മതസൗഹാർദ മരം നട്ടു

കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ മത സൗഹാർദത്തിന്റെ പ്രതീകമായി തിരുനക്കര മെെതാനത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ദേവദാരു വൃക്ഷം നട്ടു. നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആമുഖ പ്രസംഗം നടത്തി വൃക്ഷ തൈ പരിശുദ്ധ ബാവായ്ക്ക് കൈമാറി. സൂര്യകാലടി മനയിലെ ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, തിരുനക്കര പുത്തൻ പള്ളി ഇമാം താഹ അൽ ഹസനി എന്നിവർ ചേർന്നാണ് കർമ്മം നിർവഹിച്ചത്. നഗരസഭാ കൗൺസിലർമാരായ ജയ്‌മോൾ ജോസഫ്, ജൂലിയസ് ചാക്കോ, വിനു ആർ മോഹൻ, ജാൻസി ജേക്കബ്, ടോം കോര അഞ്ചേരിൽ എന്നിവർ സന്നിഹിതരായിരുന്നു.

സാന്ത്വനം ജീവകാരുണ്യ പദ്ധതി തുടങ്ങി

കൊച്ചി: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മയ്ക്കായി എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആരംഭിക്കുന്ന സാന്ത്വനം ജീവകാരുണ്യ പദ്ധതി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സി.എം രാജു, സാജു പി. പനയ്ക്കല്‍, ജോസഫ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.

അശരണരെയും, നിരാലംബരെയും കരുതുന്നതിന് അപ്പുറം വേറൊരു ദൈവസ്നേഹമില്ല – പരിശുദ്ധ കാതോലിക്ക ബാവ

മാവേലിക്കര: അശരണരെയും നിരാലംബരേയും കരുതുന്നതിനപ്പുറം മറ്റൊരു സ്നേഹമില്ല എന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മാവേലിക്കര ഭദ്രാസനത്തിലെ മാനസീക രോഗ പുനരധിവാസ കേന്ദ്രമായ മാർ പക്കോമിയോസ് ശാലേം ഭവനിൽ കാർഷികോദ്യാന ശാലേം നൂറ് മേനി കാർഷിക പദ്ധതി ഉത്ഘാടനം ചെയ്യുകയായിരുന്നു ബാവ തിരുമേനി.ചുറ്റുമുള്ള നിരാലംബരെ തിരിച്ചറിഞ്ഞ് അവരെ സഹായിക്കണ്ടത് നമ്മുടെ കടമയെന്നും, സഹോദരൻ പദ്ധതിയിലൂടെ നിരവധി പേർക്ക് സഹായം നൽകുവാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തോട് പങ്കുവെച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭി.അലക്സിയോസ് മാർ യൗസേബിയോസ് അദ്ധ്യക്ഷത വഹിച്ചു.

അരുൺകുമാർ എം എൽ എ, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, തഴക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ സതീഷ്, വാർഡ് മെമ്പർ സജി എസ്. പുത്തൻ വിള, ഫാ.മത്തായി വിളനിലം, ഫാ.ജേക്കബ് ജോൺ, ഫാ. പി ഡി സഖറിയാ, ഫാ.എബി ഫിലിപ്പ്, ഫാ.സോനു ജോർജ്, ഫാ.റ്റോണി യോഹന്നാൻ, ജോൺസൺ കണ്ണനാകുഴി, ഉമ്മൻ ജോൺ, റോണി വർഗ്ഗിസ്, ഡയറക്ടർ ഫാ.കോശി മാത്യു, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ലിനു തോമസ്, മാനേജർ റ്റി.കെ മത്തായി എന്നിവർ പ്രസംഗിച്ചു.

ദുബായ് സെൻ്റ് തോമസ് കത്തീഡ്രൽ കൈസ്ഥാനി ഡോ.ഷാജി ഒരു ലക്ഷം രൂപ ശാലേം നൂറ് മേനി കാർഷിക പദ്ധതിയുടെ വിജയത്തിനായ് നൽകി. ശാലേം കുടുംബാംഗങ്ങളുടെ മാനസീക ഉല്ലാസത്തോടൊപ്പം, ശാലേമിനാവശ്യമായ വിഷ രഹിത പച്ചക്കറി കുടുംബാംഗങ്ങൾ തന്നെ ഉത്പാദിക്കുക എന്നതാണ് ശാലേം നൂറ് മേനിയുടെ ഉദ്ദേശം.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിയുക്ത മെത്രാന്മാര്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത മെത്രാന്മാരായ ഫാ. എബ്രഹാം തോമസ് (എബ്രഹാം റമ്പാന്‍), ഫാ. പി. സി. തോമസ് (തോമസ് റമ്പാന്‍), ഫാ. വര്‍ഗീസ് ജോഷ്വാ (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. വിനോദ് ജോര്‍ജ് (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. റെജി ഗീവര്‍ഗീസ് (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. സഖറിയാ നൈനാന്‍ (സഖറിയാ റമ്പാന്‍) എന്നിവര്‍ക്ക് പരുമല സെമിനാരിയില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്യാസത്തിന്റെ പൂര്‍ണ്ണവ്രതമായ റമ്പാന്‍ സ്ഥാനം നല്‍കി.

വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത 7 പേരില്‍ 6 വൈദികര്‍ക്കാണ് റമ്പാന്‍ സ്ഥാനം നല്‍കിയത്. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാനാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍. ഇവരുടെ മെത്രാപ്പോലീത്താ സ്ഥാനാരോഹണം ജൂലൈ 28-ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.

നിയുക്ത മെത്രാന്‍മാര്‍ക്ക് ജൂണ്‍ 2-ന് റമ്പാന്‍ സ്ഥാനം നല്‍കും

കോട്ടയം: 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ വച്ച് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗം മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത 7 പേരില്‍, 6 വൈദികര്‍ക്ക് ജൂണ്‍ 2-ന് പരുമല സെമിനാരിയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിക്കും. ഫാ. എബ്രഹാം തോമസ്, ഫാ. പി. സി. തോമസ്, ഫാ. വര്‍ഗീസ് ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ്, ഫാ. റെജി ഗീവര്‍ഗീസ്, ഫാ. സഖറിയാ നൈനാന്‍ എന്നിവര്‍ക്കാണ് റമ്പാന്‍ സ്ഥാനം നല്‍കുന്നത്.

രാവിലെ 6.15-ന് പ്രഭാത നമസ്ക്കാരം തുടര്‍ന്ന് 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന. കുര്‍ബ്ബാന മദ്ധ്യേ നടക്കുന്ന ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരിക്കും. ജൂലൈ 28-ന് പഴഞ്ഞി സെന്‍റ് മേരീസ് കത്തീഡ്രലില്‍ വച്ചാണ് 7 പേര്‍ക്കും മെത്രാപ്പോലീത്താ സ്ഥാനം നല്‍കുന്നത്.

കാത്തിരിപ്പ് യോഗം പരുമലയില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ചുള്ള കാത്തിരിപ്പ് യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്ത്വത്തില്‍ ജൂണ്‍ 1-ന് രാവിലെ 9 മുതല്‍ 3 വരെ പരുമല പള്ളിയില്‍ നടക്കും. മൂന്നാം മണി നമസ്‌ക്കാരത്തോടെ ആരംഭിക്കുന്ന യോഗത്തില്‍ ഫാ.ഡോ. ടി ജെ ജോഷ്വാ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വേദപരിചയം നടത്തും. വൈദികരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 11-ന് ഫാ.ഡോ.ജേക്കബ് കുര്യന്‍ ധ്യാനം നയിക്കും. 12-ന് ഉച്ച നമസ്‌ക്കാരത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വര്‍ഷാരംഭത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും. 2.30-ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. 3-ന് ഒമ്പതാം മണി നമസ്‌കാരത്തോടെ യോഗം സമാപിക്കും.

ആത്മീയത സദ്‌ഗുണങ്ങളുടെ പരിശീലനമാകണം – ബന്യാമീൻ

പരുമല: ആത്മീയതയിലൂടെ പരിശീലിക്കുന്ന സത്യവും ധര്‍മ്മവും നീതിയും സമൂഹത്തില്‍ പകരുന്നതാണ് യഥാര്‍ത്ഥ ആരാധന എന്ന് സാഹിത്യകാരന്‍ ശ്രീ. ബന്യാമീന്‍. അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നവര്‍ സമൂഹസേവനം നിര്‍വ്വഹിക്കുവാന്‍ നിയോഗം ലഭിച്ചവരാണ്. അള്‍ത്താരയിലെ ആരാധനയുടെ സൗന്ദര്യം സേവനത്തിലൂടെയും കരുണയുടെ ഭാവങ്ങളിലൂടെയും സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ശുശ്രൂഷക സംഘം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റവ. കെ.വി. പോള്‍ റമ്പാന്‍, ഫാ. ഡോ. എം. ഒ. ജോണ്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍, റോയി എം. മുത്തൂറ്റ്, ബിജു. വി. പന്തപ്ലാവ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.

പുന്നത്ര മാര്‍ ദീവന്നാസിയോസിന്റെ ഓര്‍മ്മ മെയ് 18, 19 തീയതികളില്‍

കോട്ടയം: മലങ്കര മെത്രാപ്പോലീത്തായായിരുന്ന പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസിന്റെ 197-ാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയ പളളിയില്‍ മെയ് 18, 19 തീയതികളില്‍ ആചരിക്കും. 18-ന് വൈകിട്ട് 6-ന് സന്ധ്യാനമസ്‌ക്കാരം, തുടര്‍ന്ന് അനുസ്മരണ പ്രസംഗവും കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും നടത്തപ്പെടും. 19-ന് രാവിലെ 6.45-ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് 7.30-ന് വിശുദ്ധ കുര്‍ബ്ബാന. യു. കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ കാര്‍മികത്വം വഹിക്കും. പളളിക്ക് ചുറ്റും പ്രദക്ഷിണവും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

മലങ്കര അസോസിയേഷന്‍ അംഗങ്ങളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അങ്കണത്തിലെ തോമാ മാര്‍ ദീവന്നാസ്യോസ് നഗറില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് യോഗസ്ഥലത്ത് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ പ്രസിദ്ധീകരിച്ചു.അഡ്വ. ബിജു ഉമ്മന്‍, പത്തനാപുരം മൗണ്ട് താബോര്‍ ദയറാ സെക്രട്ടറി ഫാ. ബെഞ്ചമിന്‍ മാത്തന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദേവലോകം കാതോലിക്കേറ്റ് ഓഫീസിലും സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.mosc.in) ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

അസോസിയേഷന്‍ ലിസ്റ്റ് സംബന്ധിച്ച് പരാതികള്‍ മെയ് 23-ന് മുമ്പായി അറിയിക്കണം. mosctribunal2022@gmail.com എന്ന മെയില്‍ ഐഡിയില്‍ പരാതികള്‍ അയക്കാവുന്നതാണ്. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ മെയ് 24, 27, 28, ജൂണ്‍ 1, 24, ജൂലൈ 20 എന്നീ തീയതികളില്‍ ട്രിബ്യൂണല്‍ യോഗം ചേര്‍ന്ന് പരാതികള്‍ തീര്‍പ്പാക്കും. അന്തിമ ലിസ്റ്റ് ജൂലൈ 4-ന് പ്രസിദ്ധീകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാലായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, അസോസിയേഷന്‍ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ തെരഞ്ഞെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

Download Link https://mosc.in/downloads/malankara-association-2022-2027

വാർഷിക സമ്മേളനം നടത്തി

പുത്തൂർ: മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസന ബാലസമാജം വാർഷിക സമ്മേളനം പുത്തൂർ കാരിക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്നു.കൊല്ലം മെത്രാസന  മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ബാലസമാജം കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ടോണി എം. യോഹന്നാൻ ക്ലാസ് നയിച്ചു. ബാലസമാജം കേന്ദ്ര പ്രസിഡന്റ് ആയി നിയമിതനായ അഭിവന്ദ്യ യൗസേബിയോസ് തിരുമേനിയെ അനുമോദിച്ചു. ഫാ. ഇ. പി. വർഗ്ഗീസ്, ഫാ. സോളു കോശി രാജു, ഫാ. ജോയിക്കുട്ടി, ഫാ. മാത്യൂ അലക്സ്, അഭിഷേക് തോമസ്,ഡോ. സൂസൻ അലക്സാണ്ടർ, ബിജു ബേബി എന്നിവർ പ്രസംഗിച്ചു.