പരിശുദ്ധ ബാവായുടെ കബറടക്കം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച (13/07/2021) നടത്തപ്പെടും.

തിങ്കളാഴ്ച (12/07/2021)രാവിലെ 05.30-ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ഭൗതിക ശരീരം പരുമല ആശുപത്രിയില്‍ നിന്നും പരുമല പള്ളിയിലേയ്ക്ക് കൊണ്ടുപോകും. ഇന്നേ ദിവസം രാവിലെ 06.00 മണിയോടെ പള്ളിയില്‍ എത്തിച്ചേരുന്ന ഭൗതിക ശരീരം വിശ്വാസികള്‍ ദര്‍ശിച്ച് ഉപചാരം അര്‍പ്പിക്കുന്നതിനായി ക്രമീകരിക്കുന്നതാണ്. രാവിലെ 07.00 മണിക്ക് അഭി. ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും; വൈകിട്ട് 07.00 മണിവരെ പരിശുദ്ധ പിതാവിന്റെ ഭൗതിക ശരീരം പരുമല പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.

വൈകുന്നേരം 07.00 മണിയോടെ പരുമല പള്ളിയില്‍ വിടവാങ്ങല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രി 08.00 മണിയോടെ പരിശുദ്ധ പിതാവിന്റെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേയ്ക്ക് വിലാപയാത്രയായി കാവുംഭാഗം – മുത്തൂര്‍ – ചങ്ങനാശ്ശേരി വഴി ദേവലോകം അരമനയിലേയ്ക്ക് കൊണ്ടുപോകുന്നതാണ്. രാത്രി 09.00 മണിയോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവാ തിരുമേനിയുടെ ഭൗതിക ശരീരം ദേവലോകം അരമന ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം പൊതുദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

ചൊവ്വാഴ്ച ദിവസം രാവിലെ 06.00 മണിക്ക് കാതോലിക്കേറ്റ് അരമന ചാപ്പലിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം 08.00 മണിയോടെ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി, അരമന കോമ്പൗണ്ടില്‍ ക്രമീകരിച്ചിട്ടുള്ള പന്തലിലേയ്ക്ക് പരിശുദ്ധ ബാവാ തിരുമനസ്സിന്റെ ഭൗതിക ശരീരം മാറ്റുന്നതാണ്.

കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്റെ ഭാഗമായ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകുന്നേരം 3.00 മണിയോടുകൂടി പ. ബാവാ തിരുമനസ്സിന്റെ ഭൗതിക ശരീരം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ പരിശുദ്ധ മദ്ബഹായിലേയ്ക്ക് കൊണ്ടു വരുന്നതും ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് 05.00 മണിയോടുകൂടി ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിനോട് ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോട് ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്‌ക്കാരം നടത്തപ്പെടുന്നതാണ്.

05.30 മണിയോടുകൂടി പരിശുദ്ധ പിതാവിന്റെ കബറടക്ക ശുശ്രൂഷയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിക്കുന്നതാണ്.

പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു

പരുമല: മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ (75) കാലം ചെയ്തു. 12/07/2021 പുലര്‍ച്ചെ 2.35 ന് പരുമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്ഷത്തിലധികം സഭയെ നയിച്ചു. ക്യാന്സര് ബാധിതനായി 2019 ഡിസംബര് മുതല് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില് ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവന് നിലനിര്ത്തിയിരുന്നത്.
പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ ദിദിമോസ് പ്രഥമന് കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടര്ന്ന് 2010 നവംബര് ഒന്നാം തീയതിയാണ് പൗലോസ് മാര് മിലിത്തിയോസ് മെത്രാപ്പോലീത്താ ഓര്ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനാകുന്നത്.
സഭാ കേസില് ദീര്ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്ക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി നിര്ണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റ ഭരണകാലത്താണ്. സുപ്രീം കോടതി വിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില് സഭയില് ശാശ്വത സമാധാനം സംജാതമാകണമെന്ന് പരിശുദ്ധ ബാവ ആത്മാര്ത്ഥമായി ആഗ്രഹിച്ചിരുന്നു. വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്ത്തിച്ചിരുന്നത്.
ആര്ദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്‌നേഹവും പരിശുദ്ധ ബാവായുടെ പ്രവര്ത്തനങ്ങള്ക്ക് ശോഭ പകര്ന്നു. ആത്മീയ വെളിച്ചം പകരുന്ന അഞ്ച് ഈടുറ്റ ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്.
തൃശ്ശൂര് സെന്റ് തോമസ് കോളേജില് നിന്ന് ബിരുദവും, കോട്ടയം സി.എം.എസ് കോളജില് നിന്നും ബിരുദാനന്ത ബിരുദവും, കോട്ടയം പഴയ സെമിനാരിയില് നിന്ന് വൈദിക വിദ്യാഭ്യാസവും പൂര്ത്തിയാക്കിയ അദ്ദേഹം 1972 ല് ശെമ്മാശനായി. 1973 ല് വൈദികനായി. 1982 ഡിസംബര് 28 ന് തിരുവല്ലയില് ചേര്ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും1985 മെയ് 15 ന് പൗലോസ് മാര് മിലിത്തിയോസ് എന്ന പേരില് എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. 1985 ഓഗസ്റ്റ് 1 ന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ഒക്ടോബര് 12ന് പരുമലയില് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മാര് മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.
കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓര്ത്തഡോക്‌സ് ഇടവകയിലെ കൊള്ളന്നൂര് വീട്ടില് കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30 ന് ജനിച്ച കെ. ഐ. പോളാണ് പില്ക്കാലത്ത് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ ആയി ഉയര്ന്നത്. പരേതനായ ആയ കെ. ഐ തമ്പിയാണ് ഏകസഹോദരന്.
എറണാകുളം സെന്റ് മേരീസ് ഓര്ത്തഡോക്‌സ് പള്ളി സഹ വികാരിയായും കോട്ടയം, തിരുവനന്തപുരം മാര് ഗ്രിഗോറിയോസ് ഓര്ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററുകളില് അസിസ്റ്റന്റ് വാര്ഡനായും സ്റ്റുഡന്സ് ചാപ്ലയിനായും പ്രവര്ത്തിച്ചിട്ടുണ്ട്.
ഭൗതികശരീരം 12 തിങ്കള് വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമലസെമിനാരിയില് പൊതുദര്ശനത്തിനുവെയ്ക്കും. തുടര്ന്ന് ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക് കൊണ്ടുപോകും. യാത്രാമധ്യേഅന്തിമോപചാരമര്പ്പിക്കുവാന് അവസരം ഉണ്ടായിരിക്കുന്നതല്ല.സര്ക്കാര് നിര്ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്‌കാര ശുശ്രൂഷകള് ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള് ഗ്രിഗോറിയന് ടിവി, എ.സി.വി ചാനല് എന്നിവ തല്സമയം സംപ്രേഷണം ചെയ്യും. വിശ്വാസികള് ഈ സൗകര്യം പ്രയോജനപ്പെടുത്തണം. പരുമല സെമിനാരിയിലും കബറടക്കം നടക്കുന്ന കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും മാത്രമേ അന്തിമോപചാരമര്പ്പിക്കുവാന് അവസരം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പശ്ചാത്തലത്തില് പുഷ്പചക്രങ്ങള് കഴിവതും ഒഴിവാക്കാന് ശ്രദ്ധിക്കണം.
13 ചൊവ്വ രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില് വിശുദ്ധ കുര്ബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില് ഭൗതികശരീരം പൊതുദര്ശനത്തിനുവെയ്ക്കും. തുടര്ന്ന് 3 മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.സഭയിലെ എല്ലാസ്ഥാപനങ്ങള്ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

പരുമല: വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില കഴിഞ്ഞ ചൊവ്വാഴ്ചയാണ് അല്പം ആശങ്കാജനകമായത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവായി കണ്ടതിനാലാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കൃത്രിമ ശ്വാസോച്‌ഛോസത്തിന്റെ സഹായത്താല്‍ ഓക്‌സിജന്‍ നില ആവശ്യത്തിന് നിലനിര്‍ത്തുവാന്‍ സാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധ പിതാവിന്റെ അവസ്ഥ ആരോഗ്യപരമായി സ്ഥിരത നിലനിര്‍ത്തുന്നുണ്ടെങ്കിലും ആശങ്കാജനകം തന്നെയാണ്.

2019 ഡിസംബര്‍ മുതല്‍ ശ്വാസകോശ കാന്‍സറിന് പരിശുദ്ധ ബാവ തിരുമേനി ചികിത്സയിലാണ്. അദ്ദേഹത്തിനുണ്ടായ കോവിഡ് ബാധ 2021 ഫെബ്രവരിയില്‍ സുഖപ്പെട്ടങ്കിലും കോവിഡാനന്തര പ്രശ്‌നങ്ങള്‍ ആരോഗ്യനില സങ്കീര്‍ണ്ണമാക്കി തീര്‍ത്തു. ഇപ്പോഴത്തെ അവസ്ഥ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉണ്ടായവയാണെന്ന് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ഭരണസമിതി രൂപീകരിച്ചു

പരുമല:  പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനില കണക്കിലെടുത്ത് സഭാ ഭരണത്തില്‍ പരിശുദ്ധ ബാവാ തിരുമേനിയെ സഹായിക്കുന്നതിനായി സമിതി രൂപീകരിച്ചു. മെത്രാപ്പോലീത്തമാരായ അഭി. കുറിയാക്കോസ് മാര്‍ ക്ലീമ്മീസ്, അഭി. യൂഹാനോന്‍ മാര്‍ മിലിത്തോസ്, അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, അഭി. ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് എന്നിവരാണ് സമിതി അംഗങ്ങള്‍. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗങ്ങളുടെയും സഭാ വര്‍ക്കിംഗ് കമ്മറ്റിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനില ആശങ്കാജനകം

പരുമല: സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു .വെന്റിലേറ്ററില്‍ തുടരുകയാണ് ഇപ്പോള്‍. ഡോക്ടര്‍മാരുടെ സംഘം എല്ലാ പരിചരണങ്ങളും നല്‍കി കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.

ഓക്ടോബര്‍ 14-ാം തിയതി പരുമലയില്‍ വച്ച് കൂടുവന്‍ നിശ്ചയിച്ച് കല്‍പന നല്‍കിയരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൃത്യ സമയത്ത് നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും മുന്‍ കൂട്ടി പരിശുദ്ധ ബാവാ തിരുമേനി ചെയ്തിട്ടുണ്ട്. തന്റെ അനാരോഗ്യം മൂലം അസോസിയേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുവാന്‍ പറ്റാതെ വരുന്ന സാഹചര്യത്തില്‍ സഭയുടെ ഭരണഘടന പ്രകാരം സീനിയര്‍ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ അസോസിയേഷന്‍ നടത്തിപ്പിന്റെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും അധ്യക്ഷത വഹിക്കുന്നതിനും ജൂലൈ 3-ാം തീയതി നല്‍കിയ കല്‍പനയില്‍ കൂടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കല്‍പന സ്വീകരിച്ച അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത പരിശുദ്ധ ബാവ തിരുമേനിയുടെ ആജ്ഞ പ്രകാരം എല്ലാ കാര്യങ്ങളും നടത്തുന്നതിനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട്

ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണം വേദനാജനകം – അഡ്വ. ബിജു ഉമ്മന്‍

കോട്ടയം:  വൈദികനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അനുശോചിച്ചു. രാജ്യത്തെ അധസ്ഥിത ജനതയുടെ ശാക്തീകരണത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച അദ്ദേഹത്തിന് സ്വാഭാവിക നീതിയും യുക്തമായ ചികിത്സയും നിഷേധിക്കപ്പെട്ടു. തടവിലാക്കപ്പെട്ട അദ്ദേഹത്തിന്റെ രോഗാവസ്ഥയും വാര്‍ദ്ധക്യവും പരിഗണിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടത് ഞെട്ടലുളവാക്കുന്നതാണെന്നും അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് V മെത്രാപ്പോലീത്തയുടെ 112-ാം ഓർമ്മപ്പെരുന്നാൾ

  • പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭാതേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് V മെത്രാപ്പോലീത്തയുടെ 112-ാം ഓർമപ്പെരുന്നാൾ കൊടിയേറ്റ് ഫാ.ഡോ.ബേബി വർഗീസ് നിർവഹിക്കുന്നു. ഫാ. ഡോ. ഷാജി പി. ജോൺ, പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗ്ഗീസ്‌ എന്നിവർ സമീപം.

 

കോട്ടയം: പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭാതേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് V മെത്രാപ്പോലീത്തയുടെ 112-ാം ഓർമപ്പെരുന്നാൾ കൊടിയേറ്റ് ഫാ.ഡോ.ബേബി വർഗീസ് നിർവഹിച്ചു. ഫാ. ഡോ. ഷാജി പി. ജോൺ സംബന്ധിച്ചു.

കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്  ജൂ​​ലൈ  11 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരവും 12 ന് രാവിലെ 6:30 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് 7:30 ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വി.കുർബാനയും ഉണ്ടായിരിക്കുമെന്ന് പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗ്ഗീസ്‌ അറിയിച്ചു.

 

പരിശുദ്ധ കാതോലിക്കാ ബാവായുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുക

പരുമല:  സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാന്‍സര്‍ ചികിത്സയില്‍ ആശാവഹമായ പുരോഗതിയുണ്ട്. എന്നാല്‍ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതു കൊണ്ട് ശ്വസന സഹായ ഉപകരണങ്ങള്‍ പൂര്‍ണ്ണ സമയം ഉപയോഗപ്പെടുത്തേണ്ടിവരുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടരുന്നു. പരിശുദ്ധ ബാവാ തിരുമേനിയുടെ സൗഖ്യത്തിനായി ഏവരും തുടര്‍ന്നും പ്രാര്‍ത്ഥിക്കണം.

സപ്തതി നിറവില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ്

മൂവാറ്റുപുഴ: സപ്തതിയിലേക്ക്  പ്രവേശിക്കുന്ന ഡോ. തോമസ് മാര്‍ അത്താനാസിയോസിനു ജന്മദിനാശംസകള്‍ നേര്‍ന്നു വിശ്വാസ സമൂഹം. ജന്മദിനാശംസകള്‍ നേരാന്‍ ഒട്ടേറ വിശ്വാസികളാണ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്തും ദേവാലയത്തിലും എത്തിയത്.

സപ്തതി ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന അനുമോദന സമ്മേളനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തോമസ് പോള്‍ റമ്പാന്‍, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ജോണ്‍ വളളിക്കാട്ടില്‍, ഫാ. എബ്രഹാം കാരമേല്‍, ഫാ. ഷിബു കുര്യന്‍, നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, കൗണ്‍സിലര്‍ രാജശ്രീ രാജു, ഡോ. എം. പി. മത്തായി എന്നിവര്‍ പ്രസംഗിച്ചു.

പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 28,29 തീയതികളില്‍

പരുമല സെമിനാരിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കര്‍മ്മം അഭി .ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി നിര്‍വഹിച്ചു. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ജൂണ്‍ 28,29 തീയതികളില്‍ അങ്കമാലി ഭദ്രാസനാധിപന്‍ അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനി ശുശ്രുഷയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും