ഭരണഘടനയ്ക്ക് വിധേയമായി പാത്രിയര്‍ക്കീസിനെ അംഗീകരിക്കാന്‍ തയ്യാര്‍ -പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയും വ്യവഹാരങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിലേക്കും 1934 -ലെ ഭരണഘടനയ്ക്ക് വിധേയമായും നാളിതുവരെയുള്ള സുപ്രീംകോടതി വിധികള്‍ക്ക് അനുസരണമായും താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ അംഗീകരിക്കുവാന്‍ തയ്യാറാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തേമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഭരണഘടനപ്രകാരം വാഴിക്കപ്പെട്ടിരിക്കുന്ന കാതോലിക്കായെ ഏക കാതോലിക്കാ ആയിട്ട് അംഗീകരിക്കണം. 1934 -ലെ ഭരണഘടന ആക്ഷരീകമായും ആന്തരീകമായും അംഗീകരിക്കുകയും 2017-ലെ സുപ്രീംകോടതി ഉത്തരവും അനുബന്ധമായി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും അംഗീകരിക്കുവാന്‍ പാത്രിയര്‍ക്കീസ് തയ്യാറാവുകയും വേണം. ഈ നിലയില്‍ കാതോലിക്കായെ അംഗീകരിക്കുവാന്‍ പാത്രീയര്‍ക്കീസ് തയ്യാറായാല്‍ പാത്രിയര്‍ക്കീസിന് ഭരണഘടന നല്‍കുന്ന അംഗീകാരം നല്‍കുന്നതാണെന്ന് കാതോലിക്കാ ബാവായ്ക്കുവേണ്ടി അഡ്വക്കേറ്റ് ഹൈക്കോടതിയെ ബോധിപ്പിച്ചു.

ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ച് ശൂന്യതയില്‍ എത്തി നില്‍ക്കുന്ന അധികാരം മാത്രമാണ് മലങ്കരസഭയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനുള്ളത്. ആരാധനാനുഷ്ഠാനങ്ങളില്‍ രണ്ടുപേരും ഒരുമിച്ച് വരുന്ന സാഹചര്യത്തില്‍ സമന്മാരില്‍ മുമ്പന്‍ എന്ന അംഗീകാരം പാത്രിയര്‍ക്കീസിന് ലഭിക്കും. നാളിതുവരെ മലങ്കരസഭയുടെ നിലപാട് ഇതുതന്നെയായിരുന്നുവെന്നും പരിശുദ്ധ ബാവാ പറഞ്ഞു.