ആർ. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: യഥാർത്ഥ മനുഷ്യസ്നേഹിയും ജനക്ഷേമത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവുമായിരുന്നു അന്തരിച്ച ആർ. ബാലകൃഷ്ണപിള്ള എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ  അനുസ്മരിച്ചു.  മലങ്കര ഓർത്തഡോക്സ് സഭയെ അകമഴിഞ്ഞ് സ്നേഹിക്കുകയും സഭാപിതാക്കന്മാരോരോട് ആത്മാർത്ഥമായ ഊഷ്മള ബന്ധം സൂക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ള പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പം നിന്ന് കരുത്തുപകർന്നുട്ടുള്ള ജനനായകനായിരുന്നു.
അനുഭവ സമ്പന്നനും വിശാല ദർശനത്തിന് ഉടമയും ആയിരുന്ന മുതിർന്ന നേതാവിൻറ നിര്യാണം കേരളീയ സമൂഹത്തിനു പൊതുവെയും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണെന്നും പരിശുദ്ധ ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ  മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

കോട്ടയം: പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ, ഓടി ഒളിക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം സാമൂഹ്യപ്രതിബദ്ധതയോടു കൂടി അവയെ നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഷെഡ്യൂളുകളിലായി 841 കോടിയുടെ ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. യോഗം ബജറ്റ് അംഗീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. പരിശുദ്ധ സഭയുടെ ബജറ്റ് സഭയുടെ ക്രൈസ്തവ സാക്ഷ്യം പ്രതിബിംബിക്കുന്ന വാര്‍ഷിക രേഖയാണെന്ന് അഡ്വ. ബിജു ഉമ്മന്‍ ബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ ജൈവ വ്യവസ്ഥയുടെ പുനസ്ഥാപനം ‘ ഏറ്റെടുത്തു കൊണ്ട് സഭയുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ സുസ്ഥിരമായ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി പ്രോത്സാഹിപ്പിക്കും. പരുമല തിരുമേനിയുടെയും മാര്‍ ബസേലിയോസ് യല്‍ദോ ബാവായുടെയും പരിശുദ്ധ പ്രഖ്യാപനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഒരു വര്‍ഷം നിണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 2021 നവംബറില്‍ നടത്താന്‍ തീരുമാനിച്ചു.

കോവിഡ് 19 മൂലം മരണപ്പെടുന്ന സഭംഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ മാസ്‌ക്ക്, സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു. ആതുരശുശ്രൂഷ രംഗത്തേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം അലവന്‍സ് നല്‍കുന്നതിനായി 15 ലക്ഷം രൂപ വകയിരുത്തി.

Dialysis and Liver Transplantation പദ്ധതിയായ ‘സഹായ ഹസ്തം’ത്തിന് 40 ലക്ഷം വകയിരുത്തി. സഭയിലെ അര്‍ഹരായ വിധവകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിനായി 25 ലക്ഷം രൂപ. നിര്‍ധനരായ രോഗികള്‍ക്ക് ജാതിമതഭേദമെന്യേ ചികിത്സാസഹായും, വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവും നല്‍കുന്നതിന് തുക വകയിരുത്തി. ഭവന നിര്‍മ്മാണം, വിവാഹ സഹായത്തിനുമായി തുക അനുവദിച്ചു. അടിയന്തര പ്രകൃതി ദുരന്ത നിവാരണത്തിനും തുക നീക്കിവച്ചു.

കശ്മീരില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമത്തില്‍ വീരമൃത്യു വരിച്ച നായക് അനീഷ് തോമസിനോടുളള ആദര സൂചകമായി അദ്ദേഹത്തിന്റെ പുത്രി ‘എമിലി ഇശോ’യുടെ പേരില്‍ സ്ഥിര നിക്ഷേപം. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ ആദരിക്കുന്നതിനായി തുക വകയിരുത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പളളികളുടെ പുനര്‍നിര്‍മ്മാണത്തിനും കാതോലിക്കേറ്റ് സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനും തുക നീക്കിവച്ചു.

സഭാ വക പുരയിടങ്ങളില്‍ പരിസ്ഥിതി കമ്മീഷന്റെ സഹായത്തോടെ ഹൈബ്രിഡ് ഫലവൃക്ഷ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിന് തുക വകയിരുത്തി. പാമ്പാടി ദയറായില്‍ ‘മിനി നേച്ചര്‍ പാര്‍ക്ക്’ സ്ഥാപിക്കുന്നതിനും തുക അനുവദിച്ചു. സഭയ്ക്കുളള ദേവാലയങ്ങളും സ്ഥാപനങ്ങളും സേവനങ്ങളും വിവരങ്ങളും അടയാളപ്പെടുത്തുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രമീകരിക്കുന്നതിനായി തുക അനുവദിച്ചു. ‘പൈതൃകം – മലങ്കര സഭാ സാഹിതീ സരണീ’ പ്രസിദ്ധീകരണത്തിനും ബജറ്റില്‍ തുക നീക്കിവച്ചു.

വര്‍ക്കിംഗ് കമ്മറ്റിയംഗം ഫാ. പുന്നക്കൊമ്പില്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ, മുന്‍ അല്‍മായ ട്രസ്റ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായിരുന്ന ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ജേക്കബ് സ്‌കറിയാ, ഫാ. ജോണ്‍ ഫിലിപ്പ്, ജേക്കബ് ഉമ്മന്‍, ഡോ. കെ.പി. ജോണി, സി.വി.ജേക്കബ് നെച്ചൂപ്പാടം, കെ.ജി. ജോയിക്കുട്ടി, എ.സി. ഐപ്പ്, വി.സി. കുര്യന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും യോഗത്തില്‍ പങ്കെടുത്തു.

കൊയ്ത്തുത്സവം

പരുമല : പരുമല സെമിനാരി പാടശേഖരത്തിലെ കൊയ്ത്തുത്സവം തുമ്പമണ്‍ ഭദ്രാസനാധിപന്‍  കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മുപ്പത് വര്‍ഷമായി ഈ പാടശേഖരം തരിശുനിലമായി കിടക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം കൃഷിഭവന്റെ സഹകരണത്തോടുകൂടി കൃഷി ആരംഭിക്കുകയായിരുന്നു.

കൊയ്ത്തുത്സവത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍  ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍, പഞ്ചായത്ത് മെമ്പര്‍ വിമല ബെന്നി, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല സെമിനാരി അസി. മാനേജര്‍മാരായ ഡോ. എം.എസ്. യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ. മത്തായിക്കുട്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റോയി ഐസക് വര്‍ഗീസ്, അസി. ഡയറക്ടര്‍ റെജി വി.ജെ, അസി. കൃഷി ഓഫീസര്‍ സുനില്‍കുമാര്‍,  പരുമല സെമിനാരി കൗണ്‍സില്‍ അംഗം ജി.ഉമ്മന്‍, പി.എ.ജേക്കബ്, എ.എം.കുരുവിള അരികുപുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം ഏപ്രില്‍ 29ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. വീഡിയോ കോണ്‍ഫറന്‍സ് വഴി 2.30ന് യോഗം ആരംഭിക്കും. ഒരു മണി മുതല്‍ അംഗങ്ങള്‍ക്ക് പ്രവേശിച്ച് ഹാജര്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ടായിരിക്കും.

അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ 2021-22ലെ ബജറ്റ് അവതരിപ്പിക്കും.ഗ്രിഗോറിയന്‍ ടിവി”യില്‍ ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447847488

വലിയ മെത്രാപ്പോലീത്തായ്ക്ക് ആശംസ നേര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല:  മലങ്കര മാര്‍ത്തോമ്മാ സഭയുടെ അഭി. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ 103-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ക്രൈസ്തവ സഭ ലോകത്തിന് നല്‍കിയ ദൈവസ്‌നേഹത്തിന്റെ ശ്രേഷ്ഠ  മഹാപുരോഹിതനാണ് മാര്‍ ക്രിസോസ്റ്റമെന്ന് പരിശുദ്ധ ബാവ പറഞ്ഞു.

ആഴമേറിയ പ്രഭാഷണങ്ങളിലൂടെയും നര്‍മ്മ ചിന്തകളിലൂടെയും ആദ്ധ്യാത്മികതയുടെ നന്മ നിറഞ്ഞ സന്ദേശങ്ങളെ അദ്ദേഹം പകര്‍ന്ന് നല്‍കി.  ജാതി മത രാഷ്ട്രീയ വ്യത്യാസമെന്യേ എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വലിയ തിരുമേനിയുടെ ജീവിതവും ദര്‍ശനവും തലമുറകള്‍ക്ക് പാഠപുസ്തകാമാണെന്നും പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു.

മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് സര്‍വ്വ ശക്തന്‍ എല്ലാ കൃപയും ആയുരാരോഗ്യവും നല്‍കി അനുഗ്രഹിക്കുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

മുറിമറ്റത്തില്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

പിറവം :  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ (മുറിമറ്റത്തില്‍ ബാവാ) 108-ാം ഓര്‍മ്മപ്പെരുന്നാള്‍ ബാവാ കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ചെറിയ പളളിയില്‍ മേയ് 1,2,3 തീയതികളില്‍ നടക്കും. ഓര്‍മ്മപ്പെരുന്നാളിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ,  യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്താ തുടങ്ങിയവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വികാരി ഫാ. എബ്രഹാം പാലപ്പിളളില്‍ കൊടിയേറ്റി.

മേയ് 1ന് 6.30 ന് പ്രഭാത നമസ്‌ക്കാരം,  7ന് വിശുദ്ധ കുര്‍ബാന.  2ന് 7ന് വിശുദ്ധ കുര്‍ബാന, 6.30 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് അനുസ്മരണ പ്രഭാഷണം നടത്തും.  മേയ് 3ന് 8ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന.

മണർകാട് പള്ളിക്കേസിലെ മുൻസിഫ് കോടതി വിധി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു – ഡോ. യൂഹാനോൻ മാർ ദീയസ്കോറസ്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ മണര്‍കാട് സെന്റ് മേരീസ് പള്ളിയെ സംബന്ധിച്ച് കഴിഞ്ഞ എട്ടാം തീയതി പ്രസ്താവിച്ച കോട്ടയം മുന്‍സിഫ് കോടതിയുടെ വിധി പാത്രിയര്‍ക്കീസ് വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഖേദകരമാണെന്ന് മലങ്കര സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഹര്‍ജി തള്ളുന്നതിന് കോടതി പറഞ്ഞിരിക്കുന്ന രണ്ടു കാരണങ്ങള്‍, സി. പി. സി. 92 പ്രകാരം പ്രത്യേക അനുവാദം ലഭിക്കാതെ കേസ് ഫയല്‍ ചെയ്തു എന്നതും, സമാനമായ കേസില്‍ മുന്‍പ് കോട്ടയം സബ്‌ കോടതി തീര്‍പ്പ് കല്‍പ്പിച്ച ഒ. എസ് 7/2019 ന്റെ വിധി നിലനില്‍ക്കുന്നു എന്നതും മാത്രമാണ്. മണര്‍കാട് പള്ളി മലങ്കര സഭയുടെ ഭാഗമാണെന്നും, 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും സബ്‌ കോടതി നേരത്തെതന്നെ കണ്ടെത്തിയതിനാല്‍ ഈ കേസ് ഫലശൂന്യമായിത്തീര്‍ന്നു എന്ന് കോടതി വിധിച്ചു. മുന്‍ ഒ. എസ് 7/2019 ല്‍ ആവശ്യപ്പെട്ടിരിക്കുന്ന നിവര്‍ത്തികളും, ഇപ്പോള്‍ ഈ കേസില്‍ ആവശ്യപ്പെട്ടിരിക്കുന്ന നിവര്‍ത്തികളും ഒന്നുതന്നെ ആകയാല്‍ ഈ കേസിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി മുന്‍സിഫ് കോടതി കണ്ടെത്തി.

എന്നാല്‍ പ്രസ്തുത പള്ളി മലങ്കര സഭയുടെ ഭഗമല്ലെന്നും, സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതല്ല എന്നും വിധിന്യായത്തില്‍ ചില നിരീക്ഷണങ്ങള്‍ കാണുന്നുണ്ട്. ഈ നിരീക്ഷണങ്ങള്‍ 2017 ലെ സുപ്രീംകോടതി വിധിക്കും അതേത്തുടര്‍ന്നുണ്ടായ ഹൈക്കോടതി വിധികള്‍ക്കും എതിരാണ്. തന്നെയുമല്ല ഏതൊരു കേസിലെയും നിരീക്ഷണങ്ങള്‍ക്കല്ല, കണ്ടെത്തലുകള്‍ക്കാണ് പ്രാധാന്യം. നിരീക്ഷണങ്ങള്‍ക്ക് നിയമപരമായ പ്രാബല്യമില്ല. ഈ നിരീക്ഷണങ്ങള്‍ നടത്തിയ കോടതി 2017 ലെ വിധി മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമാണ് എന്ന സുപ്രീംകോടതി വിധിയും ആ വിധിക്കെതിരായി ഒരു കീഴ്‌ക്കോടതിയും പ്രവൃത്തിക്കരുത് എന്ന നിബന്ധനയും കണ്ടില്ല എന്നു നടിക്കുകയായിരുന്നു. സഭാകേസില്‍ ഹാജരാക്കിയിട്ടുള്ള എല്ലാ ലിസ്റ്റുകളിലും മണര്‍കാട് പള്ളിയുടെ പേരുണ്ട് എന്ന വസ്തുതയും ഗൗരവമായി പരിഗണിച്ചിട്ടില്ല. പള്ളിക്കേസുകളില്‍ ഇന്‍ജെക്ഷന്‍ നിവര്‍ത്തിമാത്രം ചോദിക്കുമ്പോള്‍ സി. പി. സി. 92 പ്രകാരമുള്ള അനുവാദം ആവശ്യമില്ല എന്നുള്ള മേല്‍ക്കോടതികളുടെ നിരവധി വിധികള്‍ മുന്‍സിഫ് കോടതി പരിഗണിച്ചിട്ടില്ല.

എല്ലാ കാര്യങ്ങളും വ്യക്തമായി പ്രസ്താവിച്ചിരിക്കുന്ന കോട്ടയം സബ്‌ക്കോടതിയുടെ വിധി അഗീകരിക്കുന്നു എന്നു പറയുന്ന മുന്‍സിഫ് കോടതി അതേ വിധിക്കെതിരായി മേല്‍പറഞ്ഞ നിരീക്ഷണങ്ങള്‍ നടത്തുവാന്‍ കാരണമെന്ത് എന്ന് വ്യക്തമല്ല. നിയമോപദേശം സ്വീകരിച്ചശേഷം ആവശ്യമെങ്കില്‍ മേല്‍പ്പറഞ്ഞ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടുവാന്‍ അപ്പീല്‍ നല്‍കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയുക്ത കാതോലിക്കായെ തിരഞ്ഞെടുക്കും

കോട്ടയം:  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത കാതോലിക്കായെ തിരഞ്ഞെടുക്കുന്നതിനുളള നടപടി  ക്രമങ്ങള്‍ സഭ ആരംഭിച്ചു. പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

പരിശുദ്ധ കാതോലിക്കാ ബാവായുടെ ചികിത്സ തുടരുന്നു

കോട്ടയം:  പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുളള ചികിത്സ പുരോഗമിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൂം കോണ്‍ഫറന്‍സിലൂടെ നടത്തിയ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ മുഴുവന്‍ സമയവും ബാവ അദ്ധ്യക്ഷത വഹിച്ചു.

പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് 2021 ഫെബ്രുവരി 22,23, ഏപ്രില്‍ 20,21 യോഗ നിശ്ചയങ്ങള്‍

കോട്ടയം: കോവിഡ് രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെ സ്ഥാപനങ്ങളും അതിലെ പ്രവര്‍ത്തകരും ആരാധനാലയങ്ങളും രോഗ വ്യാപനം തടയുന്നതിനുളള സമ്പൂര്‍ണ്ണ കരുതല്‍ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് പരിശുദ്ധ സുന്നഹദോസ് ആഹ്വാനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സുന്നഹദോസ് പ്രത്യേകം പ്രാര്‍ത്ഥന നടത്തി.

നിര്‍മ്മിത ബുദ്ധിയുടെ (artificial intelligence) നല്ല വശങ്ങള്‍ പൊതുസമൂഹമത്തിന് പ്രയോജനകരമാക്കി മാറ്റുന്നതിനുളള നടപടികള്‍ നിര്‍ണ്ണയിക്കുന്നതിനും അതോടൊപ്പം അതിന്റെ ദോഷവശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.

പരിശുദ്ധ സഭയിലെ വിവിധ ആദ്ധ്യാത്മിഷക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള നടപടിക്രമങ്ങള്‍ അംഗീകരിച്ചു. കോട്ടയം വൈദിക സെമിനാരിയോടനുബന്ധിച്ച് സംസ്്കൃതം, സുറിയാനി, ഗ്രീക്ക്, മുതലായ പുരാതന ഭാഷകളും ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗീഷ് തുടങ്ങിയ ആധുനിക ഭാഷകളും പഠിപ്പിക്കുന്നതിനു വേണ്ടി ഒരു ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തീരുമാനമായി.

പരുമല സെമിനാരി, പരുമല ആശുപത്രി, കോട്ടയം പഴയ സെമിനാരി, നാഗപൂര്‍ സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ടുകളും ബി-ഷെഡ്യൂളില്‍ പ്പെട്ട സ്ഥാപനങ്ങളുടെ ബജറ്റും അംഗീകരിച്ചു.

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തെരഞ്ഞെടുക്കണമെന്നു പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സുന്നഹദോസിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനു വേണ്ടിയുളള ഉചിതമായ നടപടിക്രമങ്ങള്‍ നടത്തുന്നതിന് പരിശുദ്ധ ബാവാ തിരുമേനിയോട് സുന്നഹദോസ് ശുപാര്‍ശ ചെയ്തു. smokeshop

സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിശുദ്ധ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സംബന്ധിക്കുകയുണ്ടായി.