സ്‌നേഹ സ്മരണ സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം : വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കുള്ള  ഉത്തമ ജന്മദിന സമര്‍പ്പണമാണ് സ്‌നേഹ സ്മരണ സമ്പാദ്യ പദ്ധതിയെന്ന് മന്ത്രി വി.എന്‍ വാസവന്‍. ദേവലോകം അരമന ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹ സ്മരണ സമ്പാദ്യ പദ്ധതി  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ബ്രോഷര്‍ മാര്‍ ദീയസ്‌കോറസ് വി.എന്‍ വാസവന് നല്‍കി പ്രകാശനം ചെയ്തു. അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വികാരി ഫാ. ജേക്കബ് മാത്യൂ ചന്ദ്രത്തില്‍ , ട്രസ്റ്റി കെ.വി വര്‍ഗീസ് കൂവക്കുനേല്‍, പ്രോഗ്രം കോര്‍ഡിനേറ്റര്‍ എം.എം. മാത്യു തൈപറമ്പില്‍ , കുര്യാക്കോസ്.കെ.എബ്രഹാം കാരക്കലോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി  പ്രസംഗ മത്സരം

അൽ ഐൻ: ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം  അൽ ഐൻ സെന്റ് ഡയനീഷ്യസ്‌ ഇടവക യുണിറ്റ് ഓൺലൈനിൽ  സംഘടിപ്പിച്ച 9-ാംമത്  സെന്റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി   പ്രസംഗ മത്സരത്തിൽ ഡോ. കിംലിൻ ജോർജ് (ഒ സി.വൈ.എം അബുദാബി യൂണിറ്റ് ) ഒന്നാം സ്ഥാനം നേടി. റിയാ മേരി വർഗീസ് (ഒ സി.വൈ.എം, ദുബായ് യൂണിറ്റ്), ജോയാസ് മറിയം ഏലിയാസ് (ഒ സി.വൈ.എം, അൽ ഐൻ യൂണിറ്റ്) എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം നിഥിൻ എം. രാജ് (ഒ സി.വൈ.എം, ഷാർജ യൂണിറ്റ് കരസ്ഥമാക്കി.
ഇടവക വികാരി ഫാ. ജോൺസൺ ഐപ്പ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം  ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പാ ഉദ്‌ഘാടനം ചെയ്തു. ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ മുഖ്യ സന്ദേശം നൽകി. ഫാ.ജോ മാത്യു, ഗീവർഗീസ് സാം, തോമസ് ഡാനിയേൽ, ഷാജി മാത്യു, മോനി പി. മാത്യു, പ്രവീൺ ജോൺ, ബെൻസൻ ബേബി, തോമസ് പറമ്പിൽ ജേക്കബ്, റോബി ജോയി, ജെയ്ഷ് എം. ജോയി എന്നിവർ പ്രസംഗിച്ചു.

ലോഗോ പ്രകാശനം

ദുബായ് :   സെന്റ് തോമസ് ഓർത്തഡോക്സ്  കത്തീഡ്രൽ യുവജനപ്രസ്ഥാനം സുവർണ്ണ  ജൂബിലി ആഘോഷങ്ങളുടെ  ലോഗോ പ്രകാശനം  ഇടവക വികാരി ഫാ. ബിനീഷ് ബാബു, സഹവികാരി  ഫാ.സിബു തോമസ്  എന്നിവർ  ചേർന്ന് നിർവ്വഹിച്ചു. ഇടവക  സീനിയർ അംഗവും യുവജന  പ്രസ്ഥാനം മുൻ സെക്രട്ടറിയുമായ  ജോസ് ജോൺ, ഇടവക ട്രസ്റ്റി സുനിൽ സി.ബേബി,  ജോയിന്റ് സെക്രട്ടറി ജോസഫ് വർഗീസ്, യുവജന പ്രസ്ഥാനം യൂണിറ്റ് വൈസ് പ്രസിഡന്റ് കുര്യൻ വർഗീസ്, ആക്ടിങ് സെക്രട്ടറി ബൈജു മാത്യു, ജൂബിലി കൺവീനർ റിനു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
അഖില മലങ്കര അടിസ്ഥാനത്തിൽ  ലഭിച്ച എൻട്രികളിൽ  നിന്നും  ജിനു ജോർജ്(ലോഗോ) ഡോ. ജോബിൻസ് P. ജോൺ(തീം സോങ്) എന്നിവരുടെ സൃഷ്ടികളാണ് തിരഞ്ഞടുക്കപ്പെട്ടത്

നവജാതശിശു പരിചരണത്തിൽ പ്രശസ്തിയുമായി പരുമല ആശുപത്രി 

നവജാതശിശുക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാര്യത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുമായി പരുമല മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ പ്രശസ്തി ആർജിക്കുന്നു.
2021 മേയ് 27ന് കോഴഞ്ചേരി സ്വദേശികളായ ശ്രീ. സുജിത്- ജിഷ ദമ്പതികൾക്ക് 24 ആഴ്ച മാത്രം പ്രായമുള്ള കുട്ടി ജനിക്കുകയുണ്ടായി. ജനനസമയത്ത് വെറും 700 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം.മാസം തികയാതെ ജനിച്ച കുട്ടിക്ക് 60% മാത്രമായിരുന്നു അതിജീവനസാധ്യത.
പരുമല ആശുപത്രി നിയനാറ്റോളോജി വിഭാഗം തലവൻ ഡോ. രോഹിൻ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടറുംമാരുടെ സംഘംആണ് ചികിത്സക്ക് നേതൃത്വം നൽകിയത്. മാസം തികയാതെയുള്ള കുഞ്ഞായതിനാൽ ആയതിനാൽ ജനനസമയത്ത് നൽകിയ ചികിത്സാസംവിധാനങ്ങളിൽ അണുബാധ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിച്ചു.
കുഞ്ഞിന്റെ ശരീരത്തിലെ ഊഷ്മാവ് പെട്ടെന്ന് താഴ്ന്നുപോകാതെ പുറമെ നിന്നും ചൂട് നൽകുവാൻ കഴിയുന്ന  എൻ.ഐ.സി.യുവിൽ  ഇൻക്യൂബേറ്ററിന്റെ  ഉള്ളിൽ വെച്ചു തുടർ പരിചരണങ്ങളും ചികിത്സകളും നൽകുകയുണ്ടായി. മൂന്ന് മാസത്തെ നിരന്തരമായ ചികിത്സയിലൂടെ സൗഖ്യം പ്രാപിച്ച കുഞ്ഞ് പൂർണ ആരോഗ്യത്തോടെ ഓഗസ്റ്റ് 27 ന് ആശുപത്രി വിട്ടു.
ഗൈനക്കോളജി, നിയോനാറ്റോളജി,പീഡിയാട്രിക് എന്നീ ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ധരായ ഡോക്ടറുംമാരുടെ സേവനവും ചികിത്സാ സംവിധാനങ്ങളും ഒരുമിപ്പിച്ചു നൽകുവാൻ സാധിക്കുന്നത്  പരുമല ഹോസ്പിറ്റലിലെ ശിശു പരിചരണവിഭാഗത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു.

നിരന്തര പരിശ്രമം ജീവിത ലക്ഷ്യമാവണം- ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്ത

പരുമല: നിരന്തര പരിശ്രമത്തിലൂടെ ജീവിത ലക്ഷ്യ നിർവ്വഹണത്തിനുള്ള ഉത്സാഹം ഇക്കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റോമോസ് മെത്രാപ്പോലീത്താ. അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്റെ ത്രിദിന ഓൺലൈൻ കോൺഫറൻസ് പരുമല സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹ്യ അകലത്തിന്റെയും പരിമിതികളുടേയും സാഹചര്യത്തിൽ യുവജന വിദ്യാർത്ഥിസമൂഹം അലസരാവാതെ നിരന്തര വളർച്ചയ്ക്കായി പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജീവന്റെ ചലനാത്മതയിലൂടെ സമൂഹത്തിന്റെ പുരോഗതിയ്ക്കായി ഏവരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷതവഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. എം.സി.കുര്യാക്കോസ്, ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, ഫാ. ജിനു ജോർജ്, റോയി എം. മുത്തൂറ്റ്, ബിജു വി. പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫാ. ജോബ് സാം മാത്യു ക്ലാസ് നയിച്ചു.
ശനിയാഴ്ച വിവിധ സെഷനുകളിൽ ഫാ. ഡോ. വറുഗീസ് പി. വറുഗീസ്, ഫാ.ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് എന്നിവർ ക്ലാസുകളെടുക്കും.  ഞായറാഴ്ച സമാപന യോഗത്തിൽ ഡോ. ടിജു തോമസ് IRS മുഖ്യപ്രഭാഷണം നടത്തും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

അഖില മലങ്കര ശുശ്രൂഷക സംഘം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് (സുനര്‍ഗോസ് 2021)

പരുമല: അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷക സംഘം (AMOSS) ഓഗസ്റ്റ് 27 മുതല്‍ 29 (വെള്ളി, ശനി, ഞായര്‍) വരെ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുകയാണ്. ‘സുനര്‍ഗോസ് 2021’ എന്നപേരില്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് പരുമല സെമിനാരിയില്‍ നിന്നും ഗ്രിഗോറിയന്‍ ടി.വി യിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുന്നു.

27 ന് വൈകിട്ട് 4 മണിക്ക് അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. ഡോ. വര്‍ഗീസ് പി. വര്‍ഗീസ്, ഫാ. ബ്രിന്‍സ് അലക്‌സ് മാത്യൂസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 29 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. ടിജു തോമസ് IRS മുഖ്യ പ്രഭാഷണം നടത്തും. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോസ് തോമസ്, ഫാ. എം.സി. കുര്യാക്കോസ്, റോയി മാത്യൂ മുത്തൂറ്റ്, ബിജു വി. പന്തപ്ലാവ് എന്നിവര്‍ പ്രസംഗിക്കും.

പരിശുദ്ധ കാതോലിക്കാ ബാവായുടെ 40-ാം അടിയന്തിരം ആചരിച്ചു

കോട്ടയം: സമൂഹത്തിന്‍റെ തുടിപ്പുകള്‍ അറിയുകയും സഹജീവികളെ കരുതുകയും ചെയ്തിരുന്ന സഭാദ്ധ്യക്ഷനായിരുന്നു പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റ് അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ മേലദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 40-ാം ദിന അടിയന്തിര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.  കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയില്‍ മെത്രാപ്പോലീത്താമാരായ സഖറിയാ മാര്‍ അന്തോനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്,  എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ സഭയെ നയിച്ച പൗലോസ് ദ്വിതീയന്‍ ബാവാ വിശ്വാസികള്‍ക്കിടയില്‍ എന്നും സ്മരിക്കപ്പെടുമെന്ന് ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത തന്‍റെ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. തുടര്‍ന്ന് കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന നടത്തി. പരിശുദ്ധ ബാവായുടെ 40-ാം അടിയന്തിരം പ്രമാണിച്ച്  കോട്ടയം മുന്‍സിപ്പല്‍ പരിധിയില്‍പെടുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സദ്യ നല്‍കി.

മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്,  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്,  യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍  തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്,  ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,

പി.സി വിഷ്ണുനാഥ് എം.എല്‍.എ,  വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ 40-ാം ദിന അടിയന്തിരം വെളളിയാഴ്ച

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 40-ാം  ദിന അടിയന്തിരം ഓഗസ്റ്റ് 19, 20 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തപ്പെടും.

19 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരം. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാപ്പോലീത്താ മാര്‍ തോമസ് തറയില്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന്  കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം.

20 ന് രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരം. തുടര്‍ന്ന് സീനിയര്‍ മെത്രാപ്പോലീത്തായും അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റുമായ അഭിവന്ദ്യ  കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കും.

കോവിഡ് 19 നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ വിശുദ്ധ കുര്‍ബ്ബാനാസമയത്ത് വിശ്വാസികള്‍ക്ക് ചാപ്പലിലും കബറിങ്കലും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 10 മണിക്ക് ശേഷം വിശ്വാസികള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കബറിടം സന്ദര്‍ശിക്കാവുന്നതാണ്.

പരിശുദ്ധ ബാവായുടെ 40-ാം അടിയന്തിരം പ്രമാണിച്ച്  കോട്ടയം മുന്‍സിപ്പല്‍ പരിധിയില്‍പെടുന്ന എല്ലാ  അഭയകേന്ദ്രങ്ങളിലും ഉച്ചഭക്ഷണം നല്‍കപ്പെടുന്നതാണ്. ഗ്രിഗോറിയന്‍ ടി.വി, കാതോലിക്കേറ്റ് ന്യൂസ്, ഐറിസ് മീഡിയ എന്നിവയില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

കെ. എസ്. ചിത്ര പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു

കോട്ടയം: ക്രിസ്തു സേവനത്തിന്റെ ആള്‍രൂപമായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് ഗായിക കെ.എസ് ചിത്ര. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം കുടുംബത്തോടൊപ്പം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു ചിത്ര. ജാതിമത ചിന്തകള്‍ക്ക് അതീതമായി  മനുഷ്യനെ ഒന്നായി കാണുവാനും സ്‌നേഹിക്കുവാനും ചേര്‍ത്തു നിര്‍ത്തുവാനും, ദുഃഖിതരുടെ കണ്ണീര്‍ ഒപ്പുവാനും നിശബ്ദമായി എന്നും പ്രവര്‍ത്തിച്ചിട്ടുളള ഒരു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെയാണ് സമൂഹത്തിന് നഷ്ടപ്പെട്ടതെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
മെത്രാപ്പോലീത്തമാരായ  കുര്യാക്കോസ് മാര്‍ ക്ലീമ്മീസ്,  ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നു ചിത്രയെ സ്വീകരിച്ചു.

ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നു – ഓർത്തഡോക്സ് സഭ

കോട്ടയം : തിരുവാര്‍പ്പ് മര്‍ത്തശ്മുനി പളളിയെ സംബന്ധിച്ചുളള ബഹു. ഹൈകോടതി വിധി നിയമവാഴ്ച എന്നെന്നും നിലനില്‍ക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത. ആറാഴ്ചക്കുളളില്‍ വിധി നടപ്പാക്കണമെന്ന ഉത്തരവ് സഭ സ്വാഗതം ചെയ്യുന്നു. ഈ പളളി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് കോട്ടയം മുന്‍സിഫ് കോടതി ഉത്തരവ് വന്നിട്ട് രണ്ട് വര്‍ഷമായി. ഒരു വര്‍ഷം മുമ്പ് കോടതി നിര്‍ദ്ദേശപ്രകാരം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. എന്നിട്ടും പളളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമാനുസൃത വികാരിക്ക് പളളിയുടെ താക്കോല്‍ കൈമാറാനും പളളിയില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതിന് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്‍കി. കോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളുടെയും മേല്‍നോട്ടം സംസ്ഥാന പോലീസ് മേധാവി വഹിക്കണമെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചു.

നിയമവ്യവസ്ഥ അനുസരിച്ച് കോടതി വിധി സമാധാനപരമായി നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എത്ര വൈകിപ്പിക്കാന്‍ ശ്രമിച്ചാലും കോടതികളെ അനുസരിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തില്‍ അധികം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നതിന്റെ തെളിവാണ് ഈ കോടതി വിധി. കോടതി വിധി നടപ്പാക്കാന്‍ ഉളള നടപടിക്രമങ്ങള്‍ അധികാരികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ദീയസ്‌കോറസ് പറഞ്ഞു.