മലങ്കരയ്ക്ക് കാലം കരുതിവച്ച സമ്മാനം -ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്

പ്രാര്‍ത്ഥനയും പ്രവൃത്തിയും, ആരാധനയും ആതുരസേവനവും ഒരുപോലെ ജീവിത വ്രതമാക്കിയ പിതാവാണ് പരിശുദ്ധ ബാവാതിരുമേനി 

മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മലങ്കര വിശ്വാസികളുടെ മാര്‍ഗ്ഗദര്‍ശനവും കാതോലിക്കേറ്റിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതീകവുമാണ്. ‘മാത്യൂസ്’ എന്ന വാക്കിന്റെ അര്‍ത്ഥം’ ദൈവത്തിന്റെ ദാനം‘ എന്നാണ്. ‘സേവേറിയോസ്’ എന്നത് ‘കൃത്യനിഷ്ഠ’യുടെ പര്യായവും. വര്‍ണ്ണാഭമായ പുഷ്പത്തിന് സുഗന്ധംപോലെ രണ്ടും ഇഴയടുപ്പത്തോടെ ഈ
പിതാവില്‍ ചേര്‍ന്നു നില്‍ക്കുന്നു. കോട്ടയം വാഴൂര്‍ എന്ന ചെറു ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അഭിവന്ദ്യ പിതാവ് ഇന്ന് മാര്‍ത്തോമ്മ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിലേക്ക് ആരൂഢനാകുമ്പോള്‍ മലങ്കര സഭയ്ക്ക് ‘ഇതു ദൈവം നല്‍കിയ ദാനം’ എന്ന് ആത്മാഭിമാനത്തോടെ പറയുവാന്‍ കഴിയും.
നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, നില്‍ക്കുന്ന ഇടത്തിന്റെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവിന്റെ വ്യക്തിജീവിതം സുതാര്യവും ദൈവകൃപയാല്‍ സ്ഫുടം ചെയ്തതുമാണ്. കാഴ്ചപ്പാടുകളില്‍ വ്യക്തതയുണ്ട്. തീരുമാനങ്ങളില്‍ സ്ഥൈര്യമണ്ട്. നിഷ്ഠയും കൃത്യതയും അദ്ദേഹത്തിന്റെ ഭൂഷണമാണ്. സഭാവിശ്വാസത്തിലും അതിന്റെ നിലനില്പിലും വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യക്കാരനാണ്. സഭയുടെ ഭദ്രതയ്ക്ക് ഈ നിലപാട് അവശ്യവുമാണ്.
‘നിലപാടുകളുടെ കാവല്‍ക്കാരനായി’ ജീവിച്ച ഭാഗ്യവാനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ പിന്‍ഗാമിയായി, അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിയോഗിതനായത് സഭയോടുള്ള ദൈവത്തിന്റെ കരുതലും ശ്രേഷ്ഠമായ നടത്തിപ്പുമാണ്. പൗരസ്ത്യ പിതാക്കന്മാരുടെ ജീവിത രീതിയും ശൈലിയും പിന്‍തുടരുന്നതില്‍ തുടക്കം മുതല്‍ ശുഷ്‌കാന്തി നിലനിര്‍ത്തി. ആരാധനയും ആതുര
സേവനവും അടിസ്ഥാനമാക്കിയുള്ള ജീവിതമാണ് പരിശുദ്ധ പിതാവിനെ ഏറെ സവിശേഷതയുള്ള വ്യക്തിയായി രൂപാന്തരപ്പെടുത്തിയത്. പ്രാര്‍ത്ഥനയും സേവനവും സമജ്ജസമാകുന്നിടത്താണ് ഓര്‍ത്തഡോക്സിയുടെ പ്രസക്തി. പ്രാര്‍ത്ഥനയില്ലാത്ത പ്രവൃത്തിയും, പ്രവൃത്തിയില്ലാത്ത പ്രാര്‍ത്ഥനയും വ്യര്‍ത്ഥമാണ്.  പരിശുദ്ധ ബാവാതിരുമേനിയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയും പ്രവൃത്തിയും, ആരാധനയും ആതുരസേവനവും ഒരുപോലെ ജീവിത വ്രതമാക്കിയ പിതാവാണ്. അദ്ദേഹത്തിന്റെ ഓരോ പ്രസ്ഥാനങ്ങളും അതിനു നിദര്‍ശനങ്ങളാണ്. പരിശുദ്ധ ബാവാ തിരുമേനിക്ക് മലങ്കര സഭയിലുള്ള അംഗീകാരവും ഔന്നത്യവും അതുല്യമാണ്. ഗുരുസ്ഥാനീയനും വഴികാട്ടിയുമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭാകേസ്സിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ പരിശുദ്ധ തിരുമേനിയുടെ സേവനം അവിസ്മരണീയമാണ്. പരിശുദ്ധ ബാവാമാരോടു ചേര്‍ന്നുനിന്നുകൊണ്ട് സഭയുടെ വിശ്വസ്തനായി പ്രയത്നിച്ചു. കോലഞ്ചേരി ഉപവാസം, തൃക്കുന്നത്ത് സെമിനാരി പ്രശ്നം തുടങ്ങി സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളിലെല്ലാം അശാന്തിയും അസമാധാനവും തര്‍ക്കവും കൊടുമ്പിരികൊണ്ടിരുന്നപ്പോള്‍ മലങ്കര മെത്രാപ്പോലീത്തയും, പൗരസ്ത്യ കാതോലിക്കയും എന്ന നിലയില്‍ ധീരമായി നേതൃത്വം നല്‍കിയ പ. പൗലോസ് ദ്വിതീയന്‍ ബാവാതിരുമേനിയുടെ കരങ്ങള്‍ക്ക് ശക്തി നല്‍കി ഒപ്പം നിന്ന പിതാവാണ് നവാഭിഷിക്തനായ പ. ബാവാ. അതുകൊണ്ടുതന്നെ ആ പരിശുദ്ധ പിതാവിന്റെ പിന്‍ഗാ മിയാകുവാനുള്ള സര്‍വ്വഗു ണങ്ങളും ദൈവനിയോഗത്താല്‍ ലഭ്യമായി. ഇത് സഭയോടുള്ള ദൈവത്തിന്റെ കരുതലാണ്. പരിശുദ്ധ റൂഹായുടെ നടത്തിപ്പും പരിശുദ്ധ പിതാക്കന്മാരുടെ മധ്യസ്ഥതയും ഇതി ലൂടെ വെളിപ്പെട്ടു. ബഹുഭാഷാ പണ്ഡിതന്‍, ഗ്രന്ഥകാരന്‍, മികച്ച അധ്യാപകന്‍, പ്രബോധകന്‍, ധ്യാനഗുരു- തൊട്ടതെല്ലാം പൊന്നാക്കുന്ന അപാരമായ കൃപയുടെ തെളിമയാര്‍ന്ന രൂപമാണ് പരിശുദ്ധ പിതാവ്. മലങ്കര സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഈ തിരഞ്ഞെടുപ്പ് അനുഗ്രഹമാണ്.

ഹിതപരിശോധനാ നീക്കം നിയമവിരുദ്ധം   – ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്

കോട്ടയം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കുവാനായി നിയമപരിഷ്‌ക്കരണ കമ്മീഷന്‍  ശുപാര്‍ശപ്രകാരം ഹിതപരിശോധന നടത്തുവാനുളള നീക്കം നിയമവിരുദ്ധമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത.  കമ്മീഷന്റെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് കെ.റ്റി തോമസ് സമര്‍പ്പിച്ചിരിക്കുന്ന കരട് ബില്ല് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമായിരിക്കെ അതിന് കടകവിരുദ്ധമായി നിയമനിര്‍മ്മാണം നടത്തുന്നത് അധാര്‍മ്മികമാണ്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി നിയമം നിര്‍മ്മിക്കുവാന്‍ സാധിക്കുമെങ്കില്‍ രാജ്യത്തെ നിയമവ്യവസ്ഥ തന്നെ താറുമാറായി തീരും.

മലങ്കര സഭാ തര്‍ക്കത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി 2017-ല്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും ജനാധിപത്യതത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മലങ്കര സഭയുടെ 1934 ഭരണഘടന അനുസരിച്ചാണ് ആ ട്രസ്റ്റ് ഭരിക്കപ്പെണ്ടേതെന്നും സുപ്രീംകോടതി ഒന്നിലധികം സ്ഥലത്ത് എടുത്ത് പറഞ്ഞിട്ടുളള കാര്യമാണ്. ഭൂരിപക്ഷ വിഭാഗത്തിന്റെ താല്പര്യാനുസരണം ട്രസ്റ്റിന്റെ സ്വത്തുക്കള്‍ പിടിച്ചടുക്കുവാനോ, കൈമാറ്റം ചെയ്യുവാനോ, വിഭജിക്കുവാനോ ആര്‍ക്കും സാധിക്കില്ല. 1934 ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട് അതിന് യാതൊരു ന്യൂനതയും സംഭവിക്കില്ലെന്നും ബഹു. സുപ്രീം കോടതി  ഒന്നിലധികം പ്രാവശ്യം വ്യക്തമാക്കിയിട്ടുളളതാണ്.

ജസ്റ്റിസ് കെ.റ്റി തോമസ് സമര്‍പ്പിച്ചിരിക്കുന്ന കരട് ബില്ലില്‍ പറഞ്ഞിരിക്കുന്ന പല വ്യവസ്ഥകളും പാത്രിയര്‍ക്കീസ് വിഭാഗം 2019-ലെ ക്‌ളാരിഫിക്കേഷന്‍ പെറ്റീഷനില്‍ ആവശ്യപ്പെട്ടിട്ടുളളതും അത് സുപ്രീംകോടതി തളളിക്കളഞ്ഞതുമാണ്. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വക്കീലായി കേസുകള്‍ നടത്തുകയും അവര്‍ക്ക് അനുകൂലമായി പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിട്ടുളള  ജസ്റ്റിസ് കെ.റ്റി തോമസ് തയ്യാറാക്കിയ ഈ ബില്ല് പക്ഷാപാദപരമാണ്. രണ്ട് കക്ഷികള്‍ ഏര്‍പ്പെട്ടിരിക്കുന്ന തര്‍ക്കത്തില്‍ ഒരു കക്ഷിക്ക് മാത്രം പ്രയോജനം ലഭിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം നിര്‍മ്മാണം നടത്തുവാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കില്ല.

ഈ കരട് ബില്ലിന് യാതൊരു നിയമസാധ്യതയും ഇല്ലാത്തതും നടപ്പാക്കിയാല്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുളളതുമാണ്. ഇപ്പോള്‍ കേസുകള്‍ വഴി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടുവാന്‍ വിധിച്ച് അപ്രകാരം ഭരണം നടത്തുന്ന പളളികള്‍ ഇനി വീണ്ടും ഭൂരിപക്ഷാഭിപ്രായ പ്രകാരം മറ്റൊരു കക്ഷിക്ക് വിട്ടുകൊടുക്കുന്നത് വീണ്ടും സംഘര്‍ഷങ്ങളിലേക്കും കൂടുതല്‍ കേസുകളിലേക്കും നയിക്കും. ട്രസ്റ്റിന്റെ യൂണിറ്റുകളായ ഇടവകകളില്‍ ഹിതപരിശോധന നടത്തിയല്ല ഭൂരിപക്ഷം നിശ്ചയിക്കുന്നത്. പ്രത്യുത ട്രസ്റ്റിന്റെ പൊതുയോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലാണ്. ഈ നടപടിയാണ് 2002-ല്‍ ജസ്റ്റിസ് മളീമഠിന്റെ നേതൃത്വത്തില്‍  അവലംബിച്ചത്.  അതുകൊണ്ടുതന്നെ മലങ്കര സഭയില്‍ ഐക്യവും സമാധാനവും പുനസ്ഥാപിക്കണമെങ്കില്‍ സുപ്രീംകോടതി വിധി പൂര്‍ണ്ണമായി നടപ്പാക്കുക തന്നെ വേണം. പുതിയ നിയമനിര്‍മ്മാണം സഭാ തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുന്നതിന് പകരം വീണ്ടും വ്യവഹാരങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആകയാല്‍ ജസ്റ്റിസ് കെ.റ്റി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ബഹു. കേരളാ ഗവണ്‍മെന്റ് തളളികളയുമെന്ന് പ്രത്യാശിക്കുന്നതായി മാര്‍ ദിയസ്‌ക്കോറോസ് പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവാ ദൈവ സ്‌നേഹത്തിൽ സ്വയം സമർപ്പിച്ച വ്യക്തി : മാർ മാത്യു അറയ്ക്കൽ

 

പാമ്പാടി : പ്രാര്‍ഥനാ ജീവിതം, നിസ്വാര്‍ഥ സേവനം, ആദര്‍ശ ശുദ്ധി എന്നിവയിലൂടെ ദൈവ സ്നേ ഹത്തിന്റെ ഉന്നത തലങ്ങളില്‍ സ്വയം സമര്‍പ്പിച്ച വ്യക്തിയാണ്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവായെന്നു കാഞ്ഞിരപ്പള്ളി രൂപത മുൻ അദ്ധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

ഓര്‍ത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തില്‍ കാതോലിക്കാ ബാവായ്ക്കു നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാക്ഷ്യങ്ങളാണ്‌ അദ്ദേഹം ആരംഭിച്ച ജീവകാരുണ്യ സംരംഭങ്ങളെന്നു മാര്‍ മാത്യു അറയ്ക്കൽ പറഞ്ഞു.

സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാന്‍ ഏവരുടെയും പ്രാര്‍ഥന വേണമെന്നു മറുപടി പ്രസംഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചാണ്‌ സഭാ പിതാക്കന്മാര്‍ സഭയെ വളര്‍ത്തിയെടുത്തത്. വ്യവഹാര രഹിതവുമായ സഭയെന്ന മുന്‍ഗാമിയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നു ബാവാ പറഞ്ഞു.

സുന്നഹദോസ്‌ സെക്രട്ടറി അഭി .ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. എംജി സര്‍വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക്‌ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ്‌ മാര്‍ ക്ലിമ്മി സ്‌ മെത്രാപ്പോലീത്താ, വാഴൂര്‍ തീര്‍ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍, ബിഷപ്‌ തോമസ്‌ കെ. ഉമ്മന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വൈദിക ട്രസ്റ്റീ ഫാ. ഡോ. എം.ഓ. ജോൺ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ . ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ്‌ പണ്ടാരക്കുന്നേല്‍, പാമ്പാടി ദയറ മാനേജര്‍ ഫാ. മാത്യു കെ.ജോണ്‍, ഗവ. ചീഫ്‌ വിപ്പ്‌ എന്‍.ജയരാജ്‌, തോമസ്‌ ചാഴികാടന്‍ എം.പി, എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ്‌ അംഗം റജി സഖ റിയ എന്നിവര്‍ പ്രസംഗിച്ചു.

ബാവായെ പാമ്പാടി സെന്റ്‌ ജോണ്‍സ്‌ കത്തീഡ്രലിൽ നിന്നു വാഹന ഘോഷയാത്രയുടെ അകമ്പടിയോടെയാണു സ്വീകരണ സ്ഥലമായ പാമ്പാടി ദയറയിലേക്കു സ്വീകരിച്ചത്‌. വാദ്യമേളവും പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഛായാചിത്രം അലങ്കരിച്ച രഥവും അകമ്പടിയേകി. പാമ്പാടി ദയറയില്‍ സുന്നഹദോസ്‌ സെക്രട്ടറി അഭി .ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്താ, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ്‌ പണ്ടാരക്കുന്നേല്‍, പാമ്പാടി ദയറ മാനേജര്‍ ഫാ. മാത്യു കെ.ജോണ്‍, അസി.മാനേജര്‍ ഫാ. സി.എ.വര്‍ഗീസ്‌ ചാമക്കാലാ എന്നിവരുടെ നേത്യത്വത്തില്‍ സ്വീകരിച്ചു.
ദയറയില്‍ പ്രാർത്ഥനയ്ക്കു ശേഷമാണ്‌ സമ്മേളന നഗരിയിലേക്കു പരി. കാതോലിക്കാ ബാവാ എത്തിയത്‌
സഭാ സംഘടനകളുടെ നേതൃത്വത്തില്‍ ഉപഹാര സമര്‍പ്പണം നടത്തി.

ഞങ്ങള്‍ക്ക് ഒരു പ്രശംസയുണ്ട്‌ – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

‘കനാന്‍ ദേശം എന്ന വാഗ്ദത്തനാട്ടിലേക്ക് ദൈവജനത്തെ നയിച്ചുകൊണ്ട്‌ യാത്ര ചെയ്ത മോശ, ആ വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്റെ പിതാക്കന്മാരോട് ചേര്‍ക്കപ്പെടണം എന്നതാണ് ദൈവഹിതം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ ഒരാളെ അവര്‍ക്ക് ഇടയനായി നിയമിക്കണമെ എന്ന് യഹോവയോട് പ്രാര്‍ത്ഥിച്ചു. യഹോവ മോശയോട് കല്‍പിച്ചത്, എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ച് അവന്റെ മേല്‍ കൈവച്ച് അവനെ പുരോഹിതനായ എലെയാസാറിന്റെയും സര്‍വ്വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന് ആജ്ഞകൊടുക്ക. ‘(സംഖ്യാപുസ്തകം 27:18-19).
മലങ്കര സഭയെ വ്യവഹാരരഹിത സഭ എന്ന വാഗ്ദത്ത നാട്ടിലേക്ക് നയിച്ച പുണ്യശ്ലോകനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ തിരുമേനി മോശയെപ്പോലെ ദൂരെ നിന്ന് ആ വാഗ്ദത്തനാട് കണ്ടിട്ട് ദൈവഹിതപ്രകാരം തന്റെ പൂര്‍വ്വീകരോട് ചേര്‍ന്നു. മലങ്കര സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം ദൈവം സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്ന് മോശയെപ്പോലെ ആ പരിശുദ്ധ പിതാവും തീര്‍ച്ചയായും പ്രാര്‍ത്ഥിച്ചിരിക്കും. ആ പ്രാര്‍ത്ഥനയ്ക്ക് ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. ദൈവത്തിന്റെ ആത്മാവുള്ള ഒരു പുരുഷനെ ദൈവം തന്നെ തിരഞ്ഞെടുത്ത് മലങ്കര സഭയ്ക്ക് നല്‍കിയിരിക്കുന്നു: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ തിരുമേനി.
പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ ദേഹവിയോഗത്തെ തുടര്‍ന്ന് മലങ്കര സഭയുടെ ഭാവിയെപ്പറ്റി പല ഭാഗത്തു നിന്നും ആകുലതകളും ആശങ്കകളും ഉയര്‍ന്നു. മറ്റ് ചിലര്‍ പരിശുദ്ധ സഭയെ പരിഹസിക്കുവാനും അപമാനിക്കുവാനുമുള്ള അവസരത്തിനായി കാത്തിരുന്നു. എന്നാല്‍ മലങ്കര സഭയ്ക്കുവേണ്ടി ദൈവം പ്രവര്‍ത്തിച്ചു. പ്രാര്‍ത്ഥനയുടെ ആത്മാവില്‍ മലങ്കര മെത്രാപ്പോലീത്തയുടെയും പൗരസ്ത്യ കാതോലിക്കായുടെയും സ്ഥാനത്തേക്ക് ഐക്യകണ്‌ഠേന ഒരു പേര് നിര്‍ദ്ദേശിക്കുവാന്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് കഴിഞ്ഞു. കോവിഡ് വ്യാപനം ഉയര്‍ത്തിയ വെല്ലുവിളികളുടെ നടുവിലും ലോകത്തിന് മുഴുവന്‍ മാതൃകയായി സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ പുതിയ മലങ്കര മെത്രാപ്പോലീത്തായെയും പൗരസ്ത്യ കാതോലിക്കയെയും തിരഞ്ഞെടുക്കുവാന്‍ പരുമലയില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന് സാധിച്ചു. 2021 ഒക്‌ടോബര്‍ 15-ാം തീയതി പരുമല പള്ളിയില്‍ വച്ച് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ മലങ്കര സഭയുടെ ഒമ്പതാം കാതോലിക്ക അവരോധിതനായി. ഞാന്‍ മരിച്ചാലും മറ്റൊരാള്‍ കാതോലിക്ക ആയി ഉയര്‍ന്നു വരും, സഭയ്ക്ക് അനാഥത്വം ഉണ്ടാകുകയില്ല എന്നുള്ള പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ പ്രവാചകവചസുകള്‍ നിവര്‍ത്തിയാക്കപ്പെട്ടു.
കാതോലിക്ക സ്ഥാനാരോഹണ വേളയില്‍ പരിശുദ്ധ മാത്യൂസ് തൃതീയന്‍ ബാവാ തിരുമേനി നല്‍കിയ സന്ദേശം ഉപസംഹരിച്ചത് ഇപ്രകാരമാണ്,

‘നമുക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്. സകല പരിജ്ഞാനത്തേയും കവിയുന്ന ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണതയില്‍ നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. നമുക്ക് ഒരു പ്രബോധനമുണ്ട്, വഴിയും സത്യവും ജീവനുമായ ക്രിസ്തുവിലേക്കുള്ള പ്രയാണത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ സഞ്ചരിച്ച മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരായ നമ്മുടെ നടപ്പ് നന്നായിരിക്കണം എന്നാണ് നമ്മുടെ പ്രബോധനം. നമുക്ക് ഒരു പ്രതീക്ഷയുണ്ട്, അധര്‍മ്മത്തോടുള്ള സനാതന പോരാട്ടത്തില്‍ അവസാനത്തോളം വിശ്വാസ ജീവിതത്തില്‍ നാമേവരും ഉറച്ചു നില്‍ക്കും എന്നാണ് നമ്മുടെ പ്രതീക്ഷ. നമുക്ക് ഒരു പ്രതിബദ്ധതയുണ്ട്, നാം അധിവസിക്കുന്ന പ്രകൃതിയോടും അതിലെ സഹജീവികളോടുമുള്ള കരുണാപൂ ര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കുക എന്നതാണ് നമ്മുടെ പ്രതിബദ്ധത. നമുക്ക് ഒരു പ്രത്യാശയുണ്ട്, പുതിയ കാലത്തിന്റെയും ലോകത്തിന്റെയും വെല്ലുവിളികളെ നവസാധ്യതകളാക്കി തീര്‍ക്കുവാന്‍ സഭയെ സര്‍വ്വശക്തനായ ദൈവം വഴി നടത്തും എന്നതാണ് നമ്മുടെ പ്രത്യാശ’.

ഒരു വാചകം കൂടി ചേര്‍ത്തു വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു പ്രശംസയുണ്ട്, മലങ്കര സഭയെ നയിക്കുവാന്‍ ദൈവം തന്റെ ആത്മാവുള്ള ഒരു പിതാവിനെ തിരഞ്ഞെടുത്തു എന്നതാണ് ഞങ്ങളുടെ പ്രശംസ.
നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്‌ക്കേണ്ടതിന് നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ട തിനും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു എന്നുള്ള കര്‍ത്താവിന്റെ വാക്കുകളാണ് ഇന്ന് മലങ്കര സഭയില്‍ മുഴങ്ങി കേള്‍ക്കുന്നത്. മലങ്കര സഭയ്ക്കുവേണ്ടി ദൈവം തിരഞ്ഞെടുത്ത് തല്‍സ്ഥാനത്ത് ആക്കി വച്ചിരിക്കുന്ന കാതോലിക്കയാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍. ആ ദൈവഹിതം ശിരസ്സാ വഹിച്ചുകൊണ്ട് മലങ്കര സഭ ഒന്നായി അത്യുച്ചത്തില്‍ ഏറ്റുപറഞ്ഞു: ഓക്‌സിയോസ്, ഓക്‌സിയോസ്, ഓക്‌സിയോസ്… പൗരസ്ത്യ കാതോലിക്കേറ്റിന്റെ അവകാശിയാകുവാന്‍ പരിശുദ്ധ പിതാവ് സര്‍വ്വഥാ യോഗ്യനാണ്.

1. ആരാധനാ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ ആത്മീയാചാര്യന്‍

ആരാധനയില്‍ തീവ്രമായ നിഷ്ഠയും കൃത്യതയും പു ലര്‍ത്തുന്ന ഋഷിവര്യനാണ് പരിശുദ്ധ പിതാവ്. നിഷ്ഠയുള്ള ആരാധനാ ജീവിതമാണ് അദ്ദേഹത്തിന്റെ ശക്തിസ്രോതസ്. മൂന്നര ദശാബ്ദത്തിലേറെയായി കോട്ടയം വൈദിക സെമിനാരിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന തിരുമേനിയില്‍ നിന്ന് പൗരസ്ത്യ വേദശാസ്ത്രത്തോടൊപ്പം
പൗരസ്ത്യ ആരാധനയുടെ ആഴവും അതിലെ ചിട്ടയും നിഷ്ഠയും ഒരുക്കവും ഉത്സാഹവും ഓരോ വിദ്യാര്‍ത്ഥിക്കും കണ്ടു പഠിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആരാധനാ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ദൈവീകരണം ആണെന്നുള്ള തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് സകല പരിജ്ഞാനത്തേയും കവിയുന്ന ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണതയില്‍ നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്ന് പരിശുദ്ധ പിതാവ് പ്രാര്‍ത്ഥിക്കുന്നത്.
ഞങ്ങള്‍ക്ക് ഒരു പ്രശംസയുണ്ട്, ആരാധനാ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ ഒരു ആത്മീയ ഇടയനാണ് മലങ്കര സഭയെ നയിക്കുന്നത് എന്നതാണ് ഞങ്ങളുടെ പ്രശംസ.

2. മലങ്കര സഭയുടെ സ്വത്വബോധത്തിന്റെയും വിശ്വാസ പൈതൃകത്തിന്റെയും കാവല്‍ക്കാരന്‍

മലങ്കര സഭയുടെ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും സംരക്ഷിക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും കാതോലിക്കേറ്റിന്റെ അഭിമാനവും അന്തസും കാത്തുസൂക്ഷിക്കുവാന്‍ ധീരമായ നിലപാടുകളെടുക്കുകയും ചെയ്തിട്ടുള്ള പിതാവാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍ ബാവ. വ്യവഹാരങ്ങളാല്‍ കലുഷിതമായിരുന്ന കണ്ടനാട് ഭദ്രാസനത്തിന്റെ അമരക്കാരന്‍ എന്ന നിലയിലും സഭയുടെ കേസുകളുമായി ബന്ധപ്പെട്ട് ആഴമായും തീക്ഷ്ണതയോടും ഇടപെട്ടിട്ടുള്ള മെത്രാപ്പോലീത്ത എന്ന നിലയിലും സഭയ്ക്കുവേണ്ടി വളരെയധികം അപമാനവും പ്രയാസങ്ങളും പരിശുദ്ധ പിതാവ് സഹിച്ചു. നീതിയുടെയും ശരിയുടെയും നിലപാടുകളില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കുവാന്‍ പരിശുദ്ധ പിതാവ് തയ്യാറായില്ല. ആധുനിക തത്വശാസ്ത്ര ചിന്തകളും ജീവിതവും, അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍, സഭയുടെ പാരമ്പര്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ എല്ലാറ്റിനെക്കുറിച്ചും വ്യക്തമായ ബോധ്യം പരിശുദ്ധ പിതാവിനുണ്ട്. പുതിയ തലമുറ ഉയര്‍ത്തുന്ന ആശയങ്ങളും ചോദ്യങ്ങളും സംശയങ്ങളും പരിശുദ്ധ ത്രിത്വത്തിലുള്ള സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുവാനും അവയുമായി സംവാദത്തിലേര്‍പ്പെടുവാനും കാലാധിഷ്ഠിതവും എന്നാല്‍ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയതുമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനുമുള്ള വിവേകവും ജ്ഞാനവും പരിശുദ്ധ പിതാവിനെ വ്യത്യസ്തനാക്കുന്നു.
സഭയുടെ സ്വാതന്ത്ര്യവും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ ശക്തിയും കരുത്തുമുള്ള ഒരു നേതാവാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.

3. അധര്‍മ്മത്തോടുള്ള സനാതന പോരാട്ടത്തില്‍ മുന്നില്‍ നിന്നു നയിക്കുന്ന ക്രിസ്തുവിന്റെ പടയാളി

സമൂഹത്തില്‍ നടമാടുന്ന അനീതികളേയും അധാര്‍മ്മികതയേയും ചോദ്യം ചെയ്യുവാനുള്ള ഉത്തരവാദിത്തം ഓരോ ക്രിസ്ത്യാനിക്കുമുണ്ട്. തിന്മയോട് കീഴടങ്ങുവാനല്ല ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്, നന്മ കൊണ്ട് തിന്മയെ നേരിടുവാനാ ണ്. തിന്മയ്‌ക്കെതിരായുള്ള പോരാട്ടം ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം പ്രയാസങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ്. ഈ വെല്ലുവിളിയെ സധൈര്യം ഏറ്റെടുക്കുന്ന പിതാവാണ് പരിശുദ്ധ ബാവ. സഭയ്ക്കുള്ളില്‍ നടക്കുന്ന അധാര്‍മ്മികമായ കാര്യങ്ങളാലും സഭയ്‌ക്കെതിരായി നടക്കുന്ന അനീതികളായാലും സമൂഹത്തില്‍ ഉടലെടുക്കുന്ന അസമത്വങ്ങളോ ധാര്‍മ്മിക അധഃപതനങ്ങളോ ആയാലും ഇതിനെല്ലാം എതിരെ പ്രവാചക ബോധ്യത്തോടെ ശബ്ദമുയര്‍ത്തുവാന്‍ പരിശുദ്ധ പിതാവിന് ഭയമോ നിസംഗതയോ ഇല്ല. കാതോലിക്കാ സ്ഥാനാരോഹണ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് തന്റെ നിലപാട് പ്രഖ്യാപിച്ചു, ഇന്നും നമ്മുടെ മുമ്പില്‍ പ്രതിസന്ധികളും വെല്ലുവിളികളുമുണ്ട്. പക്ഷേ നമുക്ക് ഭയമില്ല. ദൈവം നമ്മോടു കൂടെയുണ്ട് എന്നുള്ള പ്രത്യാശയാണ് പരിശുദ്ധ പിതാവിന്റെ ബലം. അധര്‍മ്മത്തോടുള്ള പോരാട്ടത്തില്‍ സധൈര്യം ഞങ്ങളെ നയിക്കുന്ന ഒരു നായകനാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.

4. സഹസൃഷ്ടികളോട് പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹി

ഓര്‍ത്തഡോക്‌സ് ആദ്ധ്യാത്മീകതയില്‍ ആരാധനാ ജീവിതത്തിന്റെ തുടര്‍ച്ചയായിട്ടാണ് മനുഷ്യന്റെ സാമൂഹിക ജീവിതത്തെ മനസിലാക്കുന്നത്. ആരാധനയോടൊപ്പം സമൂഹത്തില്‍ നാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദൈവനാമ മഹത്വത്തിനാകണം. എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തത് എല്ലാം എനിക്ക് ചെയ്തു എന്നുള്ള ദൈവവചനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊകൊണ്ട് ദൈവത്തിന് വേണ്ടി ജീവിക്കുക എന്നാല്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയും അശരണരായവര്‍ക്കു വേണ്ടിയും ദുഃഖത്തിലും പ്രയാസത്തിലും ആയിരിക്കുന്നവര്‍ക്കു വേണ്ടിയും ജീവിക്കുക എന്നതാണെന്ന് സ്വജീവിതം കൊണ്ട് സാക്ഷിക്കുന്ന ഒരു ഉത്തമ ക്രിസ്തു ശിഷ്യനാണ് പരിശുദ്ധ ബാവാതിരുമേനി.  പരിശുദ്ധ പിതാവിന്റെ ജീവിതമാണ് അദ്ദേഹം എഴുതിയ സുവിശേഷം, ദൈവം സ്‌നേഹമാണ് എന്നതാണ് ആ സുവിശേഷത്തിന്റെ സാരാംശവും.
സമൂഹത്തോടും സഹജീവികളോടുമുള്ള പ്രതിബദ്ധത എന്നും ഉയര്‍ത്തി പിടിക്കുന്ന മനുഷ്യസ്‌നേഹിയാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.

1984-ല്‍ വൈദിക സെമിനാരിയില്‍ ഈ പരിശുദ്ധ പിതാ വ് ഒരു അദ്ധ്യാപകനായി ചുമതല ഏറ്റപ്പോള്‍ ആദ്യത്തെ ബാ ച്ചിലെ ഒരു വിദ്യാര്‍ത്ഥി ആകുവാന്‍ ഭാഗ്യം ലഭിച്ചു. വൈദിക സെമിനാരി പഠനകാലയളവില്‍ ഞങ്ങളുടെ വാര്‍ഡനായിരുന്ന കാലം മുതലുള്ള ആത്മബന്ധമാണ് എനിക്ക് പരിശുദ്ധ ബാവയുമായി ഉള്ളത്. പിന്നീട് സെമിനാരിയില്‍ പഠിപ്പിക്കുവാന്‍ പരിശുദ്ധ സഭ എനിക്കും അവസരം നല്‍കിയപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും അതിനുശേഷം പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ദൈവം കൃപ നല്‍കി. പരിശുദ്ധ പിതാവിന്റെ പിന്‍ഗാമിയായി പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ സെക്രട്ടറി എന്ന ചുമതല ഏറ്റെടുക്കുവാനുള്ള നി യോഗവും ബലഹീനനായ എനിക്ക് ലഭിച്ചു.
യോശുവയെപ്പോലെ യോര്‍ദ്ദാന്‍ നദി മുറിച്ചു കടന്ന് യറീഹോ പട്ടണത്തിന്റെ മതിലുകളെ തകര്‍ത്ത് വാഗ്ദത്ത നാട്ടിലേക്ക് ദൈവജനത്തെ കൈപിടിച്ചു നയിക്കുവാനുള്ള വലിയ നിയോഗമാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയെ കാത്തിരിക്കുന്നത്. യഹോവയാം ദൈവം
നൂന്റെ മകനായ യോശുവയോടു കൂടെയിരുന്ന് വാഗ്ദത്തനാട്ടിലേക്ക് യിസ്രായേല്‍ ജനത്തെ എത്തിക്കുവാന്‍ അവനെ പ്രാപ്തനാക്കിയതുപോലെ ഈ പരിശുദ്ധ പിതാവിനോടു കൂടെയിരുന്ന് വ്യവഹാരരഹിത സഭ എന്ന സ്വപ്നത്തിലേക്ക് മലങ്കര സഭയെ നയിക്കുവാന്‍ പ്രാപ്തനാക്കട്ടെ.

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈവന്നിരിക്കുന്നത് വലിയ ഉത്തരവാദിത്തം – മുഖ്യമന്ത്രി

 

എല്ലാ മതങ്ങളോടും സഭകളോടും സാമൂഹിക പ്രവര്‍ത്തകരോടുമൊപ്പം  കണ്ണീരൊപ്പാന്‍ താനും, സഭയുമുണ്ടാകും   – പരിശുദ്ധ കാതോലിക്കാ ബാവാ 

തിരുവനന്തപുരം: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായി ഇരിക്കുമ്പോള്‍ തന്റെ ഇടവകകളില്‍ സമാധാനം ഉറപ്പവാക്കാന്‍ കഴിഞ്ഞ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അതിനു പുറത്തും സമാധാനം  ഉറപ്പുവരുത്തേണ്ട വലിയ ഉത്തരവാധിത്വമാണു കൈവന്നിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് തിരുവനന്തപുരം പൗരസഭ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിസ്തു പകര്‍ന്ന സമാധാനം വിശ്വാസി സമൂഹവുമായി പങ്കുവയ്ക്കാന്‍ ബാവായ്ക്ക് കഴിയണം. പരിശുദ്ധ കാതോലിക്കാ ബാവായുടെ സമാധാന ശ്രമങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവാ ആധ്യാത്മിക രംഗത്തു നല്‍കിയ സംഭാവന എല്ലാവര്‍ക്കും അറിയാമെങ്കിലും അധികമാരും അറിയാതെ അദ്ദേഹം നല്‍കിയ സാമൂഹിക സംഭാവാന അമൂല്യമാണെന്ന് അധ്യക്ഷത വഹിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ മതങ്ങളോടും സഭകളോടും സാമൂഹിക പ്രവര്‍ത്തകരോടുമൊപ്പം അവരുടെ കണ്ണീരൊപ്പാന്‍ താനും സഭയുമുണ്ടാകമെന്നു മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

ദേവലോകം പെരുന്നാള്‍ – ജനുവരി 2,3

ദേവലോകം: പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 58-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 2022 ജനുവരി 2, 3 തീയതികളിലായി ആചരിക്കുന്നതിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനിച്ചു.
സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ ആമുഖ സന്ദേശം നല്‍കി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍ ഫാ. കുറിയാക്കോസ് ബേബി എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും, ഫാ. സൈബു സഖറിയ, ഫാ. തോമസ് ജോര്‍ജ്, ഫാ. മോഹന്‍ ജോസഫ്, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, ഫാ. മാത്യൂ കോശി, ഫാ. ജോസഫ് കുര്യന്‍, ഫാ. ബിനു മാത്യു ഇട്ടി എന്നിവരെ വിവിധ കമ്മറ്റികളുടെ ചുമതലക്കാരായി തെരഞ്ഞെടുത്തു. ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 

ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന വിശുദ്ധ മൂന്നിന്‍ന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തി.

ആശ്രയിക്കുന്നവര്‍ക്ക് എന്നും അത്താണിയായിരുന്നു പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. സഭയെ വളര്‍ത്തിയ പിതാവായിരുന്നു അദ്ദേഹമെന്നും പരിശുദ്ധ ബാവാ കൂട്ടിചേര്‍ത്തു. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ , ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്താ, അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

മാത്യൂസ്‌ പ്രഥമന്‍ ബാവായുടെ സേവനം മറക്കാനാവില്ല: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പ്രതിസന്ധി ഘട്ടങ്ങളില്‍ മലങ്കര സഭയെ ധീരമായി മുന്നോട്ടു നയിച്ച പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ സേവനം സഭയ്ക്കു മറക്കാന്‍ കഴിയില്ലെന്ന്‌ പരിശുദ്ധ ബസേലി യോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യുസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ ചരമ രജത ജുബിലി അനുസ്മരണ സമ്മേളനം മാര്‍ ഏലിയ കത്തിഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരാധനാ നി ഷ്ഠയുള്ള പിതാവായിരുന്നു ‘വട്ടക്കുന്നേല്‍ ബാവാ’ യെന്ന്‌  അഭി. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, മലയാള മനോരമ മുന്‍ അസിസ്റ്റന്റ്‌ എഡിറ്റര്‍ ഡോ.പോള്‍ മണലില്‍ എന്നിവർ അനുസ്മരണ പ്രബന്ധാവതരണം നടത്തി. മലങ്കര അസോസിയേഷന്‍ സ്രെകട്ടറി ബിജു ഉമ്മന്‍, വൈദിക ട്രസ്റ്റി ഫാ,ഡോ.എം.ഒ. ജോണ്‍, ഫാ.ജോസഫ്‌ കുര്യന്‍ വട്ടക്കുന്നേല്‍, മാര്‍ ഏലിയ കത്തീഡ്രൽ വികാരി ഫാ.തോമസ്‌ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

  • പുതുതായി സ്ഥാനമേറ്റ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക്‌ മാര്‍ ഏലിയാ കത്തീഡ്രലില്‍ സ്വീകരണം
    നൽകിയപ്പോൾ .

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കോട്ടയം മെത്രാസനത്തിൻ്റെ സ്വീകരണം ചൊവ്വാഴ്ച്ച

 

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കതോലിക്കാ ബാവാ തിരുമേനിക്ക് മാതൃ മെത്രാസനവും, ബാവാ മെത്രാപ്പോലീത്തായുമായ കോട്ടയം മെത്രാസനം 09/11/2021 (ചൊവ്വാഴ്ച്ച) സ്വീകരണം നൽകും. മെത്രാസന കത്തീഡ്രലായ പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ 1.30പി.എം ന് എത്തിച്ചേരുന്ന ബാവാ തിരുമേനി കത്തീഡ്രൽ പള്ളിയിൽ സ്വീകരണം ഏറ്റുവാങ്ങി ധൂപപ്രാർത്ഥന നടത്തും. 1.45 പി.എം ന് കത്തീഡ്രൽ പള്ളിയിൽ നിന്ന് മെത്രാസനത്തിലെ വൈദീകരുടെയും, പള്ളികളുടെയും, ആദ്ധ്യാത്മിക സംഘടനകളുടെയും, മെത്രാസന കൗൺസിലംഗ ങ്ങളുടെയും സഭാ മാനേജിങ്ങ്കമ്മറ്റി അംഗങ്ങളുടെയുംനേതൃത്വത്തിൽ പരിശുദ്ധ ബാവാ തിരുമേനിയെ സ്വീകരിച്ചുകൊണ്ടുള്ളവാഹനഘോഷയാത്ര പാമ്പാടി മാർ കുറിയാക്കോസ് ദയറായിലേക്ക് ആരംഭിക്കും. 2.45 ന് ദയറായിൽ എത്തി ധൂപപ്രാർത്ഥന നടത്തും. 3.00 പി.എം ന് പി.സി.യോഹന്നാൻ റമ്പാൻ മെമ്മോറിയൽ ഹാളിൽ മെത്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുമോദന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മോസ്റ്റ് .റവറന്റ് മാത്യു അറയ്ക്കൽ ഉത്ഘാടനം ചെയ്യും. ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ശ്രീ സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും. അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്താ, ബിഷപ്പ് തോമസ് .കെ.ഉമ്മൻ, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞനാനന്ദ തീർഥപാദർ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും.തോമസ് ചാഴിക്കാടൻ എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.റെജി സഖറിയ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. പരിശുദ്ധ ബാവാ തിരുമനസ്സിൻ്റെ നന്ദി പ്രസംഗത്തിനു മുൻപായി മെത്രാസനത്തിൻ്റെയും ആദ്ധ്യാത്മിക സംഘടനകളുടെയും ഉപഹാരങ്ങൾ നൽകും. പരിശുദ്ധ ബാവാ തിരുമനസ്സിൻ്റെ ആശീർവാദത്തോടും, കാതോലിക്കാമംഗളഗാനത്തോടും കൂടി യോഗം സമാപിക്കും എന്ന് മെത്രാസന സെക്രട്ടറി ഫാ.പി.കെ.കുറിയാക്കോസ് പണ്ടാരക്കുന്നേൽ, പാമ്പാടി ദയറാ മാനേജർ ഫാ.മാത്യു.കെ.ജോൺ എന്നിവർ അറിയിച്ചു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 25-ാം ഓര്‍മ്മപ്പെരുന്നാള്‍

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ ചരമരചത ജൂബിലി ആഘോഷം 2021 നവംബര്‍ 7, 8 തീയതികളില്‍ നടക്കും.  7-ന്  3.30-ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍, ഡോ. പോള്‍ മണലില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈദിക ട്രസ്റ്റി   ഫാ.ഡോ. എം.ഒ. ജോണ്‍, ഫാ. ജോസഫ് കുര്യന്‍ വട്ടക്കുന്നേല്‍, ഫാ. തോമസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേരും.

 

വൈകുന്നേരം 5.30-ന്  ദേവലോകം അരമനയിലേക്ക് വാഹന ഘോഷയാത്ര ഉണ്ടായിരിക്കും. കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിലെ ഇടവകകളില്‍ നിന്നും, വാകത്താനം വള്ളിക്കാട്ടു ദയറായില്‍ നിന്നും ഉള്ള സംഘങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നവംബര്‍ 7 ന്  വൈകിട്ട് 6 മണിക്ക്  സന്ധ്യാ നമസ്‌ക്കാരം. യു.കെ – യൂറോപ്പ് – ആഫ്രിക്കാ ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായമെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് കബറിങ്കല്‍  ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം.


8ന് രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരം. 7.30 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം.  കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ അറിയിച്ചു.

https://catholicatenews.in/%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b4%b8%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-3/