His Holiness Baselios Mathews IIl expresses condolences on death of Bishop Desmond Tutu

It is with deep sorrow that I have learned of the passing of the most venerable Bishop Desmond Mpilo Tuto, who tirelessly fought lifelong for human rights and stood upright against apartheid. His long and fruitful life had set a legacy for the all the generations on how responsible a human being should be in becoming sensitive to the real issues of humankind. It is true that the vacuum he left cannot be filled up but the hope and inspiration he had given to the world will continue to sustain for ever. The blessed Bishop’s life itself will remain as a challenge for generations to come as the philanthropic standards he kept encompasses the values of the Kingdom of God. Our sorrows on this loss ought to be compensated with the hope for eternal life and by raising the standards of our lives to the luminary Bishop’s set standards. The Malankara Orthodox Church joins the international community in expressing its integrity and prayers on this loss while praying for the bereaved family.

അസോസിയേഷനില്‍ പങ്കെടുക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : 2022 ഫെബ്രുവരി 25 -ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുകയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പ്രസ്താവിച്ചു. പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും രണ്ട് ഡോസ് വാക്‌സിനുകളും നിര്‍ബന്ധമായും സ്വീകരിച്ചിരിക്കേണ്ടതാണ്. പ്രസ്തുത വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് പ്രവേശന കവാടത്തില്‍ ഹാജരാക്കേണ്ടതാണ്. സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാത്തവര്‍ക്ക് സമ്മേളന സ്ഥലത്ത് പ്രവേശനം അനുവദിക്കുന്നതല്ലായെന്ന് പരിശുദ്ധ  കാതോലിക്കാ ബാവാ തിരുമേനി അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: വര്‍ണ്ണവിവേചനത്തിനും വംശീയതയക്കുമെതിരെ ജീവിതാന്ത്യം വരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗം മാനവസമൂഹത്തിനാകെ തീരാ നഷ്ടമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ക്രിസ്തുവിന്റെ സുവിശേഷം  21-ാം നൂറ്റാണ്ടില്‍ ജീവിച്ചു കാണിച്ചവരില്‍ പ്രധാനിയാണ് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. സമൂഹത്തില്‍ അരികുവത്ക്കരിക്കപ്പെട്ടവരുടെ വിമോചനമാണ് സഭകളുടെ ദൗത്യമെന്ന് കാട്ടിത്തന്ന അജപാലകന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹം പ്രചരിപ്പിച്ച സമാധാന സുവിശേഷം പിന്തുടരുകയാണ് നമ്മുടെ കര്‍ത്തവ്യമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളിയില്‍ 2022 ഫെബ്രുവരി 25ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ അന്തിമ ലിസ്്റ്റ് യോഗ സ്ഥലത്തും ദേവലോകം കാതോലിക്കേറ്റ് അരമനയിലും പ്രസിദ്ധീകരിച്ചു. 7 മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. അസോസിയേഷന്‍ യോഗത്തില്‍ സംബന്ധിക്കാന്‍ അര്‍ഹതയുളളവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസോസിയേഷനില്‍ സംബന്ധിക്കുന്ന എല്ലാ അംഗങ്ങളും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടഫിക്കറ്റ് നിര്‍ബന്ധമായും യോഗസ്ഥലത്ത് ഹാജരാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു.

ദേവലോകത്ത് ബാവാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംയുക്ത ഓര്‍മപ്പെരുന്നാളിന് തുടക്കമായി. അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ,  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്നിവരുടെ ഓര്‍മ്മപ്പെരുന്നാളാണ് ആചരിക്കുന്നത്.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് നിര്‍വഹിച്ചു.  31ന് 7ന് ഫാ. ഇട്ടി തോമസ് കൂര്‍ബാന അര്‍പ്പിക്കും. 6.30ന് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ.റജി മാത്യൂസ് പ്രസംഗിക്കും. ജനുവരി ഒന്നിന് 7ന് കുര്‍ബാനയ്ക്കു വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ കാര്‍മികത്വം വഹിക്കും.  6.30ന് സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് പ്രസംഗിക്കും.

2ന് രാവിലെ 7.30ന് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് കുര്‍ബാന അര്‍പ്പിക്കും. തീര്‍ഥാടകര്‍ക്ക് മാര്‍ ഏലിയാ കത്തീഡ്രലിലും, കുഞ്ഞിക്കുഴിയിലും സ്വീകരണം നല്‍കും. 6ന്സന്ധ്യാനമസ്‌കാരത്തിന് ശേഷം അടൂര്‍- കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ആശിര്‍വാദം, നേര്‍ച്ച ഭക്ഷണം.

പ്രധാന പെരുനാള്‍ ദിനമായ 3ന് 7.30ന് മുന്നിന്മേല്‍ കൂര്‍ബാന. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിക്കും. അനുസ്മരണ പ്രസംഗം, കബറിങ്കല്‍ ധുപപ്രാര്‍ഥന, പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം എന്നിവ നടക്കും. സഭയിലെ മെത്രാപ്പോലിത്തമാര്‍ പെരുന്നാള്‍ ചടങ്ങുകളില്‍ സഹകാര്‍മികരായിരിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് ശുശ്രൂഷകള്‍. ഓണ്‍ലൈനായി സംബന്ധിക്കാന്‍ സൗകര്യമുണ്ട്.
ഫാ. ഇട്ടി തോമസിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയെന്നു ദേവലോകം അരമന മാനേജര്‍ ഫാ.യാക്കോബ് തോമസ് അറിയിച്ചു.

വിശ്വാസികളുടെ ഭൂരിപക്ഷം കണക്കാക്കി പള്ളികള്‍ വീതം വെക്കാനാകില്ല- പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ഭരണഘടന അനുസരിച്ച് മലങ്കര സഭ ഒന്നാണെന്നും വിശ്വാസികളുടെ ഭൂരിപക്ഷം കണക്കാക്കി പള്ളികള്‍ വീതം വെക്കാനാകില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം അരമനയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിക്ക് അനുസൃതമായും സഭയുടെ ഭരണഘടന പ്രകാരവും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാണെന്നും ഇനി നിലപാട് വ്യക്തമാക്കേണ്ടത് യാക്കോബായ വിഭാഗമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് ബാവാ പറഞ്ഞു.

2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ വച്ച് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ട മെത്രാപ്പോലീത്താമാരുടെ നാമനിര്‍ദ്ദേശം സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 28 നാണ് നാമനിര്‍ദ്ദേശം സ്വീകരിക്കുന്നതിനുളള അവസാന തീയതി. തുടര്‍ന്ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സ്‌ക്രീനിംഗ് കമ്മറ്റി കൂടി നാമനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതും അനുയോജ്യരായ 14 പേരുടെ ലിസ്്റ്റ് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കുന്നതും ആയതില്‍ നിന്നും 11 പേരെ മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുത്ത് അസോസിയേഷനില്‍ സമര്‍പ്പിക്കുന്നതും അതില്‍ നിന്നും 7 പേരെ അസോസിയേഷന്‍ തെരഞ്ഞെടുക്കുന്നതുമാണ്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തില്‍ സഭയുടെ ഒന്നാം കാതോലിക്കായുടെ നാമത്തില്‍ ക്രമീകരിക്കുന്ന ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ വച്ചായിരിക്കും സമ്മേളനം നടക്കുക. സഭയുടെ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. തിരഞ്ഞെടുപ്പിന്റെ നിയമസാധുതയും ഔന്നത്യവും പൂര്‍ണ്ണമായി പാലിക്കുന്നതിനായി കാര്യങ്ങള്‍ വിലയിരുത്തി ക്രമീകരിക്കുന്നതിന് അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഒരു മോണിറ്ററിംഗ് കമ്മറ്റിയും, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ട്രൈബ്യൂണലും പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് 19 നിബന്ധനകള്‍ പാലിച്ചുകൊണ്ട് എല്ലാവര്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ സാധിക്കുന്ന വിധത്തിലുളള ക്രമീകരണങ്ങളാണ് ചെയ്തുവരുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, പി.ആര്‍.ഒ ഫാ. മോഹന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

മോണിറ്ററിംഗ് കമ്മറ്റിയെ നിയമിച്ചു

2022 ഫെബ്രവരി 25ന് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ നടത്തേണ്ട എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് മോണിറ്ററിംഗ് കമ്മറ്റിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മോണിറ്ററിംഗ് കമ്മറ്റി അദ്ധ്യക്ഷനായും, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ, ഫാ. കെ.വി. പോള്‍, ഫാ. വി. എം. എബ്രഹാം വാഴയ്ക്കല്‍, ഫാ. എബ്രഹാം കാരാമേല്‍, ജസ്റ്റിസ് ബഞ്ചമിന്‍ കോശി, അഡ്വ. കെ. കെ. തോമസ്, ഡോ. വര്‍ഗീസ് പേരയില്‍, എം.സി സണ്ണി എന്നിവരെ അംഗങ്ങളായും നിയമിച്ചു.

സ്‌ക്രീനിംഗ് കമ്മറ്റിയെ നിയമിച്ചു

2022 ഫെബ്രവരി 25ന് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ നടത്തേണ്ട എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്രീനിംഗ് കമ്മറ്റിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. അഭി. യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്താ, അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ, ഫാ. ഡോ. എം.ഒ ജോണ്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. റെജി മാത്യൂസ്, ഫാ. ഡോ. ജോസി ജേക്കബ്, ഫാ. ഡോ. സണ്ണി ചാക്കോ, ഐ. സി ചെറിയാന്‍, ജേക്കബ് കൊച്ചേരി എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: തൃക്കാക്കര എം.എല്‍.എ ശ്രീ. പി.ടി. തോമസിന്റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. ഒരു മികച്ച സാമാജികന്‍ എന്ന നിലയിലും, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. തന്റെ പ്രവര്‍ത്തന രംഗത്ത് സജ്ജീവമായിരുക്കുമ്പോള്‍ ഉളള വേര്‍പാട് കേരള സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

ദേവലോകം പെരുന്നാള്‍ – ഫാ. യാക്കോബ് തോമസ്

ലോകത്തില്‍ നിങ്ങള്‍ക്ക്  കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു. (വി. യോഹ. 16:33) എന്ന കര്‍ത്തൃ വചനത്തെ അന്വര്‍ത്ഥമാക്കി ജീവിച്ച് പരി. സഭയെ പ്രതിസന്ധി ഘട്ടങ്ങളില്‍ നയിച്ച സ്വര്‍ഗ്ഗീയ കനാന്‍ ദേശത്തേക്ക് യാത്രയായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പ. ബസേലിയോ സ് ഔഗേന്‍ പ്രഥമന്‍ ബാവാ, പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ, പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ  എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ദേവലോകം അരമനയില്‍ 2020 ജനുവരി 2,3  (ഞായര്‍, തിങ്കള്‍) തീയതികളിലായി പൂര്‍വ്വാധികം ഭംഗിയായി ആചരിക്കുകയാണ്. ദൈവ വിശ്വാസത്തിന്റെയും അചഞ്ചലമായ ദൈവഭക്തിയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിശ്വസ്തതയുടെയും കാവല്‍ ഭടന്മാരായ ഈ പുണ്യ പിതാക്കന്മാര്‍ അവര്‍ ജീവിച്ച കാലഘട്ടത്തിനനുസരിച്ച് പ. സഭയെ അതിന്റെ കാന്തി നഷ്ടപ്പെടാതെ നയിച്ചവരാണ്. അവരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരണം സഭയ്ക്ക് അനുഗ്രഹത്തിനു നിദാനമാണ്.

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ
1874 ജൂണ്‍ 15-ന് കുറിച്ചി കല്ലാശ്ശേരി കുടുംബത്തില്‍ ഉലഹന്നാന്റെയും നൈത്തിയുടെയും പുത്രനായി ജനിച്ചു. പുന്നൂസ് എന്ന പേരിലാണ് അറിയപ്പെട്ടത്. പ. പരുമല തിരുമേനിയുടെയും വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മല്പാന്റെയും ശിഷ്യനായി പരുമല സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം തുടങ്ങി. 1898 നവംബര്‍ 24-ന് വൈദികനായി മൂന്നു ദിവസം കഴിഞ്ഞ് റമ്പാനുമായി. 1912 സെപ്റ്റംബര്‍ 8-ന് പുന്നൂസ് റമ്പാനെ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിച്ചു. 1929 ഫെബ്രുവരി 15-ന് കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വച്ച് ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കായായി വാഴിക്കപ്പെട്ടു. 1934-ല്‍ മലങ്കര അസോസിയേഷന്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തെ മലങ്കര മെത്രാപ്പോലീത്ത ആയി തെരഞ്ഞെടുത്തു.
റമ്പാനായിരിക്കുമ്പോള്‍ തന്നെ രഹസ്യ പ്രാര്‍ത്ഥന, സഹദേന്മാരുടെ ചരിത്രം, പറുദൈസ തുടങ്ങി എട്ടോളം ഗ്രന്ഥങ്ങള്‍ രചിച്ചു. സഭയുടെ അസ്തിത്വവും ആസ്തിയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമുദായ കേസില്‍ ആദ്യകാലത്ത് പരാജയങ്ങള്‍ നേരിട്ടു എങ്കിലും ജനത്തെ കര്‍മ്മോജ്വലരാക്കുവാന്‍ പ. ബാവാ തിരുമേനിയുടെ ദൈവാശ്രയത്തിനും പാണ്ഡിത്യത്തിനും പക്വതയ്ക്കും പവിത്ര ജീവിതത്തിനും കഴിഞ്ഞു. 1958-ല്‍ ബഹു. സുപ്രീം കോടതിയുടെ അന്തിമ വിധിയിലൂടെ വിജയം നേടുവാന്‍ സാധിച്ചപ്പോള്‍ അദ്ദേഹം വിജയാഹ്ലാദം നടത്താതെ വിഘടിച്ചു നിന്ന വിഭാഗത്തെ പ. സഭയുടെ ഭാഗമാക്കുവാന്‍ വിശാല മനസ്‌കത കാണിച്ചു. മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാകുവാന്‍ ഈ പിതാവിന്റെ താപസജീവിതത്തിന് സാധിച്ചു.

ഓര്‍ത്തഡോക്‌സ് സഭയെ രാജ്യത്തിന്റെ പൊതുധാരയിലേക്കു കൊണ്ടുവരുവാനും ഇരുപതാം നൂറ്റാണ്ടിലെ പരിഷ്‌കൃത സമൂഹത്തിന് പക്വതയാര്‍ന്ന വീഷണം സംക്രമിപ്പിക്കുവാനും പ. പിതാവിന് കഴിഞ്ഞു. 1937-ല്‍ എഡിന്‍ബറോയില്‍ വച്ചു നടന്ന ഫെയ്ത്ത് ആന്റ് ഓര്‍ഡര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും മടക്കയാത്രയില്‍ അലക്‌സന്ത്രിയ പാത്രിയര്‍ക്കീസിനെയും സെര്‍ബിയന്‍ പാ ത്രിയര്‍ക്കീസിനെയും സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ കാലത്ത് എത്യോപ്യന്‍ പാത്രിയര്‍ക്കീസ്, എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്‌ലി സെലാസി, സൈപ്രസ് പാത്രിയര്‍ക്കീസ് മക്കാറിയോസ്, അര്‍മ്മീനിയര്‍ പാത്രിയര്‍ക്കീസ് വസ്‌ക്കന്‍ തുടങ്ങിയവര്‍ മലങ്കരസഭ സന്ദര്‍ശിച്ചു. ഇന്നത്തെ സഭയുടെ ആസ്ഥാനമായ ദേവലോകം അരമന വാങ്ങുകയും സഭയിലുണ്ടായിരുന്ന വിവിധ ആദ്ധ്യാത്മിക സംഘടനകളെ സഭാകേന്ദ്രവുമായി ബന്ധിപ്പിച്ചു നിയമബന്ധമാക്കി.

പതിനൊന്ന് മേല്പട്ടക്കാരെ വാഴിച്ചു. 1932 ലും 1951 ലും വി. മൂറോന്‍ കൂദാശ പഴയ സെമിനാരിയില്‍ വച്ച് നടത്തി. 1947 നവംബര്‍ 2 ന് പരുമല മാര്‍ ഗ്രീഗോറിയോസിനെയും യല്‍ദോ മാര്‍ ബസ്സേലിയോസിനെയും പരിശുദ്ധന്മാരായി പ്രഖ്യാപിച്ചു. സഭാ ചരിത്രത്തിലെ നവോത്ഥാനത്തിന്റെ മഹാശില്പിയായ പ. പിതാവ് 1964 ജനുവരി മൂന്നിന് കാലം ചെയ്തു.

പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ
1884 ജൂണ്‍ 26-ന് പെരുമ്പാവൂര്‍ തുരുത്തി കുടുംബത്തിലെ ചേട്ടാകുളത്തിന്‍കര അബ്രഹാം കത്തനാരുടെയും അന്നമ്മയുടെയും മകനായി ജനിച്ചു. മത്തായി എന്ന പേരിലാണ് അറിയപ്പെട്ടത്. കോനാട്ട് മാത്തന്‍ മല്പാനില്‍ നിന്ന് വൈദിക പഠനം അഭ്യസിച്ചു. 1905 ല്‍ ശീമയ്ക്കു പോയ മത്തായി ശെമ്മാശന്‍ 1908 ല്‍ യരുശലേമിലെ മര്‍ക്കോസിന്റെ ദയറായില്‍ വച്ച് ഔഗേന്‍ എന്ന പേരില്‍ റമ്പാന്‍ സ്ഥാനം സ്വീകരിച്ചു. 1909 വൈദികനായി. 1927-ല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. 1964 മെയ് 22-ന് കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വച്ച് ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കയായി വാഴിക്കപ്പെട്ടു.
സിറിയയിലെ അദ്ദേഹത്തിന്റെ ജീവിതം സുറിയാനി ഭാഷയുടെ ഉറവിടത്തില്‍ നിന്നും കിട്ടാവുന്ന അത്ര വിജ്ഞാനം ആര്‍ജ്ജിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ധാരാളം അമൂല്യ ഗ്രന്ഥങ്ങള്‍ വായിക്കുകയും പരിഭാഷപ്പെടുത്താവുന്ന കൃതികള്‍ മലയാളത്തിലാക്കി, പ്രത്യേകിച്ച് ആരാധനാ സാഹിത്യ ഗ്രന്ഥങ്ങള്‍. വിജ്ഞാന കുബേരനായിട്ടാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നതിക്കു വേണ്ടി അനേകം സ്‌ക്കൂളുകള്‍ സ്ഥാപിച്ചു. കോടനാട് സീയോന്‍ ആശ്രമം സ്ഥാപിച്ചു. മൂവാറ്റുപുഴ അരമന കണ്ടനാട് ഭദ്രാസന ആസ്ഥാനമാക്കി സ്ഥാപിച്ചു. സഭാസമാധാനത്തിനുള്ള ധീരമായ ചില നടപടികള്‍ എടുത്തതിനാല്‍ അദ്ദേഹത്തെ പലരും തെറ്റിദ്ധരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. സത്യവിശ്വാസത്തിനുവേണ്ടി ശരീരത്തില്‍ ദണ്ഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ഒരു പിതാവാണ് പ. ഔഗേന്‍ ബാവാ. കോട്ടയം തിയോളജിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പലായും കുറച്ചുനാള്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1965-ല്‍ എത്യോപ്യയിലെ ആഡിസ് അബാബയില്‍ ചേര്‍ന്ന ഓറിയന്റല്‍ സഭാ തലവന്മാരുടെ സമ്മേളനത്തില്‍ അദ്ദേഹം സംബന്ധിച്ചു. ഇതര സഭകളുമായുള്ള ബന്ധം ഉറപ്പിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. 1964-ല്‍ മാര്‍പാപ്പയുമായുള്ള കാതോലിക്കാബാവായുടെ കൂടിക്കാഴ്ച ഇരുസഭകളും തമ്മില്‍ കൂടുതല്‍ സൗഹൃദത്തില്‍ കഴിയാന്‍ പ്രേരണ നല്‍കി. മൂസല്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് ഏറ്റുവാങ്ങി ദേവലോകം അരമനയില്‍ പ്രതിഷ്ഠിച്ചു. പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ കണ്ടുപിടിച്ച് 1966 ലും 1975 ലും മെത്രാപ്പോലീത്തന്മാരായി വാഴിച്ചു. 1967-ല്‍ വി. മൂറോന്‍ കൂദാശ നടത്തി.
1970-ല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പട്ടത്വത്തെ ചോ ദ്യം ചെയ്തു കൊണ്ട് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ബാവ അയച്ച 203-ാം നമ്പര്‍ കല്പനയ്ക്കുള്ള പരിശുദ്ധ ബാവാ തിരുമേനിയുടെ മറുപടി സഭാചരിത്രത്തിലെ ഒരു പ്രാമാണിക രേഖയാണ്. ആരാധനാ സാഹിത്യത്തിലെ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ പലതും സുറിയാനിയില്‍ നിന്നും അദ്ദേഹം പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ വിവര്‍ത്തന ഗ്രന്ഥങ്ങളാണ് എല്ലാ കര്‍മ്മങ്ങള്‍ക്കും ആധാര ഗ്രന്ഥങ്ങളായി സഭയില്‍ ഉപയോഗിക്കുന്നത്. തികഞ്ഞ സാത്വികനായി ജീവിച്ച പ. പിതാവ് 1975 ഡിസംബര്‍ 8-ന് കാലം ചെയ്തു.

പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ
1907 മാര്‍ച്ച് 21-ന് കോട്ടയം വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാരുടെയും മറിയാമ്മയുടെയും മകനായി ജനിച്ചു. എം.ഡി. സെമിനാരി, സി.എം.എസ്. കോളജ്, തിരുവനന്തപുരം  മഹാരാജാസ് കോളേജ്, കല്‍ക്കട്ടാ ബിഷപ് മൂര്‍ കോളേജ് എന്നിവടങ്ങളില്‍ പഠിച്ചു. ചെറിയ മഠത്തില്‍ സ്‌കറിയാ മല്പാനില്‍ നിന്ന് സുറിയാനി പഠിച്ചു. 1946-ല്‍ വൈദികനായി 1951-ല്‍ കോട്ടയം വൈദിക സെമിനാരിയുടെ പ്രിന്‍സിപ്പലായി. വൈദിക സെമിനാരിയുടെ അന്തസ്സും ആഭിജാത്യവും അരക്കിട്ടുറപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ പ്രവാചക പ്രതിഭക്കു കഴിഞ്ഞു. 1951-ല്‍ റമ്പാനായി. 1953 മെയ് 15-ന് മാത്യൂസ് മാര്‍ അത്താനാസിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി. 1975 ഒക്‌ടോബര്‍ 27-ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്ക ആയി സ്ഥാനാരോഹണം ചെയ്തു.
സഭാകവി സി.പി. ചാണ്ടിയുടെ കവിതാരചനയിലുള്ള ചാതുര്യത്തെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് 1949-ല്‍ ശ്ഹീമാ നമസ്‌ക്കാരത്തിലെ ബുധനാഴ്ചയുടെ പ്രാര്‍ത്ഥന പദ്യരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ദുഃഖവെള്ളിയാഴ്ച നമസ്‌ക്കാരവും വി. കുര്‍ബ്ബാന ക്രമത്തിലെ പ്രത്യേക പെരുന്നാളുകള്‍ക്കുള്ള ഗീതങ്ങളും പദ്യരൂപത്തില്‍ മലയാളത്തിലേക്കു പരിഭാഷ ചെയ്തു. സുറിയാനി ക്രമങ്ങളിലെ പദ്യങ്ങള്‍ അതേ രാഗങ്ങളില്‍ പാടുവാന്‍ സാധിക്കത്തക്കവണ്ണം ഭാഷാന്തരം ചെയ്യുന്നതിന് നേതൃത്വം നല്‍കി. മദ്രാസ്, ബോംബെ, ഡല്‍ഹി, കല്‍ക്കട്ട, അമേരിക്ക എന്നീ ബാഹ്യകേരള ഭദ്രാസനങ്ങള്‍ക്ക് ആധാരശില പാകിയത് പരിശുദ്ധ പിതാവാണ്. ആരാധനാ പരിഷ്‌കരണത്തില്‍ ഉത്സുകനായ അദ്ദേഹം വി. കുര്‍ബ്ബാന തക്‌സാ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തു.
മുന്‍ഗാമികളായ കാതോലിക്കാമാരുടെ കബറിടങ്ങള്‍ പു തുക്കി പണിത് ആത്മീയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തി. റഷ്യ, റുമേനിയ, അര്‍മീനിയ, ബള്‍ഗേറിയ എന്നിവടങ്ങളിലെ സഹോദരീ സഭകള്‍ സന്ദര്‍ശിച്ച്, ക്രിസ്തുവില്‍ തങ്ങള്‍ ഒന്നാണെന്ന ബോധം ഊട്ടി ഉറപ്പിച്ചു. റഷ്യന്‍ പാത്രിയര്‍ക്കീസ് സഭയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് വ്‌ളാഡിമര്‍’ പദവിയും ലെനിന്‍ ഗ്രാഡ് യൂണിവേഴ്‌സിറ്റി ‘ഫെലോ’ സ്ഥാനവും നല്‍കി. പ. ബാവായെ ആദരിച്ചു. റോം, അമേരിക്ക, തുടങ്ങിയ ക്രൈസ്തവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് ഡയലോഗിനുവേദിയൊരുക്കി. മാര്‍പാപ്പായും ബാവാതിരുമേനിയും തമ്മില്‍ റോമിലും കോട്ടയത്തും വച്ചു നടന്ന കൂടിക്കാഴ്ചകള്‍ ക്രൈസ്തവ സഭാ ചരിത്രത്തിലെ സുവര്‍ണ്ണ അദ്ധ്യായങ്ങളായിതീര്‍ന്നു. 10 മെത്രാപ്പോലീത്താമാരെ വാഴിച്ചു. 1977 ലും 1988 ലും വി. മൂറോന്‍ കൂദാശ നടത്തി. പ. ബാവാ തിരുമേനി തന്റെ ഇഹലോകത്തിലെ ശുശ്രൂഷ പൂര്‍ത്തീകരിച്ച് 1996 നവംബര്‍ 8-ന് കാലം ചെയ്തു.

പ. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ
1946 ഓഗസ്റ്റ് 30-ന് കുന്നംകുളം കൊള്ളന്നൂര്‍ ഐപ്പുവിന്റെയും കുഞ്ഞീറ്റയുടെയും മകനായി ജനിച്ചു.  കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം പഴയ സെമിനാരിയില്‍ നിന്നും വേദശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1973 ജൂണ്‍ 2-ന് വൈദീകനായി 1983 മെയ് മാസം റമ്പാനായി. 1985 മെയ് 15-ന് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ടു. കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായ മിലിത്തിയോസ് തിരുമേനി 2010 നവംബര്‍ 1-ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്ക ബാവ ആയി വാഴിക്കപ്പെട്ടു.

വി. വേദപുസ്തകത്തില്‍ ബര്‍ന്നബാസിനെ കുറിച്ച് ഒരു പരാമര്‍ശം ഉണ്ട്. അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാ ലും വിശ്വാസത്താലും നിറഞ്ഞവനുമായിരുന്നു. പ. പൗലോസ് ദ്വിതീയന്‍ ബാവായെക്കുറിച്ചു പറയുമ്പോള്‍ ഒറ്റ വാക്കില്‍ ‘ഒരു നല്ല മനുഷ്യന്‍’ എന്ന സംജ്ഞയാണ് ഏറ്റവും യോജിക്കുന്നത്. വി. വേദപുസ്തകം ഹൃദയത്തോട് ചേര്‍ത്ത് ഉറച്ച നിലപാടുകളോടെ സഭയെ നയിച്ച പിതാവാണ് പ. ബാവാ തിരുമേനി. സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വര്‍ണ്ണനാതീതമാണ്. ആര്‍ക്കും എപ്പോഴും എന്താവശ്യത്തിനും സമീപിക്കാവുന്ന നിര്‍മ്മല ഹൃദയത്തിന് ഉടമയായിരുന്നു. നൂറ്റാണ്ടുകളായി തുടരുന്ന സഭാകേസുകള്‍ അന്ത്യം കുറിച്ചു കൊണ്ട് ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തില്‍ നിന്ന് 2017 ജൂലൈ 3-ന് ഉണ്ടായ വിധിയെ തുടര്‍ന്നു സഭക്കകത്തും പുറത്തും ഒരുപാട് വിമര്‍ശനങ്ങള്‍ ഈ പിതാവിന് ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ തന്റെ നിലപാടുകളുടെ കാര്‍ക്കശ്യം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. പിന്‍തലമുറക്ക് ഒരു പ്രചോദനമായിരുന്നു പ. പിതാവ്. പ്രതിസന്ധി ഘട്ടത്തില്‍ പ. സഭക്കുവേണ്ടി ഏറെ പീഡനങ്ങള്‍ മാനസീകമായി ഏറ്റ വ്യക്തികൂടിയായിരുന്നു പ. ബാവാ തിരുമേനി. അശരണരോടും വേദന അനുഭവിക്കുന്നവരോടുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം വലിയ മാതൃകയാണെന്ന് സമൂഹം തിരിച്ചറിഞ്ഞു.
ക്യാന്‍സര്‍രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ മെച്ചമായ ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെ പ. ബാവാ തിരുമേനി നേതൃത്വം കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനമാണ് പരുമലയിലുള്ള ക്യാന്‍സര്‍ സെന്റര്‍. ‘സ്‌നേഹസ്പര്‍ശം’ എന്ന പദ്ധതിയിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായങ്ങളും നല്‍കി വരുന്നു. വിദേശ സഹോദരീ സഭകള്‍ സന്ദര്‍ശിക്കുകയും മലങ്കര സഭയുടെ യശസ്സ് ഉയര്‍ത്തുവാനും അവരുടെ സ്‌നേഹ ബന്ധം ഊട്ടി വളര്‍ത്തുവാനും പരിശുദ്ധ പിതാവിന് സാധിച്ചു. സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെ
യും നിലപാടുകളുടെയും രാജകുമാരനായിരുന്ന പ. പൗലോസ് ദ്വിതീയന്‍ ബാവ. 2021 ജൂലൈ 12-ന് കാലം ചെയ്തു. ദേവലോകം അരമന ചാപ്പലില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
-ഫാ. യാക്കോബ് തോമസ്   മാനേജര്‍, ദേവലോകം അരമന