മിഷേൽ ഷാജിയുടെ മരണം: ദുരൂഹത നീക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മിഷേൽ ഷാജി ദുരൂഹ സാഹചര്യത്തിൽ മരിച്ച് 5 വർഷം പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സംഭവത്തിലെ ദുരൂഹത നീക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സർക്കാർ സ്വീകരിക്കണമെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.

നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗവും ശുബ്‌ക്കോനോ ശുശ്രൂഷയും

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക സംഘത്തിന്റെ വലിയ നോമ്പിലെ ധ്യാനവും ശുബ്‌ക്കോനോ ശുശ്രൂഷയും ഫെബ്രുവരി 28-ന് തിങ്കളാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ വലിയപളളിയില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വെരി.റവ.കെ.എല്‍.മാത്യു വൈദ്യന്‍ കോര്‍-എപ്പിസ്‌കോപ്പ ധ്യാനം നയിക്കും.

യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ പരസ്പര സൗഹൃദവും സഹകരണ മനോഭാവവും ഉണ്ടാകുവാനും ഏവരും പ്രാര്‍ത്ഥിക്കണമെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു. മലങ്കര സഭയില്‍ അധിനിവേശത്തിന്റെ അടയാളങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭാരതത്തിന്റെ പരമോന്നത നീതിപീഠം നല്‍കിയിരിക്കുന്ന വിധികള്‍ അനുസരിച്ച് സഭ മുഴുവനും ഒന്നായി നിന്ന് മുന്നോട്ടു പോകണമെന്നും സുന്നഹദോസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കോലഞ്ചേരി അസ്സോസിയേഷനില്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫാ. ഏബ്രഹാം തോമസ്, ഫാ. പി. സി. തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ. റെജി ഗീവര്‍ഗീസ്, ഫാ. സഖറിയ നൈനാന്‍ ചിറത്തിലാട്ട് എന്നിവരെ സുന്നഹദോസ് അംഗീകരിച്ചു.

കോട്ടയം-നാഗ്പൂര്‍ വൈദിക സെമിനാരികള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സുന്നഹദോസ് അംഗീകരിച്ചു. സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റുകള്‍ സുന്നഹദോസ് അംഗീകരിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, കുറിയാക്കോസ് മാര്‍ ക്ലീമീസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു.

  1. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി
  2. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് – കോട്ടയം വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍
  3. യൂഹാനോന്‍ മാര്‍ മിലിത്തോസ് – ബാംഗ്ലൂര്‍ യു.റ്റി.സി-യിലേക്കുള്ള സഭാപ്രതിനിധി
  4. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് – സ്ലീബാദാസ സമൂഹം പ്രസിഡന്റ്, മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റ് പ്രസിഡന്റ്
  5. സഖറിയാ മാര്‍ നിക്കോളാവോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വൈസ് പ്രസിഡന്റ്
  6. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് – എം.ഒ.സി പബ്ലിക്കേഷന്‍സ് പ്രസിഡന്റ്
  7. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് – കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍, മിഷന്‍ ബോര്‍ഡ് പ്രസിഡന്റ്
  8. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് – വിവാഹ സഹായ പദ്ധതി പ്രസിഡന്റ്, ചര്‍ച്ച് ഫിനാന്‍സ് കമ്മറ്റി പ്രസിഡന്റ്
  9. ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് – നാഗ്പൂര്‍ സെമിനാരി വൈസ് പ്രസിഡന്റ്, ഇക്കോളജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ്
  10. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് – ഭവന നിര്‍മ്മാണ പദ്ധതി പ്രസിഡന്റ്
  11. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് – കോട്ടയം വൈദിക സെമിനാരി വൈസ് പ്രസിഡന്റ്, വൈദിക സംഘം-ബസ്‌ക്യോമോ അസ്സോസിയേഷന്‍ പ്രസിഡന്റ്
  12. അലക്‌സിയോസ് മാര്‍ യൗസേബിയോസ് – സഭാ പബ്ലിക് സ്‌കൂളുകളുടെ മാനേജര്‍, സണ്ടേസ്‌കൂള്‍-ബാലസമാജം പ്രസിഡന്റ്
  13. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് – മര്‍ത്തമറിയം സമാജം-നവജ്യോതി മോംസ് പ്രസിഡന്റ്, മലങ്കര സഭാ മാസിക പ്രസിഡന്റ്, സഭയുടെ പി.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റ്, മീഡിയ വിംഗ് പ്രസിഡന്റ്, എം.എം.സി. സ്‌കൂള്‍സ് മാനേജര്‍
  14. ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് പ്രസിഡന്റ്, സണ്ടേസ്‌കൂള്‍ ഒ.കെ.ആര്‍ പ്രസിഡന്റ്
  15. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് – ശുശ്രൂഷക സംഘം പ്രസിഡന്റ്
  16. യാക്കോബ് മാര്‍ ഏലിയാസ് – മിഷന്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ്
  17. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് – പ്രാര്‍ത്ഥനാ യോഗം പ്രസിഡന്റ്, ചര്‍ച്ച് അക്കൗണ്ട്‌സ് കമ്മറ്റി പ്രസിഡന്റ്
  18. ഡോ. സഖറിയ മാര്‍ അപ്രേം – എം.ഒ.സി.കോര്‍പ്പറേറ്റ് കോളേജ് പ്രസിഡന്റ്
  19. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് – യുവജനപ്രസ്ഥാനം പ്രസിഡന്റ്
  20. ഡോ. ഏബ്രഹാം മാര്‍ സെറാഫിം – എം.ജി.ഒ.സി.എസ്.എം. പ്രസിഡന്റ്, ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്

7 പേര്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  7  വൈദികരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഫാ. എബ്രഹാം തോമസ്,  ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ.റെജി ഗീവര്‍ഗീസ്,  ഫാ. പി.സി തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ് , ഫാ. സഖറിയാ നൈനാന്‍  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.  പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്  അംഗീകരിക്കുന്നതോടുകൂടി  മെത്രാപ്പോലീത്തായായി വാഴിക്കുന്നതിനുളള ക്രമീകരണങ്ങള്‍  ആരംഭിക്കും.  അസോസിയേഷന്‍ യോഗത്തില്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരും  മാനേജിംഗ് കമ്മറ്റി അംഗങ്ങളും  പ്രധാന വേദിയായ ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ സമ്മേളിച്ചു. ഓണ്‍ലൈനായി 3889 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്്തു.

അതിജീവനം കാലഘട്ടത്തിന്റെ അനി വാര്യത – പരിശുദ്ധ കാതോലിക്കാ ബാവാ

കോലഞ്ചേരി : മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും നടുവില്‍ വീര്‍പ്പ് മുട്ടുന്ന മനുഷ്യന്‍ അതിജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തേണ്ടത് കാലത്തിന്റെ ആവശ്യമായാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരിയില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ. മഹാമാരിയുടെ നടുവില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ യോഗവും തെരെഞ്ഞെടുപ്പും അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍ സ് പള്ളിയില്‍ മലങ്കര മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്താമാര്‍, സഭാ സ്ഥാനികള്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. ഫാ.ഡോ. എം. പി ജോര്‍ജ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നോട്ടീസ് കല്‍പന വായിച്ചു. അസോസിയേഷന്‍ അംഗങ്ങളായ മരിച്ചവരെ അനുസ്മരിച്ച് വൈദിക ട്രസ്റ്റി ഫാ.ഡോ.എം. ഒ ജോണ്‍ , അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഫാ.ജോസ് തോമസ് പൂവത്തിങ്കല്‍ ധ്യാനം നയിച്ചു. ഫാ.ജേക്കബ് കുര്യന്‍ വേദ വായന നടത്തി.  അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന്  മുഖ്യ വരണാധികാരി ഡോ. സി.കെ മാത്യു ഐ എ എസ്   തെരഞ്ഞെടുപ്പ്  സംബന്ധിച്ച് വിശദീകരണം നല്‍കി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. 2.15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍  99.53%  പേര്‍ വോട്ട് രേഖപ്പെടുത്തി.6 മണിക്ക് ഫലം പ്രഖ്യാപിച്ചു. വൈദിക സെമിനാരി ഗായക സംഘം ഗാനാലാപനം നടത്തി. അസോസിയഷന്റെ നടത്തിപ്പിന് വേണ്ടി അദ്ധ്വനിച്ച എല്ലാവര്‍ക്കും പരിശുദ്ധ ബാവാ നന്ദി അറിയിച്ചു.

തെശ്ബുഹത്തോ 2021: സമ്മാനദാനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു

ദുബായ്:  സെന്റ്  തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഡൽഹി ഭദ്രാസനാധിപനായിരുന്ന  പുണ്യശ്ലോകനായ ജോബ് മാർ പീലക്സീനോസ്  മെത്രാപ്പോലീത്തയുടെ  പാവന സ്മരണാർത്ഥം അഖില മലങ്കര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച  തെശ്ബുഹത്തോ 2021  സുറിയാനി & മലയാളം ആരാധന സംഗീത മത്സരത്തിൻ്റെ സമ്മാനദാനം പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 88-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന  പൊതുസമ്മേളനത്തിൽ വച്ച്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദിമെത്രയോസ് ,മലങ്കരസഭയിലെ മറ്റ് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ,  എന്നിവർ സന്നിഹിതരായിരുന്നു.
വിജയികൾ:
സെൻ്റ്. ജെയിംസ് ഓർത്തഡോക്സ് പള്ളി തൃക്കോതമംഗലം, പുതുപ്പള്ളി. (കോട്ടയം ഭദ്രാസനം)
സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് പള്ളി, കാരിച്ചാൽ (മാവേലിക്കര ഭദ്രാസനം)
സെൻ്റ. ഗബ്രിയേൽ ഓർത്തഡോക്സ് വലിയപള്ളി , നല്ലില (കൊല്ലം ഭദ്രാസനം)
എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.50000, 25000, 10000  രൂപ എന്നിങ്ങനെയായിരുന്നു സമ്മാനത്തുക.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കും. പരിശുദ്ധ കാതോലിക്കാ ബാവാ ചുമതല ഏറ്റശേഷമുളള ആദ്യ സുന്നഹദോസാണ്. 25-ന് മലങ്കര അസോസിയേഷന്‍ കോലഞ്ചേരിയില്‍ ചേരുന്ന പശ്ചാത്തലത്തില്‍ ഈ സുന്നഹദോസിന് ഏറെ പ്രാധാന്യമുണ്ട്. അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കേണ്ടത് ഈ സുന്നഹദോസ് യോഗമാണ്. സുന്നഹദോസ് 26-ന് സമാപിക്കുമെന്ന് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വേദി ഒരുങ്ങുന്നു

കോലഞ്ചേരി: ഫെബ്രുവരി 25-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു വേണ്ടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി അങ്കണത്തില്‍ പ്രധാന വേദി ഒരുങ്ങുന്നു. മലങ്കര സഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവായുടെ നാമത്തിലാണ് പ്രധാനവേദി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തപ്പെടുന്ന യോഗത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി പ്രധാന വേദിയില്‍ സഭയിലെ എല്ലാ മേല്‍പ്പട്ടക്കാരും, സഭാ സ്ഥാനികളും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും മാത്രമായിരിക്കും സമ്മേളിക്കുന്നത്. എല്ലാ പളളി പ്രതിനിധികളും വ്യക്തിപരമായോ, ഭദ്രാസന മെത്രാപ്പോലീത്താമാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിലോ ഒത്തുചേര്‍ന്ന് വീഡിയോ കോണ്‍ഫ്രന്‍സിങിലൂടെ അസോസിയേഷന്‍ യോഗത്തില്‍ പങ്കുചേരും. യോഗത്തിന്റെ പ്രധാന അജണ്ടയായ മെത്രാപ്പോലീത്താമാരുടെ തെരഞ്ഞെടുപ്പ് ഓണ്‍ലൈനില്‍ നടക്കും. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രസിഡന്റ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.

അസോസിയേഷന്‍ അജണ്ട പ്രസിദ്ധീകരിച്ചു

കോലഞ്ചേരി: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ അജണ്ട യോഗ സ്ഥലമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ദേവാലയ അങ്കണത്തിലുളള ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രസിദ്ധീകരിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജേക്കബ് കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈദികര്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വിശ്വാസികള്‍ എന്നിവരടങ്ങിയ സമൂഹം ചടങ്ങിന് സാക്ഷ്യം വഹിച്ചു. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലും, സഭയുടെ വെബ്‌സൈറ്റിലും അജണ്ട പ്രസിദ്ധീകരിച്ചു. അസോസിയേഷന്‍ യോഗം ഫെബ്രുവരി 25 ഉച്ചക്ക് 1 മണിക്ക് ആരംഭിക്കും. 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനായിട്ടാണ് അസോസിയേഷന്‍ യോഗം ചേരുന്നത്. അസോസിയേഷന്‍ യോഗത്തിന്റെ പ്രധാന വേദി പരിശുദ്ധ കാതോലിക്കാ ബാവാ കൂദാശ ചെയ്്തു. തുടര്‍ന്ന് ബാവായുടെ അദ്ധ്യക്ഷതയില്‍ കോലഞ്ചേരി പ്രസാദം സെന്റ്‌റില്‍ അസോസിയേഷന്‍ ക്രമീകരണങ്ങളെ സംബന്ധിച്ച് ആലോചനാ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.

അസോസിയേഷന്‍ സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജി മാറ്റി വച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ 7 മെത്രാപ്പോലീത്താമാരെ  തെരഞ്ഞെടുക്കുന്നതിനായി  ഫെബ്രുവരി 25-ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തില്‍  കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി  മൂന്നാഴ്ചക്കു ശേഷം പോസ്റ്റ് ചെയ്യാന്‍ നീക്കി വച്ചു. യോഗം അടുത്ത ആഴ്ച കൂടുന്നതിനാല്‍ അതിനു  മുന്നേതന്നെ വാദം  കേട്ട് സ്‌റ്റേ ഉത്തരവ് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരനായ  പോള്‍ വര്‍ഗീസിന്റെയും  മറ്റും ആവശ്യം.  അവര്‍ നേരത്തേ നല്‍കിയിരുന്ന ഒരു കോടതിയലക്ഷ്യ  കേസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായെ  കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതും കോടതി മാറ്റി വച്ചു. 2017-ലെ സുപ്രീം കോടതി  വിധി ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കാത്തതിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രസ്തുത വിധി നീതിക്കെതിരാണെന്നും അതു പുനഃപരിശോധിക്കണമെന്നും ദിവസേന ആവശ്യപ്പെടുന്നവര്‍, ഓര്‍ത്തഡോക്‌സ് സഭ വിധിക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്ന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത് വിചിത്രമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.