കോട്ടയം: കനത്തമഴയും മിന്നല്‍പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ ഇടവകകളും യുവജനങ്ങളും ആത്മീയ സംഘടനകളും സത്വരമായി പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കണമെന്നും, ഭവനം നഷ്ടപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും അടിയന്തിരമായി പുനരധിവസിപ്പിക്കാന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാരീഷ്ഹാളുകളും അനുബന്ധ കെട്ടിടങ്ങളും വിട്ടുനല്‍കണമെന്നും പരിശുദ്ധ ബാവാ നിര്‍ദ്ദേശം നല്കി. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളോടും സന്നദ്ധ പ്രവര്‍ത്തകരോടും ഒപ്പം ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രവര്‍ത്തകരും മറ്റ് ആത്മീയ സംഘടനാ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് പരിശുദ്ധ ബാവാ ഓര്‍മ്മിപ്പിച്ചു. ജീവഹാനി സംഭവിച്ചവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും കുടംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
ഭക്ഷണം എല്ലാവരുടെയും അവകാശം – പരിശുദ്ധ കാതോലിക്കാ ബാവ
കോട്ടയം : ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്നും, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഭരണകൂടത്തോടൊപ്പം കൈകോർത്തു പ്രവർത്തിക്കുവാൻ മതസാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് ധാർമ്മിക ഉത്തരവാദിത്വം ഉണ്ടെന്നും നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
ആർപ്പൂക്കര പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യസുരക്ഷാ കിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിക്ക് കൈമാറിക്കൊണ്ട് കാതോലിക്കാ ബാവാ തിരുമേനി നിർവ്വഹിച്ചു. ആഘോഷങ്ങളുടെ പേരിൽ ഭക്ഷണം പാഴാക്കി കളയുന്നത് ദു:ഖകരമാണെന്നു മാത്രമല്ല ഈശ്വര നിന്ദകൂടിയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. കാതോലിക്കാ സ്ഥാനാരോഹണത്തിനുശേഷമുള്ള ആദ്യദിനം നവജീവൻ അന്തേവാസികൾക്കൊപ്പം ഭക്ഷണം വിളമ്പിക്കൊടുത്തും, ഭക്ഷണം പങ്കിട്ടും പരിശുദ്ധ ബാവാ അവിസ്മരണീയമാക്കി. ഭക്ഷ്യമാലിന്യം, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിക പ്രശ്നങ്ങൾക്കും കാരണമാണ്. ഭക്ഷ്യമാലിന്യം കുറയ്ക്കുവാനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തെ ഓരോ പൗരനും ഏറ്റെടുക്കണമെന്ന് പരിശുദ്ധ ബാവാതിരുമേനി ഓർമ്മിപ്പിച്ചു.
നവജീവൻ ട്രസ്റ്റി പി.യു. തോമസിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പ്രസ്താവിച്ചു.
പരിശുദ്ധ ബാവാ തിരുമേനിയുടെ സന്ദർശനം പ്രമാണിച്ച് നവജീവൻ ട്രസ്റ്റിന്റെ സ്ഥലത്ത് നടുവാനുള്ള ഒലിവ് തൈയും നവജീവൻ കുടുംബാംഗങ്ങൾക്കുളള സമ്മാനങ്ങളും പരിശുദ്ധ ബാവാ തിരുമേനി ട്രസ്റ്റി പി.യു. തോമസിനെ ഏൽപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമി, മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവർ സംസാരിച്ചു
പരിശുദ്ധ കാതോലിക്കാ ബാവാ ഔദ്യോഗിക ചുമതല ഏറ്റെടുത്തു
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ സ്ഥാനാഭിഷിക്തനായി
പരുമല : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തു. പരുമല സെമിനാരിയില്‍ നടന്ന ചടങ്ങിന് കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മീകരായിരുന്നു.
വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥിയുടെ ശിരസ്സില്‍ വേദപുസ്തകം വച്ച് വിശുദ്ധ സുവിശേഷ വായന നടത്തുകയും തുടര്‍ന്ന് വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ സ്ഥാനാര്‍ത്ഥി വായിച്ച് ഒപ്പിച്ച് മുഖ്യകാര്‍മ്മീകന് സമര്‍പ്പിക്കുകയും ചെയ്തു. സ്ഥാനാരോഹണ ശുശ്രൂഷയുടെ മുഖ്യ ഭാഗമായ മാര്‍ ക്ലിമ്മീസിന്റെ പരിശുദ്ധാഹ്വാന പ്രാര്‍ത്ഥന എല്ലാ മെത്രാപ്പോലീത്താമാരും സ്ഥാനാര്‍ത്ഥിയുടെ ശിരസ്സില്‍ കൈവച്ച് നിര്‍വ്വഹിച്ചു. സ്ഥാനാരോഹണ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്ഥാനം ഏറ്റ പിതാവ് യോഗ്യനാണ് എന്ന് അറിയിച്ചുകൊണ്ട് സിംഹാസനത്തില്‍ ഇരുത്തി ഓക്സിയോസ് ചൊല്ലി പ്രഖ്യാപിച്ചു. മെത്രാപ്പോലീത്താമാരെല്ലാം ചേര്‍ന്ന് അംശവടി നല്‍കുകയും അംശവടി കൊണ്ട് സ്ഥാനം ഏറ്റ കാതോലിക്കാ വിശ്വാസ സമൂഹത്തെ ആശീര്‍വദിക്കുകയും ചെയ്തു. കുര്‍ബ്ബാനയുടെ ശേഷിക്കുന്ന ഭാഗം പരിശുദ്ധ കാതോലിക്കാ ബാവാ പൂര്‍ത്തിയാക്കി.
കുറിയാക്കോസ് മാര്‍ ക്ലിമ്മീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാണക്കാട് സെയ്ദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ്, ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ഔഗേന്‍ കുറിയാക്കോസ്, മന്ത്രി വി. എന്‍. വാസവന്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. അനുമോദനങ്ങള്‍ക്ക് മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നന്ദി അറിയിച്ചു.
ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു
പരുമല: മലങ്കര ഓര്‍ത്തഡക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതായി സീനിയര്‍ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്ലീമീസ് പ്രഖ്യാപിച്ചത് അസോസിയേഷന് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് അംഗീകരിച്ചു. ഈ സമയം ആചാരവെടി മുഴക്കുകയും ചെയ്തു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ കാലംചെയ്തതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം തല്‍സമയം തന്നെ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഏറ്റെടുക്കുന്നതായി സീനിയര്‍ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്ലീമീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് അഭിനവ മലങ്കര മെത്രാപ്പോലീത്തായെ പ്രസിഡന്റു തിരുമേനിയുടെ ഇരിപ്പിടത്തിനു സമീപത്തേക്ക് ആനയിച്ചു. കുറിയാക്കോസ് മാര്‍ക്ലീമീസ്, സഖറിയാ മാര്‍ അന്തോണിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങള്‍ ഓരോന്നായി ധരിപ്പിച്ചു. മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഫാ.ഡോ. എം.ഒ. ജോണ്‍ വിശദീകരിച്ചു. അംശവസ്ത്രങ്ങള്‍ ധരിച്ച മലങ്കര മെത്രാപ്പോലീത്താ അംശവടിയും സ്ലീബായും കൈകളിലേന്തി അസോസിയേഷന് പ്രതിനിധികളെ വാഴ്വ് നല്കി അനുഗ്രഹിച്ചു. കുറിയാക്കോസ് മാര്‍ ക്ലീമീസ്, സഖറിയാ മാര്‍ അന്തോണിയോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പുഷ്പഹാരം അണിയിച്ച് ആദരിച്ചു.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യുടെയും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കുറിയാക്കോസ് മാര്‍ ക്ലീമ്മിസ് തിരുമേനിയും സ്വീകരിച്ച എല്ലാ നടപടികളും അംഗീകരിച്ചു കൊണ്ടുള്ള പ്രമേയവും പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായോടുള്ള ഭക്തിയാദരവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയവും കോവിഡ് 19 മഹാമാരി മൂലം അസോസിയേഷന് യോഗ ക്രമീകരണങ്ങള്‍ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ അനുയോജ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി നടത്തിയത് സംബന്ധിച്ച പ്രമേയവും അസോസിയേഷന് സെക്രട്ടറി അവതരിപ്പിക്കുകയും യോഗം അത് ഐക്യകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, സഖറിയാസ് മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്താ, ഫാ. വര്‍ഗീസ് പുന്നകൊമ്പില്‍ കോര്‍എപ്പിസ്ക്കോപ്പാ, അത്മായ ട്രസ്റ്റി ആയിരുന്ന ജോര്‍ജ്ജ് പോള്‍, എം. ജി. ജോര്‍ജ് മുത്തൂറ്റ്, മുന്‍ അസോസിയേഷന് സെക്രട്ടറി എം. റ്റി. പോള്‍, മാനേജിംഗ് കമ്മറ്റി അംഗം ജേക്കബ് ഉമ്മന്‍ എന്നിവരുടെ നിര്യാണത്തിലുള്ള അനുശോചനം യോഗം രേഖപ്പെടുത്തി.
ഫാ. ഡോ. എം. പി. ജോര്‍ജ്ജ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഫാ. ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്ക്കോപ്പാ വേദവായന നടത്തി.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തെരഞ്ഞെടുപ്പ് അംഗീകരിച്ച് എത്രയും വേഗം കാതോലിക്കാ സ്ഥാനാരോഹണം നടത്തണമെന്ന് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിനോട് യോഗം അഭ്യര്‍ത്ഥിച്ചു. സുന്നഹദോസ് അംഗീകരിക്കുന്ന മുറയ്ക്ക് കാതോലിക്കാ സ്ഥാനാരോഹണം നടത്തുന്നതാണെന്നും കുറിയാക്കോസ് മാര്‍ ക്ലീമീസ് യോഗത്തെ അറിയിച്ചു.
57-ാമത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗമാണ് പരുമലയില്‍ നടന്നത് സഭാ മാനേജിംഗ് കമ്മറ്റിയുടെ ഏക നാമനിര്‍ദ്ദേശമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ 22-ാമത് മലങ്കര മെത്രാപ്പോലിത്തായായും 9-ാമത് കാതോലിക്കായുമായിട്ടാണ് അസോസിയേഷന് യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന വിശുദ്ധ ഭൂമിയില്‍ നടന്ന 11-ാമത് അസോസിയേഷന് യോഗമാണ് ഇന്നു നടന്നത്. 1876-ല്‍ മുളന്തുരുത്തി സുന്നഹദോസില്‍ രൂപീകരിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്, ലോക ക്രൈസ്തവ സഭകളിലെ ഏറ്റവും വിപുലമായ ജനാധിപത്യ പൊതുയോഗമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, എല്ലാ പള്ളി പ്രതിപുരുഷന്മാര്‍ക്കും ഒരേ സ്ഥലത്ത് ഒരേ സമയം ഒത്തുചേരാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, മെത്രാസന അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ വിവിധ കേന്ദ്രങ്ങളിലായി നാലായിരത്തില്‍ അധികം പ്രതിനിധികള്‍ 30 മെത്രാസനങ്ങളെയും, 1590 ഇടകകളെയും പ്രതിനിധീകരിച്ച് 3091 അംഗങ്ങള്‍ ഹാജര്‍ രേഖപ്പെടുത്തി അസോസിയേഷനില്‍ പങ്കെടുത്തു. അസോസിയേഷന് അംഗങ്ങളായ മെത്രാപ്പോലീത്താമാരും, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മാത്രമാണ് പരുമലയില്‍ സമ്മേളിച്ചതെന്ന് അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.
രാവിലെ 9 മണി മുതല്‍ 12 വരെ സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അസോസിയേഷന് പ്രതിനിധികളുടെ രജിസ്ട്രേഷന് പരുമലയിലും, മറ്റ് പ്രതിനിധികളുടെ രജിസ്ട്രേഷന് അതേ സമയത്തുതന്നെ ഭദ്രാസന അടിസ്ഥാനത്തില്‍ ക്രമീകരിച്ച വിവിധ കേന്ദ്രങ്ങളിലും നടന്നു. പ്രാര്‍ത്ഥനയ്ക്കും കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ഘോഷയാത്രയുടെ ഏറ്റവും മുമ്പിലായി കാതോലിക്കേറ്റ് പതാക ഏന്തിയ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടര്‍ന്ന് അസോസിയേഷന് സെക്രട്ടറി, വൈദിക ട്രസ്റ്റി, മെത്രാപ്പോലീത്തന്മാര് എന്ന ക്രമത്തില്‍ സമ്മേളന നഗറില്‍ പ്രവേശിച്ചു.
സീനിയര്‍ മെത്രാപ്പോലീത്തായും അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റുമായ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ മലങ്കര അസോസിയേഷന് അദ്ധ്യക്ഷത വഹിച്ചു. ഫാ. അലക്സാണ്ടര്‍ ജെ. കുര്യന് മുഖ്യ വരണാധികാരിയായി പ്രവര്‍ത്തിച്ചു. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, സഖറിയാ മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ സംബന്ധിച്ചു.
സഭയുടെ പരമാദ്ധ്യക്ഷനായി അസോസിയേഷന് യോഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സമാനതകളില്ലാത്ത സാമൂഹ്യ സേവനത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയും ദൈവശാസ്ത്ര പണ്ഡിതനുമാണ്. 1949 ഫെബ്രുവരി 12-ന് കോട്ടയം വാഴൂര്‍ മറ്റത്തില്‍ ചെറിയാന് അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ജന്മദേശത്തെ വിദ്യാലയങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയാണ് 1973-ല്‍ വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ എത്തുന്നത്. റഷ്യയിലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും സെഞ്ച്വറി ബൈസ്റ്റാന്‍ഡ് ഓര്‍ത്തഡോക്സ് തിയോളജിക്കലില്‍ പി.ജി. ഡിപ്ലോമായും ലഭിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സുറിയാനി പാരമ്പര്യത്തില്‍ മാമ്പൂഗിലെ മാര്‍ പീലക്സീനോസിന്റെ ക്രിസ്തു ശാസ്ത്ര ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1978-ല്‍ വൈദീകനായ അദ്ദേഹം 1991-ല്‍ പരുമലയില്‍ വച്ച് എപ്പിസ്കോപ്പായായി അഭിഷിക്തനായി. 1993 മുതല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്.
പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, വൈദീക സംഘം പ്രസിഡന്റ്, ബസ്ക്യാമ്മ അസോസിയേഷന് പ്രസിഡന്റ്, സ്ലീബാദാസ സമൂഹം പ്രസിഡന്റ് തുടങ്ങിയ നിലകളിലും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ കോട്ടയം പഴയ സെമിനാരിയുടെ വൈസ് പ്രസിഡന്റും, ദിവ്യബോധനം പ്രസിഡന്റും, ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിക്കുന്നു. ജാതി-മത ഭേതമന്യേ സാധുജനങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സഹായം നല്കുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് 2021 ഒക്ടോബര്‍ 14-ന് പരുമലയില്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗം പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറില്‍, ഒക്ടോബര്‍ 14, 1 പി.എം. മുതല്‍ സമ്മേളിക്കും. ലോക ക്രൈസ്തവ ചരിത്രത്തില്‍ ആദ്യമായാണ് സഭയുടെ ഏറ്റവും വിപുലമായ ജനാധിപത്യസമിതി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഓണ്‍ലൈനായി സമ്മേളിക്കുന്നത്.
മലങ്കര അസോസിയേഷന് ഫൈനല്‍ അജണ്ടാ പ്രസിദ്ധീകരിച്ചു
2021 ഒക്ടോബര്‍ മാസം 14-ാം തീയതി പരുമല സെമിനാരിയില്‍ കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള സാധുവായ നാമനിര്‍ദ്ദേശം അടങ്ങിയ ഫൈനല്‍ അജണ്ടാ യോഗസ്ഥലത്തും, കാതോലിക്കേറ്റ് ഓഫീസിലും, സഭയുടെ ഔദ്യോഗിക വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചതായി അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.
അനുശോചിച്ചു
കോട്ടയം: കാര്‍ട്ടൂണിസ്റ്റ് സി. ജെ യേശുദാസിന്റെ നിര്യാണത്തില്‍ മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അനുശോചിച്ചു. സര്‍ഗ്ഗവാസനയിലൂടെ സമൂഹത്തിന്റെ കണ്ണ് തുറപ്പിച്ച പ്രതിഭാശാലിയായിരുന്നു സി. ജെ യേശുദാസ്. പൊതുസമൂഹത്തിന്റെ ചിന്തകളില്‍ കാലിക പ്രസക്തിയുളള വിഷയങ്ങളെ കാര്യക്ഷമമായി വരച്ചുകാട്ടുവാന്‍ അദ്ദേഹത്തിന്റെ തൂലികയ്ക്ക് കഴിഞ്ഞു. കലാ സാഹിത്യ ലോകത്തിന് അദ്ദേഹത്തിന്റെ നിര്യാണം തീരാനഷ്ടമാണെന്നും അഡ്വ. ബിജു ഉമ്മന്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകള്‍ക്കുളള അംഗീകാരം -അഡ്വ. ബിജു ഉമ്മന്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി വിശ്വാസികള്‍ ഇടവക പളളിയോടും സഭയോടും ചേര്‍ന്ന് നില്‍ക്കണമെന്നുളള കേരള ഹൈകോടതിയുടെ പരാമര്‍ശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ആരാധന നടത്തുവാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ കേസിന്റെ പരിഗണനാ വേളയിലാണ് ബഹു. കേരളാ ഹൈകോടതി ഈ പരാമര്‍ശം നടത്തിയത്. ഭരണഘടനയ്ക്ക് വിധേയമായി വിശ്വാസികള്‍ ഇടവക പള്ളികളോടും സഭയോടും ചേര്‍ന്നു നില്‍ക്കണം എന്നതാണ് ആരംഭം മുതല്‍ സഭയുടെ നിലപാട്. സുപ്രീം കോടതിയുടെ അന്തിമ വിധിയോടെ മലങ്കര സഭ ഒന്നായി തീര്‍ന്നിരിക്കുകയാണ്. സഭാ ഭരണഘടന അനുസരിച്ച് വിശ്വാസികള്‍ അവരവരുടെ ഇടവക പള്ളികളില്‍ തുടരണം എന്നതാണ് സഭയുടെ ആഹ്വാനവും ആഗ്രഹവും. മലങ്കര സഭയുടെ 1934-ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികളുടെ സഭാപരവും കാനോനികവുമായ എല്ലാ അവകാശങ്ങളും നിറവേറ്റാന്‍ ഓര്‍ത്തഡോക്സ് സഭ എന്നും പ്രതിജ്ഞാബദ്ധമാണ്.
എന്നാല്‍ സഭാ ഭരണഘാടന അംഗീകരിക്കുന്നു എന്നതിന്റെ മറവില്‍ ഇടവകകളില്‍ നിയമാനുസൃത വികാരിയെ തടയുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ആരാധനാലയങ്ങളെ സംഘര്‍ഷഭൂമി ആക്കിമാറ്റുകയും ചെയ്യുന്ന ചില വ്യക്തികളുടെ ഗൂഢശ്രമങ്ങളെ മാത്രമേ സഭ എതിര്‍ത്തിട്ടുളളൂ. അത്് സഭ നിയമപരമായി തന്നെ നേരിടും. ബഹു. സുപ്രീം കോടതി അംഗീകരിച്ച മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഒരു സഭ മാത്രമേ മലങ്കരയില്‍ ഉളളൂ എന്ന് മനസ്സിലാക്കണം. ഇത് തന്നെയാണ് കേരളാ ഹൈകോടതിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ‘ഒരു സഭ, ഒരു നിയമം, ഒരു ഭരണക്രമം’ എന്ന സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍കൊണ്ട് ഒരു ആരാധനാ സമൂഹമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവര്ക്കും കഴിയണമെന്നും അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരുത്തി മര്‍ത്തോമ്മന്‍ പളളിക്ക് സമീപമുളള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ പേര് എഴുതിയിരിക്കുന്ന ബോര്‍ഡ് പെയിന്റ് ഒഴിച്ച് വികൃതമാക്കിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്താ. രണ്ടാം തവണയാണ് ഓര്‍ത്തഡോക്സ് സെന്ററില്‍ സാമൂഹ്യ വിരുദ്ധര്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മര്‍ത്തോമ്മന്‍ പളളി 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി ഭരിക്കപ്പെടണമെന്ന കോടതി വിധിയെ തുടര്‍ന്ന് അത് നടപ്പാക്കിയത് മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് എതിരെ നടത്തുന്ന സമരപരിപാടികളുടെ ഭാഗമാണ് ഈ അക്രമ പരമ്പരയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നേരത്തെ മര്‍ത്തോമ്മന്‍ പളളിയുടെ ബോര്‍ഡും സമാനമായ രീതിയില്‍ വികൃതമാക്കുകയും പളളിയുടെ കൊടിമരത്തിലെ സഭാ പതാകയും കയറും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് എതിരെയെല്ലാം പോലീസില്‍ പരാതി നല്‍കിയിട്ടുളളതാണ്. എന്നാല്‍ നാളിതുവരെ പോലീസ് യാതൊരു നടപടികളും സ്വീകരിച്ചതായി അറിവില്ല. പോലീസിന്റെ അനാസ്ഥയാണ് തുടര്‍ച്ചയായ അക്രമങ്ങളുടെ കാരണം. കുറ്റക്കാര സംരക്ഷിക്കുന്ന നയമാണ് പോലീസിനെന്ന് മാര്‍ ദീയസ്കോറസ് പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാപനങ്ങള്‍ക്കും പളളികള്‍ക്കും നേരെയുളള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരളാ ഹൈകോടതി ഉത്തരവിട്ടുട്ടുളളതാണ്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.