സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് സഭകള്‍ ഒരുമിച്ചു നില്‍ക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം: എല്ലാ ക്രിസ്തീയ സഭകളും അവയുടെ സ്വത്വബോധം നിലനിര്‍ത്തി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു നില്‍ക്കാനുള്ള പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.  മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമ്മീസ് പിതാവിന്റെ
നേതൃത്വത്തില്‍ പട്ടത്തെ അരമനയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ സഭകള്‍ക്ക് പരസ്പരം സഹകരിക്കാന്‍ കഴിയണമെന്ന് സ്വാഗത പ്രസംഗത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് പിതാവ്‌ പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തന്റെ ക്ഷണം സ്വീകരിച്ചത് അതിന്റെ നല്ല തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആന്റണി രാജു, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ബിഷപ് ഉമ്മന്‍ ജോര്‍ജ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.