മെത്രാപ്പോലീത്തായ്ക്ക് സ്വര്‍ണവടിയും സ്വര്‍ണ സ്ലീബായും ആവശ്യമില്ല;ലളിത ജീവിതമാണ് ആവശ്യം.”

അഭി. ഡോ. മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ 10-ാം ചരമ വാര്‍ഷികം

പെരുമ്പാവൂര്‍ വെങ്ങോല, തോമ്പ്രാ-കല്ലറയ്ക്കപറമ്പില്‍ കുരുവിളയുടെയും മറിയാമ്മയുടെയും മകനായി 1924 ഓഗസ്റ്റ്് 9-ന് കെ. കെ. മാത്തുക്കുട്ടി ജനിച്ചു. കുറുപ്പംപടി എം.ജി.എം. സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പണ്ഡിതനും പ്രസംഗകനുമായിരുന്ന പിതൃസഹോദരന്‍ ഫാ. കെ. പി. പൗലോസിന്റെ പ്രേരണയാലും, സഹോദരിയും കിഴക്കമ്പലം ദയറാ അംഗവുമായിരുന്ന സിസ്റ്റര്‍ മേരിയുടെ ജീവിതം പ്രചോദിപ്പിച്ചതിനാലും സന്യാസ ജീവിതം തിരഞ്ഞെടുത്തു. കോട്ടയം സി.എം.എസ്. കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ബി.എസ്.സി-യും ഒസ്മാനിയാ സര്‍വ്വകലാശാലയില്‍ നിന്നും എം.എ-യും സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി.ഡി-യും കരസ്ഥമാക്കി. ജബല്‍പൂര്‍ ലീയോനാര്‍ഡ് തിയോളജിക്കല്‍ കോളേജില്‍ ഗ്രീക്കു ഭാഷയില്‍ ഉപരിപഠനവും നടത്തി.

പ. ബസേലിയോസ് ഗീവറുഗീസ് ദ്വീതിയന്‍ ബാവ തുരുത്തി സെന്റ് തോമസ് പള്ളിയില്‍ വച്ച് 1943-ല്‍ കോറൂയോ പട്ടം നല്‍കി. അഭി. ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ മൂവാറ്റുപുഴ അരമന ചാപ്പലില്‍ വച്ച് ശെമ്മാശുപട്ടവും, 1951-ല്‍ കശ്ശീശ്ശാ പട്ടവും നല്‍കി. കടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രഥമ ബലിയര്‍പ്പിച്ചു. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിലും, കോട്ടയം എം.ഡി. ഹൈസ്‌കൂളിലും അദ്ധ്യാപകനായിരുന്നു. സെക്കന്തരാബാദ്, വളയംചിറങ്ങര, കല്‍ക്കട്ട, ജബല്‍പൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളില്‍ വൈദിക ശുശ്രൂഷ നിര്‍വഹിച്ചു. 1967 മുതല്‍ 1972 വരെ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ ഗ്രീക്ക്, സഭാചരിത്രം, കൗണ്‍സലിംഗ് വിഷയങ്ങളില്‍ അദ്ധ്യാപകനായും വാര്‍ഡനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1972 മുതല്‍ 1977 വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി ചാപ്ലയിനായി.

1977 മെയ് 16-ന് മാവേലിക്കരയില്‍ നടന്ന അസ്സോസിയേഷന്‍ 54-ാം വയസില്‍ മേല്‍പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഈ സമയത്താണ് നട്ടെല്ലില്‍ വളര്‍ന്ന ട്യൂമര്‍ തിരിച്ചറിയുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ശരീരത്തിലെ നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിക്കാതെ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ മുഴുവനായി നീക്കം ചെയ്തു. 1977 ഓഗസ്റ്റില്‍ റമ്പാനായി. 1978 മെയ് 15-ന് പഴഞ്ഞി പള്ളിയില്‍ വച്ച് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി മാത്യൂസ് മാര്‍ ബര്‍ണബാസ് എന്ന നാമത്തില്‍ എപ്പിസ്‌കോപ്പയാക്കി. 1981 ഫെബ്രുവരിയില്‍ മെത്രാപ്പോലീത്താ ആയി. 1982 ജൂണ്‍ 1-ന് രൂപീകരിച്ച ഇടുക്കി മെത്രാസനത്തിന്റെ പ്രഥമ ഇടയനായി നിയമിതനായി. മെത്രാസനത്തിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചു. കുങ്കിരിപ്പെട്ടിയില്‍ അരമന നിര്‍മ്മിച്ചു. നെറ്റിത്തൊഴുവില്‍ ഒരു മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചു. മര്‍ത്തമറിയം വനിതാ സമാജം, ബാലികാ സമാജം, മദ്യവര്‍ജ്ജന ധാര്‍മ്മികോന്നത സമിതി, മലങ്കരസഭാ മാസിക എന്നിവയുടെ പ്രസിഡന്റ്, ദിവ്യബോധനം വൈസ് പ്രസിഡന്റ്, കോര്‍പറേറ്റ് കോളേജുകളുടെ മാനേജര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

1992 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്ക മെത്രാസനത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് മുഖ്യപങ്കാളിത്തം വഹിച്ചു. 2009 ഏപ്രിലില്‍ ആരംഭിച്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്ക മെത്രാസനത്തിന്റെയും പ്രഥമ മെത്രാപ്പോലീത്താ ആയിരുന്നു അഭിവന്ദ്യ തിരുമേനി. 2009-ല്‍ മട്ടന്‍ടൗണില്‍ 3 ഏക്കര്‍ സ്ഥലം വാങ്ങുകയും 8000 സ്‌ക്വയര്‍ ഫീറ്റില്‍ അരമന പണിയുകയും ചെയ്തു. 2010 സെപ്റ്റംബറില്‍ മെത്രാസന ആസ്ഥാനം പുതിയ അരമനയില്‍ ആരംഭിച്ചു. അങ്കമാലി, കോട്ടയം മെത്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ മെത്രാസനങ്ങളിലായി 14 വര്‍ഷവും, അമേരിക്കന്‍ മെത്രാസനത്തില്‍ 19 വര്‍ഷവും ഇടയപരിപാലനം നടത്തി. ഇംഗ്ലീഷിലും മലയാളത്തിലുമായി 22-ല്‍ അധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. “വി. കുര്‍ബ്ബാനയുടെ ലഘുപഠനം” എന്ന കൃതിയാണ് ആദ്യഗ്രന്ഥം.

മലങ്കരസഭാ ചരിത്രത്തില്‍ നിര്‍ണ്ണായകമായ നാഴികക്കല്ലായിരുന്നു സ്ത്രീകള്‍ക്ക് ഇടവക പൊതുയോഗത്തില്‍ സംബന്ധിക്കുന്നതിനും, ഇടവകയുടെ വിവിധ ചുമതലകളിലേക്ക് തെരഞ്ഞെടുക്കുന്നതിനുമുള്ള അവകാശം ലഭ്യമാക്കി എന്നത്. 2007 ഫെബ്രുവരിയില്‍ നടന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ഈ വിഷയം അവതരിപ്പിച്ചത് അഭിവന്ദ്യ ബര്‍ണബാസ് തിരുമേനിയായിരുന്നു. “മലങ്കര സഭയിലെ സ്ത്രീശാക്തീകരണത്തിന്റെ പ്രയോക്താവ്” എന്ന് അഭിവന്ദ്യ പിതാവിനെ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

“മെത്രാപ്പോലീത്തായ്ക്ക് സ്വര്‍ണവടിയും സ്വര്‍ണ സ്ലീബായും ആവശ്യമില്ല. ലളിത ജീവിതമാണ് ആവശ്യം. അതിനാല്‍ തടികൊണ്ടുള്ള വടിയും സ്ലീബായും മതി…” മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ജീവിത ലാളിത്യവും വിശുദ്ധിയും അനേകരെ ആകര്‍ഷിച്ചു. സമ്പന്നതയില്‍ വിരാജിക്കുന്ന അമേരിക്കന്‍ നാടുകളില്‍ ദീര്‍ഘകാലം താമസിച്ചിട്ടും തടിക്കുരിശും വടിയും പിടിച്ച് സ്‌നേഹത്തിന്റെ ദിവ്യദൂത് പകര്‍ന്ന അദ്ദേഹം അമേരിക്കയിലെ വിശ്വാസസമൂഹത്തിന്റെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് യുവാക്കളുടെ മനസുകളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയും, നിരവധി ചെറുപ്പക്കാര്‍ സഭയുടെ വൈദികരായി ശുശ്രൂഷയിലേക്ക് പ്രവേശിക്കുകയും ചെയ്തു. 2011-ല്‍ അമേരിക്കയില്‍ നിന്ന് തിരികെ പോരുമ്പോള്‍ ശുശ്രൂഷാകാലത്ത് ലഭിച്ച മുഴുവന്‍ തുകയും നോര്‍ത്ത് ഈസ്റ്റ് അമേരിക്ക മെത്രാസനത്തിന് നല്‍കി. “ഈ പണം ഇവിടുത്തെ മെത്രാച്ചനായിരുന്നപ്പോള്‍ കിട്ടിയതാണ്, ഇത് ഇവിടുത്തെ മെത്രാസനത്തിനുള്ളതാണ്, എനിക്ക് കാശിന് ആവശ്യമില്ല”. കേരളത്തിലെത്തിയ തിരുമേനി തന്റെ വിശ്രമജീവിതം ചെലവഴിക്കുവാന്‍ കോട്ടയം പാമ്പാടി ദയറാ തെരഞ്ഞെടുത്തു. 2012 ഡിസംബര്‍ 9-ന് 88-ാം വയസില്‍ ഇഹലോകത്തില്‍ നിന്നും തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി.

അഭി. തിരുമേനി കബറടങ്ങിയിരിക്കുന്ന വളയംചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 10-ാം ഓര്‍മ്മപ്പെരുന്നാള്‍ 2022 ഡിസംബര്‍ 8, 9 തീയതികളില്‍ സമുചിതമായി ആഘോഷിക്കുന്നു.

ജനകീയ വിഷയങ്ങളില്‍ നാടിനൊപ്പം: ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ

ബത്തേരി: ബഫര്‍സോണ്‍ നല്ല ആശയമാണെങ്കിലും പ്രായോഗിക തലത്തില്‍ അത് ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്നെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ. വനം വന്യജീവി നിയമങ്ങളില്‍ മൃഗങ്ങള്‍ക്കു സംരക്ഷണം നല്‍കുമ്പോഴും മനുഷ്യന്‍ അവഗണിക്കപ്പെടുകയാണ്. കാടും നാടും വേര്‍തിരിച്ച് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. വയനാടന്‍ വനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ കടുവകളുണ്ടെന്നാണു കണക്ക്. ഇതിനു ശാസ്ത്രീയമായ പരിഹാരമുണ്ടാക്കണം. ഭദ്രാസന ആസ്ഥാനമായ നിര്‍മലഗിരി അരമനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് റെയില്‍വേ പദ്ധതി സാക്ഷാത്കരിക്കാന്‍ നടപടി വേണം. ബന്ദിപ്പൂര്‍ വനമേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രി യാത്രാ നിരോധനം ജനജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. മേല്‍പ്പാലം നിര്‍മിച്ചോ കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടോ രാത്രിയിലെ ഗതാഗതം പുനഃസ്ഥാപിക്കണം.

വിനോദ സഞ്ചാര വികസനവും ജനസാന്ദ്രതയും പരിഗണിച്ച് ചുരം ബദല്‍പാത എത്രയും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സഭ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് തിരുമേനി പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോണ്‍ കളീക്കല്‍, മാത്യു എടക്കാട്ട് എന്നിവരും പങ്കെടുത്തു.

മാര്‍ തേവോദോസ്യോസ് മെമ്മോറിയല്‍ അവാര്‍ഡ് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക്

ഭിലായി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കട്ടാ ഭദ്രാസനാധിപനായിരുന്ന ഡോ. സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം കല്‍ക്കട്ടാ ഭദ്രാസനം നല്‍കി വരുന്ന മാര്‍ തേവോദോസ്യോസ് മെമ്മോറിയല്‍ അവാര്‍ഡിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അര്‍ഹനായി.

പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയതെന്ന് കല്‍ക്കട്ടാ ഭദ്രാസന ഭാരവാഹികള്‍ അറിയിച്ചു.കല്‍ക്കത്ത ഭദ്രാസനാധിപനായിരുന്ന ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌ക്കാരം പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈമാറി.

സഭാസമാധാന ചര്‍ച്ച അട്ടിമറിച്ച് നിയമനിര്‍മ്മാണത്തിനുളള മുറവിളി അപഹാസ്യം – മാര്‍ ക്രിസോസ്റ്റമോസ്

കോട്ടയം: മലങ്കര സഭാ പ്രശ്‌നം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയിട്ട് നിയമനിര്‍മ്മാണം വേണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗം മുറവിളി കൂട്ടുന്നത് അപഹാസ്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. മുഖ്യമന്ത്രിയുടെയും, ചീഫ് സെക്രട്ടറിയുടെയും അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരിന്‍റെ നിലപാടിനോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചത്. സഭാ പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളിയിട്ടുളളതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുളള ശ്രമം പാത്രിയര്‍ക്കീസ് വിഭാഗം ഉപേക്ഷിക്കണം. ബഹുഭൂരിപക്ഷം വിശ്വാസികളും നിയമസംവിധാനങ്ങള്‍ക്ക് വിധേയമായി സഭയുടെ ഭരണനിര്‍വ്വഹണം നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം വിഘടിത വിഭാഗം നേതൃത്വം തിരിച്ചറിയണം.

നിലവിലുളള നിയമങ്ങള്‍ക്ക് വിധേയപ്പെടാത്തവര്‍ പുതിയ നിയമനിര്‍മ്മാണത്തിന് വേണ്ടി വാദിക്കുന്നതിലെ വൈരുദ്ധ്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുളളൂ. സുപ്രീം കോടതി വിധിയുടെ പരിധിക്കുളളില്‍ നിന്നുകൊണ്ട് സമാധാനം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ പുതിയ നിയമനിര്‍മ്മാണം എന്ന പേര് പറഞ്ഞ് അട്ടിമറിച്ചവര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിച്ച് സര്‍ക്കാരിനോട് സഹകരിക്കണം. നിഷേധാത്മകമായ നിലപാടുകള്‍ വിഘടിത വിഭാഗം നിരന്തരം സ്വീകരിക്കുന്ന സാഹചര്യത്തില്‍ ബഹു. സുപ്രീം കോടതി വിധി നടപ്പാക്കി സഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ചര്‍ച്ചകളില്‍ ഇരുവിഭാഗവും സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്കെതിരെയുളള അതിക്രമം പ്രതിഷേധാര്‍ഹം: ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കുന്നംകുളം പെങ്ങാമുക്ക് പളളിക്ക് സമീപം പരിശുദ്ധ കാതോലിക്കാ ബാവായെ പാത്രിയര്‍ക്കീസ് വിഭാഗം തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനുളള ഗൂഢശ്രമാണിത്. വളരെ ഗൗരവത്തോടെയാണ് സഭാ അദ്ധ്യക്ഷനു നേരെയുളള അക്രമത്തെ സഭ കാണുന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലീക അവകാശങ്ങളെ നിഷേധിക്കുന്ന ഇത്തരത്തിലുളള നടപടികള്‍ ദുഃഖകരമാണ്. സഭാ അദ്ധ്യക്ഷനായ പരിശുദ്ധ കാതോലിക്കാ ബാവായെ ഭീഷണിപ്പെടുത്തിയും വാഹനം തടഞ്ഞും സഭാ തര്‍ക്കം പരിഹരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.

സഭാ തര്‍ക്കം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതം – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തില്‍ സമാധാനം സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്ത് ആരംഭിച്ച ചര്‍ച്ചകള്‍ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതനുസരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും, നാളെ (15.11.2022) ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുവാന്‍ അറിയിപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോടതി വിധി നടപ്പാക്കിയ പളളികളുടേത് ഉള്‍പ്പെടെ ചര്‍ച്ചക്ക് വരും എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമാണ്. 2017-ല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ പളളികളുടെ കാര്യത്തില്‍ പുനര്‍ചിന്തനം സംബന്ധിച്ച് ഇതുവരെ നടന്നിട്ടുളള ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടില്ല. വിധി നടപ്പിലാക്കിയ പളളികളുടെ കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

നവംബര്‍ 13 ലഹരിവിരുദ്ധ ദിനമായി ആചരിക്കും

കോട്ടയം: നവംബര്‍ 13 ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭ ലഹരി വിരുദ്ധ ദിനമായി ആചരിക്കും. ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കിവരുന്ന DRUXIT(ലഹരിയില്‍ നിന്നുളള വിടുതല്‍) പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ആചരണം. എല്ലാ ഇടവകകളിലും കുട്ടികളേയും യുവജനങ്ങളേയും ഉള്‍പ്പെടുത്തി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രമേയം വായിക്കും. ലഹരി വിരുദ്ധ റാലിയും നടത്തപ്പെടുന്നതാണ്.

The graphics in Aviator Parimatch are sleek and modern, enhancing the overall gaming experience. The user interface is intuitive, making it easy for both newcomers and seasoned players to navigate. Additionally, the real-time betting dynamics create an interactive atmosphere that enhances player engagement.

കാതോലിക്കാ ബാവാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍: ജനുവരി 2, 3

കോട്ടയം: പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 59-ാം ഓര്‍മ്മയോടനുബന്ധിച്ച്, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ എന്നിവരുടെ ഓര്‍മ്മപ്പെരുന്നാള്‍ സംയുക്തമായി ജനുവരി 2, 3 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആചരിക്കുന്നതാണ്. കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. കുറിയാക്കോസ് ഏലിയാസിനെ ജനറല്‍ കണ്‍വീനറായും, എ.കെ. ജോസഫിനെ ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.

വിശുദ്ധിയിലേക്ക് വളരുവാന്‍ ദൈവത്തിങ്കലേക്ക് മടങ്ങിവരണം: മാര്‍ സ്‌തേഫാനോസ്

പരുമല : വിശുദ്ധിയിലേക്ക് വളരുവാന്‍ ദൈവത്തിങ്കലേക്ക് മടങ്ങിവരണമെന്ന് ഏബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ പരുമലയില്‍ നടന്ന ധ്യാനം നയിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക കുടുംബ പ്രശ്‌നങ്ങളുടെ പ്രധാന കാരണം ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയാണ്. അദ്ധ്യാത്മിക ജീവിതം വഴി ദൈവത്തിങ്കലേക്ക് മടങ്ങി വരുവാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനായോഗം പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ.ബിജു മാത്യു പ്രക്കാനം, ജനറല്‍ സെക്രട്ടറി ഫാ.മത്തായി കുന്നില്‍, സെക്രട്ടറിമാരായ സനാജി ജോര്‍ജ്ജ് ചേപ്പാട്, ഐസക് തോമസ്, പി.എസ്. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരാണ് വൈദികര്‍ – മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത

പരുമല: അതിസങ്കീര്‍ണ്ണവും അസാധാരണവുമായ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരാണ് വൈദികരെന്ന് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത പറഞ്ഞു. അഖില മലങ്കര വൈദിക സംഘത്തിന്റെ സോണല്‍ സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭാരപ്പെട്ടിരിക്കുന്നവരെ താങ്ങാന്‍ കടപ്പെട്ടവരാണ് വൈദികരെന്നും അദ്ദേഹം പറഞ്ഞു. അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ആര്‍ഭാടങ്ങളും ആഘോഷങ്ങളും നിയന്ത്രിച്ച് പാവങ്ങളെ സഹായിക്കുന്നവരാകണം വൈദികരെന്ന് അഭി.തിരുമേനി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോഗം അതിഭയനാകമായി വളരുകയാണ്. പരി.പരുമല തിരുമേനിയുടെ ആരാധനാ ജീവിതം വൈദികര്‍ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവാഭിഷിക്തരായ മെത്രാപ്പോലിത്തമാര്‍ക്കും സഭാസ്ഥാനികള്‍ക്കും സമ്മേളനത്തില്‍ സ്വീകരണം നല്‍കി. മലങ്കരസഭാ ഗുരുരത്‌നം ഫാ.ഡോ.റ്റി.ജെ.ജോഷ്വായ്ക്ക് ഗുരുവന്ദനം നല്‍കി ആദരിച്ചു. ഫാ.ഡോ.ജേക്കബ് കുര്യന്‍, അഭി.സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത എന്നിവര്‍ പഠനക്ലാസ്സ് നയിച്ചു.

വൈദികസംഘം ജനറല്‍ സെക്രട്ടറി ഫാ.ഡോ. നൈനാന്‍ വി. ജോര്‍ജ്ജ്, ഫാ.ഡോ.മാത്യു വര്‍ഗീസ്, ഫാ. സ്‌പെന്‍സര്‍ കോശി, ഫാ. ലെസ് ലി പി. ചെറിയാന്‍, ഫാ. ചെറിയാന്‍ ടി. സാമുവല്‍, ഫാ. ജോണ്‍ ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.