കോട്ടയം: മലങ്കര മെത്രാപ്പോലീത്തായുടെ അഭാവത്തിൽ സഭയുടെ ഭരണനിർവ്വഹണത്തിന് മലങ്കര ഓർത്തഡോക്സ് സഭാ ഭരണഘടന പ്രകാരം അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു. ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമ്മീസ് അധ്യക്ഷനായും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സെക്രട്ടറിയായും പ്രവർത്തിക്കും. യൂഹാനോൻ മാർ മിലിത്തോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് , വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോൺ എന്നിവരാണ് മറ്റു കൗൺസിൽ അംഗങ്ങൾ.
പരിശുദ്ധ ബാവായുടേത് ഋഷിതുല്യ ജീവിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാനമേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടേത് ഋഷിതുല്യവും ശ്രേഷ്ഠവും ധന്യവുമായ ജീവിതമായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആധ്യാത്മിക നേതൃത്വത്തില്‍ സൂക്ഷ്മത പുലര്‍ത്തിയപ്പോഴും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു പരിശുദ്ധ ബാവായുടേതെന്നു അധ്യക്ഷത വഹിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മേയര്‍ ആര്യ രാജേന്ദ്രന്‍ അനുശോചന സന്ദേശം നല്‍കി. മന്ത്രി ആന്റണി രാജു, കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ് ധര്‍മരാജ് റസാലം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്,
വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍, സി.പി.ഐ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഡപ്യൂട്ടി മേയര്‍ പി.കെ. രാജു,
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി. പി.സുഹൈബ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.
ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോട്ടയം ചെറിയപള്ളിയിൽ പതിനഞ്ചു നോമ്പാചരണം

കോട്ടയം: പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പ് തീർഥാടന കേന്ദ്രമായ കോട്ടയം ചെറിയപള്ളി മഹാഇടവകയിൽ മാതാവിന്റെ വാങ്ങിപ്പ് പെരുനാളിനോട് അനുബന്ധിച്ചുള്ള പതിനഞ്ചു നോമ്പും ശൂനോയോ പെരുന്നാളും ഓഗസ്റ്റ് 1 മുതൽ 15 വരെ ആചരിക്കും.
ദിവസവും രാവിലെ 7.00 ന് പ്രഭാത നമസ്കാരം, 7.30 ന് മെത്രാപ്പോലീത്താമാരുടെയും വൈദികരുടെയും കർമികത്വത്തിൽ കുർബാന, 10.30 ന് ഗാനശുശ്രൂഷ, 11.00 ന് പ്രശസ്ത പ്രഭാഷകർ നയിക്കുന്ന ധ്യാനം/ക്ലാസ്, 12.30 ന് ഉച്ചനമസ്‌കാരവും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും, വൈകിട്ട് 6.00 ന് സന്ധ്യാ നമസ്കാരം.
ഓരോ ദിവസവും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കി പ്രാര്‍ത്ഥനകൾ നടത്തും.
ഓഗസ്റ്റ് 1ന് ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, 11ന് ഡോ. മാത്യൂസ് മാർ സേവേറിയോസ്, പെരുന്നാൾ ദിനമായ 15ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും.
ഓഗസ്റ്റ് 11 ന് കുർബാനയെ തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പുറത്തെടുത്തു പ്രതിഷ്ഠിക്കും.
15 ന് സന്ധ്യാനമസ്കാരത്തോടെ തിരുശേഷിപ്പ് പരസ്യവണക്കം അവസാനിക്കും. പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ (സൂനോറോ) ഒരു ഭാഗം സ്ഥാപിക്കപ്പെട്ട മലങ്കരയിലെ ആദ്യ ദേവാലയമാണ് കോട്ടയം ചെറിയപള്ളി.
ഓർത്തഡോക്സ് സഭാ വൈദീക ട്രസ്റ്റി ഫാ. എം.ഒ. ജോൺ, ഫാ.ഡോ. ഒ. തോമസ്, ഫാ. ജേക്കബ് മഞ്ഞളി, ഫാ. ബോബി ജോസ് കട്ടിക്കാട്, ജസ്റ്റിസ് കുര്യൻ ജോസഫ്, പി.എച്ച്. കുര്യൻ ഐഎഎസ് (റിട്ട.), ഡോ. ടിജു തോമസ് ഐആർഎസ്, തുടങ്ങിയ പ്രഗത്ഭർ വിവിധ ദിവസങ്ങളിൽ ധ്യാനം/ക്ലാസ് നയിക്കും.
14 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് കൈത്തിരി പ്രാർഥന, പ്രദക്ഷിണം, വാഴ്‌വ്. 15ന് കുർബാനയെ തുടർന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണം, വാഴ്‌വ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
Kottayam Cheriapally Mahaedavaka യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും
ഓര്‍മ്മ കുര്‍ബ്ബാന

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മ കുർബ്ബാനയ്ക്ക് തിരുവിതാംകോട് അരപ്പളളി മാനേജര്‍ വെരി റവ. ബർസ്ലീബി റമ്പാൻ കാർമികത്വം വഹിച്ചു. തുടർന്ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ കബറിങ്കൽ ധൂപ പ്രാർത്ഥനയും നടന്നു.
കോവിഡിന്റെ സുവിശേഷം – ഫാ. പി. എ. ഫിലിപ്പ് കോട്ടയം

നൊടി നേരത്തേക്കുളള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു. (2 കോരി. 4:17)
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിശ്രുതമായ ‘തടവുകാരന്‍’ എന്ന കവിതയില്‍ ചോദിക്കുന്നു; ‘തടവുകാരാ നിന്നെ ബന്ധിച്ചതാരാണ്? ധനത്തിലും പ്രതാപത്തിലും മറ്റെല്ലാവരേയും പിന്നിലാക്കാം എന്ന് ധരിച്ച് എല്ലാം പിടിച്ചടക്കിയ ഞാന്‍ നിദ്ര ഉണര്‍ന്നപ്പോള്‍ കണ്ടത് എന്റെ കൊട്ടാരത്തിനുളളില്‍ ഞാന്‍ തന്നെ ബന്ധിതനായി കിടക്കുന്നതാണ്… എന്റെ അജയ്യമായ ശക്തിയാല്‍ ലോകത്തെ ബന്ധിച്ച് എനിക്കു മാത്രം നിരങ്കുശമായ സ്വാതന്ത്ര്യം അനുഭവിക്കാമെന്ന് വ്യാമോഹിച്ചപ്പോള്‍ ഞാന്‍ രാവും പകലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചങ്ങലയില്‍ ഞാന്‍ തന്നെ ബന്ധിതനായി കിടക്കുന്നതാണ് ഞാന്‍ കണ്ടത്”.
എല്ലാം തന്റെ വരുതിയിലും ധിഷണാവൈഭവത്തിലും ഒതുക്കിക്കളയാം എന്ന് വ്യാമോഹിച്ച് കോപ്പു കൂടി ഇറങ്ങിയ മനുഷ്യന്‍ പ്രക്യതിയുടെ മൂക്കില്‍ കയറിട്ടു. കറന്നാല്‍ ഇനി ചോരമാത്രം ചുരത്തുന്ന രീതിയില്‍ പ്രകൃതിയെ ചൂഷണം ചെയ്ത് ജൈത്ര യാത്ര നടത്തിയ സര്‍വ്വശക്തനായ മനുഷ്യന്‍ ഇപ്പോള്‍ കെട്ടപ്പെട്ടവനും പൂട്ടപ്പെട്ടവനും ആയിരിക്കുന്നു. താന്‍ തീര്‍ത്ത ചങ്ങലയ്ക്കുളളില്‍ ബന്ധിതനായി, നിസ്സഹായനായി മനുഷ്യന്‍ കിടക്കുന്നു. നഗ്നനേത്രങ്ങള്‍ക്ക് അഗോചരനായ ഒരു സൂക്ഷ്മാണു മനുഷ്യന്‍ തുറന്നിട്ടിരുന്ന സര്‍വ്വ വാതിലുകളും അടച്ചിരിക്കുന്നു. കോവിഡ്- 19 എന്ന മഹാമാരി ഗ്രഹിച്ചതോടുകൂടി ചരിത്രം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ലോകം നേരിടുന്നത്. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളേയും കോവിഡിന്റെ സ്തംഭനവും മരവിപ്പും ബാധിച്ചിരിക്കുന്നു. രാഷ്ട്രങ്ങളുടെ സാമ്പത്തിക – സാമൂഹ്യ – സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങിലെല്ലാം കോവിഡിന്റെ പ്രതിന്ധിയും പ്രതിധ്വനിയും ഉണ്ടായിരിക്കുന്നു. ഈ മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങള്‍ ഏതാണ്ട് അവസാനിച്ചുവരുന്നു. ഇനി ഇതുപോലെയോ ഇതിനേക്കാള്‍ ഭയാനകമോ ആയ എത്ര തരംഗങ്ങള്‍ ഉണ്ടാവുമെന്നോ കോവിഡിന് എന്തെല്ലാം വകഭേദങ്ങള്‍ ഉണ്ടാവുമെന്നോ നമുക്കറിഞ്ഞുക്കൂടാ. ലോകം എന്നാണ് അതിന്റെ സ്വാഭാവികവും സാധാരണവുമായ (normal) താളം തിരിച്ചു പിടിക്കുക? ഇനി മുമ്പോട്ട് നാം പരിചയിച്ചുവന്ന സാധാരണ ജീവിതം (normal) അല്ല പ്രത്യുത ഒരു നവസാധാരണ (new normal) ലോകക്രമം ഉരുത്തിരിയാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡുമായ ചേര്‍ന്നുപോകുന്ന ഒരു പുതിയ ജീവിതക്രമം ഉണ്ടായിക്കൂടെന്നില്ല . ഇത്തരം വന്‍കിടമാറ്റങ്ങള്‍ സര്‍വ്വത്ര മേഖലകളിലും ഉണ്ടാവുമ്പോള്‍ സഭയുടെ നിലപാടും പ്രതികരണങ്ങളും എന്തായിരിക്കണം എന്നതിനെപ്പറ്റി നാം സഗൗരവം ചിന്തിക്കണം.
കോവിഡ്കാലം മതങ്ങളെ വലിയൊരളവില്‍ ബാധിച്ചിട്ടുണ്ട്. ദേവാലയ ക്രേന്ദീകൃതമായ ആത്മീയ ജീവിതവും ഭക്തിയും പുനര്‍ വായനയ്ക്കും പുനര്‍വ്യാഖ്യാനങ്ങള്‍ക്കും വിഷയമായിരിക്കുന്നു. ആഗോള ക്രൈസ്തവ സഭാചരിത്രം പരിശോധിച്ചാല്‍ ഓരോ 500 വര്‍ഷങ്ങളിലും മാറ്റത്തിന്റെ ചില നാഴികക്കല്ലുകള്‍ ഉണ്ടായതായി കാണാം. റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി ക്രിസ്തീയ സമൂഹം മാറിയത് ആദ്യ അഞ്ചു നൂറ്റാണ്ടുകളിലെ പരിണാമങ്ങളിലൂടെയാണ്. ഒരു പീഡിത സമൂഹം ഒരു സംരക്ഷക്ഷിത സമൂഹമായി മാറുന്നത് ഈ കാലയളവിലാണ്. പ്രതാപൈശ്വര്യങ്ങളുടെ റോമാസാമ്രാജ്യം അഞ്ചാം നൂറ്റാണ്ട് അവസാനത്തോടെ നിലംപരിചാവുകയും ആറാം നൂറ്റാണ്ടുമുതല്‍ ഇരുണ്ട ഒരു യുഗം ആരംഭിക്കുകയും ചെയ്തു. 11 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി (A.D.1054) ആഗോള ക്രൈസ്തവസഭ കിഴക്കന്‍ സഭകള്‍ (Eastern Church) എന്നും പാശ്ചാത്യസഭകള്‍ (Western Church) എന്നും വിഭജനമുണ്ടായി 16-ാം നൂറ്റാണ്ടില്‍ പാശ്ചാത്യ സഭയില്‍ മത നവീകരണം (Reformation) ഉണ്ടാവുകയും തത്ഫലമായി പ്രൊട്ടസ്റ്റന്റ് സഭകള്‍ ആവിര്‍ഭവിക്കുകയും ചെയ്തു. ഈ രീതിയില്‍ ഓരോ അഞ്ചു നൂറ്റാണ്ടുകള്‍ കൂടുമ്പോഴും സംഭവിക്കുന്ന മാറ്റത്തിന്റെ കാറ്റ് 21 ാം നൂറ്റാണ്ടില്‍ ഉണ്ടാവുമെന്നു തന്നെ കരുതാം. ഇക്കുറി അത് സര്‍വ്വ സഭകളേയും ഒരേ അളവില്‍ ബാധിക്കുന്ന തരത്തിലായിരിക്കുമെന്നു മാത്രം. കോവിഡ് മഹാമാരി ചരിത്രത്തെ രണ്ടായി കീറിമുറിക്കുകയും സഭയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കയും ചെയ്തിരിക്കുന്നു.
കോവിഡ് പ്രതിസന്ധിമൂലം ദേവാലയങ്ങള്‍ പൂട്ടപ്പെട്ടപ്പോള്‍ ദേവാലയ രഹിത ആരാധനയും ആത്മീയതയും ഒരു അനിവാര്യതയായി മാറി. (churchless worship and spirituality) പ്രശസ്ത സര്‍വ്വകലാശാലകള്‍ അടക്കമുളള വിദ്യാകേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയപ്പോള്‍ സഭകളും ഓണ്‍ലൈന്‍ ആരാധനയിലേക്ക് ചുവടുമാറ്റം നടത്തി. സഭ തന്നെ ഓണ്‍ലൈന്‍ സഭ, ഓഫ് ലൈന്‍ സഭ എന്ന രീതിയില്‍ ആയിത്തീര്‍ന്നിരിക്കുയാണ്. ക്രിസ്തീയ ആരാധനയുടെ മകുടമായ വിശുദ്ധ കുര്‍ബ്ബാന പോലും ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു. മാമോദീസാ, വിവാഹം, കുമ്പസാരം, രോഗികളുടെ തൈലലേപനം ഇവയെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാത്രമേ പാടുളളൂ എന്ന നിലവന്നിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയിലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കൈകസ്തൂരി, ഹൂസോയോ നല്‍കല്‍, വി. കുര്‍ബ്ബാന അനുഭവം, കൈമുത്ത് ഇവയെല്ലാം ഒന്നരവര്‍ഷമായി മിക്കവാറും ഇല്ലാതായിരിക്കുന്നു. കോവിഡ് കാലത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് കൂദാശാനുഷ്ടാനങ്ങളിലെ ഇത്തരം മാറ്റം നീണ്ടുനിന്നുവെന്ന് വരാം. ഈ മഹാമാരിയുടെ കാലത്തും അനന്തരവും അഭൂതപൂര്‍വ്വമായ ഈ പ്രതിസന്ധിയോട് സഭ എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ആഴത്തിലുളള പഠനങ്ങള്‍ ആവശ്യമാണ്. ചില അഭിപ്രായങ്ങള്‍ ഇവിടെ കുറിയ്ക്കുന്നു.
സഭ ക്രിസ്തുവിന്റെ ശരീരവും വിശ്വാസികള്‍ ഓരോരുത്തരും ആ ശരീരത്തിലെ വിവിധ അവയവങ്ങള്‍ളാണെന്നുമുളള മനോഹരമായ ദൈവശാസ്ത്ര ചിന്ത 1. കോരിന്ത്യ. 12: 12 – 27 ല്‍ വി. പൗലോസ് ശ്ലീഹാ പങ്കുവയ്ക്കുന്നു. ക്രിസ്തു തലയായ ശരീരമാണ് സഭ. വിശ്വാസികള്‍ എല്ലാം കൂടി (ജീവനുളളവരും വാങ്ങിപ്പോയവരും) ചേരുമ്പോഴാണ് സഭാഗാത്രം പൂര്‍ണ്ണമാകുന്നത്. ഈ സ്ഥൂല ശരീരത്തിന്റെ സൂക്ഷ്മ കോശങ്ങള്‍ എന്ന രീതിയിലും വിശ്വാസിസമൂഹത്തെപ്പറ്റി ചിന്തിക്കാം. ഓരോ കോശവും പ്രധാനപ്പെട്ടതാണ്. അഥവാ ഈ കോശങ്ങളുടെ ശ്ൃംഖലയോ സമുച്ചയമോ ആണ് ശരീരമായി കാണപ്പെടുന്നത്. മാമോദീസാ എന്ന വീണ്ടുംജനന പ്രക്രിയയുടേയും അടിസ്ഥാന തത്വം ഇതുതന്നെ. പല അമ്മമാരുടെ ഉദരങ്ങളില്‍ ശാരീരികമായി ജനിച്ചവര്‍ സഭാമാതാവിന്റെ ഉദരത്തില്‍ നിന്ന് (മാമോദീസാ തൊട്ടി) ജനിച്ച് ഒരമ്മയുടെ മക്കള്‍ ആവുന്നു. അഭേദ്യമായ ഈ ഏകതയും ഐക്യവും അന്യോന്യതയുമാണ് സഭയുടെ മൗലികമായ തത്വം. എന്നാല്‍ ഈ പാരസ്പര്യത്തിന്റെ ഇഴകള്‍ പൊട്ടി അനൈക്യത്തിന്റേയും വിഘടനവാദത്തിന്റേയും വിരുദ്ധതയുടേയും വിഷപരാഗങ്ങള്‍ സഭയ്ക്കുളളില്‍ പറന്നുകളിക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവം കൊറോണ എന്ന അണുവിനെ അയച്ചു. സഭയുടെ മൗലിക തത്വം മറന്നവര്‍ ശാരീരിക അകലം പാലിക്കുവാന്‍ വൈറസ് പറയുന്നു. ഒരുവന്‍ മറ്റൊരുവനെ തൊടാന്‍ പാടില്ല; ആശ്ലേഷവും ആലിംഗനവും പാടില്ല; സമാധാന ചുംബനം പാടില്ല; രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം; മറ്റൊരാളുടെ ശ്വാസത്തെപ്പോലും നമുക്ക് ഭയമായിരിക്കുന്നു. എല്ലാവരും മുഖംമൂടി അണിഞ്ഞിരിക്കുന്നു. സഭയുടെ അടിസ്ഥാനപരമായ ഏകത്വം നാം അവഗണിച്ചു പോയതിനാലാവണം എല്ലാത്തരം മതാചാരങ്ങള്‍ക്കും ദൈവം ഒരു പൂട്ടിട്ടത്. “നിങ്ങളുടെ ഉത്സവ ങ്ങളെ ഞാന്‍ ദ്വേഷിച്ച് നിരസിക്കുന്നു. നിങ്ങളുടെ സഭായോഗങ്ങളില്‍ എനിക്ക് പ്രസാദമില്ല നിങ്ങള്‍ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചാലും ഞാന്‍ പ്രസാദിക്കയില്ല. (ആമോസ്. 5:22) കോവിഡ് നല്‍കിയ പ്രഹരവും പാഠവും ഉള്‍ക്കൊണ്ടുകൊണ്ട് ക്രിസ്തീയതയുടെ മൗലിക തത്വങ്ങളിലേക്ക് നാം തിരിച്ചു വരേണ്ടിയിരിക്കുന്നു.
രണ്ടാമത്, സഭയെന്നാല്‍ പളളികള്‍ ആണെന്നുളള ഒരു ധാരണ അറിയാതെ വിശ്വാസികളുടെ മനസ്സില്‍ ഉറച്ചു പോയിരുന്നു. ആ ധാരണയ്ക്ക് ഇളക്കം തട്ടിയിരിക്കുകയാണ് കോവിഡിന്റെ ആവിര്‍ഭാവത്തോടെ. വിശ്വാസത്തനിമയോടെ, ദര്‍ശന ദീപ്തിയോടെ ക്രിസ്തീയ ജീവിതം നയിച്ചിരുന്ന ആദിമസഭ പളളികളിലാണോ ആരാധന നടത്തിയിരുന്നത്? സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുവാന്‍ പളളികള്‍ എന്ന ഘടനകള്‍ ഒരു അനുപേക്ഷണീയ ഘടകമേ അല്ല എന്ന് നാലാം നൂറ്റാണ്ടുവരെയുളള സഭാചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഒരുമിച്ച് കൂടുന്നതോ ആരാധന നടത്തുന്നതോ ഗുരുതരമായ ഒരു കുറ്റമായി കണ്ടിരുന്ന ആ നൂറ്റാണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ സഭയുടെ സുവര്‍ണ്ണകാലമായിരുന്നു. ഗുഹകളിലും ഭൂഗര്‍ഭ അറകളിലും ഭവനങ്ങളിലും മാത്രം രഹസ്യമായി ആരാധന നടത്തിയ ആ കാലം സഭ ഭവനങ്ങളിലായിരുന്നു. വി. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍ ‘ഭവനത്തിലെ സഭ’ എന്ന പ്രയോഗം ധാരാളം കാണാം. ആദ്യ ക്രിസ്തീയ ദേവാലയം ഒരു ഭവനമായിരുന്നു. (അ.പ്ര.1:13) മറ്റു ദേവാലയങ്ങളെപ്പറ്റിയും ധാരാളമായി വായിക്കാം. (അ.പ്ര. 5:42, ഫിലമോന്‍ 1:2, റോമ 16:5) A.D. 70. ല്‍ യറുശലേം ദേവാലയം നശിപ്പിക്കപ്പെടുകയുകയും യഹൂദന്മാര്‍ ലോകമെമ്പാടും ചിതറിപ്പോവുകയും ചെയ്തതിനു ശേഷം 19 നൂറ്റാണ്ടുകള്‍ അവര്‍ ആരാധന നടത്തിയത് ദേവാലയത്തിലായിരുന്നില്ല എന്ന് ഓര്‍ക്കണം. ഭവനങ്ങളിലും സുനഗോഗുകളിലും നടത്തിവന്ന ചിട്ടയായ മതബോധനവും നല്‍കി ആചാരങ്ങള്‍ നിലനിറുത്തി 20- ാം നൂറ്റാണ്ടുകള്‍ക്കിപ്പുറത്തും ശക്തമായ ഒരു മത സമൂഹമായി നിലനില്‍ക്കുന്നു. അവരുടെ സ്വകാര്യ അഹങ്കാരവും ആരാധന … ബലികളുടേയും കേന്ദ്രവുമായിരുന്ന യറുശലേം ദേവാലയം നാമാവശേഷമായിട്ടും അവരുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും കണ്ണിന്റെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുകയായിരുന്നു അവര്‍. ഇതില്‍ ഭവനങ്ങള്‍ക്കും പ്രാദേശിക സുനഗോഗുകള്‍ക്കും വലിയ പങ്കുണ്ടായിരുന്നു. പളളികളിലെ ആരാധനാ താല്‍ക്കാലികമായിട്ടാണെങ്കിലും നിറുത്തിവയ്ക്കുവാന്‍ നിര്‍ബ്ബന്ധിതരായ ക്രിസ്തീയ സമൂഹവും ഈ മാതൃക പിന്‍പറ്റുന്നത് അഭിലഷണീയമാണ്. ഗാര്‍ഹിക സഭയെന്ന പുരാതന കൈസ്ത്രവസങ്കല്‍പ്പം പുനരുജീവിപ്പിക്കുവാനുളള സമയമാണിത്.
മൂന്നാമത്, കൊറോണ എന്ന ഈ വിപത്ത് ചില സാദ്ധ്യതകളുടെ വാതായനങ്ങള്‍ കൂടി തുറന്നു തരുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് സമ്മാനിച്ച ഇന്റര്‍നെറ്റ് എന്ന സാങ്കേതിക സംവിധാനം ഒരു സമാന്തരലോകം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ അടച്ചിടേണ്ട ഒരു ഗതികേട് ഉണ്ടായപ്പോള്‍ വാര്‍ത്താവിനിമയവും വിര്‍ച്വല്‍ തലത്തില്‍ നേരിട്ട് സംവദിക്കാനുളള സൗകര്യവും ഉണ്ടായിരുന്നു എന്നത് വലിയ ഒരു അനുഗ്രഹം തന്നെയാണ്. സഞ്ചാര സ്വാതന്ത്ര്യവും സാമ്പത്തിക ഇടപാടുകള്‍ക്ക് നേരിട്ടുളള വിനിമയവും അസാദ്ധ്യമായ ഒരു ലോകത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുവാനും, ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുവാനും കഴിയുന്നു എന്നത് എന്ത് ആശ്വാസമാണ് നമുക്ക് പകര്‍ന്നു നല്‍കുന്നത്! ഓണ്‍ലൈന്‍ ബാങ്കിംഗ്, ഹോം ഡെലിവറി, ഓണ്‍ലൈന്‍ ഷോപ്പിംഗ് മുതലായ സാങ്കേതിക സൗകര്യങ്ങളും സോഷ്യല്‍ മീഡിയായുടെ വ്യാപകമായ ഉപയോഗവും കോവിഡ് കാലത്ത് ജനജീവിതം തടസ്സമില്ലാതെ മുമ്പോട്ടു പോകത്തക്കവിധം വലിയളവില്‍ സഹായിച്ചു.
ന്യൂജന്‍ ലോകം കൂടുതലും വിര്‍ച്വല്‍ ആവാനാണ് സാദ്ധ്യത. ഇത് മുന്നില്‍ കണ്ടുകൊണ്ട് സഭ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണം. കോവിഡ് കാലത്ത് പരിചിതമായിരിക്കുന്ന ഓണ്‍ലൈന്‍ ആരാധനാസംബന്ധം കോവിഡാനന്തരമുളള ‘ന്യൂനോര്‍മല്‍’ സമൂഹത്തില്‍ കൂടുതല്‍ പ്രിയങ്കരമായേക്കും. ഈ സാധ്യത ഒരു ബാധ്യതയായി തളളിക്കളയാതെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്തുവാന്‍ സഭ ശ്രദ്ധിക്കണം. ആരാധന, പ്രാര്‍ത്ഥനായോഗങ്ങള്‍, ധ്യാനങ്ങള്‍, ക്ലാസ്സുകള്‍ മുതലായവ ഓണ്‍ലൈനിലൂടെ കൂടുതല്‍ ഫലപ്രദമായി നടത്തുന്നതെങ്ങനെ എന്ന് ആലോചിക്കുന്നത് കൊളളാം. കോവിഡിന്റെ വ്യാപനവും ഭീതിയും ഒടുങ്ങിയാലുടന്‍ കോവിഡ്പൂര്‍വ്വകാലത്തേപ്പോലെ ജനങ്ങള്‍ ദേവാലയത്തില്‍ എത്തിക്കൊളളണമെന്നില്ല. വിശ്വാസികള്‍ ദേവാലയ ആരാധനകളില്‍ നേരിട്ട് സംബന്ധിക്കുന്നതാണ് കൂടുതല്‍ അഭിലഷണീയമെന്നിരിക്കിലും സാഹചര്യങ്ങളുടെ ഗതി അനുസരിച്ച് ഈ രംഗത്ത് ചില നീക്കുപോക്കുകള്‍ ആലോചിക്കാവുന്നതാണ്.
നാലാമത്,കോവിഡിന്റെ അപ്രതീക്ഷിത ആഗമനം മൂലം ജോലി നഷ്ടപ്പെട്ടവരും ഉപജീവനമാര്‍ഗ്ഗം അടഞ്ഞുപോയവരും പ്രത്യക്ഷമോ പരോക്ഷമായോ ഭീമനഷ്ടം സംഭവിച്ചവരുമാണ് സമൂഹത്തില്‍ ഓരോരുത്തരും ഈ വറുതിക്കാലത്ത് മുണ്ട് മുറുക്കി ഉടുത്തു ജീവിക്കുവാന്‍ നാം നിര്‍ബ്ബന്ധിതരായിരിക്കുന്നു. സഭയും ഇടവകകളും നിര്‍ബ്ബന്ധമായും ഒരു ‘ചെലവുചുരുക്കല്‍’ മോഡിലേക്ക് വന്നേ മതിയാവൂ. നിര്‍ബ്ബന്ധിത പണപ്പിരിവുകളും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഒഴികെയുളള എല്ലാ ധനശേഖരണവും ഒഴിവാക്കണം. ആഡംബരവും ആര്‍ഭാടവും പാപമാണെന്ന് നാം പഠിപ്പിക്കണം. നാം പാര്‍ക്കുന്ന പരിസരത്തിന് നിരക്കാത്തത് എന്താണോ അതൊക്കെ ആഡംബരമാണ്. ‘ലളിതം, സുന്ദരം’ എന്ന തത്വം നാം ഇനിയെങ്കിലും സ്വീകരിക്കണം.
കോവിഡ്പൂര്‍വ്വകാലത്ത് ഉണ്ടായിരുന്ന നിര്‍മ്മാണവ്യഗ്രതയ്ക്ക് സഭ കടിഞ്ഞാണിടേണ്ടിയിരിക്കുന്നു. വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം കൂറ്റന്‍ പളളികള്‍ ഉണ്ടാക്കുകയും അതിനായി വ്യപകമായ പണപ്പിരിവ് നടത്തുകയും അതിന്റെ സംരക്ഷണത്തിനും മറ്റുമായി ഭീമമായ തുക ഓരോ മാസവും ചെലവഴിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. 1971 ലെ കേരളത്തിലെ ജനസംഖ്യാകണക്കനുസരിച്ച് 21.22% ആയിരുന്ന ക്രിസ്തീയസമൂഹം 2011 ലെത്തുമ്പോള്‍ 18.38% ആയി കുറഞ്ഞിരുന്നു. 2021 ല്‍ അത് 14% ല്‍ താഴെ ആയിരിക്കുമെന്നാണ് നിഗമനം. ഈ നിലയിലും നിരക്കിലും മുമ്പോട്ടു പോയാല്‍ ഈ നൂറ്റാണ്ടില്‍ തന്നെ കേരള ക്രൈസ്തവര്‍ വംശനാശം സംഭവിക്കുവാന്‍ പോകുന്ന ഒരു വര്‍ഗ്ഗമാണ്. പളളികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യത്തിന് അംഗങ്ങളുളള പക്ഷം പുതിയ പളളികള്‍ സ്ഥാപിക്കുക എന്നതൊഴിച്ചാല്‍ ഇനി കേരളത്തില്‍ പളളികളുടെ ആവശ്യമേയില്ല. ബാഹ്യകേരള ഭദ്രാസനങ്ങളില്‍ പല പളളികളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിര്‍മ്മിക്കുന്നതാണ് സഭയുടെ വളര്‍ച്ചയുടെ മാനദണ്ഡം എന്ന ഒരു വികലധാരണ എങ്ങനെയോ നമ്മുടെ ഉളളില്‍ കയറിപ്പറ്റിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സാമ്പത്തികബാദ്ധ്യത വരുത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്ത് ഒഴിവാക്കുന്നതാണ് കരണീയം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയിരുന്ന പണപ്രവാഹം കോവിഡോടെ നിലയ്ക്കുന്നു എന്നും നാം ഓര്‍ക്കണം. സഭയുടെ വളര്‍ച്ചയെന്നാല്‍ കെട്ടിടങ്ങളുടെ വളര്‍ച്ച എന്നല്ല അര്‍ത്ഥം. പളളിയല്ല, സഭയാണ് വളരേണ്ടത്; വളര്‍ത്തേണ്ടത്.
പളളികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രോഗ്രാമുകളും ചടങ്ങുകളുമാണ് മറ്റൊരു മേഖല. പണക്കൊഴുപ്പ് കാണിക്കാനുളള വേദികളാണ് ഇവയൊക്കെ. പെരുന്നാളുകള്‍ തിരുനാളുകളായി മാറണം. ആഘോഷങ്ങള്‍ ആചരണങ്ങളായി മാറണം. പ്രദര്‍ശനപരത ഇനി നമുക്ക് വേണ്ട. സ്‌പോണ്‍സറെ കിട്ടിയാല്‍ എന്തുപരിപാടിയും അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നടത്തുന്ന രീതിയാണ് പലയിടത്തും ഇതുവരെ അവലംബിച്ചിരുന്നത്. തിരുനാളുകള്‍ അനാര്‍ഭാടമായും ഭക്തിസംവര്‍ദ്ധകമായും നടത്തുവാന്‍ ശ്രദ്ധിക്കാം. പ്രധാന പാതകളിലൂടെ ഗതാഗത സ്തംഭനവും കുരുക്കുമുണ്ടാക്കുന്ന രീതിയില്‍ നടത്തുന്ന പ്രദക്ഷിണങ്ങളും, റാസകളും, പദയാത്രകളും ഇനി മുതല്‍ ഒഴിവാക്കുകയല്ലേ നല്ലത്? ഇതൊക്കെ ഇല്ലാതെ എങ്ങനെ പെരുനാളുകള്‍ കൊണ്ടാടണമെന്ന് കോറോണ വൈറസ് നമ്മെ പഠിപ്പിച്ചല്ലോ.
പളളിയും പരിസരവും പറമ്പുമെല്ലാം പ്രകൃതി സൗഹൃദമാക്കുവാന്‍ ശ്രമിക്കാം. പ്രകൃതിയെ ഗണ്യമാക്കാതെ നാം ചെയ്തു കൂട്ടുന്നതൊക്കെ കണ്ഠകോടാലിയാണെന്നും ഈ പകര്‍ച്ചവ്യാധി നമ്മെ പഠിപ്പിച്ചല്ലോ. പ്രകൃതിയുടെ സ്വാഭാവിക താളമനുസരിച്ച് മനുഷ്യന്‍ നീങ്ങിയില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ അനര്‍ത്ഥങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവും.
വ്യക്തിതലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. സഭയിലെ കൂദാശകള്‍ രക്ഷാമാര്‍ഗ്ഗങ്ങളാണെന്ന അടിസ്ഥാനവിശ്വാസം വിട്ടുകളഞ്ഞിട്ട് അതെല്ലാം ആള്‍ക്കൂട്ട പ്രകടനങ്ങളുടേയും ആഘോഷത്തിന്റേയും വേദികളായി മാറിയിരിക്കുകയായിരുന്നു. മാമോദീസാ, വിവാഹം, ശവസംസ്‌ക്കാരം, വീടുകൂദാശ (ഗൃഹപ്രവേശം) ഇത്യാദി കൂദാശകളുടെ കൗദാശിക മൂല്യം ചോര്‍ത്തിക്കളയുന്ന രീതിയിലായിരുന്ന കാര്യങ്ങള്‍. വിവാഹത്തിനും ശവസംസ്‌ക്കാരത്തിനും മറ്റും 20 – 50 ആളുകളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി നടത്തണമെന്ന് കൊറോണാ നമ്മോടു പറഞ്ഞല്ലോ. ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി ഭക്തിപൂര്‍വ്വം ഇവയൊക്കെ നിവര്‍ത്തിക്കുവാന്‍ സഭാമക്കള്‍ തയ്യാറാവണം. കോവിഡ് കാലം കഴിഞ്ഞാലും ഇക്കാര്യങ്ങളില്‍ അനുവര്‍ത്തിക്കേണ്ട മിതത്വം സംബന്ധിച്ച് വിശ്വാസികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണം. കുടുംബാസൂത്രണത്തിലെ അശാസ്ത്രീയത മൂലം ജനസംഖ്യാ ഘടനയില്‍ വന്നിരിക്കുന്ന അസന്തുലിതത്വത്തിന്റെ ഫലമായി മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യാ 15 വയസ്സില്‍ താഴെയുളളവരുടേതിനേക്കാള്‍ വളരെ വര്‍ദ്ധിച്ചിരിക്കുന്നു. “വൃദ്ധന്മാരൊരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍” എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു. വൃദ്ധജനങ്ങള്‍ കൂടുതലും അവരെ സംരക്ഷിക്കേണ്ട യുവജനങ്ങള്‍ കുറവുമായി വരുന്ന അപകടപൂര്‍ണ്ണമായ ഒരു അവസ്ഥയില്‍ നാം (കേരള ക്രിസ്ത്യാനികള്‍ ) എത്തിയിരിക്കുന്നു. കുടുംബങ്ങളില്‍ ചെറുപ്പക്കാര്‍ നന്നേ കുറവായിരിക്കുകയും ഉളളവര്‍ തന്നെ ‘പച്ചയായ പുല്‍പ്പുറങ്ങള്‍’ തേടി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൃദ്ധജനങ്ങളെ സംരക്ഷിക്കാനുളള സംവിധാനങ്ങള്‍ അടിയന്തിരമായി ഇടവക / സഭാതലത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. വൃദ്ധജന പരിപാലനം ഇപ്പോള്‍ തന്നെ ഒരു ചോദ്യചിഹ്നമായിരിക്കുന്നു. വരുംനാളുകളില്‍ ഇത് ഒരു ഗുരുതര പ്രശ്‌നമാവുക തന്നെ ചെയ്യും.
അവിചാരിതമായി കടന്നന്നെത്തിയ കൊറോണ വൈറസ് ഒരു ശാപമോ പ്രതിസന്ധിയോ ആയി കാണാതെ ഇത്തരം ഗുണപാഠങ്ങളുടെ പാഠപുസ്തകമായി കാണുവാനും സമൂലമായ ഒരു മാറ്റത്തിന്റെ ശംഖൊലിയായി മനസ്സിലാക്കുവാനും സഭയും സമൂഹവും ശ്രമിച്ചാല്‍ ‘ന്യൂ നോര്‍മല്‍’ സമൂഹം ഏറെക്കുറെ ഭദ്രമായി മുമ്പോട്ടു പോകുമെന്ന് പ്രത്യാശിക്കാം.
മലങ്കര ഓര്‍ത്തഡോക്സ് സഭ 2 കോടിയുടെ സ്‌കോളര്‍ഷിപ് നല്‍കുന്നു

കോട്ടയം : എന്‍ജിനീയറിങ് പഠനത്തിനു 2 കോടി രൂപയുടെ സ്‌കോളര്‍ഷിപ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏര്‍പ്പെടുത്തി. സഭയുടെ ഉടമസ്ഥതയിലുള്ള പിരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന, പഠനത്തില്‍ മികവുള്ളവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയി ലുള്ളവരുമായ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണു സ്‌കോളര്‍ഷിപ് ലഭിക്കുക.
സ്‌കോളര്‍ഷിപ് പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് ഫീസിളവുകളോടു കൂടി മെക്കാനിക്കല്‍, സിവില്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകളില്‍ പ്രവേശനം നേടാം.
ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ. ആറ് സെന്ററുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7 ന് മലബാര്‍ (91764 92110), എറണാകുളം (9961510339), കോട്ടയം (94968 02908) സെന്ററുകളിലും 8ന് ഇടുക്കി (9846916751), പത്തനംതിട്ട (9567620923), തിരുവനന്തപുരം (9944606728) സെന്ററുകളിലും പരീക്ഷ നടക്കും. ഫോണ്‍: 9072200344, 7559933571. ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാന്‍: www.mbcpeermade.com
9-ാം ഓര്‍മ്മദിനം; വിശുദ്ധ കുര്‍ബാന നടത്തി

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 9-ാം ദിന ഓര്‍മ്മ കുര്‍ബ്ബാനയ്ക്ക് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും നടന്നു.
സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ദേവലോകം അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു

കോട്ടയം: ആര്‍. എസ്.എസ് അഖില ഭാരതീയ കാര്യകാരി അംഗം രാം മാധവ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു. ദേവലോകം അരമനയില്‍ എത്തിയ രാം മാധവിനെ ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കബറിടത്തില്‍ ചുഷ്പചക്രം സമര്‍പ്പിച്ച ഒരുമണിക്കൂറോളം അരമനയില്‍ ചെലവഴിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍, വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അഡ്വ. കുര്യാക്കോസ് വര്‍ഗീസ്, ആര്‍. എസ്.എസ് നേതാക്കളായ പ്രാന്ത കാര്യവാഹ് പി. എന്‍. ഈശ്വരന്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ. ബി ശ്രീകുമാര്‍, പ്രാന്തീയ കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍ റാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പരിശുദ്ധ ബാവാ അനുസ്മരണ സമ്മേളനം ജൂലൈ 19-ന്

കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള അനുസ്മരണ സമ്മേളനം ജൂലായി 19, തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും.
കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസിൽ, സെന്റ് സ്റ്റീഫൻസ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോവിഡ്-19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന സമ്മേളനം ഗ്രീഗോറിയൻ ടി.വി., അബ്ബാ ന്യൂസ് എന്നീ ചാനലുകളിൽ തൽസമയം കാണുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.