വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി

പരുമല ആശുപത്രിയുടെ സോഷ്യല്‍ ആന്റ് എന്‍വയോണ്‍മെന്റ് റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി പരുമലയിലെ 4 ഗവണ്‍മെന്റ് & ഗവണ്‍മെന്റ് എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ 53 വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. കേരളാ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
കടപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നല്‍കിയ ലാപ് ടോപ്പ് കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്തും ചേര്‍ന്ന് ഏറ്റുവാങ്ങി. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചികിത്സയോടൊപ്പം പ്രതിരോധവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോവിഡ് മഹാമാരി കാലത്ത് ആരോഗ്യപ്രവര്‍ത്തകരുടെ നിസ്തുലമായ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും ചെയ്തു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, വാര്‍്ഡ് മെമ്പര്‍ വിമല ബെന്നി, ഫാ.ഡോ.റെജി മാത്യൂസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ്, കടപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷിബു വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍, ആശുപത്രി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രളയത്തിനും മീതെ ഒഴുകി കാരുണ്യം: ഭവന ദാനം നടത്തി ഓര്‍ത്തഡോക്സ് സഭ

പാണ്ടനാട്: യാതന അനുഭവിക്കുന്നവരുടെ വേദന ഒപ്പുന്നതാണ് ആത്മീയതയുടെ കാമ്പെന്ന് ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്. പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടുറപ്പുള്ള വീടില്ലാതെ ദുരിതത്തിലായിരുന്ന വികലാംഗയായ തങ്കമ്മയ്ക്കും സഹോദരി വിധവയായ പൊന്നമ്മക്കും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ നല്കി.
ധാര്‍മിക നിഷ്ഠയും താപസശുദ്ധിയും ദീനാനുകമ്പയും വിളങ്ങിയിരുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ കലവറയില്ലാത്ത കാരുണ്യത്തിന്റെ ഉറവിടമായിരുന്നു എന്ന് അനുഗ്രഹ സന്ദേശത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. വികലാംഗയായ തങ്കമ്മയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനമായി നല്കുന്ന ആധുനീക വീല്‍ചെയര്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കൈമാറി.
ലോക്ക്ഡൗണുകളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിന് കാലതാമസം നേരിട്ടെങ്കിലും മികച്ച നിലയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അധ്വാനിച്ചവരെ ആദരിച്ചു.
പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രി സിഇഒ ഫാ എം സി പൗലോസ്,പഞ്ചായത്ത് പ്രസിഡന്റ് ആശാ വി നായര്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡോ.ഫെലിക്സ് യോഹന്നാന്‍ ട്രസ്റ്റി സണ്ണി പുഞ്ചമണ്ണില്‍, വാര്‍ഡ് മെമ്പര്‍മാരായ അമ്മാളുകുട്ടി, ബിന്ദു സുനില്‍,  റ്റി.ഡി .മോഹന്‍, ഷോബിള്‍ സജി എന്നിവര്‍ പ്രസംഗിച്ചു.
2018 ലെ മഹാ പ്രളയംത്തില്‍ നിലം പൊത്താറായ കുടിലില്‍ ദുരിത ജീവിതം നയിച്ചിരുന്ന തങ്കമ്മയുടെയും പൊന്നമ്മയുടെയും യാതനകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സഭാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായാണ് ജാതി മത വേര്‍തിരിവുകള്‍ക്കതീമായി ഇവരെ സഹായിക്കാന്‍ നിര്‍ദേശിച്ചത്.
പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണത്തിന്റ നവതി ആഘോഷങ്ങള്‍ 2019 ഓഗസ്റ്റില്‍ കുണ്ടറയില്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആഘോഷങ്ങളുടെ ഭാഗമായി പ്രസ്തുത ഭവന നിര്‍മ്മാണം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രണ്ട് മുറികളും,ഹാള്‍, സിറ്റൗട്ട് ,കിച്ചന്‍, ബാത്ത്‌റൂം അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് മികച്ച നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയ വീട് 600 ചതുരശ്രയടി ഉണ്ട് തങ്കമ്മയുടെയും പൊന്നമ്മ യുടെയും വാര്‍ത്ത പൊതു ശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ഷമ്മി പ്രഭാകറിനെ ചടങ്ങില്‍ ആദരിച്ചു.

ഒയാസിസ് ( OASSIS ) പ്രവര്‍ത്തനം ആരംഭിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസനപരിധിയില്‍ പഠനത്തിനും ജോലിക്കുമായി വരുന്ന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ യുവതി/യുവാക്കള്‍ക്ക് ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ആരാധനാ സൗകര്യം ക്രമീകരിക്കുന്നതിനുമായി ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശപ്രകാരം ഒയാസിസ് (OASSIS -Orthodox Association for Spiritual Support to international Students)  പ്രവര്‍ത്തനം ആരംഭിച്ചു. ഫാ. ആശു അലക്‌സാണ്ടര്‍ മട്ടക്കല്‍ (വൈസ് പ്രസിഡന്റ്), ഡീക്കന്‍ കാല്‍വിന്‍ പൂവത്തൂര്‍(കോഡിനേറ്റര്‍), ആഷ്‌ലി അലക്‌സ്(ജനറല്‍ സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും നിയമിച്ചു.

Instagram- https://www.instagram.com/oassiseurope/

Facebook- https://www.facebook.com/OASSISEurope

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം : അഡ്വ. ബിജു ഉമ്മന്‍

കോട്ടയം : ടി.പി.ആര്‍ അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആകുലതയില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ഏറെ പരിഗണന അര്‍ഹിക്കുന്ന വിഷയമായി സര്‍ക്കാര്‍ കാണണം. മതപരമായ ചടങ്ങുകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ആരാധനാലയങ്ങളുടെ ചുമതലയില്‍ ഏറെ പ്രശംസനീയമായി നടന്നു വരുന്നുണ്ട്. വ്യാപാര വിനോദ സ്ഥാപനങ്ങള്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിന് അടിയന്തര പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മിസോറാം ഗവര്‍ണര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

പരുമല: ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മിസോറാം ഗവര്‍ണര്‍  പി. എസ്. ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. ചികിത്സാ പുരോഗതി ചോദിച്ചറിഞ്ഞ ഗവര്‍ണര്‍ കൊറോണക്കാലത്ത് സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

അധികാരികള്‍ മാത്രമല്ല സമസ്ത സമൂഹവും ഒറ്റക്കെട്ടായി മഹാമാരിയുടെ ദുരിത കാലത്തെ നേരിടണമെന്ന് പരിശുദ്ധ ബാവാ തിരുമേനി പറഞ്ഞു. പരുമല ഹോസ്പിറ്റല്‍ എത്തിയ മിസോറാം ഗവര്‍ണറെ നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ,  അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല ഹോസ്പിറ്റല്‍ സി.ഇ.ഒ.  ഫാ.എം. സി. പൗലോസ്, ഫാ. എബി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മലങ്കര അസോസിയേഷന്‍ ഒക്‌ടോബര്‍ 14 ന് പരുമല സെമിനാരിയില്‍

കോട്ടയം:  അര്‍ത്ഥവത്തായ ക്രിസ്തീയ ജീവിതത്തിലൂടെ ദൈവാനുരൂപരായി രുപാന്തരപ്പെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്.  പരിശുദ്ധ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ‘ മലങ്കര അസോസിയേഷന്‍ ‘ 2021 ഒക്‌ടോബര്‍ 14 ന് പരുമല സെമിനാരിയില്‍ ചേരാന്‍ നിശ്ചയിച്ചതായി  അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20  അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി മാനേജിംഗ് കമ്മറ്റി യോഗം സ്വാഗതം ചെയ്തു. ഭരണ തുടര്‍ച്ച നേടിയ ഇടത് സര്‍ക്കാരിനും അതിന് നേതൃത്വം കൊടുക്കുന്ന ബഹു. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും യോഗം അഭിനന്ദിച്ചു. തുടര്‍ച്ചയായി 12 തവണ പുതുപ്പളളിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യോഗം അനുമോദിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ അഭി. ഫീലപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തില്‍ യോഗം ദുഃഖം രേഖപ്പെടുത്തി.  വെരി. റവ. സില്‍വാനിയോസ് റമ്പാന്‍, റവ. ഫാ. എം. എം. മാത്യൂസ് ഓലിക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. ജേക്കബ് മനയത്ത്, മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളള,  മാമ്മന്‍ വര്‍ഗീസ് (മലയാള മനോരമ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ്) എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

പരിസ്ഥിതിദിനാഘോഷം

പത്തനാപുരം:  അഖില മലങ്കര പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിന് മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെന്റ് ആതിഥ്യം അരുളും. പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലീമിസിന്റെ അധ്യക്ഷതയിൽ സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം പത്തനാപുരം എം.എൽ.എ. കെ ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്യും.
ഐക്യരാഷ്ട്രസഭ ഈ വർഷത്തെ ചിന്താവിഷയം ആയി തിരഞ്ഞെടുത്ത ‘ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനം’ എന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ട് പരിസ്ഥിതി വ്യവസ്ഥയുടെ തകർച്ച തടയുന്നതിനായി പ്രവർത്തിക്കും. സമ്മേളനത്തിനുശേഷം വിവിധ കർമപദ്ധതികൾക്ക് ആരംഭം കുറിക്കും. ഡോ. യാക്കൂബ് മാർ ഐറേനിയോസ്, ഡോ. ജോസഫ് മാർ ദീവന്നാസിയോസ്,മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഫാ. ബെഞ്ചമിൻ മാത്തൻ, ഫാ. കോശി ജോൺ എന്നിവർ അറിയിച്ചു.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം:  സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20  അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്ത.

ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സന്തുലനം ഉണ്ടാകുവാന്‍ ഈ നടപടി കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു. ബഹു. കേരളാ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉളളതായ അവകാശങ്ങള്‍ പൂര്‍ണ്ണമയും സംരക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നു. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുവാനായി ജസ്റ്റിസ് ബഞ്ചമിന്‍ കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ച നടപടിയും സഭ സ്വാഗതം ചെയ്യുന്നതായി മാര്‍ ദീയസ്‌ക്കോറസ്  പറഞ്ഞു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ

പത്തനാപുരം/ കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ ബാവാ കബറടങ്ങിയ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ആചരിച്ചു.

വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക്  ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ,  ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ  എന്നിവർ  സഹകർമികത്വം വഹിച്ചു.

ഒന്നുമില്ലായ്മയിൽ നിന്ന് ദൈവാശ്രയം കൊണ്ട് അസാധ്യമായത് സാധ്യമാക്കാമെന്ന് പഠിപ്പിച്ച പിതാവാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായെന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
മെത്രാപ്പോലീത്തമാരായ ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്,  ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവർ സന്നിഹിതരായിരുന്നു.
ദേവലോകം കാതോലിക്കേറ്റ്  അരമന ചാപ്പലിൽ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന വിശുദ്ധ  കുർബാനയ്ക്ക് ഫാ. സൈബു സഖറിയാ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ധൂപ പ്രാർത്ഥന നടത്തി. അരമന മാനേജർ ഫാ. എം കെ. കുര്യൻ, ഫാ. ഏബ്രഹാം ജോർജ് പാറമ്പുഴ എന്നിവർ സഹകാർമികത്വം വഹിച്ചു.

ജൈവവൈവിധ്യം പൈതൃകസ്വത്ത്: കുര്യാക്കോസ് മാർ ക്ലീമിസ്

പത്തനംതിട്ട: മാനവ രാശിയുടെ നിലനില്‍പിന്‍റെ പ്രധാന ഉറവിടമായ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടത് നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻ അധ്യക്ഷൻ കുര്യാക്കോസ് മാർ ക്ലീമിസ് പ്രസ്താവിച്ചു. പൈതൃക സ്വത്തായ ജൈവവൈവിധ്യം ശോഷണം കൂടാതെ നിലനിർത്തേണ്ടതും വരുംതലമുറകൾക്ക് കൈമാറേണ്ടതും നമ്മുടെ കർത്തവ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി കമ്മീഷൻറെ ആഭിമുഖ്യത്തിൽ നടന്ന വർച്വൽ ജൈവവൈവിധ്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ വിയോഗം തീരാനഷ്ടമാണെങ്കിലും അദ്ദേഹത്തിൻറ ജീവിതം പരിസ്ഥിതി സ്നേഹികൾക്ക് നിത്യ പ്രചോദനമാണെന്ന്    
കമ്മീഷൻ ഉപാധ്യക്ഷൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ജനറൽ സെക്രട്ടറി ഫാ. കോശി ജോൺ കലയപുരം എന്നിവർ പ്രസംഗിച്ചു.