ഗുരുസവിധത്തില്‍

കഴിഞ്ഞ മൂന്ന് മാസമായി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ധ്യാനത്തിലും, പരിശീലനത്തിലും താമസിക്കുകയായിരുന്നു റമ്പാന്മാര്‍. ഇന്നലെ പരിശീലനം അവസാനിച്ചു.

ജൂലൈ 28-ന് മെത്രാപ്പോലീത്താമാരായി വാഴിക്കപ്പെടുന്ന ഏഴു റമ്പാന്മാര്‍ പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം പരിശീലനത്തില്‍…..

അസോസിയേഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പത്തനാപുരം : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മുഖ്യ വരണാധികാരിയും ഓൺലൈൻ കോർകമ്മറ്റി അംഗങ്ങളും അസോസിയേഷൻ യോഗസ്ഥലമായ പത്തനാപുരം മൗണ്ട് താബോർ ദയറാ അങ്കണത്തിലെ തോമാ മാർ ദീവന്നാസിയോസ് നഗർ സന്ദർശിച്ചു. ഒരുക്കങ്ങൾ വിലയിരുത്തി

മാനവമിത്ര അവാര്‍ഡ് സമ്മാനിച്ചു

കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനം ഏര്‍പ്പെടുത്തിയ പരിശുദ്ധ പൗലോസ് ദ്വിതീയന്‍ മാനവമിത്ര പ്രഥമ അവാര്‍ഡ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു. കുന്നംകുളം അരമനയില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസാണ് അവാര്‍ഡ് സമ്മാനിച്ചത്. 100001 രൂപയാണ് അവാര്‍ഡ്. കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചാണ് അവാർഡ് നൽകിയത്.

പുസ്തക പ്രകാശനം ജൂലൈ 16-ന്

കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ സമഗ്ര ജീവചരിത്രം കുന്നംകുളം ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നു. ജൂലൈ 16-ന് പരിശുദ്ധ പിതാവിന്‍റെ ഒന്നാം ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ച് കുന്നംകുളം ആര്‍ത്താറ്റ് അരമന ചാപ്പലില്‍ ‘ഓര്‍മ്മയിലെ പുഞ്ചിരി’ എന്ന പേരിലുള്ള പുസ്തകം ഗോവാ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിളള പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് നല്‍കി പ്രകാശനം ചെയ്യും. ഫാ. വര്‍ഗീസ് ലാല്‍ ആണ് പുസ്തകത്തിന്‍റെ ചീഫ് എഡിറ്റര്‍.

ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വവും, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. തുടര്‍ന്ന് അനുസ്മരണ പ്രസംഗവും, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും, പ്രദക്ഷിണവും നടന്നു. മെത്രാപ്പോലീത്താമാര്‍, നിയുക്ത മെത്രാപ്പോലീത്താമാര്‍, വൈദികര്‍ അടക്കമുള്ള വന്‍ജനസമൂഹം പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

പൗലോസ് ദ്വിതീയന്‍ ബാവാ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ – വി. എന്‍ വാസവന്‍

കോട്ടയം: ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച വ്യക്തിത്വവും, സഭയുടെ ധീരപോരാളിയും, കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായെന്ന് മന്ത്രി വി. എന്‍. വാസവന്‍. പരിശുദ്ധ ബാവായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. മനസിന്റെ ലാളിത്യം കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളെ ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവായുടേതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ സ്മരണാര്‍ത്ഥം ആരംഭിച്ചിരിക്കുന്ന ‘സഹോദരന്‍’ പദ്ധതിയുടെ ജീവകാരുണ്യ സഹായവും, ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആയിരം പേര്‍ക്ക് നല്‍കുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണവും മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു. ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേച്ചേരില്‍, ബിഷപ് ഉമ്മന്‍ ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ ഒന്നാം ഓര്‍മ്മ: ജൂലൈ 3-ന് കൊടിയേറും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 8-ാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 3 മുതല്‍ 12 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായും, മെത്രാപ്പോലീത്താമാരും, നിയുക്ത മെത്രാപ്പോലീത്താമാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം

ജൂലൈ  3-ന് 7.30 ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് സീനിയര്‍ മെത്രാപ്പോലീത്താ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് പെരുന്നാള്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. വൈകിട്ട് 5.30-ന് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്താ എബ്രഹാം തോമസ് റമ്പാന്‍ ധ്യാനം നയിക്കും.


4-ന് 7-ന് വിശുദ്ധ കുര്‍ബ്ബാന – ഫാ. തോമസ് പി. സഖറിയാ, 5.30-ന് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്താ പി. സി. തോമസ് റമ്പാന്‍ ധ്യാനം നയിക്കും. 5-ന് 7-ന് വിശുദ്ധ കുര്‍ബ്ബാന – ഫാ. എം. സി. കുര്യാക്കോസ്, 5.30-ന് സന്ധ്യാനമസ്‌ക്കാരത്തിന് ശേഷം നിയുക്ത മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന്‍ ധ്യാനം നയിക്കും. 6-ന് 7-ന് വിശുദ്ധ കുര്‍ബ്ബാന – ഫാ. ജോണ്‍ എ. ജോണ്‍, 5.30-ന് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്താ ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്‍ ധ്യാനം നയിക്കും. 7-ന് 7-ന് വിശുദ്ധ കുര്‍ബ്ബാന- ഫാ. കുര്യന്‍ തോമസ്, 5.30 ന് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്താ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ ധ്യാനം നയിക്കും. 8-ന് 7-ന് വിശുദ്ധ കുര്‍ബ്ബാന – ഫാ. ജോസഫ് ചെറുവത്തൂര്‍, 5.30-ന് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്താ ഡോ. കെ. ഗീവര്‍ഗീസ് റമ്പാന്‍ ധ്യാനം നയിക്കും. 9-ന് 7-ന് വിശുദ്ധ കുര്‍ബ്ബാന – ഫാ. പോള്‍ പി. തോമസ്, 5.30-ന് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്താ ചിറത്തിലാട്ട് സഖറിയാ റമ്പാന്‍ ധ്യാനം നയിക്കും. 10-ന് 6.30-ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് 7.30-ന് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അലക്‌സിയോസ് മാര്‍ യൗസേബിയോസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.

11-ന് 7-ന് ബാഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. മലങ്കര സഭയുടെ വിവിധ ദേവാലയങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ സമ്മേളിക്കും. കത്തീഡ്രലില്‍ നിന്ന് വൈകിട്ട് 5 മണിക്ക് കാല്‍നടയായി തീര്‍ത്ഥാടകസംഘം ദേവലോകം അരമനയില്‍ എത്തിച്ചേരും. 6-ന് പരിശുദ്ധ കാതോലിക്കാ ബാവായുടെയും മെത്രാപ്പോലീത്താമാരുടെയും നേതൃത്വത്തില്‍ സന്ധ്യാനമസ്‌ക്കാരം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ് എന്നിവ നടത്തപ്പെടും.

തുടര്‍ന്ന്  7.15-ന് ദേവലോകം അരമന ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ സ്മരണാര്‍ത്ഥം ആരംഭിച്ചിരിക്കുന്ന ‘സഹോദരന്‍‘ പദ്ധതിയുടെ ജീവകാരുണ്യ സഹായ വിതരണം മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ആര്‍ദ്ര ചാരിറ്റബിള്‍ സൊസറ്റിയുടെ നേതൃത്വത്തില്‍ ആയിരം പേര്‍ക്ക് നല്‍കുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മാര്‍ സെബാസ്റ്റ്യന്‍ തെക്കേച്ചേരില്‍, ബിഷപ് ഉമ്മന്‍ ജോര്‍ജ്, കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

12-ന് 7-ന് പ്രഭാത നമസ്‌ക്കാരം, 8-ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, അനുസ്മണ പ്രസംഗം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കുമെന്ന് കാതോലിക്കേറ്റ് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് അറിയിച്ചു.

പൗരോഹിത്യ ശുശ്രൂഷയില്‍ ദൈവം നടത്തിയ നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ – പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

ഇന്നേക്ക് നാല്പത്തിനാല് വര്‍ഷം മുമ്പ് കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം പൗരോഹിത്യത്തിന്റെ വലിയ ഉത്തരവാദിത്തം ദൈവം എന്നെ ഭരമേല്പിച്ചു. ആ പട്ടംകൊട ശുശ്രൂഷയിൽ മുഖ്യ കാർമ്മികനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായുടെ മുമ്പിൽ മദ്ബഹായിൽ മുട്ടുകുത്തി തലകുനിച്ച് നിലക്കുന്ന സന്ദർഭമാണ് എൻ്റെ മനസ്സിൽ ഓടിയെത്തുന്നത്. ഇത് 1978 ജൂണ്‍ 30ന് എൻ്റെ ഇടവകപള്ളിയായ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ വെച്ച് ആയിരുന്നു. അതുകൊണ്ട് ഈ ദിവസം എന്നെ ഇന്നലെകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

സെമിനാരി വിദ്യാഭ്യാസ കാലത്ത് ശെമ്മാശ്ശനായി പ്രവർത്തിക്കുമ്പോൾ വൈദിക പദവിയിൽ എത്തി വി.കുർബ്ബാന ചൊല്ലുന്നതിനുള്ള ദൈവീക അനുഗ്രഹത്തിൻ്റെ കാലഘട്ടത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു .ഈ ദിവസമാണ് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. അന്ന് ഈ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികൻ പരിശുദ്ധ സഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവ ആയിരുന്നു എന്നത് എന്നത്തെയും വലിയ അഭിമാനവും ചാരിതാര്‍ഥ്യവുമാണ്. എൻ്റെ മാതാവും സഹോദരങ്ങളും ആ നിമിഷത്തിന് സാക്ഷികളായിരുന്നു. എൻ്റെ പിതാവ് നിത്യതയിലിരുന്ന് ശുശ്രൂഷയിൽ സംബന്ധിച്ചു.

അന്നേ ദിവസം തൊട്ട് ഇന്നേവരെ ദൈവത്തോട് അടുത്തു നിൽകാനാണ് ശ്രമിച്ചിട്ടുള്ളത്. ദൈവം പറയുന്നത് കേള്‍ക്കാനും അനുസരിക്കാനും എപ്പോഴും ശ്രദ്ധ വച്ചിരുന്നു. വിശുദ്ധ മദ്ബഹാ ദൈവസാനിദ്ധ്യത്തിൻ്റെ നിറവാണ്. ഓരോ മനുഷ്യനും ദൈവത്തിൻ്റെ വിശുദ്ധ ആലയമാണെന്നത് പരിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ എന്നും ഓർമ്മിപ്പിക്കുന്നു. അങ്ങനെ ആ ദൈവമന്ദിരമായ എനിക്ക് പുതിയൊരനുഭവമായി പൗരോഹിത്യം പരിണമിച്ചു. മനസുകള്‍ക്ക് മുമ്പാകെയുള്ള അര്‍പ്പിക്കലുകള്‍ ദൈവത്തിങ്കല്‍ തന്നെയുള്ള സമര്‍പ്പണമായാണ് അനുഭവപ്പെടാറുള്ളത്. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകുന്നതിനുള്ള എളിയ പ്രവൃത്തികള്‍ പരിശുദ്ധ ബലിപീഠത്തിൻ്റെ മുമ്പിലെ ദൈവശുശ്രൂഷയായി കാണുന്നയാളാണ് ഞാന്‍. സങ്കടപ്പെടുന്ന ഒരാള്‍ ആശ്വസിപ്പിക്കപ്പെടുമ്പോള്‍ ദൈവം പുഞ്ചിരിക്കുന്നു. പള്ളിക്കുള്ളില്‍ എന്നപോലെ പുറത്തേക്കും ഒരു പുരോഹിതന്റെ പ്രാര്‍ഥനകളും സമര്‍പ്പണങ്ങളും നീളുമ്പോഴാണ് വൈദികവൃത്തി അതിന്റെ നിയോഗത്തിലെത്തുക എന്നതാണ് നാല്പത്തിനാലുവര്‍ഷമായി ഓരോ ജൂണ്‍ 30ാം തീയതിയും പറഞ്ഞുതരാറുള്ളത്. വിവിധ സന്നദ്ധപ്രവൃത്തികളിലൂടെ എന്നാലാവുന്നത് ചെയ്യുന്നു. ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. ദൈവം അതിന് അനുഗ്രഹിക്കുമായിരിക്കും.

ഈ ദിവസം എല്ലാവര്‍ഷത്തെയുമെന്നപോലെ ഞാന്‍ മുന്‍പിതാക്കന്മാരെ ഓര്‍മിക്കുന്നു. അവരായിരുന്നു എന്റെ പ്രകാശഗോപുരങ്ങള്‍. ആ വെളിച്ചം ഇനിയും എനിക്ക് വഴികാട്ടുമാറാകട്ടെ. സെമിനാരിയില്‍ പഠിപ്പിച്ച ഗുരുശ്രേഷ്ഠരായ വൈദികര്‍ക്കും കൂപ്പുകൈ. നിങ്ങള്‍ എല്ലാവരും ഓരോ പാഠപുസ്തകമായിരുന്നു. വേദപുസ്തകങ്ങള്‍ക്കൊപ്പം ഞാന്‍ നിങ്ങളില്‍ നിന്നും ഒരുപാട് പഠിച്ചു. ആ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോഴും ശ്രമിക്കുന്നു. ഞാന്‍ പഠിച്ചവ എനിക്ക് മുന്നിലെത്തിയ പിന്‍തലമുറയിലെ വൈദികവിദ്യാര്‍ഥികള്‍ക്ക് പകരാനും ശ്രമിച്ചിട്ടുണ്ട്. ശിഷ്യപരമ്പരകള്‍ക്കും നമസ്‌കാരം. മാതാപിതാക്കള്‍ എന്നെ എന്റേതായ വഴിയേ സഞ്ചരിക്കാന്‍ അനുവദിച്ചു. ജന്മം കൊണ്ട് തീരാത്ത കടപ്പാടാണ് അത്. അവരും എനിക്ക് ദൈവം തന്നെയാണ് എന്നും.

എന്റെസഹോദരങ്ങള്‍,ബന്ധുമിത്രാദികള്‍,സുഹൃത്തുക്കള്‍,അഭ്യുദയാകാംക്ഷികള്‍,സന്നദ്ധപ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നവര്‍ തുടങ്ങി ഈ നാളുവരെ എന്നോട് നല്ലമനസോടെ ഇടപഴകിയ എല്ലാവര്‍ക്കും ഈ ദിവസത്തില്‍ നന്ദി പറയുന്നു. എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മലങ്കരസഭയിലെ വിശ്വാസികളെയും സഭയിലെ എല്ലാ പുരോഹിതന്മാരെയും വണങ്ങുന്നു. ജാതിമതഭേദമെന്യേ എന്നോട് സ്‌നേഹം കാട്ടുന്ന എല്ലാ നല്ലമനുഷ്യര്‍ക്കും നന്ദി. നിങ്ങളുടെ പ്രാര്‍ഥനകളും അനുഗ്രഹവും ഇനിയും എന്നെ നേര്‍വഴിക്ക് തന്നെ നടത്തട്ടെ…

നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പൊരു ജൂണ്‍ 30ന് ഞാന്‍ അണിഞ്ഞിരുന്ന വസ്ത്രത്തിന് വെളുപ്പ് നിറമായിരുന്നു. പിന്നീട് കറുത്ത കുപ്പായവും ചുവന്ന കുപ്പായവും ദൈവം മാറി മാറി അണിയിച്ചു, വലിയ ഉത്തരവാദിത്തങ്ങളും….പക്ഷേ അതൊരു പ്രതീകമായി ഞാന്‍ കാണുന്നു. ഇരവുപകലുകളെന്നപോലെ ഈ ഭൂമിയില്‍ എന്തും മാറിമാറിവരുന്നു എന്നതിന്റെ അടയാളം. ഓരോനിമിഷവും നാം പുതുക്കപ്പെടുന്നു,പുതിയൊരാളാകുന്നു. ഓരോ അസ്തമയവും പുതിയ പ്രഭാതത്തിനുള്ള തിരിനാളം തെളിക്കുന്നു. ഓരോ മാറ്റവും നമ്മെ നന്മയിലേക്ക് കൂടുതല്‍ അടുപ്പിക്കട്ടെ…എല്ലാ മാറ്റവും നല്ലതിനുവേണ്ടിയാണ് എന്ന് വിശ്വസിക്കുമ്പോഴാണ് നല്ല മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ ഭൂമി നല്ല മനുഷ്യരെക്കൊണ്ട് നിറയാന്‍ വേണ്ടിയാണ് ഈ ദിവസത്തെ എന്റെ പ്രാര്‍ഥന..

നവജോതി മോംസ് കേന്ദ്ര ഓഫീസ് കൂദാശ ചെയ്തു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സ്ത്രീകളുടെ കൂട്ടായ്മയായ നവജോതി മോംസ് കേന്ദ്ര ഓഫീസിന്റെ കൂദാശ ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. നവജോതി മോംസ് പ്രസിഡന്റ് അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ സഹകാര്‍മികത്വം വഹിച്ചു. വന്ദ്യ തോമസ് പോള്‍ റമ്പാന്‍, ഫാ. ബോബി പീറ്റര്‍, ശാന്തമ്മ വര്‍ഗീസ്, റിതാ വര്‍ഗീസ്, മിനി ശിവാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

പെരുമ്പാവൂർ എം.എൽ.എയുടെ സ്വകാര്യ ബില്ല് ബാലിശവും ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: അഡ്വ. ബിജു ഉമ്മൻ

കോട്ടയം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി മലങ്കരസഭ തർക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല്, ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. രാജ്യത്തിൻറ നിയമമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസ് പാർട്ടിയുടെ അറിവോടുകൂടിയാണോ എം.എൽ.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാൻ താല്പര്യമുണ്ട് . രാജ്യത്തെ നിയമങ്ങൾ പാലിക്കുവാനും ജുഡീഷ്യറിയുടെ  മഹിമ ഉയർത്തിപ്പിടിക്കുവാനും ഉത്തരവാദിത്വമുള്ള സാമാജികർ, ബാലിശമായ വിവാദങ്ങളുയർത്തി സാമർത്ഥ്യം പ്രദർശിപ്പിക്കുവാൻ നിയമസഭ വേദിയാകുന്നത് അപലപനീയമാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി മാനിച്ച് ശാശ്വത സമാധാനത്തിന് സർക്കാർ നടത്തുന്ന നിയമാനുസൃത ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുവാൻ പെരുമ്പാവൂർ എംഎൽഎ നടത്തുന്ന വിചിത്രമായ ഒറ്റയാൾ പ്രദർശനം സത്യപ്രതിജ്ഞാലംഘനമാണ്. പ്രശ്നങ്ങൾ സങ്കീർണമാക്കുവാൻ ഇദ്ദേഹം നടത്തുന്ന ശ്രമങ്ങളെ ഉത്തരവാദിത്തപ്പെട്ടവർ വിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ബിജു ഉമ്മൻ പറഞ്ഞു.