പിണറായി വിജയനെ അഭിനന്ദിച്ച് പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം : തുടര്‍ഭരണം നേടിയ ഇടത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഫോണില്‍ വിളിച്ച്  അഭിനന്ദനം അറിയിച്ചു.

പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുളള പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് ഒപ്പംനിന്ന നേതാവായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും കേരളീയ സമൂഹം നല്‍കിയ ആദരവാണ് ഈ വലിയ വിജയമെന്ന് പരിശുദ്ധ ബാവ പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു

കോട്ടയം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാട് ഭാരത ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവ. ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ പ്രീതികരമായ നിലയില്‍ മഹാ പൗരോഹിത്യ ശുശ്രൂഷ എങ്ങനെ നിറപടിയായി നിര്‍വ്വഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ അജപാലന ശുശ്രൂഷ. കേരള ജനതയുടെ മനസ്സില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കപ്പുറമായി നന്മയെ പ്രഘോഷിക്കുന്ന ഒരു നല്ല ഇടയന്റെ പ്രതീകമായി ചിരപ്രതിഷ്ഠ നേടുവാന്‍ ആ പിതാവിന് സാധിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉത്തമനായ സ്‌നേഹിതനായി എന്നും അദ്ദേഹം നിലകൊണ്ടു എന്നത് നന്ദിയോടെ ഓര്‍ക്കുന്നുതായി പരിശുദ്ധ ബാവ പറഞ്ഞു.

ഇതരസഭാ മേലദ്ധ്യക്ഷന്മാരുടെയും സമുദായ നേതാക്കളുടെയും മനസ്സില്‍ അദ്ദേഹത്തിന് ഒരു പിതാവിന്റെയും ഗുരുവിന്റെയും സ്ഥാനം ഉണ്ടായിരുന്നു എന്നത് ആ പിതാവിന്റെ അതുല്യവും ശ്രേഷ്ഠവുമായ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. ആദ്ദേഹം പകര്‍ന്നുതന്ന ആഴമേറിയ ജീവിത ദര്‍ശനങ്ങളിലൂടെയും അതിരുകള്‍ക്കപ്പുറമുള്ള മാനവീക മൂല്യങ്ങളിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം എന്നും ജീവിക്കും.

വ്യക്തിപരമായി അദ്ദേഹം നല്‍കിയിട്ടുള്ള സ്‌നേഹത്തിനും വാത്സല്യത്തിനും ഉപദേശത്തിനും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനവും ആദരാജ്ഞലികളും അര്‍പ്പിക്കുന്നതായി പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.

മാർ ക്രിസോസ്റ്റത്തിൻറ സ്മരണയ്ക്ക് മരണമില്ല : അഡ്വ. ബിജു ഉമ്മൻ

തിരുവല്ല: കാലംചെയ്ത മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ലോകത്തിന് നൽകിയ പ്രചോദനാത്മകമായ നേതൃത്വം സുവർണ്ണ സ്മരണകളായി എന്നും നിലനിൽക്കും എന്ന് മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. മാർത്തോമാ സഭയ്ക്ക് മാത്രമല്ല സമസ്ത ക്രൈസ്തവ സമൂഹത്തിനും ഇതര സമുദായങ്ങൾക്കും മതവിഭാഗങ്ങൾക്കും അദ്ദേഹം നൽകിയ ഹൃദ്യമായ നേതൃത്വം അനന്യസാധാരണമാണ്.

മലങ്കര ഓർത്തഡോക്സ് സഭയോടും പിതാക്കന്മാരോടും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോടും ആത്മബന്ധം പുലർത്തിയിരുന്ന മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുമായി സൂക്ഷിച്ചിരുന്ന സ്നേഹോഷ്മളമായ സൗഹൃദം പ്രത്യേകം സ്മരണീയമാണ്.

അനുഗ്രഹീത പ്രഭാഷകനായിരുന്ന അദ്ദേഹം സരളമായ ഹാസ്യത്തിന്റെ അകമ്പടിയോടെ പ്രബോധിപ്പിച്ച ശ്രേഷ്ഠമായ ആശയങ്ങൾ ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ലാളിത്യവും വിനയവും അലങ്കാരമാക്കിയിരുന്ന മാർ ക്രിസോസ്റ്റത്തിൻറ നിര്യാണം ക്രൈസ്തവ സമൂഹത്തിന് നികത്താനാവാത്ത വിടവാണെങ്കിലും പരിണിതപ്രജ്ഞനായിരുന്ന അദ്ദേഹത്തിൻറ മധുരമുള്ള സ്മരണകളും ഐതിഹാസികമായ നേതൃത്വവും ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്ന് അഡ്വക്കേറ്റ് ബിജു ഉമ്മൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു

സാന്ത്വന സ്പര്‍ശവുമായി വിപാസന

കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രോഗികളായി ആശുപത്രികളിലും വീടുകളിലും കഴിയുന്നവര്‍ നേരിടുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍, പരിഭ്രാന്തി, ഭീതി, കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള സാമ്പത്തിക തകര്‍ച്ച ഇവയെല്ലാം കാരണം സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ വൈകാരിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യമാണുളളത്. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിപാസന വൈകാരിക സഹായ കേന്ദ്രത്തിന്റെ (Vipassana Emotional Support Centre) പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു.

1. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും ആശുപത്രികളിലും ഭവനങ്ങളിലും കഴിയുന്ന രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വേണ്ടി സഭയുടെ എല്ലാ അദ്ധ്യാത്മിക കേന്ദ്രങ്ങളിലും ദയറാകള്‍, കോണ്‍വെന്റുകള്‍ മുതലായവ(സാധ്യമാകുന്ന ഇടവകകളിലും) 24 മണിക്കൂര്‍ സമയക്രമം നിശ്ചയിച്ചു അഖണ്ഡ പ്രാര്‍തഥനകള്‍ (Chain prayer/ Prayer Tower) കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു ക്രമീകരിക്കുക.

2. ഇടവകയിലോ ഇടവക സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലോ ഉളള ആളുകള്‍ക്ക് ഇമോഷണല്‍ സപ്പോര്‍ട്ട് നല്‍കുന്നതിന് വൈദീകര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. പ്രഗത്ഭരായ മനഃശാസ്ത്രഞന്മാരും വേദശാസ്ത്രഞന്മാരും ഉള്‍പ്പെടുന്ന ഒരു സംഘം വൈദീകര്‍ക്ക് ഓണ്‍ലൈന്‍ ആയി പരിശീലനം നല്‍കും. കോവിഡ് പ്രതിസന്ധി മൂലം വിവിധ തരത്തില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കുവാന്‍ വൈദികരെ സജ്ജരാകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

3. രോഗം മൂലമോ രോഗഭീതി മൂലമോ കുടുംബാംഗങ്ങളുടെ മരണമോ മറ്റെന്തെങ്കിലും കാരണത്താലോ അതിതീവ്രമായ നിരാശയും മാനസിക സംഘര്‍ഷവും അനുഭവിക്കുന്നവര്‍ക്ക് വ്യക്തിഗത കൗണ്‍സലിങ് (One to one counselling) ഫോണിലൂടെയോ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയോ നല്‍കുന്നതാണ്. ഇത്തരത്തില്‍ ഇമോഷണല്‍ സപ്പോര്‍ട്ട് ആവശ്യമുളളവര്‍ വിപാസനയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക. Call or  Whatsapp at:  +918747581533

ആർ. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: യഥാർത്ഥ മനുഷ്യസ്നേഹിയും ജനക്ഷേമത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവുമായിരുന്നു അന്തരിച്ച ആർ. ബാലകൃഷ്ണപിള്ള എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ  അനുസ്മരിച്ചു.  മലങ്കര ഓർത്തഡോക്സ് സഭയെ അകമഴിഞ്ഞ് സ്നേഹിക്കുകയും സഭാപിതാക്കന്മാരോരോട് ആത്മാർത്ഥമായ ഊഷ്മള ബന്ധം സൂക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ള പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പം നിന്ന് കരുത്തുപകർന്നുട്ടുള്ള ജനനായകനായിരുന്നു.
അനുഭവ സമ്പന്നനും വിശാല ദർശനത്തിന് ഉടമയും ആയിരുന്ന മുതിർന്ന നേതാവിൻറ നിര്യാണം കേരളീയ സമൂഹത്തിനു പൊതുവെയും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണെന്നും പരിശുദ്ധ ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ  മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

കോട്ടയം: പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ, ഓടി ഒളിക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം സാമൂഹ്യപ്രതിബദ്ധതയോടു കൂടി അവയെ നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഷെഡ്യൂളുകളിലായി 841 കോടിയുടെ ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. യോഗം ബജറ്റ് അംഗീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. പരിശുദ്ധ സഭയുടെ ബജറ്റ് സഭയുടെ ക്രൈസ്തവ സാക്ഷ്യം പ്രതിബിംബിക്കുന്ന വാര്‍ഷിക രേഖയാണെന്ന് അഡ്വ. ബിജു ഉമ്മന്‍ ബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ ജൈവ വ്യവസ്ഥയുടെ പുനസ്ഥാപനം ‘ ഏറ്റെടുത്തു കൊണ്ട് സഭയുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ സുസ്ഥിരമായ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി പ്രോത്സാഹിപ്പിക്കും. പരുമല തിരുമേനിയുടെയും മാര്‍ ബസേലിയോസ് യല്‍ദോ ബാവായുടെയും പരിശുദ്ധ പ്രഖ്യാപനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഒരു വര്‍ഷം നിണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 2021 നവംബറില്‍ നടത്താന്‍ തീരുമാനിച്ചു.

കോവിഡ് 19 മൂലം മരണപ്പെടുന്ന സഭംഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ മാസ്‌ക്ക്, സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു. ആതുരശുശ്രൂഷ രംഗത്തേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം അലവന്‍സ് നല്‍കുന്നതിനായി 15 ലക്ഷം രൂപ വകയിരുത്തി.

Dialysis and Liver Transplantation പദ്ധതിയായ ‘സഹായ ഹസ്തം’ത്തിന് 40 ലക്ഷം വകയിരുത്തി. സഭയിലെ അര്‍ഹരായ വിധവകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിനായി 25 ലക്ഷം രൂപ. നിര്‍ധനരായ രോഗികള്‍ക്ക് ജാതിമതഭേദമെന്യേ ചികിത്സാസഹായും, വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവും നല്‍കുന്നതിന് തുക വകയിരുത്തി. ഭവന നിര്‍മ്മാണം, വിവാഹ സഹായത്തിനുമായി തുക അനുവദിച്ചു. അടിയന്തര പ്രകൃതി ദുരന്ത നിവാരണത്തിനും തുക നീക്കിവച്ചു.

കശ്മീരില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമത്തില്‍ വീരമൃത്യു വരിച്ച നായക് അനീഷ് തോമസിനോടുളള ആദര സൂചകമായി അദ്ദേഹത്തിന്റെ പുത്രി ‘എമിലി ഇശോ’യുടെ പേരില്‍ സ്ഥിര നിക്ഷേപം. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ ആദരിക്കുന്നതിനായി തുക വകയിരുത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പളളികളുടെ പുനര്‍നിര്‍മ്മാണത്തിനും കാതോലിക്കേറ്റ് സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനും തുക നീക്കിവച്ചു.

സഭാ വക പുരയിടങ്ങളില്‍ പരിസ്ഥിതി കമ്മീഷന്റെ സഹായത്തോടെ ഹൈബ്രിഡ് ഫലവൃക്ഷ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിന് തുക വകയിരുത്തി. പാമ്പാടി ദയറായില്‍ ‘മിനി നേച്ചര്‍ പാര്‍ക്ക്’ സ്ഥാപിക്കുന്നതിനും തുക അനുവദിച്ചു. സഭയ്ക്കുളള ദേവാലയങ്ങളും സ്ഥാപനങ്ങളും സേവനങ്ങളും വിവരങ്ങളും അടയാളപ്പെടുത്തുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രമീകരിക്കുന്നതിനായി തുക അനുവദിച്ചു. ‘പൈതൃകം – മലങ്കര സഭാ സാഹിതീ സരണീ’ പ്രസിദ്ധീകരണത്തിനും ബജറ്റില്‍ തുക നീക്കിവച്ചു.

വര്‍ക്കിംഗ് കമ്മറ്റിയംഗം ഫാ. പുന്നക്കൊമ്പില്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ, മുന്‍ അല്‍മായ ട്രസ്റ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായിരുന്ന ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ജേക്കബ് സ്‌കറിയാ, ഫാ. ജോണ്‍ ഫിലിപ്പ്, ജേക്കബ് ഉമ്മന്‍, ഡോ. കെ.പി. ജോണി, സി.വി.ജേക്കബ് നെച്ചൂപ്പാടം, കെ.ജി. ജോയിക്കുട്ടി, എ.സി. ഐപ്പ്, വി.സി. കുര്യന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും യോഗത്തില്‍ പങ്കെടുത്തു.

കൊയ്ത്തുത്സവം

പരുമല : പരുമല സെമിനാരി പാടശേഖരത്തിലെ കൊയ്ത്തുത്സവം തുമ്പമണ്‍ ഭദ്രാസനാധിപന്‍  കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മുപ്പത് വര്‍ഷമായി ഈ പാടശേഖരം തരിശുനിലമായി കിടക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം കൃഷിഭവന്റെ സഹകരണത്തോടുകൂടി കൃഷി ആരംഭിക്കുകയായിരുന്നു.

കൊയ്ത്തുത്സവത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍  ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍, പഞ്ചായത്ത് മെമ്പര്‍ വിമല ബെന്നി, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല സെമിനാരി അസി. മാനേജര്‍മാരായ ഡോ. എം.എസ്. യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ. മത്തായിക്കുട്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റോയി ഐസക് വര്‍ഗീസ്, അസി. ഡയറക്ടര്‍ റെജി വി.ജെ, അസി. കൃഷി ഓഫീസര്‍ സുനില്‍കുമാര്‍,  പരുമല സെമിനാരി കൗണ്‍സില്‍ അംഗം ജി.ഉമ്മന്‍, പി.എ.ജേക്കബ്, എ.എം.കുരുവിള അരികുപുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം ഏപ്രില്‍ 29ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. വീഡിയോ കോണ്‍ഫറന്‍സ് വഴി 2.30ന് യോഗം ആരംഭിക്കും. ഒരു മണി മുതല്‍ അംഗങ്ങള്‍ക്ക് പ്രവേശിച്ച് ഹാജര്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ടായിരിക്കും.

അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ 2021-22ലെ ബജറ്റ് അവതരിപ്പിക്കും.ഗ്രിഗോറിയന്‍ ടിവി”യില്‍ ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447847488

വലിയ മെത്രാപ്പോലീത്തായ്ക്ക് ആശംസ നേര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല:  മലങ്കര മാര്‍ത്തോമ്മാ സഭയുടെ അഭി. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ 103-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ക്രൈസ്തവ സഭ ലോകത്തിന് നല്‍കിയ ദൈവസ്‌നേഹത്തിന്റെ ശ്രേഷ്ഠ  മഹാപുരോഹിതനാണ് മാര്‍ ക്രിസോസ്റ്റമെന്ന് പരിശുദ്ധ ബാവ പറഞ്ഞു.

ആഴമേറിയ പ്രഭാഷണങ്ങളിലൂടെയും നര്‍മ്മ ചിന്തകളിലൂടെയും ആദ്ധ്യാത്മികതയുടെ നന്മ നിറഞ്ഞ സന്ദേശങ്ങളെ അദ്ദേഹം പകര്‍ന്ന് നല്‍കി.  ജാതി മത രാഷ്ട്രീയ വ്യത്യാസമെന്യേ എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വലിയ തിരുമേനിയുടെ ജീവിതവും ദര്‍ശനവും തലമുറകള്‍ക്ക് പാഠപുസ്തകാമാണെന്നും പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു.

മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് സര്‍വ്വ ശക്തന്‍ എല്ലാ കൃപയും ആയുരാരോഗ്യവും നല്‍കി അനുഗ്രഹിക്കുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

മുറിമറ്റത്തില്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

പിറവം :  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ (മുറിമറ്റത്തില്‍ ബാവാ) 108-ാം ഓര്‍മ്മപ്പെരുന്നാള്‍ ബാവാ കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ചെറിയ പളളിയില്‍ മേയ് 1,2,3 തീയതികളില്‍ നടക്കും. ഓര്‍മ്മപ്പെരുന്നാളിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ,  യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്താ തുടങ്ങിയവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വികാരി ഫാ. എബ്രഹാം പാലപ്പിളളില്‍ കൊടിയേറ്റി.

മേയ് 1ന് 6.30 ന് പ്രഭാത നമസ്‌ക്കാരം,  7ന് വിശുദ്ധ കുര്‍ബാന.  2ന് 7ന് വിശുദ്ധ കുര്‍ബാന, 6.30 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് അനുസ്മരണ പ്രഭാഷണം നടത്തും.  മേയ് 3ന് 8ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന.