ഇടവകയില്‍ ഭവനരഹിതരായി ആരും ഉണ്ടാകരുത്: പരിശുദ്ധ കാതോലിക്കാ ബാവാ

 

  • ഇടവകയിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വില വരുന്ന സ്ഥലവും വീടും നല്‍കാന്‍ ഏലിയാ കത്തീഡ്രല്‍ തീരുമാനം

കോട്ടയം : ഭവനരഹിതരായി ഇടവകയില്‍ ആരുമില്ലെന്ന് ഉറപ്പാക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മാര്‍ ഏലിയാ കത്തീഡ്രലിന്റെ ശതോത്തര രജത ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂബിലിയോടനുബന്ധിച്ചു നടപ്പാക്കുന്ന ”എല്ലാവര്‍ക്കും വീട്” ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ബാവാ, ഭൂമി വാങ്ങാന്‍ സഹായിക്കുന്നതിനോടൊപ്പം ഇവര്‍ക്കു വീടു കൂടി നിര്‍മിച്ചു നല്‍കണമെന്നും അഭ്യര്‍ഥിച്ചു.
ബാവായുടെ നിര്‍ദേശം സ്വീകരിച്ച വിശ്വാസികള്‍, ഇടവകയിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വില വരുന്ന സ്ഥലവും വീടും നല്‍കാന്‍ തീരുമാനിച്ചു. വികാരി ഫാ. തോമസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷന്‍ സെകട്ടറി ബിജു ഉമ്മന്‍, ഫാ. സി.ഒ.ജോര്‍ജ്, ട്രസ്റ്റി കുരുവിള ജേക്കബ്, എം.സി മാത്യു, ജോസഫ് മാത്യ എന്നിവര്‍ പ്രസംഗിച്ചു. കലണ്ടര്‍ പ്രകാശനം ഫാ. വിനിത് കുര്യനു നല്‍കി ബാവാ നിര്‍വഹിച്ചു.

മലങ്കര സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും – പരിശുദ്ധ കാതോലിക്കാ ബാവാ

കൈപ്പട്ടൂര്‍: മലങ്കര സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊളളുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കൈപ്പട്ടൂര്‍ സെന്റ് ഗ്രീഗോറിയോസ് സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ മാനേജര്‍ ഫാ. ലിറ്റോ ജേക്കബ്, റോഷ് വി കുര്യാക്കോസ്, ഫാ. ജിബു സി ജോയി, ജോര്‍ജ് വര്‍ഗീസ്, ഡി.കെ മാത്യൂ, ബീന വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.  ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബില്‍ 30 കമ്പ്യൂട്ടറുകളാണുളളത്. 19 ലക്ഷം രൂപാ മുടക്കിയാണ് ലാബ് നവീകരിച്ചത്.

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം : പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം : ഊട്ടിക്ക് സമീപം കുനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്  ഉള്‍പ്പെടെയുളളവര്‍ സഞ്ചരിച്ച സൈനിക  ഹെലികോപ്റ്റര്‍  തകര്‍ന്ന് സൈനിക ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. രാജ്യത്തിനു വേണ്ടി അക്ഷീണം സേവനം ചെയ്യന്നവരുടെ വിയോഗം രാഷ്ട്രത്തിന് തീരാനഷ്ടമാണ്. ബന്ധുമിത്രാദികള്‍ക്ക് ഉണ്ടായ വേദന അതീവ ദുഃഖം ഉളവാക്കുന്നു എന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

മലങ്കര അസോസിയേഷൻ ഫെബ്രുവരി 25 ന് 

  • ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം : കോലഞ്ചേരിയിൽ 2022 ഫെബ്രുവരി 24 ന്  നടത്താൻ നിശ്ചയിച്ചിരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ 2022 ഫെബ്രുവരി 25 ലേക്ക് മാറ്റിവച്ചതായി പരിശുദ്ധ കാതോലിക്കാ ബാവാ കല്പനയിലൂടെ അറിയിച്ചു. പുതുതായി 7 മെത്രാപ്പോലീത്തന്മാരെ തിരഞ്ഞെടുക്കുന്നതിനാണ്  യോഗം ചേരുന്നത്. യോഗ നടപടികളുടെ ഭാഗമായി അസോസിയേഷൻ അംഗങ്ങളുടെ പ്രാഥമിക ലിസ്റ്റ് ദേവലോകം അരമനയിലും യോഗസ്ഥലമായ കോലഞ്ചേരിയിലും സഭയുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റ് ഡിസംബർ 25 ന് പ്രസിദ്ധീകരിക്കും.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന്  കോലഞ്ചേരിയില്‍

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി  അസോസിയേഷന്‍ യോഗം 2022 ഫെബ്രുവരി  24ന്  വ്യാഴാഴ്ച   കോലഞ്ചേരിയില്‍ സമ്മേളിച്ച്   7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് പഴയ സെമിനാരിയില്‍ കൂടിയ  മാനേജിംഗ്  കമ്മററി യോഗം തീരുമാനിച്ചു.  അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍  അവതരപ്പിച്ച 2020- 2021  ലെ കണക്ക് മാനേജിംഗ്  കമ്മറ്റി പാസാക്കി.  2021-22 ലെ  ഓഡിറ്ററായി  ഉണ്ണൂണി പോള്‍ & Co., സജു & ജോസിനെയും, പരുമല സെമിനാരി ഓഡിറ്ററായി   ഉണ്ണൂണി പോള്‍ &  Co.യെയും തെരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.  നവാഭിഷിക്തനായ പരിശുദ്ധ കാതോലിക്കാ ബാവായെ  സഭാ മാനേജിംഗ് കമ്മറ്റി അനുമോദിച്ചു. മെത്രാപ്പോലീത്താമാരുടെ  തെരഞ്ഞെടുപ്പു സംബന്ധിച്ച്  മാനദണ്ഡങ്ങള്‍  സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ്  മെത്രാപ്പോലീത്താ  വായിച്ചു.

ഓണക്കൂര്‍ പളളിയുടെ താക്കോല്‍ കൈമാറി

ഓണക്കൂര്‍ സെന്റ് ഇഗ്‌നേഷ്യസ് സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ താക്കോല്‍ മൂവാറ്റുപുഴ തഹസില്‍ദാറിന്റെയും പിറവം സി.ഐയുടെയും സാന്നിദ്ധ്യത്തില്‍ നിയമാനുസൃത വികാരി ഫാ. വിജു ഏലിയാസിന് അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. പി.എസ് ഗിരീഷ് കൈമാറി.  ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം, ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍, ഫാ. റെജി അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി.

യു.എ.ഇ ദേശീയദിനാഘോഷം: ആശംസ നേര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ഡിസംബര്‍ 2-ന് നടക്കുന്ന 50-ാമത് യു.എ.ഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ തിരുമേനി യു.എ.ഇ  ഭരണാധികാരികള്‍ക്ക് ആശംസാ സന്ദേശം കൈമാറി. രാജ്യത്തിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്ന എല്ലാ നേതാക്കളെയും ഹൃദയപൂർവ്വം അഭിനന്ദിച്ചു. രാജ്യത്തിന്‍റെ സാമൂഹികമായ ശാന്തതയിലും, മതസഹിഷ്ണുത നിലപാടിലും പരിശുദ്ധ സഭയുടെ സന്തോഷം പിതാവ് രേഖപ്പെടുത്തി. പ്രഗത്ഭരായ ഭരണാധികാരികളുടെ അവിശ്വസനീയമായ സാർവത്രിക നേതൃത്വത്തിന്‍റെ മഹിമ കൊണ്ടാണ് അത്ഭുതകരമായ വികസനങ്ങൾ ദ്രുതഗതിയില്‍ രാജ്യത്ത് നടപ്പാക്കുവാന്‍ സാധ്യമാകുന്നത്. യുഎഇയിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന തത്ത്വചിന്തകള്‍ക്കും വിശ്വാസങ്ങൾക്കും സാക്ഷ്യം വഹിക്കുക എന്നത് ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുന്നതാണ്. യു.എ.ഇ.യിൽ പരിശുദ്ധ സഭയ്ക്ക് പള്ളികൾ പണിയാൻ ഭരണാധികാരികള്‍ ഭൂമി സമ്മാനമായി നൽകി. മുൻകാലങ്ങളിലും ഇപ്പോഴുമുള്ള ഭരണാധികാരികള്‍ പരിശുദ്ധ സഭയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് മലങ്കര സഭയുടെ സ്നേഹവും ആദരവും പരിശുദ്ധ പിതാവ് ആശംസാ സന്ദേശത്തിലൂടെ അറിയിച്ചു.

പൂതൃക്ക സെന്റ് മേരീസ് പളളിയില്‍  ഹൈക്കോടതി വിധി നടപ്പാക്കി

പൂതൃക്ക സെന്റ് മേരീസ് പളളി 1934 ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലായി.  പുത്തന്‍കുരിശ് സി.ഐ.  നിയമാനുസൃതം  നിയമിതനായ  വികാരി ഫാ. അബി ഉലഹന്നാന് പളളിയുടെ താക്കോല്‍  കൈമാറുകയും പളളി തുറന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്   ശേഷം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. നാളെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. എല്ലാ ഇടവകാംഗങ്ങളും ഭരണഘടനാനുസൃതം  പൊതുയോഗത്തില്‍  സംബന്ധിക്കുവാന്‍ അര്‍ഹത നേടേണ്ടതും പളളിയുടെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുളള നടപടികളില്‍ സഹകരിക്കണമെന്നും വികാരി അഹ്വാനം ചെയ്തു.

സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് സഭകള്‍ ഒരുമിച്ചു നില്‍ക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം: എല്ലാ ക്രിസ്തീയ സഭകളും അവയുടെ സ്വത്വബോധം നിലനിര്‍ത്തി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു നില്‍ക്കാനുള്ള പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.  മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമ്മീസ് പിതാവിന്റെ
നേതൃത്വത്തില്‍ പട്ടത്തെ അരമനയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ സഭകള്‍ക്ക് പരസ്പരം സഹകരിക്കാന്‍ കഴിയണമെന്ന് സ്വാഗത പ്രസംഗത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് പിതാവ്‌ പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തന്റെ ക്ഷണം സ്വീകരിച്ചത് അതിന്റെ നല്ല തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആന്റണി രാജു, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ബിഷപ് ഉമ്മന്‍ ജോര്‍ജ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണഘടനാ ദിനം ആചരിച്ചു

കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഭരണഘടനാ ദിനം ആചരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് മുഖ്യ സന്ദേശം നൽകി.  സമത്വത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന ഇന്ത്യൻ ഭരണഘടന വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് ഇന്ത്യാ മഹാരാജ്യത്തെ ഒന്നായി കണ്ട രാഷ്ട്ര ശില്പികളുടെ ദീർഘവിക്ഷണത്തിന്റെ അനന്തരഫലമാണെന്ന് അദ്ദേഹം പറഞ്ഞു.

സഭാ പി.ആർ.ഒ ഫാ. മോഹൻ ജോസഫ് , അരമന മാനേജർ ഫാ.യാക്കോബ് തോമസ്, ഫാ. അനീഷ് കെ. സാം, എന്നിവർ പ്രസംഗിച്ചു