

പരുമല : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 36-ാം മെത്രാഭിഷേക വാർഷിക ദിനത്തോടനുബന്ധിച്ചു ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പരുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റൽ ചാപ്പലിൽ വി. കുർബ്ബാന അർപ്പിച്ചു.
വി.കുർബാനാനുഭവത്തെ തുടർന്ന് പരിശുദ്ധ ബാവ കേക്ക് മുറിച്ചു. കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും അദ്ദേഹം സന്തോഷവാനായിരിക്കുന്നുവെന്നും പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം. സി. പൗലോസ് അറിയിച്ചു.
കോട്ടയം : നഴ്സസ് ദിനത്തിൽ ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് ആദരമർപ്പിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. കാരുണ്യത്തിന്റെ മാലാഖമാർ ആയി ലോകമെങ്ങും പ്രവർത്തിക്കുന്ന നഴ്സുമാരെ പ്രത്യേകം അനുസ്മരിക്കുന്നതായും ഈ ദിനത്തിൽ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായും പരിശുദ്ധ ബാവ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് തീവ്ര വ്യാപനത്തിന്റെ സാഹചര്യത്തിൽ, തളർന്നുപോകാതെ തങ്ങളുടെ ദൗത്യം നിർവഹിക്കുവാൻ അത്യധികം അധ്വാനിക്കുന്നവരാണ് നഴ്സുമാർ. ഈ അധ്വാനം മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഏറ്റവും വിലപ്പെട്ടതാണെന്നും, സ്വന്തം പരിമിതിക്ക് ഉള്ളിൽ നിന്നുകൊണ്ട് മാനവരാശിയുടെ മുഴുവൻ സുസ്ഥിരമായ നിലനിൽപിന് വേണ്ടി അധ്വാനിക്കുന്നവരുടെ പ്രയത്നം മുഴുവൻ ലോകവും ഏറെ വിലമതിക്കുന്നതാണെന്നും നേഴ്സസ് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
കോട്ടയം: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നിബന്ധനകള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എല്ലാ വിശ്വാസികളും, വൈദികരും പാലിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ആരാധനാലയങ്ങളില്‍ വൈദികര്‍ക്കും അവരെ സഹായിക്കുവാന്‍ അത്യാവശ്യം വേണ്ട സഹകര്‍മ്മികള്‍ക്കും മാത്രം പ്രവേശിച്ച് വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും നടത്താം. വിശ്വാസികള്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുകയില്ല. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഉപാധികള്‍ അനുസരിച്ച് നടത്തുന്ന വിവാഹങ്ങള്‍ക്കും മൃതസംസ്‌ക്കാരങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള അത്രയും പേര്‍ക്ക് സംബന്ധിക്കാം. ഈ പൊതുതത്ത്വങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോഴും അതിതീവ്ര വ്യാപനമുള്ള പ്രദേശങ്ങളിലെ പ്രാദേശിക വിലക്കുകളും നിബന്ധനകളും പാലിക്കണമെന്നും പരിശുദ്ധ ബാവാ പറഞ്ഞു.
കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സ് പരുമല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. കഴിഞ്ഞ ഡിസംമ്പര്‍ മാസത്തില്‍ പ്രോട്ടോണ്‍ തെറാപ്പിക്ക് വിധേയനായിരുന്നു. അതോടെ പരിശുദ്ധ പിതാവിന്റെ ആരോഗ്യ നില വളരെ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കോവിഡ് ബാധിതനായതോടെ കാന്‍സര്‍ ചികിത്സ കുറേ നാളത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നിരുന്നു. അധികം താമസിയാതെ കോവിഡ് മുക്തനായി എങ്കിലും പിന്നീട് ഉണ്ടായ ന്യുമോണിയ ബാധ ചികിത്സാ പുരോഗതിക്ക് വെല്ലുവിളിയായിത്തീര്‍ന്നു. ഇതിനിടയില്‍ തിരുമനസ്സിലെ ശ്വാസകോശത്തിലുണ്ടായ ഫങ്കസ് ബാധയും പുരോഗതി സാധ്യമല്ലാതാക്കിത്തീര്‍ത്തു.
ഇപ്പോള്‍ രക്തത്തിലും മറ്റും അല്‍പ്പം അണുബാധ കാണുന്നുണ്ട്. അതിനാല്‍ വീണ്ടും കാന്‍സര്‍ ചികിത്സ നിര്‍ത്തിവച്ച് അണുബാധ തടയുവാനുള്ള ആന്റിബയോട്ടിക്കുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്‍പ്പം വേദന അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ റേഡിയേഷനും നടത്തുന്നുണ്ട്. പരുമല ആശുപത്രിയില്‍ ഏറ്റവും മികച്ച ചികിത്സയാണ് പിതാവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു മെഡിക്കല്‍ ബോര്‍ഡ് നിരന്തരമായി പിതാവിന്റെ ആരോഗ്യനില വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സഭ മുഴുവന്റെയും നിരന്തരമായ പ്രാര്‍ത്ഥന പരിശുദ്ധ ബാവാ തിരുമേനിക്ക് ഏറ്റവും അധികം ആവശ്യമായിരിക്കുന്ന സമയമാണിത്. സര്‍വ്വശക്തനായ ദൈവം പരിശുദ്ധ ബാവാ തിരുമനസ്സിന് ആയുസും ആരോഗ്യവും നല്‍കുന്നതിനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.
കോട്ടയം : തുടര്‍ഭരണം നേടിയ ഇടത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുളള പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് ഒപ്പംനിന്ന നേതാവായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും കേരളീയ സമൂഹം നല്‍കിയ ആദരവാണ് ഈ വലിയ വിജയമെന്ന് പരിശുദ്ധ ബാവ പറഞ്ഞു.
കോട്ടയം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാട് ഭാരത ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവ. ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ പ്രീതികരമായ നിലയില്‍ മഹാ പൗരോഹിത്യ ശുശ്രൂഷ എങ്ങനെ നിറപടിയായി നിര്‍വ്വഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ അജപാലന ശുശ്രൂഷ. കേരള ജനതയുടെ മനസ്സില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കപ്പുറമായി നന്മയെ പ്രഘോഷിക്കുന്ന ഒരു നല്ല ഇടയന്റെ പ്രതീകമായി ചിരപ്രതിഷ്ഠ നേടുവാന്‍ ആ പിതാവിന് സാധിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉത്തമനായ സ്‌നേഹിതനായി എന്നും അദ്ദേഹം നിലകൊണ്ടു എന്നത് നന്ദിയോടെ ഓര്‍ക്കുന്നുതായി പരിശുദ്ധ ബാവ പറഞ്ഞു.
ഇതരസഭാ മേലദ്ധ്യക്ഷന്മാരുടെയും സമുദായ നേതാക്കളുടെയും മനസ്സില്‍ അദ്ദേഹത്തിന് ഒരു പിതാവിന്റെയും ഗുരുവിന്റെയും സ്ഥാനം ഉണ്ടായിരുന്നു എന്നത് ആ പിതാവിന്റെ അതുല്യവും ശ്രേഷ്ഠവുമായ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. ആദ്ദേഹം പകര്‍ന്നുതന്ന ആഴമേറിയ ജീവിത ദര്‍ശനങ്ങളിലൂടെയും അതിരുകള്‍ക്കപ്പുറമുള്ള മാനവീക മൂല്യങ്ങളിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം എന്നും ജീവിക്കും.
വ്യക്തിപരമായി അദ്ദേഹം നല്‍കിയിട്ടുള്ള സ്‌നേഹത്തിനും വാത്സല്യത്തിനും ഉപദേശത്തിനും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനവും ആദരാജ്ഞലികളും അര്‍പ്പിക്കുന്നതായി പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.
തിരുവല്ല: കാലംചെയ്ത മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ലോകത്തിന് നൽകിയ പ്രചോദനാത്മകമായ നേതൃത്വം സുവർണ്ണ സ്മരണകളായി എന്നും നിലനിൽക്കും എന്ന് മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. മാർത്തോമാ സഭയ്ക്ക് മാത്രമല്ല സമസ്ത ക്രൈസ്തവ സമൂഹത്തിനും ഇതര സമുദായങ്ങൾക്കും മതവിഭാഗങ്ങൾക്കും അദ്ദേഹം നൽകിയ ഹൃദ്യമായ നേതൃത്വം അനന്യസാധാരണമാണ്.
മലങ്കര ഓർത്തഡോക്സ് സഭയോടും പിതാക്കന്മാരോടും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോടും ആത്മബന്ധം പുലർത്തിയിരുന്ന മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുമായി സൂക്ഷിച്ചിരുന്ന സ്നേഹോഷ്മളമായ സൗഹൃദം പ്രത്യേകം സ്മരണീയമാണ്.
അനുഗ്രഹീത പ്രഭാഷകനായിരുന്ന അദ്ദേഹം സരളമായ ഹാസ്യത്തിന്റെ അകമ്പടിയോടെ പ്രബോധിപ്പിച്ച ശ്രേഷ്ഠമായ ആശയങ്ങൾ ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ലാളിത്യവും വിനയവും അലങ്കാരമാക്കിയിരുന്ന മാർ ക്രിസോസ്റ്റത്തിൻറ നിര്യാണം ക്രൈസ്തവ സമൂഹത്തിന് നികത്താനാവാത്ത വിടവാണെങ്കിലും പരിണിതപ്രജ്ഞനായിരുന്ന അദ്ദേഹത്തിൻറ മധുരമുള്ള സ്മരണകളും ഐതിഹാസികമായ നേതൃത്വവും ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്ന് അഡ്വക്കേറ്റ് ബിജു ഉമ്മൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു