കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരാണ് വൈദികര്‍ – മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത

പരുമല: അതിസങ്കീര്‍ണ്ണവും അസാധാരണവുമായ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരാണ് വൈദികരെന്ന് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത പറഞ്ഞു. അഖില മലങ്കര വൈദിക സംഘത്തിന്റെ സോണല്‍ സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭാരപ്പെട്ടിരിക്കുന്നവരെ താങ്ങാന്‍ കടപ്പെട്ടവരാണ് വൈദികരെന്നും അദ്ദേഹം പറഞ്ഞു. അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ആര്‍ഭാടങ്ങളും ആഘോഷങ്ങളും നിയന്ത്രിച്ച് പാവങ്ങളെ സഹായിക്കുന്നവരാകണം വൈദികരെന്ന് അഭി.തിരുമേനി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോഗം അതിഭയനാകമായി വളരുകയാണ്. പരി.പരുമല തിരുമേനിയുടെ ആരാധനാ ജീവിതം വൈദികര്‍ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവാഭിഷിക്തരായ മെത്രാപ്പോലിത്തമാര്‍ക്കും സഭാസ്ഥാനികള്‍ക്കും സമ്മേളനത്തില്‍ സ്വീകരണം നല്‍കി. മലങ്കരസഭാ ഗുരുരത്‌നം ഫാ.ഡോ.റ്റി.ജെ.ജോഷ്വായ്ക്ക് ഗുരുവന്ദനം നല്‍കി ആദരിച്ചു. ഫാ.ഡോ.ജേക്കബ് കുര്യന്‍, അഭി.സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത എന്നിവര്‍ പഠനക്ലാസ്സ് നയിച്ചു.

വൈദികസംഘം ജനറല്‍ സെക്രട്ടറി ഫാ.ഡോ. നൈനാന്‍ വി. ജോര്‍ജ്ജ്, ഫാ.ഡോ.മാത്യു വര്‍ഗീസ്, ഫാ. സ്‌പെന്‍സര്‍ കോശി, ഫാ. ലെസ് ലി പി. ചെറിയാന്‍, ഫാ. ചെറിയാന്‍ ടി. സാമുവല്‍, ഫാ. ജോണ്‍ ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

മെത്രാപ്പോലീത്താമാർക്ക് ഭദ്രാസന ചുമതലകൾ നൽകി

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിൽ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാർക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ ഭദ്രാസന ചുമതലകൾ നൽകി. അതോടൊപ്പം നിലവിൽ ഉണ്ടായിരുന്ന മെത്രാപ്പോലീത്താമാരുടെ ഭദ്രാസനങ്ങള്‍ പുനർക്രമീകരിക്കുകയും ചെയ്തു. സഭാ ഭരണഘടനയുടെ 64-ാം വകുപ്പ് അനുസരിച്ച്, സഭാ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയോടും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്‍റെ ശുപാർശയോടും കൂടിയാണ് പരിശുദ്ധ കാതോലിക്കാബാവാ നിയമനം നല്‍കിയിരിക്കുന്നത്. നവംബര്‍ 3-ാം തീയതി മുതല്‍ മെത്രാപ്പോലീത്താമാര്‍ പുതിയ ഭദ്രാസനങ്ങളില്‍ ചുമതലയേല്‍ക്കും.

കൊല്ലം: ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ
മാവേലിക്കര: ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ
ചെങ്ങന്നൂർ: ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ
കൽക്കട്ട: അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ
കോട്ടയം: ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ
കുന്നംകുളം: ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ
യു.കെ.-യൂറോപ്പ്-ആഫ്രിക്ക: ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ
സൗത്ത് വെസ്റ്റ് അമേരിക്ക: ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ
അഹമ്മദാബാദ്: ഡോ. ഗീവർഗീസ് മാർ തെയൊഫിലോസ് മെത്രാപ്പോലീത്താ
മദ്രാസ്: ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ
മലബാർ: ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ
സുൽത്താൻ ബത്തേരി: ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്താ
ഇടുക്കി: സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്താ

ആത്മീയതയുടെ മറുപേരാണ് പരിശുദ്ധ പരുമല തിരുമേനി – ഡോ. സിറിയക് തോമസ്

പരുമല: മലയാളക്കരയില്‍ ആത്മീയതയുടെ മറുപേരായി നിലകൊള്ളുന്ന വിശുദ്ധനാണ് പരുമല തിരുമേനി എന്ന് ഡോ.സിറിയക് തോമസ് പറഞ്ഞു. പേട്രണ്‍സ് ഡേ സെലിബ്രേഷന്‍ പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാര്‍ത്ഥനയുടെ ബലം ജീവിതത്തോടു ചേര്‍ത്തുവെക്കുവാന്‍ സാധിക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, പ്രൊഫ. ഇ. ജോണ്‍ മാത്യു, പ്രൊഫ.കെ.എ.ടെസ്സി എന്നിവര്‍ പ്രസംഗിച്ചു.

പരുമല തിരുമേനി ആദ്ധ്യാത്മികതയുടെ തീവ്ര ഭാവം പകര്‍ന്ന പുണ്യവാന്‍ : മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

പരുമല : ആദ്ധ്യാത്മികതയുടെ തീവ്രമായ ഭാവത്തിലൂടെ ക്രിസ്തുവിലുള്ള സമര്‍പ്പണം സമ്പൂര്‍ണ്ണമാക്കിയ പുണ്യവാനാണ് പരുമല തിരുമേനിയെന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല അഴിപ്പുരയില്‍ നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധിയുടെ ആദ്ധ്യാത്മിക സൗന്ദര്യം പകര്‍ന്ന ദാര്‍ശനികനും കര്‍മ്മയോഗിയുമായിരുന്നു പരുമല തിരുമേനി എന്ന് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരേസമയം വിവിധ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ഭൂമിയില്‍വെച്ച് ദൈവത്തോട് സംവദിക്കുകയും ചെയ്ത പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, അസി.മാനേജര്‍ ഫാ.ജെ.മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

അബലരെ കരുതുന്ന നേതൃത്വം മാതൃക : മന്ത്രി കെ.എന്‍ബാലഗോപാല്‍

പരുമല : അബലരെ കരുതുന്ന നേതൃത്വം മഹനീയ മാതൃകയാണെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാല്‍ പ്രസ്താവിച്ചു. പരിശുദ്ധ ബാവാ തിരുമേനിയുടെ നേതൃത്വം സഭയ്ക്ക് മാത്രമല്ല, സമൂഹത്തിനും തണലാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെ സഹകരണത്തില്‍ നടപ്പാക്കുന്ന സൗഖ്യം പഞ്ചവത്സര ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം പരി.കാതോലിക്കാ ബാവാ നിര്‍വഹിച്ചു. സഭയുടെ ദൗത്യം കണ്ണീരൊപ്പുന്നതുകൂടിയാണെന്നും പരിശുദ്ധ ബാവാ പ്രസ്താവിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ ഒരു സഭയുടെ മാത്രമല്ല, എല്ലാ ക്രൈസ്തവ സഭകളെയും കോര്‍ത്തിണക്കുന്ന മഹനീയ നേതൃത്വമാണെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, സഭാ പി.ആര്‍.ഒ. ഫാ.മോഹന്‍ ജോസഫ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

മികച്ച വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്തി പഠിക്കണം – എ. എന്‍. ഷംസീര്‍

പരുമല: പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രയോജനപ്പെടുത്തി ഉപരി പഠന സാധ്യതകള്‍ തേടണമെന്ന് കേരള നിയമസഭ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍. മിടുക്കരായ കുട്ടികള്‍ പഠനം ഏതെങ്കിലും മേഖലകളില്‍ വച്ച് അവസാനിപ്പിക്കാതെ തുടര്‍ പഠന സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള മെറിറ്റ് ഈവനിംഗ് പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ക്ലാസ് മുതല്‍ പി എച്ച് ഡി വരെ ഉന്നത വിജയം നേടിയവരും കലാ-കായിക രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചവരുമായ 2500 ഓളം പ്രതിഭകളെയാണ് ആദരിച്ചത്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മിടുക്കരും പ്രതിഭാശാലികളുമായവര്‍ ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്താഗതികള്‍ക്ക് അതീതമായി മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളായി മാറണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് വിതരണം ചെയ്തു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ദയാ ഭായിയുടെ നിരാഹാരസമരം ഗൗരവത്തോടെ പരിഗണിക്കണം: അഡ്വ. ബിജു ഉമ്മന്‍

കോട്ടയം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദയാ ഭായി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്നത് അഭിലഷണീയം അല്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായവരില്‍ കുട്ടികള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിക്കുന്ന സാഹചര്യം ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്. പുനരധിവാസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം ഗൗരവമായി കാണേണ്ടതുണ്ട്. തീരാദുരിതമനുഭവിക്കുന്നവരുടെ ആവലാതി അനുഭാവപൂര്‍വം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയായ ദയാ ഭായിയുടെ സ്വരം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

വടക്കഞ്ചേരി ബസ് അപകടം : സഹായം പ്രഖ്യാപിച്ച് പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരണപ്പെട്ട വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ അധ്യാപകന്റെയും വിദ്യാർത്ഥികളുടെയും കെ എസ് ആർ ടി സി യാത്രികരായവരുടെയും വിയോഗം അതീവമായ ദുഃഖം ഉളവാക്കുന്നതാണെന്നും പ്രിയപ്പെട്ടവരുടെ അഗാധമായ ദുഃഖത്തിൽ പ്രാർഥനാപൂർവ്വം പങ്കു ചേരുന്നതായും തീവ്രമായ വേദനയിൽ കൂടെ കടന്നു പോകുന്ന പരേതരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും പരിശുദ്ധ സഭയുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാകുമെന്നും പരിശുദ്ധ ബാവ അറിയിച്ചു.

ഈ ദുരന്തത്തിൽ അടിയന്തര സഹായം എന്ന വിധത്തിൽ വിദ്യാനികേതൻ സ്കൂളിലെ മരണപ്പെട്ട അധ്യാപകന്റെയും വിദ്യാർഥികളുടെയും കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ പരിശുദ്ധ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.

വടക്കഞ്ചേരി ബസ് അപകടം : സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു

കോട്ടയം: മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽ 9 പേർ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർ.ടി.ഒ) ചെയർമാനായി അന്വേഷണ കമ്മീഷണനെ എം.ഒ.സി പബ്ലിക് സ്കൂൾസ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. പി. എം. വർഗീസ് മാമലശ്ശേരി (റിട്ടയേർഡ് എസ്.പി ), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്കൂൾസ് ) എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ഒക്ടോബർ 17-ന് റിപ്പോർട്ട് സമർപ്പിക്കണം.

ഓര്‍ത്തഡോക്സ് സഭ മെറിറ്റ് ഈവനിംഗ് ഒക്‌ടോബര്‍ 13-ന് പരുമലയില്‍

കോട്ടയം: പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെറിറ്റ് ഈവനിംഗ് നടത്തും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 2500-ല്‍ പരം പ്രതിഭകളെയാണ് അനുമോദിക്കുന്നത്.

ഒക്‌ടോബര്‍ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ബഹു. കേരളാ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. അറിയിപ്പ് ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകളുമായി അന്നേദിവസം 1 മണിക്ക് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.