മാനേജിങ് കമ്മിറ്റി യോഗം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി യോഗം 29-ന് രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരിയില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ചേരുന്നത് സംബന്ധിച്ച തീരുമാനമെടുക്കും. 2022 ഏപ്രില്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുളള അര്‍ദ്ധ വാര്‍ഷിക ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ അവതരിപ്പിക്കും.

പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറി

പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു പാമ്പാടി ദയറയില്‍ കൊടിയേറി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹി ച്ചു. ദയറ മാനേജര്‍ ഫാ. മാത്യു
കെ.ജോണ്‍, അസി. മാനേജര്‍ ഫാ. സി.എ.വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ് കെ. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ ഒന്നിനും രണ്ടിനുമാണു പ്രധാന പെരുന്നാള്‍.

കൂദാശയും താക്കോല്‍ ദാനവും നടത്തി

കൂട്ടിക്കല്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കൂട്ടിക്കലില്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ചെറിയപള്ളി മഹാഇടവകയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ കൂദാശയും, താക്കോല്‍ ദാനവും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.


സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കോട്ടയം ചെറിയപള്ളി വികാരി ഫാ. പി. എ. ഫിലിപ്പ്, സഹവികാരിമാരായ ഫാ. യുഹാനോന്‍ ബേബി, ഫാ. ജോസഫ് കുര്യന്‍ വട്ടകുന്നേല്‍, ട്രസ്റ്റി ജേക്കബ് മാത്യു മുട്ടുമ്പുറം മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ധനസഹായം നല്‍കുന്നത് ക്രൈസ്തവ ധര്‍മ്മം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത് ഔദാര്യമല്ലെന്നും, ക്രൈസ്തവ ധര്‍മ്മമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭവന നിര്‍മ്മാണ സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. കൂടുതല്‍ സഹായ ധനം നല്‍കുക എന്നതാണ് സഭയുടെ ലക്ഷ്യമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. ഭവന നിര്‍മ്മാണ സഹായ പദ്ധതി പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, സഭാ വക്താവ് ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭവന നിര്‍മ്മാണ സഹായ പദ്ധതി കണ്‍വീനര്‍ ഡോ. കെ. രാജു ഫിലിപ്പ്, ഫാ.ഡാനിയേല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

എത്യോപ്യന്‍ പാത്രിയര്‍ക്കീസിന്റെ കബറടക്കം അഡിസ് അബാബയില്‍ നടത്തപ്പെട്ടു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അംഗമായിരിക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലുള്‍പ്പെട്ട എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ആയിരുന്ന ആബൂനെ മെര്‍ക്കോറിയോസിന്റെ കബറടക്ക ശുശ്രൂഷ അഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടത്തപ്പെട്ടു.

മലങ്കര സഭയെ പ്രതിനിധീകരിച്ച് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, നാഗ്പൂര്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോസി ജേക്കബ് എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും, മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായുടെ അനുശോചന സന്ദേശം കൈമാറുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

കോലഞ്ചേരി പള്ളിയിൽ ഏഴാം മാര്‍ത്തോമ്മയുടെ കല്ലറ കണ്ടെത്തി

കോലഞ്ചേരി: 1653 ജനുവരി 3 ലെ ചരിത്രപ്രസിദ്ധമായതും വിദേശമേല്‍ക്കോയ്മയ്‌ക്കെതിരെ നടന്ന പ്രഥമ മുറ്റേവുമായ കൂനന്‍കുരിശു സത്യത്തിനു ശേഷം മാര്‍ത്തോമ്മ മെത്രാന്മാര്‍ എന്ന സ്ഥാനപ്പേരിലുള്ള തദ്ദേശിയരായ മെത്രാന്മാര്‍ ആയിരുന്നു മലങ്കര സഭയുടെ ഭരണ നിര്‍വ്വഹണം നടത്തിയിരുത്. ആ ശ്രേണിയില്‍ 1808 മുതല്‍ 1809 വരെ ഭരണം നടത്തിയിരുന്ന മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്നു ഏഴാം മാര്‍ത്തോമ്മ (മാര്‍ത്തോമ്മ ഏഴാമന്‍).

ഏഴാം മാര്‍ത്തോമ്മ

പാലായ്ക്ക് സമീപം കുറിച്ചിത്താനം എന്ന സ്ഥലത്ത് പകലോമറ്റം പള്ളിവടക്കേടത്ത് കുടുംബത്തില്‍ ജനനം. മാത്തന്‍ എായിരുന്നു പേര്. വളരെ ചെറുപ്പത്തിലെ ശെമ്മാശനും തുടർന്നു വൈദികനുമായ മാത്തന്‍ കത്തനാര്‍ക്കും കായംകുളം പീലിപ്പോസ് കത്തനാര്‍ക്കും ഒരുമിച്ച് ചെങ്ങൂര്‍ പള്ളിയില്‍ വച്ച് 1794 ഏപ്രില്‍ 17 ന് മാര്‍ത്തോമ്മ ആറാമന്‍ (ദീവാസിയോസ് ഒന്നാമന്‍) റമ്പാന്‍ സ്ഥാനം നല്‍കി. തുടർന്ന് 1796 മെയ് 5 ന് മാത്തന്‍ റമ്പാനെ, മാര്‍ത്തോമ്മ ഏഴാമന്‍ എന്ന പേരില്‍ മാര്‍ത്തോമ്മ ആറാമന്‍ മെത്രാനായി വാഴിച്ചു.

1808 ഏപ്രില്‍ 8 ന് മാര്‍ത്തോമ്മ ആറാമന്‍ കാലം ചെയ്തതിനെത്തുടർന്ന് മാര്‍ത്തോമ്മ ഏഴാമന്‍ മലങ്കര സഭയുടെ ഭരണ സാരഥ്യം ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ കാലത്താണ് മൂവായിരം പൂവരാഹന്‍ (10500 രൂപ) എട്ട് ശതമാനം പലിശയ്ക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ സ്ഥിര നിക്ഷേപമായി ഇടുന്നത് (1808 ഡിസംബര്‍ 1 ന്). ഇതില്‍ നിന്നു ലഭിക്കു പലിശ ധര്‍മ്മവിഷയങ്ങള്‍ക്ക് ഉപയോഗിക്കുവാനാണ് തീരുമാനിച്ചിരുത്. ഈ സ്ഥിര നിക്ഷേപ തുകയാണ പിന്നീട് ”വട്ടിപ്പണം” എന്ന പേരില്‍ അറിയപ്പെട്ടിരുത്. കണ്ടനാട് ആസ്ഥാനമാക്കി ഭരണം നിര്‍വ്വഹിച്ചിരുന്ന ഏഴാം മാര്‍ത്തോമ്മ 1809 ജൂലായ് 4 ന് കണ്ടനാട് പള്ളിയില്‍ വച്ച് കാലം ചെയ്തു. തുടർന്ന് കോലഞ്ചേരി പള്ളിയില്‍ കബറടക്കം ചെയ്തു.

മാര്‍ത്തോമ്മ ഏഴാമന്റെ ഓര്‍മ്മ ദിനം ആചരിക്കാറുണ്ടെങ്കിലും, പിന്നീട്, വഴക്കിലും കേസിലും അകപ്പെട്ട കോലഞ്ചേരി പള്ളിയില്‍ മാര്‍ത്തോമ്മ ഏഴാമനെ അടക്കിയിരുന്ന സ്ഥലം കാലക്രമേണ വിസ്മൃതിയിലാണ്ടുപോയി. എങ്കിലും ജോസഫ് മാര്‍ പക്കോമിയോസ് തിരമേനി എഴുതിയ ”മുറിമറ്റത്തില്‍ ബാവ, മലങ്കരയിലെ ഒന്നാം കാതോലിക്ക” എന്ന ഗ്രന്ഥത്തില്‍, ഏഴാം മാര്‍ത്തോമ്മയെ അടക്കിയിരുന്ന സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്:

”ഏഴാം മാര്‍ത്തോമ്മയെ അടക്കിയിരുത് പഴയ കോലഞ്ചേരി പള്ളിയുടെ വടക്ക് വശത്തുണ്ടായിരുന്ന തണ്ടികയുടെ കിഴക്കേ അറ്റത്തായിരുന്നു”.

ഇത് സ്ഥിരീകരിക്കത്തക്കവണ്ണം, അവിടെയുണ്ടായിരു ഒരു ശവകുടീരത്തെപ്പറ്റിയും അതില്‍ സ്ഥാപിച്ചിരുതായ കരിങ്കല്‍ ശിലാപാളിയെപ്പറ്റിയും ഇടവകയിലെ പ്രായമായവര്‍ പറയാറുണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഇതിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു. കോലഞ്ചേരി പള്ളിയുടെ മുറ്റത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുതിനിടയില്‍ ഈ ഭാഗത്ത് മണ്ണു മാറ്റിയപ്പോള്‍, വെട്ടുകല്ലില്‍ വെട്ടിയുണ്ടാക്കിയ ഏഴാം മാര്‍ത്തോമ്മയുടെ കല്ലറയും അതില്‍ തിരുശേഷിപ്പുകളായി ഏതാനും അസ്ഥിക്കഷണങ്ങളും അതിനോട് ചേർന്ന് കബറടക്ക സമയത്ത് മൃതശരീരത്തില്‍ ഇട്ടുമൂടാറുള്ള കുന്തിരിക്കവും കുറച്ച് ലഭിച്ചു. (മേല്‍പ്പട്ടക്കാരെ അടക്കം ചെയ്യുമ്പോള്‍ കുന്തിരിക്കം ഇട്ട് മൃതശരീരം മൂടു പതിവാണ് ഉള്ളത്) തുടർന്ന്, അവിടെ തന്നെ പ്രാര്‍ത്ഥനകള്‍ നടത്തി തിരുശേഷിപ്പ് അടക്കം ചെയ്തു. കബറിന്റെ പുനരുദ്ധാരണ പണികള്‍ ആരംഭിക്കുകയും ചെയ്തു.

പരിശുദ്ധ കാതോലിക്കാ ബാവ പാണക്കാട് സന്ദര്‍ശനം നടത്തി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പ. ബാവ അനുശോചന സന്ദേശം അയച്ചു നല്‍കിയിരുന്നു. നേരിട്ട് പാണക്കാടെത്തി അനുശോചനം അറിയിക്കണമെന്ന ബാവായുടെ ആഗ്രഹത്തെ മുന്‍നിര്‍ത്തിയാണ് ഇപ്രകാരം ഒരു സന്ദര്‍ശനം ക്രമീകരിച്ചത്.

കേരളത്തിന്റെ മതേതര മുഖമാണ് ഹൈദരലി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത്. കേരള രാഷ്ട്രീയത്തിലെ അതിപ്രധാന പദവി അലങ്കരിക്കുമ്പോഴും വിനയം മുഖമുദ്രയാക്കി സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങളില്‍ ശ്രദ്ധയൂന്നി തന്റെ പൂര്‍വ്വീകരുടെ പാതയില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങളെന്ന് ബാവ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചുമതല ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളെ ബാവ അനുമോദിച്ചു. പൈതൃകം കാത്തുസൂക്ഷിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുവാന്‍ സാധ്യമാകട്ടെ.

ഓര്‍ത്തഡോക്‌സ് സഭയുടെ സര്‍വ്വവിധ പിന്തുണയും ബാവ വാഗ്ദാനം ചെയ്തു. മലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവര്‍ പരിശുദ്ധ ബാവായെ അനുഗമിച്ചു.

ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോട്ടയം: കെ റെയിൽ പദ്ധതിക്ക് എതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു. മുളക്കുഴയിൽ ഫാ. മാത്യൂ വർഗീസിനെയും തദ്ദേശവാസികളെയും കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു.

നാടിന്റെ വികസന പ്രവർത്തനങ്ങളിൽ എതിർപ്പില്ലെങ്കിലും പ്രതിഷേധിക്കുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പ്രദേശവാസികൾക്ക് യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. നടപടി ക്രമങ്ങൾ പാലിക്കാതെ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ ക്രൂരമായി അക്രമിച്ചത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യേശുവുമീനോമ്പേറ്റതിനാല്‍ -ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ

ജീവിത യാത്രയിലെ മറ്റൊരു യാത്ര. നോമ്പുപവാസങ്ങള്‍ ലക്ഷ്യമല്ല; ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗ്ഗമാണെന്ന ഉപദേശം പ്രഥമ പരിഗണനയര്‍ഹിക്കുന്നു. നോമ്പിനെ പുരസ്‌ക്കരിച്ചുള്ള പഠനങ്ങളും ലേഖനങ്ങളും, നോമ്പിന്റെ ഭൗതിക ഒരുക്കം, ലക്ഷണങ്ങള്‍ എന്നിവയെപ്പറ്റിയുള്ള പ്രബോധനങ്ങളും സുലഭം. എങ്കിലും, എന്താണീ നോമ്പ്? അത് ‘യാത്രയ്ക്ക്’ അനിവാര്യമാകുന്നതെങ്ങനെ? കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള ത്യാഗാനുഷ്ഠാനമാണോ അത്?
യേശുതമ്പുരാന്‍ നാല്പതു നാളിലെ നോമ്പുവഴി, സാത്താനെയും അവന്‍ ഉതിര്‍ത്തുവിട്ട പ്രലോഭനങ്ങളെയും കീഴടക്കി എന്ന് നോമ്പിലെ പ്രാര്‍ത്ഥനകള്‍ ഊന്നിപ്പറയുന്നു. അതേ മാതൃകയില്‍ നോമ്പുനോറ്റവരും, അങ്ങനെ ലോകം, ജഡം, പിശാച് എന്നിവയുടെമേല്‍ വിജയമാഘോഷിച്ചു.


നോമ്പ് ദൈവനിയമമാണെന്നും, സൃഷ്ടിയില്‍ത്തന്നെ ഇണചേര്‍ത്ത ‘സാധക’ മാണെന്നു വി. വേദവും, പിതൃപരമ്പരയും ചൊല്ലിത്തരുന്നു. വാസ്തവത്തില്‍, സൃഷ്ടിതന്നെ, ദൈവത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നോമ്പും ത്യാഗവുമായിരുന്നല്ലോ. മനുഷ്യന്റെ ‘വീഴ്ച’യ്ക്കു ശേഷം നടപ്പാക്കിയ നിബന്ധനയായിരുന്നില്ല നോമ്പ്. അത്, നേരത്തെതന്നെ സൃഷ്ടിക്കപ്പെട്ടതാണെന്നും, അതിന്റെ ലംഘനം വരുത്തിയ ഭവിഷ്യത്ത് ഭയാനകവും, തലമുറകളിലേക്ക് പകരുന്നതുമാണെന്നും ഗ്രഹിക്കാനാവുന്നു. ശുദ്ധബോധ മനസ്സില്‍, തിന്മയുടെ അദൃശ്യമിന്നല്‍പ്പിണരുകളെ സംക്രമിപ്പിച്ചതായിരുന്നു ആ ദുര്‍ഘടന. അങ്ങനെ നന്മയുടെ അകളങ്കിത മേഖലയില്‍ തിന്മയുടെ കലര്‍പ്പുണ്ടായി. അതിനുമുണ്ടൊരു നിവാരണവഴി-സ്വതന്ത്ര്യ ഇച്ഛാശക്തിയുടെ യോഗ്യവും ഉത്തരമവുമായ പ്രയോഗം. അതായത്, തിന്മയുടെ കലര്‍പ്പില്‍ നിന്നും ക്രമേണ വിമുക്തമായി, സ്വതന്ത്ര്യമായി നന്മയെ പുല്‍കാനാവും. തിന്മ കണ്‍മുമ്പിലും, ചാരത്തും, ചിലപ്പോള്‍ അന്തരംഗത്തിലും തലനീട്ടുമ്പോള്‍, അതിനെ അവഗണിച്ചമര്‍ത്തി, പുറത്തുതള്ളാനുള്ള ചങ്കൂറ്റമാണത്. ബോധമനസ്സില്‍ നന്മ-തിന്മകള്‍ തെളിഞ്ഞുവരിക സ്വാഭാവികമാണ്, എന്നാല്‍ അതില്‍ നിന്നും ബോധപൂ ര്‍വ്വമായും നൈസര്‍ഗ്ഗികമായും നന്മ തെരഞ്ഞെടുക്കാനുള്ള പരിശീലനകളരിയാണ് നോമ്പ്.


അടിസ്ഥാനപരമായി ചിന്തിച്ചാല്‍, നിരന്തരം ദൈവസാന്നിധ്യം ആഗ്രഹിക്കാനും അനുഭവവേദ്യമാക്കാനുള്ള പരിശീലനമാണിത്. എല്ലാ ദേവകല്പനകളുടെയും സത്തയായി, രണ്ട് ആദേശങ്ങളാണ് നല്‍കിയിരുന്നത്. ദൈവത്തെ സ്‌നേഹിക്കുന്നതും അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും, നിസ്സായിലെ വി. ഗ്രീഗോറിയോസിന്റെ ഭാഷയില്‍, ദൈവേഷ്ടത്തെ കൂടുതല്‍ കൂടുതലായറിഞ്ഞ്, നടപ്പാക്കാനുള്ള വിളിയാണിത്. ദൈവത്തെപ്പോലെയാകുക എന്നാല്‍, ദൈവം പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കുക എന്നു സാരം. നമ്മുടെ പരമമായ ഉന്നം ദൈവത്തെയും മനുഷ്യനെയും നിബന്ധന കൂടാതെ സ്‌നേഹിക്കുക വഴി ദൈവ കല്പന നിവര്‍ത്തിക്കുക എന്നതു തന്നെയായിരിക്കണം. ഈ സ്ഥിതി പ്രാപിക്കുന്നതിനു തടസ്സമുണ്ടാകുന്ന ഹേതു നമ്മുടെ ഉള്ളിലും പുറത്തുമുണ്ട്. കാമ-ക്രോധ-മദ-ലോഭങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലമത്രയും, പണ്ഡിതനും, ‘മൂഖ’സ്വഭാവിയും തമ്മില്‍ അന്തരമുണ്ടാവില്ലെന്ന്, ‘തുളസ്സീദാസ്’ എന്ന ഹിന്ദി കവി കുറിച്ചിട്ടുണ്ട്. മനുഷ്യന്‍, മനുഷ്യത്വം നഷ്ടപ്പെട്ട്, മൃഗത്തെക്കാള്‍ ഹീനനായിത്തീരുന്ന മാര്‍ഗ്ഗമാണിത്. ഇവയിന്മേല്‍ വിജയം നേടുന്നതില്‍ നോമ്പിനുള്ള പങ്ക് വളരെ വലുതാണ്. ക്രിസ്തീയ സഭയുടെ ”പൂര്‍വ്വശ്രമ”ത്തിലെ മഹര്‍ഷിമാര്‍-ഈജിപ്തിലെയും സിറിയയിലെയും മണലാണ്യങ്ങളിലും നിര്‍ജ്ജനപ്രദേശങ്ങളിലും തപസ്സനുഷ്ഠിക്കുന്നവര്‍-മനുഷ്യമനസ്സിനെ നിരന്തരമായി അലട്ടുന്ന വിഷയ ചിന്തകളെ ലളിതമായി അപഗ്രന്ഥിച്ചിട്ടുണ്ട്. ഇന്നത്തെ സാങ്കേതിക ഭാഷയില്‍ ”പ്രൊഫഷണല്‍” എന്നു വിളിക്കാനാവില്ലെങ്കിലും, പല ആധുനിക മനഃശാസ്ത്ര സാങ്കേതങ്ങളെയും വെല്ലുന്ന വിവരണങ്ങളാണവ. നാലാം ശതകത്തില്‍ നിന്നും തലമുറകളിലൂടെ വായ്്‌മൊഴിയായി ഒഴുകി വരുന്ന സൂക്തങ്ങളും, അനിതരസാധാരണമായ ജീവിതാനുഭവങ്ങളും ഇന്നും, മനസ്സിന്റെ സംസ്‌ക്കരണത്തിന് പഥ്യം തന്നെ.


ആദ്യമായി, മരുഭൂമിയിലെ പിതാക്കളുടെയും മാതാക്കളുടെയും പഠിപ്പിക്കലുകളെ പുസ്തകരൂപത്തിലാക്കി (‘On Practice’ & ‘Chapters on Prayer’) ചമച്ചത് എവുഗാറിയോസ് (4th C) എന്ന യോഗാത്മ വേദജ്ഞാനിയാണ്. ദൈവത്തെയും സമസൃഷ്ടങ്ങളെയും സ്‌നേഹിക്കുന്നതിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന ”എട്ട് മാരക ചിന്ത” കളുടെ പട്ടിക അദ്ദേഹം അവതരിപ്പിക്കുന്നു. മനുഷ്യജീവിതത്തിലെ സാധാരണ സംഗതികളാണവ: ഭക്ഷണം, ലൈംഗീക ചിന്ത, ഭൗതിക വസ്തുക്കള്‍, പരസ്പരം താരതമ്യം, വിദ്വേഷം, അഹംഭാവം, പരാജയം, സ്വാര്‍ത്ഥത എന്നിവ. നോമ്പുകാലത്തെ ചിന്തയ്ക്കും ആത്മശോധനയ്ക്കും, ആത്മനിക്ഷേപ സമ്പാദനത്തിനും ഈ അമൂല്യ പഠനങ്ങള്‍ ഉതകുമെന്നു തോന്നുന്നു.


എട്ട് മാരക ചിന്തകള്‍
ഇവ പ്രലോഭനങ്ങളെ ഉണര്‍ത്തിവിടുവാന്‍ പോരുന്നവയാണ്. എല്ലാ മനുഷ്യരും ഇവയ്ക്ക് ഇരയാകുന്നവരുമാണ്. അവയുടെ മേല്‍ നിയന്ത്രണങ്ങള്‍ നേടുക ഏറ്റം കരണീയമാണ്. ഈ ചിന്തകള്‍ പില്‍ക്കാലത്ത് ക്രിസ്തീയ ആത്മീയതയെ സാരമായി സ്വാധീനിച്ചിട്ടുമുണ്ട്. മേല്പ്പറഞ്ഞ അഷ്ടചിന്തകള്‍ പാപമല്ല, തീവ്രവികാരങ്ങളെയും ആസക്തികളെയും ഇളക്കി വിടുന്നവയാണ്. അവയെ എതിരിടുന്നതിന്റെ ഉദാത്ത മാതൃക യേശു ക്രിസ്തു പൈശൈചിക പ്രലോഭനങ്ങളെ ജയിക്കുന്ന രംഗമാണ്.
1. ഭക്ഷണ പാനീയങ്ങള്‍
നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതും, ആവശ്യത്തിലധികം ഭുജിക്കുന്നതും, ഭക്ഷ്യവസ്തുക്കള്‍ നഷ്ടപ്പെടുത്തുന്നതും ഇതില്‍പ്പെടും. ഫലത്തില്‍ ഒരുപാട് ആളുകള്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വരുന്നതിന് വഴിവരുത്തുന്ന  താണീ തിന്മ. ആദ്യകാല സന്യാസിമാര്‍ക്ക് ഭക്ഷണം, ലളിതവും ‘അത്യാവശ്യത്തിന്’ മാത്രമുള്ളതുമായിരുന്നു. അതുവഴി, ദരിദ്രര്‍ക്ക് ഭക്ഷണം പങ്കിട്ടുകൊടുക്കാന്‍ അവര്‍ ഉത്സാഹിച്ചിരുന്നു. വിശക്കുന്നവരെപ്പറ്റി ചിന്തിക്കുന്നവര്‍ ഒരിക്കലും ഭക്ഷണത്തില്‍ ധൂര്‍ത്തും, അമിത വ്യയവും’ ഉണ്ടാക്കുകയില്ല.
നോമ്പുകാലത്തെ ‘വര്‍ജ്ജന’ങ്ങളിലൊന്ന് ഭക്ഷണവുമായി ബന്ധപ്പെട്ടതാണല്ലോ. കേവലം ”നിവര്‍ത്തിയില്ലാ”ത്തത് കൊണ്ട് പട്ടിണികിടക്കുന്നതല്ല ശരിയായ നോമ്പും ഉപവാസവും. അതിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ കാണാതെ പോകരുത്. ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കുന്നതിന് ‘ആഹാരവര്‍ജ്ജനം’ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ദുര്‍മ്മേദസ്സ്
നീങ്ങുകയും, ആഹാരക്രമത്തില്‍ ചിട്ടയും നിയന്ത്രണവും നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിശക്കുമ്പോഴാണ്, ആഹാരം കഴിക്കേണ്ടത്; അതും ആവശ്യത്തിനനുസരിച്ചുമാത്രം. ”പൊന്നിന്‍പൊടി കൊണ്ട് പുളിശ്ശേരി വച്ചാലും, അമിത ഭക്ഷണം ഭുജിച്ചിരുന്നില്ല” എന്ന് പ. കല്ലാശ്ശേരില്‍ ബാവായുടെ ഭക്ഷണരീതിയെപ്പറ്റി സെക്രട്ടറിയായിരുന്ന മണപ്പള്ളില്‍ തോമസ് കത്തനാര്‍ കുറിച്ചിട്ടുണ്ട്. ആത്മനിയന്ത്രണത്തിന് ഭക്ഷണ ത്യാഗം സുപ്രധാനമാര്‍ഗ്ഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
2. ലൈംഗീക ചിന്തകള്‍
ഇവ സാമാന്യമായി, സമസ്തമനുഷ്യരിലുമുണ്ടാകും. എന്നാല്‍, തപശ്ചര്യ കൊണ്ടും സ്വഭാവ സംസ്‌ക്കരണം കൊണ്ടും അവയെ നിയന്ത്രിക്കുക അസാദ്ധ്യമല്ല. നിയന്ത്രണം പാലിക്കുന്നവര്‍ക്ക് പ്രലോഭനങ്ങള്‍ ഉണ്ടാകുന്നതും വാസ്തവമാണ്. ഇപ്പറഞ്ഞതിന്റെയര്‍ഥം ലൈംഗികതയെ നി ഷേധിക്കുക എന്നല്ല, സംസ്‌ക്കരിക്കുക എന്നാണ്. ഇക്കാലത്ത് മനുഷ്യനില്‍ അധമ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ചോ ദനകള്‍ മുമ്പെന്നത്തെക്കാള്‍ പതിന്മടങ്ങു വര്‍ദ്ധിച്ചിട്ടുണ്ട്. അവയെല്ലാം കയ്യെത്തുന്ന ദൂരത്തിലുണ്ടുതാനും.
വിഷയേച്ഛ, അഥവാ കാമാസക്തി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്, വ്യക്തിയെക്കാള്‍ ഏറെ, ശരീരത്തെ സ്‌നേഹിക്കുന്ന പ്രവണതയാണ്. മനുഷ്യന്‍ കേവലം ശരീരമല്ല, അതില്‍ ഇതര ഘടകങ്ങളും ഉള്‍പ്പെടുന്നതാണ്. കാമാസക്തി, വ്യക്തമായി പറഞ്ഞാല്‍ ‘വ്യക്തിത്വനിഷേധ’മാണ്. ഇതില്‍ നിയന്ത്രണം കൂടിയേ തീരൂ. ശരീരം ‘തിന്മ’യുടെ കലവറയാണന്നല്ല വിവക്ഷ. ഉപയോഗത്തിലാണ് നന്മയും തിന്മയും വെളിപ്പെടുന്നത്.
3. അത്യാഗ്രഹം
കൂടുതല്‍ കൂടുതല്‍ വസ്തുക്കളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള ഒടുങ്ങാത്ത തൃഷ്ണ ചിലരില്‍ കാണും. വ്യക്തിബന്ധങ്ങളെയും, കുടുംബ ബന്ധങ്ങളെപ്പോ
ലും ഇതു താളം തെറ്റിക്കുകയോ, തകര്‍ത്തുകളയുകയോ ചെയ്യും. ദൈവത്തെയും മനുഷ്യരെയും കരുതാത്തവരാണ് കൂടുതല്‍ ആര്‍ജ്ജിക്കുവാന്‍ എന്നും പാടുപെടുന്നത്. സങ്കീര്‍ത്തനം ഇങ്ങനെ പറയുന്നു: (127:2).
‘നിങ്ങള്‍ അതികാലത്ത് എഴുന്നേല്‍ക്കുന്നതും
നന്നാ താമസിച്ച് കിടപ്പാന്‍ പോകുന്നതും
കഠിനപ്രയത്‌നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രെ.
തന്റെ പ്രിയനോ, അവന്‍ അത് ഉറക്ക
ത്തില്‍ കൊടുക്കുന്നു (വിശ്രമം നല്‍കുന്നു
)’
ഈ വര്‍ണ്ണന സൃഷ്ടിപരമായ ഒരു വിമര്‍ശനം തന്നെയാണ്. കൂടുതല്‍ സമ്പാദിക്കാനും, അതിന് എന്തു മാര്‍ഗ്ഗവും സ്വീകരിക്കാനും മടിക്കാത്തത് അധര്‍മ്മമാണെന്നു വ്യക്തം.
4. ശോകം, അസന്തുഷ്ടി
ഇത് ഒരുതരം ആത്മപീഢനമാണ്. അന്യരുമായി, തന്നെ, താരതമ്യപ്പെടുത്തുകയും, അന്യരുടെ ‘ഉയര്‍ച്ച’യുടെ പശ്ചാത്തലത്തില്‍ ദുഃഖഭാവം സ്വീകരിക്കുകയും ചെയ്യുന്ന രീതി, അധികം മനുഷ്യരിലും കണ്ടുവരുന്നതാണ്. ഈ ഭാവം അധികരിച്ചാല്‍ സ്വയനിഷേധത്തിലേക്കും കോപത്തിലേക്കും നയിക്കും. ഓരോരുവനും അവനവന്റെ
‘പ്രാപ്തി’യ്ക്കു തക്കവണ്ണമാണല്ലോ താലന്തുകള്‍ നല്‍കിയിരിക്കുന്നത്! അവിടെ നിറയെ വൈവിധ്യമാണ്! നിവാരണം ഒന്നേയുള്ളു സര്‍വ്വവും ദൈവത്തിലര്‍പ്പിക്കുക. അവിടുന്നു നല്‍കുന്നത് സംയമനത്തോടും തുറന്ന മനസ്സോടും സ്വീകരിക്കുക.
5. കോപം
മുന്‍പറഞ്ഞ ‘അസന്തുഷ്ടി’ കോപത്തിനു കാരണമാകാം. തന്റെ ഉദ്ദേശ്യങ്ങളും, കണക്കുകൂട്ടലുകളും തെറ്റിയാലും ക്രോധമുണ്ടാവാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ഒരുപാട് സഹിക്കേണ്ടിവരുന്നവര്‍ക്ക് കോപമുണ്ടാവുക സഹജമാണ്. ഇതിലും നിയന്ത്രണം വേണ്ടിയിരിക്കുന്നു. കോപം പ്രകടിപ്പിക്കുന്നതില്‍ അല്പം ‘താമസം’ വരുത്തിയാല്‍ അതിന്റെ intenstiy കുറയുമെന്ന് അനുഭവത്തില്‍
നിന്നു പഠിക്കാം. എന്നാല്‍righteous anger എന്നൊന്നുണ്ട്. അധര്‍മ്മത്തിന്റെ നേരേയുള്ള ധാര്‍മ്മിക രോഷമാണത്. ശുദ്ധമനസ്സും, വിനാശ ചിന്തകള്‍ തൊട്ടുതീണ്ടാത്ത അന്തഃക്കരണമുള്ളവര്‍ക്കാണ് ഇതു പ്രയോഗിക്കാനുള്ള അവകാശം! ‘പാപ മില്ലാത്തവന്‍ ഒന്നാമതു കല്ലെറിയട്ടെ! ധാര്‍മ്മിക രോഷം അസൂയയില്‍ നിന്നും, വൈരുധ്യങ്ങളില്‍ നിന്നും ആകാന്‍പാടില്ല.
എന്നാല്‍ കോപം എന്ന വികാരം മനസ്സില്‍ അടക്കി വച്ച്, വിദ്വേഷ സങ്കിലിതമായ മനസ്സോടെ ജീവിക്കുന്നത് അപകടരമാണ്. സൗഖ്യം (healing) അവനവനും, അന്യര്‍ക്കും ലഭിക്കാന്‍, ആരോഗ്യകരമായി, കോപം പുറത്തുകൊണ്ടുവരുന്നതാണുത്തമം. അബോധ മനസ്സില്‍ ഒളിച്ചുവച്ചിരിക്കുന്ന കോപം, ബോധമനസ്സിലെത്തിച്ച്, അതിനെ ശരിയായി കണ്ട് അപഗ്രഥിച്ച് ”പുറത്താ”ക്കണം. അല്ലെങ്കില്‍, പ്രതികാരത്തിന്റെ പരമ്പര തന്നെയുണ്ടാകും.
6. മടി, അലസത
ചുറ്റുപാടുകള്‍, ”ഒരിക്കലും നന്നാവില്ല”, ”ഇവിടെ ആരും ശരിയല്ല” ഇത്യാദി ഋണ ചിന്തകള്‍ ശരിയായ അലസതയുടെ ലക്ഷണമാണ്. അന്യരെയെല്ലാം നന്നാക്കിയ ശേഷം ആര്‍ക്കും നന്നാവാനാവില്ല. ഇരുട്ടു നീക്കാന്‍ അവനവനാകാന്‍  കഴിയുന്നതു ചെയ്യാം.
7. പൊങ്ങച്ചം
തനിക്കില്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും, സ്വന്തബുദ്ധിക്കതീതമായ വന്‍ കാര്യങ്ങളില്‍ ഇടപെടുവാനുള്ള പ്രവണത ‘പൊങ്ങച്ച’ത്തിന്റെ മാനങ്ങള്‍ തന്നെ. നാല്‍ക്കവലയില്‍ കൈകള്‍ ഉയര്‍ത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന പരീശന്മാരെ യേശു വിലക്കിയിരുന്നല്ലോ. അന്യരെ ”ബോദ്ധ്യപ്പെടുത്താനുള്ളതല്ല നമ്മിലെ നന്മയും, ആത്മികതയും, യഥാര്‍ത്ഥ ഭക്തര്‍, തങ്ങളിലെ ഭക്തി പ്രകടിപ്പിക്കാന്‍ മടികാണിക്കുന്നവരാണ്.
8. അഹംഭാവം
എല്ലാറ്റിലും ഒന്നാം സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നവരും നേട്ടങ്ങളുടെ ക്രെഡിറ്റ് മുഴുവന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരും അഹംഭാവികള്‍ തന്നെയാണ്. എല്ലാ നേട്ടങ്ങളുടെ
യും ക്രെഡിറ്റ് ദൈവത്തിനായിരിക്കട്ടെ. അദ്ദേഹത്തെ കൂടാതെ, നമുക്ക് ഒന്നും നേടാനാവില്ലല്ലോ. നമ്മുടെ ആഗ്രഹപൂര്‍ത്തിക്ക് ‘ദൈവത്തിന്റെ വഴി’ നേടാം. അവിടുന്ന് നമ്മുടെ നന്മയും ഉത്ക്കര്‍ഷവും മാത്രം ആഗ്രഹിക്കുന്നവനാണല്ലോ. അഹംഭാവം കുറയാന്‍ ‘ത്യാഗം’ കൂടിയേ തീരൂ. ആധുനിക തലമുറ ഇഷ്ടപ്പെടാത്ത ഒന്നാണ് ‘Renunciation’. എങ്കിലും അത് ഏവര്‍ക്കും അനിവാര്യമാണ്. ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുന്നതിന്റെ രാജപാതയാണത്.  ഈ ദുര്‍ഗ്ഗുണത്തെ ജയിക്കുന്നതിന് ‘വിനയം’ ശീലിക്കുക എന്നത് കാലം തെളിയിച്ച ‘മറുമരുന്നാണ്’. അത് സ്വന്തമാക്കാം.
മേല്പറഞ്ഞ എട്ടു ചിന്തകള്‍, അവയില്‍ത്തന്നെ പാപമല്ല; എന്നാല്‍ അവ വളര്‍ത്താന്‍ പാപത്തിലേക്കു നയിക്കാന്‍ കെല്പുള്ളവയാണ്. വലിയ നോമ്പു നാളുകളില്‍ ശാന്തമായി, സ്വയം വിമര്‍ശിക്കാനും വിലയിരുത്താനും, ഈ അളവു കോലുകള്‍ പ്രയോഗിക്കാം. ഭഗ്നാശരാകേണ്ടതില്ല. കാരണം യേശു ക്രിസ്തു ഇതിനെയെല്ലാം ജയിച്ചതാണ്. അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു:
‘കണ്ടാലും ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’വിചാര വികാരങ്ങളുടെ നിയന്ത്രണവും സംസ്‌ക്കാരവും സ്വന്തമാക്കി കുരിശിലെ പരമയാഗത്തിനും, ഉയിര്‍പ്പിലെ സന്തോഷത്തിനും സാക്ഷികളും ഭാഗഭാക്കുകളുമാകാം. ത്യാഗമില്ലാതെ വീണ്ടെടുപ്പില്ലല്ലോ.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു അദ്ദേഹമെന്ന് പരിശുദ്ധ ബാവാ പറഞ്ഞു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും സമുദായ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഏറെ മികവുറ്റതായിരുന്നു. ജാതി – മത ഭേദമെന്യേ എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു പ്രവര്‍ത്തിച്ച സൗമ്യനായ നേതാവിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണ്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എക്കാലും ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. പാണക്കാട് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.