ഞായര്‍ കര്‍ശന നിയന്ത്രണത്തില്‍ അയവ് വരുത്തണം: പ. കാതോലിക്കാ ബാവാ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്നും എന്നാല്‍ ഞായറാഴ്ച ആരാധനയില്‍ വിശ്വാസികള്‍ക്ക് ആര്‍ക്കും പങ്കെടുക്കുവാന്‍ കഴിയാത്ത സ്ഥിതിക്ക് ഇളവു നല്‍കണമെന്നും പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. പ്രതിസന്ധികളുടെയും മാനസിക ക്ലേശങ്ങളുടെയും നടുവില്‍ വിശ്വാസികളുടെ ആശ്രയം ആരാധനയും പ്രാര്‍ത്ഥനയുമാണ്. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍, മാക്കാംകുന്ന് കണ്‍വന്‍ഷന്‍ തുടങ്ങി നിരവധി ശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തില്‍ സമാധാനവും പ്രതീക്ഷയും നല്‍കുന്നവയാണ്. നോമ്പിന്റെയും വ്രതത്തിന്റെയും നാളുകളും സമീപിക്കുന്നു. ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിശുദ്ധ കാതോലിക്കാബാവായുമായി ആര്‍.എസ്.എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായുമായി ആര്‍.എസ്.എസ്. ദക്ഷിണ ക്ഷേത്ര സമ്പര്‍ക്ക പ്രമുഖ് ശ്രീ. എ. ജയകുമാറും സംഘവും കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയും പങ്കെടുത്തു. ആര്‍.എസ്.എസ്. സംഘചാലക് ഡോ. യോഗേഷ് എം., സമ്പര്‍ക്ക പ്രമുഖ് ശ്രീ. മിഥുന്‍ മോഹന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ. ഈപ്പന്‍ ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ കബറുകള്‍ സംഘം സന്ദര്‍ശിക്കുകയും, പുഷ്പചക്രം സമര്‍പ്പിക്കുകയും ചെയ്തു.

 

അറിയിപ്പ്

കോട്ടയം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  ഞായറാഴ്ച ആരാധനയും മറ്റു അനുഷ്ഠാനങ്ങളും  അതാത് പ്രദേശത്തെ സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന  ഉത്തരവ് അനുസരിച്ച്  മാത്രമേ നിര്‍വ്വഹിക്കാവൂയെന്ന്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു.  ഈ മഹാമാരിയില്‍ നിന്നുളള  വിടുതലിന് വേണ്ടി എല്ലാ സഭാ മക്കളും നിരന്തരമായി  പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന്  പരിശുദ്ധ ബാവാ ഓര്‍മ്മപ്പെടുത്തി.

മെത്രാപ്പോലീത്തന്‍ തെരഞ്ഞെടുപ്പ് : പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: ഏഴു മെത്രാപ്പോലീത്താമാരെ തെരഞ്ഞടുക്കുന്നതായി ഫെബ്രുവരി 25ന് കോലഞ്ചേരിയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ മുന്നോടിയായി മാനേജിംഗ് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ട 14 സ്ഥാനാര്‍ത്ഥികളുടെ പട്ടിക  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ  പ്രസിദ്ധീകരിച്ചു. ഫാ. എബ്രഹാം തോമസ്, ഫാ. അലക്‌സാണ്ടര്‍ പി. ഡാനിയേല്‍,  ഫാ. എല്‍ദോ ഏലിയാസ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍,  ഫാ. എം.സി കുര്യാക്കോസ്, ഫാ. ഫീലിപ്പോസ് റമ്പാന്‍, ഫാ.ഡോ. റെജി ഗീവര്‍ഗീസ്, ഫാ.ഷിബു വേണാട് മത്തായി,  ഫാ. പി.സി തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയാ നൈനാന്‍ എന്നിവരുടെ പേരുകളാണ് മാനേജിംഗ് കമ്മറ്റിയിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. 14 പേരില്‍ നിന്ന് 11 പേരെയാണ്  മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുക്കേണ്ടത്.  അതില്‍ നിന്ന് ഏഴു പേരെ അസോസിയേഷന്‍ യോഗം തെരഞ്ഞെടുക്കും.

മലങ്കര അസോസിയേഷന്‍ : ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ക്കായി കോര്‍ കമ്മറ്റിയെ നിയമിച്ചു

കോട്ടയം: ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യമുളള പക്ഷം ഇലക്‌ട്രോണിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് യോഗത്തിന്റെ നടത്തിപ്പും വോട്ടിങ്ങും നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ക്കായി ചീഫ് റിട്ടേണിംഗ് ഓഫീസര്‍ ഡോ. സി. കെ. മാത്യു ഐ.എ.എസിന്റെ നേതൃത്വത്തിലുളള കോര്‍ കമ്മിറ്റിയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു.
ഫാ. ഡോ. എം. ഒ. ജോണ്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. അനിഷ് കെ. സാം, ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്‍, ഫാ. മാത്യു കോശി, റോണി വര്‍ഗീസ്, തോമസ് ജോര്‍ജ്, അജു എബ്രഹാം മാത്യു, അലക്‌സ് എം. കുര്യാക്കോസ്, ഡോ. വിപിന്‍ കെ. വറുഗീസ് എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.

പരിശുദ്ധ കാതോലിക്കാ ബാവായുടെ പൊതുപരിപാടികള്‍ റദ്ദാക്കി

കോട്ടയം: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ എല്ലാ പൊതുപരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ റദ്ദാക്കിയതായി പരിശുദ്ധ ബാവായുടെ ദേവലോകത്തെ ഓഫീസില്‍ നിന്നും അറിയിച്ചു.

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 16-ാം ഓര്‍മ്മപ്പെരുന്നാള്‍ 23 മുതല്‍

ശാസ്താംകോട്ട: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 16-ാം ഓര്‍മ്മപ്പെരുന്നാള്‍  ശാസ്താംകോട്ട മൗണ്ട് ഹോറേബ്  മാര്‍ ഏലിയാ ചാപ്പലില്‍  23 മുതല്‍ 26 വരെ ആചരിക്കും. 23 ന് രാവിലെ 8ന് കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന്  10ന് അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ പെരുന്നാള്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. 24 ന് 8ന് കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ  കുര്‍ബ്ബാനയ്ക്ക് കാര്‍മിത്വം വഹിക്കും.

25ന്  8ന്  തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് 10ന്  പ്രാര്‍ത്ഥനയോഗം, ധ്യാനം ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഫാ. ഡോ. റെജി മാത്യൂസ് ധ്യാനം നയിക്കും.  ഉച്ചയ്ക്ക് 2ന് അനുസ്മരണ സമ്മേളനം  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ  ഉദ്ഘാടനം ചെയ്യും.  സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

26ന് രാവിലെ 8ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍  വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടക്കും.

എപ്പിസ്‌ക്കോപ്പായുടെ ദൗത്യവും യോഗ്യതകളും – ഫാ. ഡോ. റ്റി. ജെ. ജോഷ്വ

ഓര്‍ത്തഡോക്‌സ് സഭയില്‍ ആസന്ന ഭാവിയില്‍ ഏഴു എപ്പിസ്‌ക്കോപ്പാമാരെ തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. അതിനുള്ള നടപടികള്‍ പലരും ആരംഭിച്ചിട്ടുള്ളതായും അറിയാം. ഈ പശ്ചാത്തലത്തില്‍ ശീര്‍ഷകത്തില്‍ ഉന്നയിച്ചിട്ടുള്ള രണ്ടു കാര്യങ്ങളെക്കുറിച്ച് ഗൗരവമായ പരിചിന്തനം സഭാതലത്തില്‍ തന്നെ ഉണ്ടാകേണ്ടതാണെന്നു ഞാന്‍ ചിന്തിക്കുന്നു.

 ദൗത്യം; അപ്പോസ്‌തോലിക കാലം മുതല്‍ സഭയില്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനം നിലനില്‍ക്കുന്ന ഒന്നാണ്. പൗലോസ് ശ്ലീഹാ, തീമോത്തിയോസിനും തീത്തോസിനും എഴുതുന്ന കത്തുകളിലും, മിലേത്തോസില്‍ വച്ച് എഫേസൂസിലെ സഭയിലെ ഇടയന്മാരെ വരുത്തി അവരോടു നടത്തുന്ന പ്രബോധനത്തിലും (അ.പ്ര. 20:18-35) എപ്പിസ്‌ക്കോപ്പാമാരുടെ (കശീശന്മാരെന്നും വിശേഷിപ്പിച്ചിട്ടുണ്ട്) യോഗ്യതകളെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

ഒന്നാമത്, സഹപ്രവര്‍ത്തകരായ വൈദികരോടുള്ള ബന്ധം: മേലധികാരിയും കീഴ് ജീവനക്കാരുമെന്ന സങ്കല്പം ആരുടെയും മനസ്സില്‍ ഉണ്ട് എന്നു ഞാന്‍ കരുതുന്നില്ല. വൈദി കരുമൊത്ത് കൂട്ടായ പ്രവര്‍ത്തനമാണ്. ഇടവക തലത്തിലുള്ള വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും, മാര്‍ഗ്ഗദര്‍ശനം നല്‍കുകയുമാണ് വേണ്ടത്. മാസം തോറും വൈദിക സമ്മേളനം ക്രമമായി നടത്തുകയും വൈദികരുടെ തുടര്‍പഠനം സാധ്യമാകത്തക്കവണ്ണമുള്ള ക്ലാസ്സുകള്‍ ക്രമമായിട്ടുണ്ടാവുകയും വേണം. ഓരോ വൈദികനോടുമുള്ള ആത്മബന്ധം സര്‍വ്വപ്രധാനമാണ്. അവരുടെ പ്രയാസങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാനും തക്കസമയത്ത് തക്ക പ്രതിവിധികള്‍ക്കു സഹായിക്കുകയും വേണം.

രണ്ടാമത്, ഇടവകകേളാടുള്ള ബന്ധം: ഇന്ന് ഇടവക സന്ദര്‍ശനം, വിവാഹം നടത്താനും, ശവമടക്കാനും, പെരുന്നാള്‍ നടത്താനും മറ്റുമായി മാറിയിരിക്കുന്നു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഔദ്യോഗികമായ സന്ദര്‍ശനം ഉണ്ടാകണം. ശനിയാഴ്ച വൈകിട്ട് എത്തി സന്ധ്യാനമസ്‌ക്കാരം, പ്രസംഗം ഇവ കഴിഞ്ഞ് പള്ളിക്കമ്മറ്റിക്കാരെ കാണുകയും ആശയ വിനിമയം നടത്തുകയും ചെയ്യുക; ഞായറാഴ്ച വി. കുര്‍ബ്ബാന കഴിഞ്ഞ് ആദ്ധ്യാത്മിക സംഘടനകളെയും, അവയുടെ കണക്ക്, മിനിട്‌സ് മുതലായ രേഖകള്‍ പരിശോധിച്ച് അംഗീകരിക്കുക-ഇങ്ങനെയെല്ലാം സന്ദര്‍ശന പരിപാടിയിയില്‍ ഉള്‍പ്പെടുന്നു. ഇടവകയില്‍ രോഗികളായും, വാര്‍ദ്ധക്യത്തിലും കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക-ഇതെല്ലാം കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് മടങ്ങുക. അപ്പോള്‍ ഇടവക ജനങ്ങളും അവരുടെ മുഖ്യ ആത്മീയ പിതാവുമായുള്ള ബന്ധം അനുഗ്രഹപ്രദമായി മാറും. ഓരോ ഇടവകയെപ്പറ്റിയുമുള്ള സ്ഥിതി വിവരം എപ്പിസ്‌ക്കോപ്പായുടെ പക്കല്‍ ഉണ്ടായിരിക്കണം ഇടവക സന്ദര്‍ശനത്തിനു മുമ്പ് അതു നോക്കി മനസ്സിലാക്കിയിരിക്കുന്നത് പ്രയോജനകരമായിരിക്കും.

ഇതുവരെ ദൗത്യങ്ങളെപ്പറ്റിയാണ് പരാമര്‍ശിച്ചത് വളരെ പ്രധാനപ്പെട്ട കാര്യമാണ് യോഗ്യതകള്‍ എന്നുള്ളത്.

സ്വഭാവവും വ്യക്തിത്വവും: ഒരു പ്രാര്‍ത്ഥനാമനുഷ്യന്‍ എന്നുള്ളതാണ് പ്രാഥമിക യോഗ്യത. അതുകൊണ്ടാണ് മുമ്പ് ദയറാകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തിരുന്നത്. അവിടുത്തെ നിഷ്ഠാപൂര്‍വ്വമായ ജീവിതവും, ആദ്ധ്യാത്മിക പരിശീലനങ്ങളും ആ വ്യക്തിത്വത്തെ  രൂപപ്പെടുത്തുവാന്‍ സഹായകമായിരിക്കും. ആ പാരമ്പര്യം നിലനി ര്‍ത്താന്‍ വേണ്ടി ഒരു ദിവസത്തേക്കായാലും റമ്പാന്‍ സ്ഥാനം നല്‍കി ദയറായക്കാരന്റെ വേഷമണിയിച്ച ശേഷമേ എപ്പിസ്‌ക്കോപ്പായാക്കുകയുള്ളു. റമ്പാന്‍ സ്ഥാനം ഒരു പട്ടമല്ല പലരുടെയും ധാരണ, കശീശ സ്ഥാനം കഴിഞ്ഞിട്ടുള്ള പട്ടമാണ് റമ്പാന്‍ പദവിയെന്നാണ്. ശെമ്മാശനായിരിക്കുമ്പോഴും റമ്പാനാകാം. നമ്മുടെ ഔഗേന്‍ ബാവാ ശെമ്മാശനായിരിക്കുമ്പോള്‍ റമ്പാന്‍ സ്ഥാനം സ്വീകരിച്ച ആളാണ്. മസ്‌നപ്‌സാ-(ശിരോവസ്ത്രം) ദയറായക്കാരന്റെ വേഷമാണ്. എപ്പിസ്‌ക്കോപ്പാ അത് അണിയുന്നത് അദ്ദേഹം ഒരു ദയറായക്കാരനെന്ന ബോധ്യം എപ്പോഴും നിലനിറുത്തുവാനാണ്.

നോമ്പ്, നമസ്‌ക്കാരം, ആരാധന, ജാഗരണം, ഇവ നിഷ്ഠാപൂര്‍വ്വം നടത്തുന്ന ആള്‍ ആയിരിക്കണം. മെത്രാന്‍ ആകാന്‍ വേണ്ടിയല്ല ഇവയുടെ അനുഷ്ഠാനം, തന്റെ ആദ്ധ്യാത്മികതയും ഭക്തി ജീവിതവും നിലനിറുത്താനും ശക്തിപ്പെടുത്താനുമാണ്. അവിവാഹിതനാകാന്‍ ഒരാള്‍ തീരുമാനിക്കുന്നതു തന്നെ തന്റെ ആദ്ധ്യാത്മികത ചിട്ടപ്പെടുത്താനും പുഷ്ടിപ്പെടുത്താനുമാണ്. അവിവാഹിതനാണെങ്കില്‍ എപ്പിസ്‌ക്കോപ്പാ, സ്ഥാനത്തേക്ക് യോഗ്യന്‍ എന്നുള്ള ഒരു ധാരണ മാറ്റണം. ആ വ്യക്തിയുടെ ജീവിതവും, ഭക്തി നിഷ്ഠയുമാണ് പരിഗണിക്കേണ്ടത്.

വിജ്ഞാനം: ഇന്നത്തെ സമൂഹത്തില്‍ നേതൃത്വത്തിലെത്തുന്നവര്‍ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ അല്ലെങ്കില്‍ അവഗണിക്കപ്പെടും. സമകാലീന പ്രശ്‌നങ്ങളെപ്പറ്റി വിലയിരുത്താ
നും, ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കാനും കഴിയേണ്ട ആളാണ്. സെമിനാരി പഠനം കഴിഞ്ഞു എന്നതുകൊണ്ടുമാത്രമായില്ല. നല്ല വായനയും പഠനവും തുടരുന്ന വ്യക്തി ആയിരിക്കണം. ആദ്ധ്യാമിക വിഷയങ്ങളെക്കുറിച്ചു മാത്രമല്ല, സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റിയും അവലോകനം ചെയ്യാന്‍ പ്രാ പ്തിയുണ്ടായിരിക്കണം.

സഭയുടെ ചരിത്രം, വിശ്വാസം, കാനോന്‍, അനുഷ്ഠാ നങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിജ്ഞാനം അനിവാര്യമാണ്. വേദപരിജ്ഞാനമില്ലാത്ത ഒരാള്‍ക്ക് വചന ശുശ്രൂഷ ഫലപ്രദമായി നടത്തുവാന്‍ സാധ്യമല്ല. നിരന്തരമായ വായന, ധ്യാനം, പഠനം എന്നിവയില്‍ക്കൂടി ആര്‍ജിക്കേണ്ടതാണ്. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ നമ്മുടെ ഇടവകയില്‍ നു ഴഞ്ഞുകയറുമ്പോള്‍ നമ്മുടെ ജനങ്ങളെ വിശ്വാസത്തില്‍ പ്രബുദ്ധരാക്കേണ്ട ആവശ്യകത കൂടുതലാണ്.

പഴയതലമുറയിലെ ഒരു പിതാവായ കുറിച്ചി ബാവായെ ഞാന്‍ ഓര്‍ക്കുന്നു. വേദപുസ്തക വിജ്ഞാനത്തില്‍ അദ്വിതീയനായിരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി, മി. പോള്‍ വര്‍ഗീസായിരിക്കുമ്പോള്‍ അദ്ദേഹത്തോട് ബാവാ വേദപുസ്തക സംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചു പരിശോധിച്ചിട്ടുള്ളത്  ഞാന്‍ ഓര്‍ക്കുന്നു. ഒരു ഞായറാഴ്ച പോലും അന്നത്തെ ഏവന്‍ഗേലിയോന്‍ അധിഷ്ഠിതമായ പ്രസംഗം അദ്ദേഹം നടത്താതിരുന്നിട്ടില്ല. പ്രബുദ്ധരായ വൈദികര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ നിയോഗിക്കുമായിരുന്നു.

ആരാധന: ശബ്ദമാധുര്യം ഒരു കൈമുതലാണെന്നു പറയാം. അതിനെക്കാള്‍ പ്രധാനം ഭക്തിസാന്ദ്രമായ വിധത്തില്‍ അനുഷ്ഠിക്കുന്നതാണ്, ജനങ്ങളെ പ്രീതിപ്പെടുത്താനോ, അവരുടെ പ്രശംസ ആര്‍ജിക്കാനോ അല്ല ശ്രദ്ധിക്കേണ്ടത്. സ്വര്‍ഗ്ഗീയമായ അന്തരീക്ഷത്തിലേക്കു കടന്ന് ശുശ്രൂഷയില്‍ ആമഗ്നമായി അനുഷ്ഠിക്കുമ്പോള്‍ ശബ്ദ മാധുര്യമല്ല പ്രധാനം, നമ്മുടെ ഏകാഗ്രതയും, സാന്നിധ്യബോധവുമാണ്. ആരാധനയ്ക്കുള്ള ഒരുക്കം സര്‍വ്വപ്രധാനമാണ്. തലേ ദിവസം സന്ധ്യമുതല്‍ ആരംഭിക്കുന്നു. രാത്രിനമസ്‌ക്കാരം രഹസ്യപ്രാര്‍ത്ഥനകള്‍ മുതലായവ നടത്തി, മറ്റുകാര്യങ്ങളിലേക്ക് മനസ്സ് വ്യാപരിക്കാന്‍ ഇടയാകാതെ നിഷ്ഠാപൂര്‍വ്വം ആരാധനയിലേക്കു വരേണ്ടതാണ്. കാര്‍മ്മികന്റെ ഓരോ ചലനവും താഴെ നില്‍ക്കുന്ന ഭക്തജനങ്ങള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.

ആരാധനയുടെ അവിഭാജ്യഘടകമാണ് പ്രസംഗം. കണ്ടതും കേട്ടതും ഒക്കെ പറയാതെ ഏവന്‍ഗേലിയോനെ ആധാരമാക്കി സമയക്ലിപ്തതയോടെ പ്രസംഗം നടത്തേണ്ടത് ആവശ്യമാണ്. അത് തലേ ദിവസം തന്നെ ഒരുങ്ങി പരിശുദ്ധാത്മ നല്‍വരത്താല്‍ നിറവേറ്റേണ്ട ഒന്നാണ്. ഒരു എപ്പിസ്‌ക്കോപ്പായുടെ വചനങ്ങള്‍ വിശ്വാസികള്‍ ശ്രദ്ധയോടും, താല്പര്യത്തോടും ശ്രദ്ധിക്കുന്നതാണെന്നോര്‍ക്കണം.

സാമ്പത്തിക അച്ചടക്കം: ഇടവക സന്ദര്‍ശനത്തിലും, കൂദാശാനുഷ്ഠാനത്തിലും എല്ലാം ജനങ്ങള്‍ കൈമുത്തു നല്‍കും. ഇപ്പോള്‍ ഗള്‍ഫ് പണം ഒഴുകിയെത്തുന്നതുകൊണ്ട് ഗണ്യമായ തുക നല്‍കുകയും ചെയ്യും. അതിനിടയിലാണ് ഗള്‍ഫ് സന്ദര്‍ശനം ഉണ്ടാകുന്നത്. ഇതെല്ലാം ധനാഗമ വഴികളായിത്തീരും. ചിലര്‍ ലക്ഷുറി കാറുകള്‍ വാങ്ങിക്കും. അതു ഇടയ്ക്ക് മാറിക്കൊണ്ടിരിക്കും. നമ്മുടെ ഒരു തിരുമേനിക്ക് പേഴ്‌സണല്‍ അക്കൗണ്ട് ഇല്ല. കൈമുത്തു കിട്ടുന്നതിനു രസീത് കൊടുക്കും. മാത്രമല്ല ആ തുക അദ്ദേഹം നടത്തുന്ന ചാരിറ്റബിള്‍ പ്രസ്ഥാനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ താല്പര്യം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് ആത്മീയതയെല്ലാം മങ്ങിപ്പോകും. മെത്രാന്‍ ആയാലും സന്യാസിയാണെന്ന ചിന്ത ആവശ്യമാണ്. ഇക്കാര്യം പ്രസംഗിക്കാനല്ല; പ്രാവര്‍ത്തികമാക്കാനാണു ആവശ്യപ്പെടുന്നത്.

ഇക്കാര്യങ്ങള്‍ കുറിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത് വളരെപ്പേര്‍ സ്ഥാനം മോഹിച്ച് രംഗത്തുണ്ടെന്നും അതിനുള്ള പ്രചരണങ്ങള്‍ നടത്തുന്നു എന്നും കേട്ടതിന്റെ വെളിച്ചത്തിലാണ്. സഭാ നേതൃത്വവും, വിശ്വാസികളും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ചു മാത്രമേ തെരഞ്ഞെടുപ്പു നടത്താവൂ എന്ന് തീരുമാനിക്കണം.

കണ്ടനാട് വെസ്റ്റ് ഭദ്രാസന പൊതുയോഗം നടന്നു

കോലഞ്ചേരി:  കണ്ടനാട് വെസ്റ്റ് ഭദ്രാസന പൊതുയോഗം ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്റ്റിൽ വച്ച് നടന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു. സഭ പ്രയാസങ്ങളുടെ കാലഘട്ടത്തിൽ നിന്ന് ശാന്തമായ ഒരു തുറമുഖത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. വ്യവഹാര രഹിത സഭയെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് നമ്മുടെ സഭ അധികം വൈകാതെ എത്തിച്ചേരുമെന്ന് പരിശുദ്ധ ബാവ തിരുമേനി കൂട്ടി ചേർത്തു. പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ സഭയുടെ തനിമയും സ്വാതന്ത്ര്യത്തെയും മുറുകെപ്പിടിക്കുകയും എല്ലാവരെയും അതിനു വേണ്ടി ഉൽസാഹിപ്പിച്ച കാര്യം നമ്മൾ മറക്കരുതെന്ന് പരിശുദ്ധ  ബാവ തിരുമേനി ഓർമിപ്പിച്ചു.

ഭദ്രാസനത്തിൻറെ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും പൊതുയോഗത്തിൽ അവതരിപ്പിക്കുകയും പൊതുയോഗം അത് പാസാക്കുകയും ചെയ്തു. 2021-2026 വർഷത്തേക്കുള്ള ഭദ്രാസന കൗൺസിലിനെ പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. ഭദ്രാസന സെക്രട്ടറിയായി റവ. ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായി റവ. ഫാ. റോബിൻ മർക്കോസ്, റവ. ഫാ.എബ്രഹാം കെ.ജോൺ, ശ്രീ ഗ്ലാഡ്സൺ ചാക്കോ കുഴിയേലിൽ, ശ്രീ. റോയ് ജോൺ, ശ്രീ സജി വർക്കിച്ചൻ, അജു മാത്യു പുന്നക്കൽ എന്നിവരെയും തിരഞ്ഞെടുത്തു. ഭദ്രാസനത്തിൽ നിന്നുള്ള പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും അവർക്കുള്ള പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.

മലങ്കര അസോസിയേഷന്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു

കോലഞ്ചേരി: ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ (കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി) ഫെബ്രുവരി 25 ന് നടക്കാനിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രാഥമിക ഒരുക്കങ്ങള്‍ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അസോസിയേഷന്‍ നടത്തുന്നതിനായി വിവിധ കോര്‍-കമ്മറ്റികളെ തിരഞ്ഞെടുത്തു. ഭദ്രാസന സെക്രട്ടറിമാര്‍, സഭാ മാനേജിങ്ങ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.