
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന് കോലഞ്ചേരിയില്‍

ഓണക്കൂര്‍ സെന്റ് ഇഗ്‌നേഷ്യസ് സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ താക്കോല്‍ മൂവാറ്റുപുഴ തഹസില്‍ദാറിന്റെയും പിറവം സി.ഐയുടെയും സാന്നിദ്ധ്യത്തില്‍ നിയമാനുസൃത വികാരി ഫാ. വിജു ഏലിയാസിന് അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. പി.എസ് ഗിരീഷ് കൈമാറി. ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം, ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍, ഫാ. റെജി അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി.
കോട്ടയം: ഡിസംബര്‍ 2-ന് നടക്കുന്ന 50-ാമത് യു.എ.ഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ തിരുമേനി യു.എ.ഇ ഭരണാധികാരികള്‍ക്ക് ആശംസാ സന്ദേശം കൈമാറി. രാജ്യത്തിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്ന എല്ലാ നേതാക്കളെയും ഹൃദയപൂർവ്വം അഭിനന്ദിച്ചു. രാജ്യത്തിന്‍റെ സാമൂഹികമായ ശാന്തതയിലും, മതസഹിഷ്ണുത നിലപാടിലും പരിശുദ്ധ സഭയുടെ സന്തോഷം പിതാവ് രേഖപ്പെടുത്തി. പ്രഗത്ഭരായ ഭരണാധികാരികളുടെ അവിശ്വസനീയമായ സാർവത്രിക നേതൃത്വത്തിന്‍റെ മഹിമ കൊണ്ടാണ് അത്ഭുതകരമായ വികസനങ്ങൾ ദ്രുതഗതിയില്‍ രാജ്യത്ത് നടപ്പാക്കുവാന്‍ സാധ്യമാകുന്നത്. യുഎഇയിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന തത്ത്വചിന്തകള്‍ക്കും വിശ്വാസങ്ങൾക്കും സാക്ഷ്യം വഹിക്കുക എന്നത് ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുന്നതാണ്. യു.എ.ഇ.യിൽ പരിശുദ്ധ സഭയ്ക്ക് പള്ളികൾ പണിയാൻ ഭരണാധികാരികള്‍ ഭൂമി സമ്മാനമായി നൽകി. മുൻകാലങ്ങളിലും ഇപ്പോഴുമുള്ള ഭരണാധികാരികള്‍ പരിശുദ്ധ സഭയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് മലങ്കര സഭയുടെ സ്നേഹവും ആദരവും പരിശുദ്ധ പിതാവ് ആശംസാ സന്ദേശത്തിലൂടെ അറിയിച്ചു.
പൂതൃക്ക സെന്റ് മേരീസ് പളളി 1934 ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലായി. പുത്തന്‍കുരിശ് സി.ഐ. നിയമാനുസൃതം നിയമിതനായ വികാരി ഫാ. അബി ഉലഹന്നാന് പളളിയുടെ താക്കോല്‍ കൈമാറുകയും പളളി തുറന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. നാളെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. എല്ലാ ഇടവകാംഗങ്ങളും ഭരണഘടനാനുസൃതം പൊതുയോഗത്തില്‍ സംബന്ധിക്കുവാന്‍ അര്‍ഹത നേടേണ്ടതും പളളിയുടെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുളള നടപടികളില്‍ സഹകരിക്കണമെന്നും വികാരി അഹ്വാനം ചെയ്തു.
തിരുവനന്തപുരം: എല്ലാ ക്രിസ്തീയ സഭകളും അവയുടെ സ്വത്വബോധം നിലനിര്‍ത്തി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു നില്‍ക്കാനുള്ള പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമ്മീസ് പിതാവിന്റെ
നേതൃത്വത്തില്‍ പട്ടത്തെ അരമനയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ സഭകള്‍ക്ക് പരസ്പരം സഹകരിക്കാന്‍ കഴിയണമെന്ന് സ്വാഗത പ്രസംഗത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് പിതാവ് പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തന്റെ ക്ഷണം സ്വീകരിച്ചത് അതിന്റെ നല്ല തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആന്റണി രാജു, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ബിഷപ് ഉമ്മന്‍ ജോര്‍ജ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഭരണഘടനാ ദിനം ആചരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് മുഖ്യ സന്ദേശം നൽകി. സമത്വത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന ഇന്ത്യൻ ഭരണഘടന വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് ഇന്ത്യാ മഹാരാജ്യത്തെ ഒന്നായി കണ്ട രാഷ്ട്ര ശില്പികളുടെ ദീർഘവിക്ഷണത്തിന്റെ അനന്തരഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
സഭാ പി.ആർ.ഒ ഫാ. മോഹൻ ജോസഫ് , അരമന മാനേജർ ഫാ.യാക്കോബ് തോമസ്, ഫാ. അനീഷ് കെ. സാം, എന്നിവർ പ്രസംഗിച്ചു
കോട്ടയം: പൂതൃക്ക, ഓണക്കൂര്‍, കാരിക്കോട്, പഴന്തോട്ടം പളളികളെ സംബന്ധിച്ച് കേരളാ ഹൈക്കോടതി വിധി ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ക്കുളള അംഗീകാരമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ. ഹൈക്കോടതി വിധിയനുസരിച്ച് ഇടവകാംഗങ്ങള്‍ 1934-ലെ ഭരണഘടനപ്രകാരം ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ നിയമാനുസൃത വികാരിയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാകണം. ശാശ്വതമായ സമാധാനത്തിനും സുഗമമായ ഭരണനിര്‍വ്വഹണത്തിനും എല്ലാവരും സഹകരിക്കണമെന്നും മാര്‍ ദീയസ്‌ക്കോറസ് പ്രസ്താവിച്ചു.
പരുമല: സെന്റ് ഗ്രീഗോറിയോസ് ഇന്റ്ര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികാഘോഷവും, Speech Swallowing Clinic, Preventive Oncology വിഭാഗങ്ങളുടെ ഉദ്ഘാടനവും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ പരുമല ആശുപത്രിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരെ ആദരിക്കുകയും, അവശനിലയില്‍ കഴിയുന്ന പത്തോളം രോഗികള്‍ക്ക് വീല്‍ചെയര്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. മെത്രാപ്പോലീത്താമാരായ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഡോ. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഓ ജോണ്‍ ,പരുമല ഹോസ്പിറ്റല്‍ സി.ഇ.ഓ ഫാ. എം.സി. പൗലോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്, ശ്രി. വര്‍ക്കി ജോണ്‍ (സെക്രട്ടറി & പ്രോജക്ട് ഡയറക്ടര്‍, പരുമല ഹോസ്പിറ്റല്‍), ഡോ. ഷെറിന്‍ ജോസഫ്, (മെഡിക്കല്‍ സൂപ്രണ്ട്), ഡോ. മാത്യൂസ് ജോസ് (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. ആന്റോ ബേബി (റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്), ഡോ.സുകേഷ് സി. നായര്‍ (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. ആദര്‍ശ് ആനന്ദ് (ഹെഡ് & നെക്ക് ഓങ്കോ സര്‍ജന്‍), ശ്രി.യോഹന്നാന്‍ ഈശോ, എന്നിവര്‍ ആശംസ അറിയിക്കുകയും ചെയ്തു.