
ഭൂമിയില്‍ വര പ്രസാദം ലഭിച്ചവര്‍ക്ക് സമാധാനം സിദ്ധിച്ച മഹാദിവസമാണ് ക്രിസ്മസ്. പാപാന്ധകാരത്തില്‍ ഉഴറി നീങ്ങിയിരുന്ന മനുഷ്യര്‍ക്ക് ക്രിസ്തുവിലൂടെ രക്ഷ ലഭിച്ചു. ദൈവസൃഷ്ടിയുടെ മഹത്വം വെളിപ്പെട്ടത് ക്രിസ്തുവിന്‍റെ മനു ഷ്യാവതാരത്തിലൂടെയാണ്. വേദപുസ്തക വിവരണം അനുസരിച്ച് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്‍റെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ്. മനുഷ്യര്‍ക്ക് ദൈവം നല്‍കിയിരുന്ന വരദാനമായിരുന്ന സ്വാതന്ത്ര്യം മനുഷ്യന്‍ വിവേകശൂന്യമായി ഉപയോഗിച്ചതു കൊണ്ട് സൃഷ്ടി ദൈവത്തില്‍ നിന്ന് അകന്നു പോയി. ദൈവപുത്രന്‍റെ തിരുപ്പിറവിയിലൂടെ മനുഷ്യര്‍ ദൈവസ്വരൂപത്തിലേക്ക് വളരുവാനുള്ള സാധ്യത തിരികെ ലഭിച്ചു. ഇത് വീണ്ടെടുപ്പിന്‍റെ പിറവിയാണ്. ഇതിനു പിന്നില്‍ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ഉദാത്ത സ്‌നേഹഗാഥയാണുള്ളത്.

പുല്‍ത്തൊട്ടിലിലെ ജനനം ലാളിത്യത്തിന്‍റെ ഉത്കൃഷ്ട മാതൃകയാണ്. ദൈവപുത്രന്‍റെ തിരുജനനത്തെക്കുറിച്ച് ആദ്യം അറിവ് ലഭിച്ചത് ആട്ടിടയന്‍മാര്‍ക്കാണ്. തിരുപ്പിറവി അറിയിപ്പ് ശ്രദ്ധേയമാണ്. ‘ഭയപ്പെടേണ്ട സര്‍വജനത്തിനും ഉണ്ടാകാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. ഭയരഹിതമായ ജീവിതം മനുഷ്യര്‍ക്ക് നല്‍കാനാണ് യേശു പിറന്നത്. കാല ദേശ വര്‍ഗ്ഗ വര്‍ണ വ്യത്യാസമില്ലാതെ സര്‍വര്‍ക്കും യേശുവിന്‍റെ ജനനം സന്തോഷം നല്‍കുന്നു. എന്നാല്‍ മനുഷ്യ വര്‍ഗത്തെ ഭീതിപ്പെടുത്തുന്ന പല സാഹചര്യങ്ങളും ഇന്ന് നിലനില്‍ക്കുന്നു. റഷ്യന്‍- യുക്രെയിന്‍ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ആഗോളതലത്തില്‍ മനുഷ്യ ജീവിതത്തെ താറുമാറാക്കി. ബഫര്‍സോണ്‍ എന്ന ഡമോക്ലീസിന്‍റെ വാളും വന്യജീവി ആക്രമണവും വയനാടന്‍ ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ ദുര്‍ഘട ഘട്ടത്തില്‍ ക്രിസ്തുവിന്‍റെ ജനനം നമുക്ക് നല്‍കുന്ന സന്തോഷവും സമാധാനവും പ്രത്യാശയും വലുതാണ്. ദൈവസ്‌നേഹത്തിന്‍റെ അഗാധവും അനശ്വരവുമായ പ്രവാഹമാണ് യേശുവിന്‍റെ തിരുജനനം.
എല്ലാവര്‍ക്കും തിരുജനന പെരുനാള്‍ ആശംസകളും പ്രതീക്ഷാ നിര്‍ഭരമായ പുതുവത്സരവും നേരുന്നു.