : കോട്ടയം മെത്രാസനത്തിന്‍റെ ഭാഗ്യസ്മരണാര്‍ഹനായ പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ 42-ാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ ആചരിച്ചു.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്താമാരായ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, അഭി. ഡോ. തോമസ് മാര്‍ ഈവാനിയോസ്, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, അഭി. സക്കറിയ മാര്‍ സേവേറിയോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.