പി.സി. ജോര്‍ജ് എം.എല്‍.എ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യപിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുളളതാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന ഒരു ജനപ്രതിനിധി രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സംസാരിച്ചത് നിയമലംഘനമാണ്. പാത്രിയര്‍ക്കീസ് വിഭാഗം നേരിടുന്നത് അന്യായമായ വിധിയാണെന്നു പ്രസ്താവിക്കാന്‍ പി.സി. ജോര്‍ജിനെ പ്രേരിപ്പിച്ചത് എന്ത് സംഗതിയാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരു വിഭാഗത്തെയും വിശദമായി കേട്ടതിന് ശേഷം ഇന്ത്യയുടെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരസ്യമായി തെരുവില്‍ വിമര്‍ശിക്കുന്നത് നിയമസഭാംഗത്തിന് ചേരുന്ന പ്രവൃത്തിയല്ല. വാസ്തവ വിരുദ്ധമായ കണക്കുകള്‍ നിരത്തി വോട്ട് ശക്തിയുണ്ടെന്ന് തെറ്റു ധരിപ്പിച്ച് നിയമം അനുസരിക്കാത്ത ആളുകളെ വീണ്ടും നിയമ നിഷേധത്തിന് പ്രേരിപ്പിക്കുന്ന രീതി തികച്ചും അപലപനീയമാണ്. കോടതിയില്‍ നിന്നും പാത്രിയര്‍ക്കീസ് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല എന്നു പറയുന്നവര്‍ കോടതി വിധികള്‍ അവര്‍ക്ക് എതിരായി വരുന്നതിന്റെ കാരണം ഇതുവരെ പരിശോധിക്കാന്‍ ശ്രമിക്കാത്തത് ഖേദകരമാണ്. കീഴ്‌കോടതി മുതല്‍ സുപ്രീം കോടതി വരെ 35-ല്‍ പരം ന്യായാധിപന്മാര്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളതായ വിഷയമാണ് ഇപ്പോള്‍ സഭയ്ക്ക് മുന്നില്‍ ഉളളത്. കേസുകള്‍ കൊടുക്കുകയും വിധികള്‍ വരുമ്പോള്‍ അനുസരിക്കാതെ ഇരിക്കുകയും ചെയ്യുന്ന പ്രവണതയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് കണ്ടു വരുന്നത്. ഇതിനെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രയനേതാക്കളും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്രക്രിയയുടെ ഭാഗമാണെന്ന് പൊതുജനം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ ദീയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു.

കല്ലറകളോടുള്ള അധിക്ഷേപം അപലപനീയം – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

കോട്ടയം: കക്ഷി ഭേദമെന്യേ മലങ്കരസഭയിലെ അനേകം വൈദികരുടെ ഗുരുവും, ജാതിമതഭേതമന്യേ സര്‍വ്വരുടെയും ആദരവുകള്‍ക്ക് പാത്രീഭൂതനുമായിരുന്ന പരേതനായ ഞാര്‍ത്താങ്കല്‍ കോരതുമല്‍പ്പാന്റെ കല്ലറ തകര്‍ത്ത പ്രവൃത്തി അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. പാത്രിയര്‍ക്കീസ് വിഭാഗം തലവനായ ശ്രേഷ്ഠ കാതോലിക്കയുടെയും ഗുരുവാണ് മല്‍പ്പാനച്ചന്‍. ഓര്‍ത്തഡോക്‌സ് സഭ മൃതശരീരങ്ങളോട് അനാദരവു കാണിക്കുന്നു എന്ന് വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രവൃത്തിക്കു മുതിര്‍ന്നത് വിരോധാഭാസമാണ്. കബറടക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിദ്വേഷം നിലനിര്‍ത്തുന്നതിന്റെ അടയാളമായി മാത്രമേ ഇതിനെ കാണാനാവൂ.

വടവുകോട് സെന്റ് മേരീസ് പള്ളിയില്‍ കബറടക്കപ്പെട്ടിരിക്കുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ ബഹു. ജോസഫ് വെണ്ടറപ്പിള്ളില്‍ അച്ചന്റെ കല്ലറയോടും ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഇതേ വിധത്തില്‍ അനാദരവ് കാട്ടിയിരുന്നു. മൃതശരീരങ്ങളോട് യഥാര്‍ത്ഥത്തില്‍ അനാദരവ് കാണിക്കുന്നത് ആരെന്ന് പൊതുസമൂഹം തിരിച്ചറിയണം. ഇന്‍ഡ്യയുടെ പരമോന്നത കോടതിയുടെ വിധി അനുസരിക്കാനുള്ള ഒരു വിഭാഗത്തിന്റെ വൈമനസ്യമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണം. അക്രമങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കാതെ സഭാ പ്രശ്‌നം രമ്യമായി പരിഹരിക്കാനാവില്ല. അക്രമികളെ കണ്ടുപിടിച്ച് എത്രയുംവേഗം നിയമത്തിനുമുമ്പാകെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭ ഉത്കണ്ഠ രേഖപ്പെടുത്തി

കോട്ടയം: നിയമപരിഷ്‌കാര കമ്മീഷന്റെ പേരില്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു എന്ന് പറയപ്പെടുന്ന ബില്ലിന്റെ കരടിന്റെ ഉളളടക്കത്തെക്കുറിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണ്. മഹത്തായ രാജ്യത്തിന്റെ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് പരമോന്നത മദ്ധ്യസ്ഥനായ സുപ്രീം കോടതിയുടെ വിധിന്യായങ്ങളുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിര്‍ത്താനുളള ശ്രമം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമുളളതാണെന്ന് സംശയിക്കേണ്ടി വരും. വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കും. രാജ്യത്തിന്റെ നിയമമാകുന്ന സുപ്രീം കോടതി വിധിക്ക് എതിരെ നിയമ നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. തികച്ചും ജനാധിപത്യപരമായ മാര്‍ഗ്ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തുന്ന സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ സംവിധാനങ്ങളെയും മാനിച്ചുകൊണ്ട് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രം കര്‍ത്തവ്യ നിര്‍വ്വഹണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി.

സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്. ഡോ. സഖറിയാസ് മാര്‍ അപ്രേം, വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, വര്‍ക്കി ജോണ്‍, ജോര്‍ജ് മത്തായി നൂറനാല്‍, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് എന്നിവര്‍ പ്രസംഗിച്ചു.

യുവജനപ്രസ്ഥാനം ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു

കോട്ടയം: ഭരണഘടനയും ജനാധിപത്യവും പൗരന് ഉറപ്പാക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാനും നടപ്പിലാക്കുവാനും ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ആധ്യക്ഷം വഹിച്ചു. സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ മാനേജിങ് കമ്മറ്റിയംഗം എ.കെ ജോസഫ്, യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്റ് ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ. അജി കെ തോമസ്, ഫാ. സൈബു സഖറിയാ, ഫാ, ജോമോന്‍ ചെറിയാന്‍, ഫാ. ഫിലിപ്പ് തോമസ്, ഫാ. ഫിലിപ്പോസ് ഫിലിപ്പോസ്, ട്രഷറര്‍ ജോജി പി. തോമസ്, കേന്ദ്ര സെക്രട്ടറി ഷിജോ കെ. മാത്യു, അഡ്വ. ജെയ്‌സി കരിങ്ങാട്ടില്‍, റോണി കുരുവിള, സബിന്‍ ഐപ്പ്, ബിബിന്‍ ജോസഫ്, അനീറ്റ സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്യാട്ട്‌നിരപ്പ് പളളി: പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ SLP തളളി

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം കണ്യാട്ട്‌നിരപ്പ് സെന്റ് ജോണ്‍സ് പളളി ഭരിക്കപ്പെടണമെന്നുളള കേരളാ ഹൈക്കോടതി വിധിക്ക് എതിരെ പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ SLP ബഹു. സുപ്രീം കോടതി മൂന്ന് അംഗ ബെഞ്ച് തളളി. എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം കണ്യാട്ട്‌നിരപ്പ് പളളി വികാരി 1934-ലെ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തി. അത് കോടതി നിയമിച്ച കമ്മീഷന്‍ റിക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റില്‍നിന്നും 1600-ല്‍ പരം പാത്രിയര്‍ക്കീസ് വിഭാഗക്കാരെ ഒഴിവാക്കി എന്നായിരുന്നു ആരോപണം. എന്നാല്‍ ഈ പരാതി ഹൈക്കോടതി പരിശോധിക്കുകയും തളളുകയും ചെയ്തിരുന്നു. ഈ വിധിയിന്മേല്‍ ഉളള അപ്പീലാണ് സുപ്രീം കോടതി ഇപ്പോള്‍ തളളിയത്.

കൂടാതെ പളളി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം തടസ്സപ്പെടുത്തിയെന്നും അനധികൃതമായി സംസ്‌ക്കാരം നടത്തിയ മൃതശരീരം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് വികാരി പെറ്റീഷന്‍ നല്‍കിയെന്നും, പളളിവക മരങ്ങള്‍ വെട്ടിയെന്നും, പളളിയുടെ നിയന്ത്രണത്തിലുളള സ്‌കൂളില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ആരോപിച്ച് പളളി ഭരണം റിസീവറെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

എന്നാല്‍ 2017 മുതല്‍ ഈ പളളിയുടെ വിവധ കേസുകള്‍ ബഹു. സുപ്രീം കോടതി തന്നെ തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളതാണെന്നും 1934-ലെ ഭരണഘടന പ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് തന്നെ വ്യക്തമായി മനസ്സിലാവുന്നതാണെന്നും ജസ്റ്റീസ് മോഹന്‍ എം. ശാന്തനഗൗണ്ടര്‍, ജസ്റ്റീസ് വിനീത് സരണ്‍, ജസ്റ്റീസ് അജയ് രസ്‌തോഗി എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ഇപ്പോഴത്തെ വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലന്ന് കണ്ടെത്തിയ കോടതി കേസ് തളളുകയാണെന്ന് വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി അഡ്വ. സദറുള്‍ അനാം, അഡ്വ. സി.യു. സിങ്, അഡ്വ. എസ്. ശ്രീകുമാര്‍ എന്നിവര്‍ ഹജരായി.

രാഹുല്‍ ഈശ്വറിന്റെ പ്രതികരണം സഭാ തര്‍ക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

കോട്ടയം: രാഹുല്‍ ഈശ്വര്‍ സഭാ തര്‍ക്കത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത് വ്യക്തമായ ധാരണയില്ലാതെയെന്ന് മലങ്കര ഓര്‍ത്തഡോക്്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ഏതൊരു പൗരനും തങ്ങള്‍ക്ക് ഇഷ്്ടമുളള മതത്തില്‍ വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. മലങ്കര സഭയിലെ പളളികളും സ്ഥാപനങ്ങളും എങ്ങനെ ഭരിക്കപ്പെടണമെന്നതാണ് സഭാ തര്‍ക്കത്തിന്റെ അടിസ്ഥാനം. അത് 1934-ലെ ഭരണഘടന പ്രകാരം ആയിരിക്കണമെന്ന് രാജ്യത്തെ കോടതികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ്.

സഭാ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗം നീതിന്യായ കോടതികള്‍ക്കെതിരെ നടത്തുന്ന സമരനാടകങ്ങളില്‍ പങ്കെടുക്കുന്നതും അവര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രം കേട്ട് പ്രതികരിക്കുന്നതും രാഹുല്‍ ഈശ്വറിനെ പോലുളള വ്യക്തികള്‍ക്ക് ഭൂഷണമല്ല. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംഘടിപ്പിച്ച ‘വനിതാമതിലില്‍’ പങ്കാളിയായ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ സമരപരിപാടിയില്‍ ശബരിമല വിശ്വാസ സംരക്ഷണ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാഹുല്‍ ഈശ്വര്‍ പങ്കെടുത്തത് ആത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് അപലപനീയം -അഡ്വ. ബിജു ഉമ്മന്‍

കോട്ടയം: നിരോധനമുള്ള വൈദികര്‍ ഉള്‍പ്പെടെ സംഘംചേര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയം എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളെ തടയില്ലെന്ന നിലപാടില്‍ മാറ്റമില്ല, എന്നാല്‍ ആരാധനാസ്വാതന്ത്ര്യം സമരമുറയാക്കുന്നത് ക്രൈസ്തവ സാക്ഷ്യത്തിനു വിരുദ്ധവും നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഒരേസമയം സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ആവശ്യപ്പെടുകയും അക്രമമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. നിയമം അനുസരിക്കാന്‍ തയ്യാറായാല്‍ സമാധാനം സംജാതമാകും.
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന ആസൂത്രിത പ്രചരണത്തിന്റെ മറവില്‍ പള്ളികള്‍ കൈയ്യേറുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനോടകം മറനീക്കി പുറത്തുവന്നു കഴിഞ്ഞു. പള്ളി പിടുത്തത്തിനും, ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച് ആരാധനാലയങ്ങള്‍ പൂട്ടിക്കുന്നതിനും ഉള്ള നടപടിയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തില്‍നിന്നുള്ള വിധി രാജ്യത്തിന്റെ നിയമമാണ്. സംഘടിത ശ്രമത്തിലൂടെ നിയമം അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ധ്വംസനവും നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയുമാണ്. സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിനെ നിര്‍ബന്ധിക്കാമെന്ന് മനക്കോട്ട കെട്ടിക്കൊണ്ടാണ് ഈ സമരപരിപാടികളെങ്കില്‍, പ്രബുദ്ധതയുള്ള ഭരണകൂടവും, കേരള സമൂഹവും, അധികാരികളും ഈ നിലപാട് തിരിച്ചറിയും.
രാജ്യത്തെ നീതിപീഠങ്ങളെ സമീപിച്ച് പ്രശ്‌നപരിഹാരം കൈവരുത്താമെന്ന് പ്രഖ്യാപിച്ച് അവസാനം വരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ളത് പാത്രിയര്‍ക്കീസ് വിഭാഗം തന്നെയാണ്; ഇപ്പോഴും തുടരെത്തുടരെ കേസുകള്‍ കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. വിധികള്‍ തങ്ങള്‍ക്കെതിരാകുന്നു എന്ന കാരണത്താല്‍ അവര്‍ കോടതി വിധികള്‍ക്കെതിരെ തിരിയുന്നതിലും, ന്യായാധിപന്മാരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതിലും എന്ത് സാംഗത്യമാണുള്ളത്? വീണ്ടും വീണ്ടും കേസുകള്‍ നല്‍കുന്നത് എന്തിനാണ്? കലഹത്തിനുള്ള സാഹചര്യം തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കെത്തന്നെയാണ് തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഓര്‍ത്തഡോക്‌സ് സഭ നിഷേധിക്കുന്നു എന്ന് പാത്രിയര്‍ക്കീസ് വിഭാഗം പ്രചരിപ്പിക്കുന്നത്. ഈ പ്രചരണം വസ്തുതാപരമാകുന്നത് എങ്ങനെയാണ്?
രാജ്യത്തെ നീതിപീഠത്തിന്റെ വിധിയിലൂടെയാണ് അമ്പതോളം വരുന്ന ദേവാലയങ്ങളില്‍ നിയമവിരുദ്ധമായ സമാന്തര ഭരണം അവസാനിപ്പിച്ചിട്ടുള്ളത്. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ കൈയേറ്റം ഒഴിപ്പിച്ച് യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ ഏല്പിക്കപ്പെട്ട പള്ളികള്‍ ഇനിയും തങ്ങളുടെ അനധികൃത നിയന്ത്രണത്തിന്‍ കീഴിലേക്ക് തിരികെയെത്തിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ വാദഗതി അംഗീകരിക്കുവാന്‍ കഴിയുന്നതെങ്ങനെ? കേന്ദ്ര സേനയെ വിന്യസിച്ച് പോലും നിയമം നടപ്പാക്കും എന്ന് കോടതികള്‍ ശക്തമായ ഭാഷയില്‍ പരാമര്‍ശിക്കുന്നത് പാത്രിയര്‍ക്കീസ് വിഭാഗം ഇനിയെങ്കിലും നിയമം അനുസരിക്കുവാന്‍ തയ്യാറാകണം എന്നതിന്റെ സൂചനയാണ്.
ഇച്ഛാശക്തിയുള്ള ഭരണകൂടം കോടതിവിധി കര്‍ശനമായി നടപ്പാക്കുവാന്‍ തുനിയുന്ന പക്ഷം സഭാ തര്‍ക്കത്തിന് സമ്പൂര്‍ണ്ണ പരിഹാരവും ശാശ്വത സമാധാനവും ഉണ്ടാകും എന്നത് സുവ്യക്തമാണ്. ഇപ്രകാരമൊരു പരിഹാരമാണ് ശക്തമായ ഭരണഘടനയും, ജനാധിപത്യവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന് ആവശ്യം.
തങ്ങള്‍ക്കറിയാവുന്ന സത്യങ്ങള്‍ പോലും തമസ്‌കരിച്ചു കൊണ്ട് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാസംസര്‍ഗ്ഗം വിച്ഛേദിക്കുകയും, ‘മുടക്കപ്പെട്ടവര്‍’ എന്ന് മടികൂടാതെ ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ ഒരു സുപ്രഭാതത്തില്‍ ‘ആരാധനയ്ക്ക്’ എന്ന പേരില്‍ സന്നാഹങ്ങളൊരുക്കി സമരം ചെയ്യുന്നത് അര്‍ഹിക്കുന്ന അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയണമെന്നും, തെരഞ്ഞെടുപ്പ് കാലത്ത് സംഘര്‍ഷ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടോ എന്ന് പരിശോധിച്ച് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിന്റെ സന്ദേശം പകരുന്ന ക്രിസ്തുമസ് കാലം, ശാശ്വത സമാധാനത്തിന് അവസരമൊരുക്കട്ടെയെന്നും, ഭിന്നതകള്‍ പരിഹരിച്ച് നിയമാനുസൃതമുള്ള ഏക ആരാധനാ സമൂഹമായി നിലനിന്നുകൊണ്ട് ക്രിസ്തീയ സാക്ഷ്യം നിറവേറ്റുവാന്‍ സാദ്ധ്യമാകട്ടെയെന്നും അദ്ദേഹം പ്രസ്താവിച്ചു.

മനുഷ്യനെ ഒന്നായി കാണാന്‍ പഠിപ്പിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ബാവാ – അഡ്വ. ബിജു ഉമ്മന്‍

കുറിച്ചി: ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ ഒന്നായി കാണുവാനും കരുതുവാനും സ്‌നേഹിക്കുവാനും പഠിപ്പിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കുറിച്ചി വലിയ പളളിയില്‍ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 57-ാം ഓര്‍മ്മപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ രാജ്യ രക്ഷാനിധിയിലേക്ക് എല്ലാ ഇടവകകളില്‍ നിന്നും നിര്‍ബന്ധമായും സംഭാവനകളും സ്വര്‍ണ്ണാഭരണങ്ങളും നല്‍കണമെന്ന് ആഹ്വാനം ചെയ്യുകയും സഭയുടെ ഉടമസ്ഥതിയില്‍ ഉണ്ടായിരുന്ന 20 പവന്‍ സ്വര്‍ണ്ണം അന്നത്തെ കേരളാ മുഖ്യമ്വന്ത്രി ആര്‍. ശങ്കറിനെ ഏല്‍പ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ വികസനത്തിനായി വിദ്യാഭ്യാസമേഖലയിലും, എക്യുമെനിക്കല്‍ രംഗത്തും, പൊതുരംഗത്തും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ നല്‍കിയിട്ടുളള സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഉത്തമ സുഹൃത്തായിരുന്ന എന്‍. എസ്. എസ് ആചാര്യന്‍ മന്നത്ത് പത്മനാഭനെ ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രത്യേകം സ്മരിക്കുകയും അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് ചങ്ങനാശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് അരുണ്‍ ആര്‍. നാഥ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനു നല്‍കി പ്രകാശനം ചെയ്തു. വികാരി ഫാ. ഇട്ടി തോമസിന്റെ അദ്ധ്യക്ഷതിയില്‍ നടന്ന സമ്മേളനത്തില്‍ നഥനയേല്‍ റമ്പാന്‍, ഫാ. ബഹനാന്‍ കോരൂത്, ശിവകുമാര്‍ എം, കെ. വിനോദ് ബാബു, വിജിമോള്‍ കെ.വി, ട്രസ്റ്റി കെ.ജെ. കുറിയാക്കോസ്, സെക്രട്ടറി കെ.സി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.